കര്‍മഫലങ്ങളുടെ അഴിയാക്കുരുക്കിലകപ്പെടുമ്പോള്‍ ജനശ്രദ്ധ മറ്റൊരിടത്തേക്ക് തിരിച്ചുവിടുക എന്നത് ഭരണാധികാരികളുടെ പതിവുതന്ത്രമാണ്. അതാണ് ‘മാവോയിസ്റ്റ്‌വേട്ട’യുടെ പേരില്‍ ഇന്നലെ പുരോഗമന കേരളത്തില്‍ ഒരിക്കല്‍കൂടി സംഭവിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടുമൊരു മാവോയിസ്റ്റ് കൊലപാതകം കമ്യൂണിസ്റ്റുകളെന്നവകാശപ്പെടുന്നവര്‍ ഭരിക്കുമ്പോള്‍ സംഭവിച്ചിരിക്കുന്നു. പിണറായി സര്‍ക്കാരിനുകീഴില്‍ കൊല്ലപ്പെടുന്ന എട്ടാമത്തെ മാവോയിസ്റ്റാണ് ഇന്നലെ കൊലചെയ്യപ്പെട്ടയാള്‍. തമിഴ്‌നാട് സ്വദേശി വേല്‍മുരുകനാണ് കൊല്ലപ്പെട്ടതെന്നും കൊന്നത് തങ്ങള്‍ തന്നെയാണെന്നും കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് വിഭാഗം അവകാശപ്പെട്ടിട്ടുണ്ട്.
വയനാട് കല്‍പറ്റക്കടുത്ത് ബാണാസുര വനത്തിലെ ഭാസ്‌കരന്‍പാറയിലാണ് ഈ അരുംകൊല നടന്നിരിക്കുന്നത്. മാവോയിസ്റ്റ് സംഘത്തില്‍ ആറു പേരുണ്ടായിരുന്നതായും വെടിവെപ്പിനെതുടര്‍ന്ന് അഞ്ചുപേര്‍ ചിതറിയോടിയെന്നുമാണ് ഭാഷ്യം. മാവോയിസ്റ്റുകള്‍ തിരിച്ചു വെടിവെച്ചിരുന്നോ എന്ന് വ്യക്തമല്ലാത്തതിനാല്‍ പൊലീസ് നടത്തിയത് തികഞ്ഞ മനുഷ്യാവകാശ ലംഘനംതന്നെയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ പൊലീസ് മുമ്പും മാവോയിസ്റ്റുകളെന്ന പേരില്‍ മനുഷ്യരെ പച്ചക്ക് വെടിവെച്ചുകൊന്ന രീതി നോക്കുമ്പോള്‍ പൊലീസിന്റെ കയ്യിലെ പതിവ് ഇരയായിരിക്കുകയാണ് മാവോയിസ്റ്റ് ആശയക്കാര്‍. മാവോയിസ്റ്റുകളുടെ ബാണാസുരദളം വിഭാഗമാണ് സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്നതെന്നും അവര്‍ ആദിവാസികള്‍ക്കിടയില്‍ ലഘുലേഖ വിതരണം ചെയ്തിരുന്നതായും പൊലീസ് പറയുന്നു. മാവോയിസ്റ്റുകളുടേതെന്ന രീതിയില്‍ ഒരു ഇരട്ടക്കുഴല്‍തോക്കും പൊലീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്തിന്റെ പേരിലായാലും പൗരനെ കൊല്ലുന്നത് നിയമവാഴ്ചയും ഭരണഘടനയും നിലനില്‍ക്കുന്ന രാജ്യത്തിന് ഒരുനിലക്കും ഭൂഷണമല്ലെന്ന് ഇനിയും സര്‍ക്കാരിനെ ഓര്‍മിപ്പിക്കേണ്ടിവരുന്നതിലധികം നാണക്കേട് കേരളത്തിന് മറ്റൊന്നില്ല. തികഞ്ഞ ഭരണകൂട ഭീകരതയാണിത്.
ചൊവ്വാഴ്ച എട്ടരക്കും ഒന്‍പതുമണിക്കുമാണ് കൊലപാതകം നടന്നതായി പറയപ്പെടുന്നത്. രാത്രിതന്നെ അതുണ്ടായോ എന്നത് വ്യക്തമല്ല. പൊലീസിന്റെ ഭാഷ്യം മാത്രമാണ് ഇക്കാര്യത്തില്‍ പുറംലോകം അറിയാറ്. മുമ്പും സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നതായി വാര്‍ത്തകളുണ്ടായിരുന്നതാണ്. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്നാണ് ജനം സത്യാവസ്ഥ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭാസ്‌കരന്‍പാറഭാഗത്തേക്ക് ഇതെഴുതുമ്പോഴും മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാന്‍ പൊലീസ്തയ്യാറായിട്ടില്ലെന്നത് പൊലീസിനും സര്‍ക്കാരിനും പലതും ഒളിച്ചുവെക്കാനുണ്ടെന്നതിന് തെളിവാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് അട്ടപ്പാടി മഞ്ചക്കണ്ടി ഊരില്‍ മൂന്ന് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്നത്. രാത്രിയുടെ മറവിലായിരുന്നു ആ കൂട്ടക്കൊല. അതിന്റെ ഒന്നാം വാര്‍ഷിക നാളുകളിലാണ് നാലു വര്‍ഷത്തിനിടയിലെ നാലാമത്തെ മാവോയിസ്റ്റ് കൂട്ടക്കൊല നടന്നിരിക്കുന്നത്. നിലമ്പൂരിലും വയനാടും മുമ്പ് ഇതേ സര്‍ക്കാരിനുകീഴില്‍ തന്നെ മാവോയിസ്റ്റ് കൂട്ടക്കൊല നടക്കുകയുണ്ടായി. അന്നൊക്കെ പൊലീസിന്റെ ആത്മവീര്യത്തെക്കുറിച്ച് മാത്രമാണ് ഇടതുപക്ഷമെന്നഭിമാനിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. സ്വന്തം പാര്‍ട്ടിക്കാരെപോലും മാവോയിസ്റ്റുകളെന്ന് പറഞ്ഞ് അഴിക്കുള്ളിലാക്കിയ മുഖ്യമന്ത്രിയുടെ നാവില്‍നിന്ന് ഇപ്പോഴും മറ്റൊന്നാകില്ല വരികയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
2016 നവംബറില്‍ മലപ്പുറം നിലമ്പൂര്‍ കരുളായിവനത്തില്‍ രണ്ടുപേരും 2019 മാര്‍ച്ചില്‍ വയനാട്ടിലെ വൈത്തിരി റിസോര്‍ട്ടില്‍ സി.പി ജലീലും കൊല്ലപ്പെട്ടു. ശേഷമാണ് മഞ്ചക്കണ്ടിയില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. പൊലീസിന്റെ വെടിയേറ്റാണ് ഇവരെല്ലാം കൊല്ലപ്പെട്ടതെന്ന് അന്നുതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഏറ്റുമുട്ടലിലാണ് മരണമെന്ന ന്യായീകരണമാണ് പൊലീസ്‌നല്‍കിയത്. പൊലീസ് സേനയിലെ ഒരാള്‍ക്കും പരിക്കേറ്റിരുന്നില്ലെന്നതും ശ്രദ്ധേയമായി. ജലീലിന്റെ തോക്കില്‍നിന്ന് വെടിയുതിര്‍ക്കപ്പെട്ടിരുന്നില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമായത്. ജലീലിന്റെ തലക്ക് പിറകിലാണ് വെടിയേറ്റതെന്നതിനാല്‍ ഏറ്റുമുട്ടല്‍ വാദം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. നിലമ്പൂര്‍ സംഭവത്തോടെ മാവോയിസ്റ്റ് വേട്ടയില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടവരുടെ സംഖ്യ കേരളത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡായി മാറുകയായിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച് മുഖ്യമന്ത്രിയിലേക്കുവരെ ചെന്നെത്തുന്ന അന്വേഷണം നടക്കവെയാണ് വീണ്ടും കേരള വനത്തിലെ അരുംകൊലയെന്നത് ഈ സര്‍ക്കാരിന്റെ ഉദ്ദേശ്യഗതി വ്യക്തമാക്കുന്നതാണ്.
ഇടതുസര്‍ക്കാരിന്റെ പൊലീസ്തന്നെയാണ് കോഴിക്കോട് പന്തിരാങ്കാവിലെ പൊടിമീശക്കാരായ രണ്ട് ചെറുപ്പക്കാരെ മാവോയിസ്റ്റുകളെന്ന പേരില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എക്ക് പിടിച്ചുകൊടുത്തത്. ഇവര്‍ക്കെതിരെ സി.പി.എം പറയുന്ന യു.എ.പി.എ കരിനിയമം ചുമത്തിയതും അതേ പൊലീസ് തന്നെയായിരുന്നു. ഇതുകാരണം മാസങ്ങളോളം ജാമ്യം ലഭിക്കാതെ യുവാക്കള്‍ക്ക് ജയിലില്‍ കഴിയേണ്ടിവന്നു. പുസ്തകങ്ങളും ലഘുലേഖയും കണ്ടുകിട്ടിയെന്നത് മാത്രമായിരുന്നു അലനും താഹക്കുമെതിരായ കേസിനടിസ്ഥാനം. മാവോയിസ്റ്റുകളെന്നപേരില്‍ ആളുകളെ തീവ്രവാദികളായി ചിത്രീകരിക്കാനും ഭീകരവിരുദ്ധ നിയമം പ്രയോഗിക്കാനും കഴിയില്ലെന്ന് ഭരണകൂടത്തോട് പറഞ്ഞത് കേരള ഹൈക്കോടതിയാണ്.
അക്രമിയാണെങ്കിലും ഒരാളെ വെടിവെച്ചുകൊല്ലാന്‍ പൊലീസിന് അധികാരമില്ലെന്ന് ഹൈദരാബാദ് കൂട്ടക്കൊലക്കേസില്‍ സുപ്രീംകോടതിയും കര്‍ശനമായി താക്കീത് ചെയ്തിട്ടുണ്ട്. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടണമെന്നും ഹിംസ ഒന്നിനും പരിഹാരമല്ലെന്നുംപഠിപ്പിച്ച മഹാനുഭാവന്റെയും തെളിവുകളുടെ തലനാരിഴകീറി ശിക്ഷ വിധിക്കപ്പെടേണ്ടതുമായ നാട്ടില്‍ പൗരന്മാരെ ഇത്തരത്തില്‍ അരുംകൊലചെയ്യാന്‍ എന്തധികാരമാണ് ജനാധിപത്യഭരണകൂടത്തിനുള്ളത്? മാവോയിസ്റ്റുകളെന്നും നക്‌സലൈറ്റുകളെന്നും പറഞ്ഞ് വരുന്നവര്‍ ഇതുവരെയും കേരളത്തില്‍ ആരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാരിനുപോലുംഉത്തരമില്ലാത്തതിനാല്‍ വിശേഷിച്ചും. മാവോയിസ്റ്റ് വേട്ടയുടെപേരില്‍ കോടികള്‍ കേന്ദ്രത്തില്‍നിന്നെഴുതി വാങ്ങാനും സ്വയം കൃതാനര്‍ത്ഥങ്ങളുടെ ജനരോഷത്തില്‍നിന്നും തലയൂരാനുമുള്ള ഒഴികഴിവായി ‘മാവോയിസ്റ്റ്‌വേട്ട’ മാറുന്നത് ജനാധിപത്യസര്‍ക്കാരിന് യോജിച്ചതല്ല. അതോ അധികാരത്തിന് ഭീഷണി നേരിട്ടപ്പോള്‍ ലക്ഷക്കണക്കിന് മനുഷ്യരെ കൂട്ടക്കൊലചെയ്ത ജോസഫ്സ്റ്റാലിന്റെ പ്രേതം ‘കേരളസ്റ്റാലിനി’ലേക്ക് കുടിയേറിയോ ?