ദേശീയ പൗരത്വ പട്ടിക (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്-എന്‍.ആര്‍.സി)യില്‍നിന്ന് അസം സംസ്ഥാനത്തിലെ നാല്‍പതുലക്ഷം പേരെ ഒറ്റയടിക്ക് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍നീക്കം വലിയ മാനുഷിക പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അസമിലെ നിലവിലുള്ളവരും ബംഗ്ലാദേശില്‍നിന്ന് കുടിയേറിവന്നവരും തമ്മിലുള്ള പ്രശ്‌നമാണ് ഭരണകൂടം ഇടപെട്ട് ഏകപക്ഷീയമായി ഒരു ഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.
1951ലെ പ്രഥമ കാനേഷുമാരി അനുസരിച്ച് 1971 മാര്‍ച്ച് 24വരെയുള്ളവരെ ഉള്‍പെടുത്തിയാണ് അസമിലെ ജനങ്ങളെ പൗരന്മാരായി നിശ്ചയിച്ചിരുന്നത്. 1971ല്‍ ബംഗ്ലാദേശ് രാജ്യം നിലവില്‍ വരുന്നതുവരെയുള്ളവര്‍ എന്നതാണ് പൗരന്മാരായി അംഗീകരിക്കാനുള്ള മാനദണ്ഡം. എന്നാല്‍ തെളിവുകളുണ്ടായിട്ടും തിങ്കളാഴ്ച എന്‍.ആര്‍.സി അധികൃതര്‍ പുറത്തിറക്കിയ കരടു പട്ടികയില്‍നിന്ന് 3.29 കോടി ജനസംഖ്യയിലെ 40,07,707 പേരെ പൗരന്മാരല്ലാതാക്കിയിരിക്കുകയാണ്.
റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് പോലുള്ള കൃത്യമായ രേഖയുള്ളവര്‍ പോലും പട്ടികയില്‍നിന്ന് പുറത്തായിരിക്കുന്നു. നിരവധി അതിര്‍ത്തി ഗ്രാമങ്ങളും അവിടെ പതിറ്റാണ്ടുകളായി അധിവസിച്ചുവരുന്ന ഗ്രാമീണരും പുതിയ വിജ്ഞാപന പ്രകാരം വിലാസമില്ലാത്തവരായി മാറാന്‍ പോകുകയാണ്. എം.എല്‍.എംമാരും പ്രാദേശിക ജന പ്രതിനിധികളും വരെയാണ് പട്ടികയില്‍ ഇല്ലാതായിരിക്കുന്നത്.
2014ല്‍ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും മുഖ്യ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ബാക്കിയിരിക്കവെ പുതിയ പൗരത്വ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നതിനുപിന്നില്‍ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും വംശീയ വിരുദ്ധത തന്നെയാണ് മുഴച്ചുനില്‍ക്കുന്നത്. മ്യാന്മറിലെയും തിബത്തിലെയും ഫലസ്തീനിലെയും സിറിയയിലെയും സ്ഥിതിക്ക് സമാനമായാണ് പിറന്ന ഭൂമി പോലും അന്യമാകുന്ന സ്ഥിതി അസമില്‍ സംജാതമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനും മതേതര മൂല്യങ്ങള്‍ക്കും മാത്രമല്ല, ലോകൈകമായ മാനുഷികതക്കും കടകവിരുദ്ധമായ നടപടിയായേ ഇത് വിലയിരുത്തപ്പെടൂ.
സ്വാതന്ത്ര്യ കാലത്തെ വിഭജനത്തിന്റെ കൊടിയ ദുരിതങ്ങള്‍ സഹിക്കേണ്ടിവന്നവരാണ് പൂര്‍വേന്ത്യയിലെ അസം, ബംഗാള്‍ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനത. ഹിന്ദു വര്‍ഗീയവാദികള്‍ ഈ ഹതഭാഗ്യര്‍ക്കുമേല്‍ സംഹാര താണ്ഡവമാടുകയും പതിനായിരങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിയും വന്നു. പക്ഷേ കൊടിയ പട്ടിണിക്കും കലാപങ്ങള്‍ക്കുമിടയില്‍ പലരും ഇന്ത്യയിലേക്കുതന്നെ ചേക്കേറി. അവരുടെ പുതിയ തലമുറ ഇന്ന് കേരളത്തില്‍വരെ അന്നം തേടിയെത്തുന്നു. ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെയും അവധാനതയോടെയും പരിശോധിക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അവസരം നല്‍കുകയും വേണമെന്ന നിലപാടായിരുന്നു രാജ്യത്തിന്റെ പൂര്‍വസൂരികള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മണ്ണിന്റെ മക്കള്‍ വാദവുമായി 1979 ല്‍ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ രക്തരൂക്ഷിത പ്രക്ഷോഭം ഉയര്‍ന്നുവന്നു. തുടര്‍ന്ന് 1985 സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹം മുന്‍കയ്യെടുത്ത് സമഗ്രമായ ‘അസം കരാറി’ ന് രൂപം നല്‍കിയത്. 1951 മുതല്‍ 1971 മാര്‍ച്ച് 24 വരെ താമസിച്ചവര്‍ എന്ന മാനദണ്ഡംവെച്ച് പൗരത്വം തീരുമാനിക്കപ്പെട്ടു. ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ ഒന്നാം യു.പി.എ കാലത്തും ആത്മാര്‍ത്ഥമായ നീക്കങ്ങളുണ്ടായി. ഇവിടെയെല്ലാം അടിസ്ഥാനമായത് പാവപ്പെട്ട മനുഷ്യരുടെ കിടപ്പാടവും ജീവിതവും തന്നെയായിരുന്നു.
വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കാട്ടുന്ന മഹാ മനസ്‌കതയുടെ പതിനായിരത്തിലൊന്നുപോലും പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി കൂട്ടാക്കുന്നില്ല എന്നത് രാജ്യത്തിന് നാണക്കേടാണ്. ഐക്യരാഷ്ട്ര സഭയുടെ 2017ലെ കണക്കുപ്രകാരം ഇന്ത്യയില്‍ 20 ലക്ഷം അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ടെന്നാണ് വിവരം. 130 കോടിയോളം ജനത അധിവസിക്കുന്നതും അതില്‍ മുപ്പതു ശതമാനത്തോളം ദരിദ്രരുമായ രാജ്യത്തിന് ഇതൊരു ഭീമമായ സംഖ്യയൊന്നുമല്ല. രാജ്യത്തേക്ക് ആര്‍ക്കും കടന്നുവരാനാകണം. എന്നാല്‍ അവര്‍ക്കെല്ലാം പൗരത്വം നല്‍കുക പ്രായോഗികമല്ലെങ്കിലും തലമുറകളായി താമസിച്ചുവരുന്നവരുടെ കാര്യത്തില്‍ അവരുടെ സ്വത്വം മാനിക്കപ്പെടണം. ലോകത്തെ രാജ്യങ്ങളെല്ലാം പാലിക്കുന്ന മാനദണ്ഡമാണിത്. തലവേദനക്ക് തലവെട്ടിക്കളയുകയല്ല മാര്‍ഗം.
രാജ്യത്തെ മുസ്‌ലിംകളാദി പാര്‍ശ്വവല്‍കൃത ജനതയോട് സംഘ്പരിവാര ഭരണകൂടം കാട്ടിക്കൂട്ടുന്ന കാട്ടുനീതിയുടെ ഒരംശം തന്നെയാണ് അസമിലും കാണാനാകുന്നത്. ഭരണ നയങ്ങളെ വിമര്‍ശിക്കുന്നവരെ പാകിസ്താനിലേക്ക് പോകാന്‍ വിളിച്ചുകൂവുന്ന ബി.ജെ.പിക്കാരും സംഘ്പരിവാറുകാരും സ്വന്തം മനസ്സിലിരിപ്പ് തന്നെയാണ് ദേശീയ പൗരത്വ രജിസ്റ്ററിലൂടെയും ലോകത്തിനു മുമ്പാകെ തുറന്നിട്ടിരിക്കുന്നത്. ജനങ്ങളുടെ നീറുന്ന ദൈനംദിന പ്രശ്‌നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധതിരിച്ച് മതത്തിന്റെയും ജാതിയുടെയും സങ്കുചിത വ്യവഹാരങ്ങളില്‍ അവരെ തളച്ചിടുകയും വേണ്ടിവന്നാല്‍ അതിന്റെ പേരില്‍ വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്ന ഭരണകൂടത്തില്‍നിന്ന് അസമിലേതുപോലുള്ള വാര്‍ത്തകള്‍ വരുന്നതില്‍ സാമാന്യബോധമുള്ളവര്‍ക്കാര്‍ക്കും വിസ്മയം തോന്നേണ്ട കാര്യമില്ല.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മ്യാന്മാര്‍ സൈന്യത്തിന്റെ റഖൈനിലെ കടുത്തആക്രമണത്തില്‍നിന്ന് റോഹിംഗ്യന്‍ ജനത ഇന്ത്യയിലേക്ക് അഭയം തേടിവരുമ്പോഴാണ് രാജ്യത്തെ നാല്‍പതിനായിരം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. അഭയാര്‍ത്ഥികള്‍ സുരക്ഷാപ്രശ്‌നമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനെ എക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി അതിരൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ചൈനയുടെ മര്‍ദനത്തിനിരയാകുന്ന തിബത്തന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ട് രാജ്യശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റു പറഞ്ഞതാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. എത്രവേണമെങ്കിലും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഇന്ത്യ സന്നദ്ധമാണ് എന്നാണ് മതേതരത്വത്തിന്റെ ആ മഹാമനീഷി ലോകത്തോട് വിളിച്ചുപറഞ്ഞത്. ഹിന്ദുത്വത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന ബി.ജെ.പിക്കാരനായ നവപ്രധാനന്ത്രിക്ക് പക്ഷേ ചിക്കാഗോയില്‍ സ്വാമിവിവേകാനന്ദന്‍ ഉച്ഛരിച്ച ലോക സാഹോദര്യത്തിന്റെ നൂറിലൊരംശം പോലും തിരിച്ചറിയാനാകുന്നില്ല എന്നതാണ് ഇന്നിന്റെ സങ്കടം.