Connect with us

kerala

ഊട്ടിയിലേക്ക് ഇ–പാസ്; വിനോദ സഞ്ചാരികള്‍ കുറഞ്ഞു

തിരിച്ചടി നേരിട്ട് വ്യാപാരികൾ

Published

on

ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.

ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്. ഇതേ അവസ്ഥയാണ് വഴിക്കടവിനും.

നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും. ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്.

പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതു റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതി സന്ദർശകർ പോലും എത്തുന്നില്ലെന്നാണു കണക്കുകൾ.

kerala

29ാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപനം നാളെ

സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Published

on

ഏഴു ദിനരാത്രങ്ങള്‍ നഗരത്തെ ചലച്ചിത്രാസ്വാദകരുടെ പറുദീസയാക്കി മാറ്റിയ 29ാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6ന് നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാവും.

സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്’, മുഖ്യമന്ത്രി സമ്മാനിക്കും. സുവര്‍ണ ചകോരം, രജത ചകോരം, കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌കാരങ്ങള്‍ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്യും. റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് അര്‍മേനിയന്‍ ചലച്ചിത്ര സംവിധായകരായ സെര്‍ജി അവേദികന്‍, നോറ അര്‍മാനി എന്നിവരെ ആദരിക്കും. 29 ാമത് ഐ.എഫ്.എഫ് കെയുടെ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം ജൂറി അംഗങ്ങളെ പരിചയപെടുത്തും. ജൂറി അംഗങ്ങള്‍ക്കുള്ള പുരസ്‌കാരം മന്ത്രി കെ.രാജന്‍, വി.കെ പ്രശാന്ത് എം.എല്‍.എ എന്നിവര്‍ നല്‍കും.

പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും. മാധ്യമ പുരസ്‌കാരങ്ങള്‍ മേയര്‍ ആര്യ രാജേന്ദ്രനും തീയറ്റര്‍ പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാറും സമ്മാനിക്കും.

വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചടങ്ങില്‍ സ്വാഗതം ആശംസിക്കും. ചലച്ചിത്ര അക്കാഡമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ ആമുഖ ഭാഷണം നടത്തും. അക്കാദമി സെക്രട്ടറി സി.അജോയ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ കെ മധുപാല്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. സംവിധായകനും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ സോഹന്‍ സീനുലാല്‍ നന്ദി പറയും.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനെ തുടര്‍ന്ന് സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ കച്ചേരി നടക്കും.

 

Continue Reading

kerala

കോതമംഗലത്ത് ആറ് വയസ്സുകാരിയുടെ മരണം; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.

Published

on

കോതമംഗലത്ത് ആറു വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സത്യം പുറത്ത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്ന മകള്‍ ഇന്ന് രാവിലെ എഴുന്നേറ്റില്ലെന്നായിരുന്നു കുട്ടിയുടെ പിതാവും കൊലപാതകിയായ രണ്ടാനമ്മയും പൊലീസിനോട് പറഞ്ഞിരുന്നത്. ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തു വന്നത്.

തുടര്‍ന്ന് പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇന്നലെ രാത്രി പിതാവായ അജാസ് വീട്ടില്‍ നിന്നും പുറത്തുപോയ സമയത്താണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് രണ്ടാനമ്മ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ അജാസ് ഖാന് പങ്കില്ലെന്നാണ് പോലീസ് നിഗമനം.

 

 

Continue Reading

kerala

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്

എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Published

on

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കരുതെന്നും നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

റെന്റ് എ ക്യാബ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്താലേ വാടകയ്ക്കു നല്‍കാന്‍ പറ്റൂ. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികള്‍ക്ക് പണം വാങ്ങി വാടകയ്ക്കു നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു. അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

 

Continue Reading

Trending