കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ പറഞ്ഞതനുസരിച്ച് രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏതാനും വര്‍ഷമായി സംഘ്പരിവാരവും ബി.ജെ.പിയും ഉയര്‍ത്തിക്കൊണ്ടുവരുന്ന വാദത്തിന്റെ ഭാഗമായിവേണം ഭോപ്പാലില്‍ കഴിഞ്ഞദിവസം ബി.ജെ.പിയുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി അമിത്ഷാ ഉയര്‍ത്തിയ ആവശ്യത്തെ കാണാന്‍. അതേതുടര്‍ന്ന് ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കമുള്ളവരും വിവാദ പ്രസ്താവനകളുമായി രംഗത്തുവരികയുണ്ടായി.
ഝാര്‍ഖണ്ഡില്‍ ഏകസിവില്‍ നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും വരുന്ന രണ്ടു വര്‍ഷത്തിനകം ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കാനാണ് തീരുമാനമെന്നുമാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. ഉത്തരാഖണ്ഡില്‍ ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായാണ് പുഷ്‌കര്‍സിംഗ് ധാമി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനര്‍ത്ഥം വരുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പരമാവധി മുസ്്‌ലിം വിരുദ്ധത പ്രയോജനപ്പെടുത്തി ഹിന്ദുത്വ വോട്ടുകള്‍ തങ്ങളുടെ പെട്ടികളിലേക്കാക്കി കേന്ദ്ര ഭരണം മൂന്നാമതും പിടിക്കുകയാണെന്നതില്‍ സംശയമില്ല. അതിനായി ഇവര്‍ നേരത്തെതന്നെ പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് വിരുദ്ധ നിയമം തുടങ്ങിയവ പാസാക്കുകയും നടപ്പാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുവരികയുമാണ്. ഇന്ത്യ എന്നാല്‍ ഒരൊറ്റ ജാതിയാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെയും ഇതോടൊന്നിച്ചു വായിക്കണം.
ഇന്ത്യയെപോലെ വിവിധങ്ങളായ സാംസ്‌കാരിക ദേശീയതകളും മത ജാതി വര്‍ഗങ്ങളുമെല്ലാം നിലനില്‍ക്കുന്ന രാജ്യത്ത് ഏകീകൃതമായ ഒരു സിവില്‍ നിയമം പ്രായോഗികമല്ലെന്നത് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. അതുകൊണ്ടുതന്നെയാണ് ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ മാത്രമായി അതൊതുക്കിയത്. പൗരന്മാര്‍ക്കായുള്ള മൗലികാവകാശങ്ങളില്‍ പലയിടത്തായി ഇന്ത്യന്‍ ഭരണഘടനതന്നെ പൗരന്മാര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട മതവിശ്വാസവും ആചാരങ്ങളും സാംസ്‌കാരികത്തനിമയും കൊണ്ടുനടക്കാവുന്നതാണെന്ന് ഊന്നിപ്പറയുന്നുമുണ്ട്. ഹിന്ദു, ഇസ്‌ലാം, ക്രൈസ്തവ, സിക്ക്, ബുദ്ധ, ജൈന മുതലായ മതവിഭാഗങ്ങളും നൂറുകണക്കിന് ജാതികളും ഉപജാതികളും സജീവമായുള്ള ഒരു രാജ്യത്ത് ഏതെങ്കിലുമൊരൊറ്റ പ്രത്യേക വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും പാലിക്കുക എന്നത് തീര്‍ത്തും അപ്രായോഗികമായ കാര്യമാണ്. പഴയ ഹിന്ദുമഹാസഭ പോലും ഏകീകൃത ഹിന്ദുനിയമത്തിന് എതിരായിരുന്നുവെന്ന് ഓര്‍ക്കണം. ഏകീകൃത സിവില്‍ നിയമം നടപ്പാക്കപ്പെടുമ്പോള്‍ എല്ലാപൗരന്മാരും ഒരൊറ്റ സിവില്‍വ്യവസ്ഥയിലേക്ക് മാറ്റപ്പെടുമെന്നും ആയത് രാജ്യത്തിന്റെ വൈവിധ്യതയെ ഇല്ലാതാക്കിക്കളയുമെന്നും ചൂണ്ടിക്കാട്ടിയത് ഭരണഘടനാവിദഗ്ധര്‍ മാത്രമല്ല, ജനമനസ്സറിഞ്ഞ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ നേതൃത്വമാകെയാണ്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ഏഴര പതിറ്റാണ്ടായിട്ടും ഗോവധ നിരോധനം ഉള്‍പ്പെടെ നടപ്പാക്കിയിട്ടും ഏക സിവില്‍കോഡില്‍ കൈവെക്കാന്‍ ഒരു ഭരണാധികാരിയും ധൈര്യപ്പെടാതിരുന്നതും.
കഴിഞ്ഞ ഏതാനും മാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധര്‍മസന്‍സദ് എന്ന പേരില്‍ ബി.ജെ.പി അനുകൂല ഹിന്ദുത്വ സന്യാസിമാര്‍ ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ മുസ്‌ലിം വിരുദ്ധ വര്‍ഗീയ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഏക സിവില്‍ കോഡ് എന്നത് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുവേണ്ടിയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുസ്‌ലിംകളും ഇതര മത ന്യൂനപക്ഷങ്ങളും അവരവരുടെ വ്യത്യസ്തമായ മത വിശ്വാസത്തിലധിഷ്ഠിതമായ സിവില്‍ നിയമങ്ങള്‍ കൊണ്ടുനടക്കുന്നതുകൊണ്ട് രാജ്യത്തിനിതുവരെ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടില്ലെന്നിരിക്കെ പുതിയ വാദത്തിനുപിന്നിലെ ദുരുദ്ദേശ്യം സുവ്യക്തമാണ്. ആള്‍ക്കൂട്ടക്കൊലകള്‍ മുതല്‍ മാംസ നിരോധനവും ബുള്‍ഡോസര്‍ രാജും വരെയുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നടപ്പാക്കേണ്ടവയിലൊന്നുമാത്രമാണ് ഇതുമെന്നാണ് മനസിലാക്കേണ്ടത്. ഇതിന് രാജ്യത്തെ ബ്രാഹ്മണേതരമായ ഭിന്ന ജാതി വര്‍ഗ വിഭാഗങ്ങള്‍ തല കുലുക്കിക്കൊടുക്കുമെന്ന് കരുതാനും വയ്യ. ആദിവാസികളും അതുപോലുള്ള സവര്‍ണ സംസ്‌കാരം പൂര്‍ണമായും ഉള്‍ക്കൊള്ളാത്ത വിഭാഗങ്ങളും മറ്റും ഏത് സിവില്‍ നിയമമാണ് അവരുടെ വിശ്വാസാനുഷ്ഠാനങ്ങളില്‍ ഉള്‍ചേര്‍ത്ത് പാലിക്കേണ്ടത് എന്നത് ചോദ്യചിഹ്നമായി അവശേഷിക്കവെ, ഏക സിവില്‍ വ്യവസ്ഥ രാജ്യത്ത് ഇപ്പോഴുള്ള അശാന്തിയെ കൂടുതല്‍ രൂക്ഷതയിലേക്ക് വലിച്ചിഴക്കുകയേ ഉള്ളൂ. ഭാഗ്യവശാല്‍ കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് തുടങ്ങിയവക്കുപുറമെ എന്‍.ഡി.എയിലെ നിതീഷ്‌കുമാറിന്റെ ഐക്യജനതാദളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത് തെളിയിക്കുന്നത് പെട്ടെന്നൊന്നും സംഘ്പരിവാറിന് ഇസ്‌ലാമോഫോബിയയിലധിഷ്ഠിതമായ സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയില്ലെന്നാണ്. പൗരത്വ നിയമത്തിന്റെ ചുവടുപിടിച്ചാണിതുമെങ്കില്‍ അതുപോലുള്ള പ്രക്ഷോഭക്കൊടുങ്കാറ്റിനായിരിക്കും രാജ്യം ഒരിക്കല്‍കൂടി സാക്ഷ്യം വഹിക്കേണ്ടിവരിക.