നജീബ് കാന്തപുരം
സ്ഫടിക സമാനമായ നിലപാടുകളായിരുന്നു ഇ.അഹമ്മദിന്റെ സവിശേഷത. അത് രൂപപ്പെട്ടതാവട്ടെ, മുസ്്ലിംലീഗിന്റെ സ്ഥാപക നേതാക്കളോടൊപ്പമുള്ള സഹവാസംകൊണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ തുടങ്ങിയ ആ ബന്ധം, ഇ.അഹമ്മദ് എന്ന സമ്പൂര്‍ണനായ ഒരു രാഷ്ട്രീയ നേതാവിനെ നിര്‍മിക്കുന്നതില്‍ ഒട്ടൊന്നുമല്ല സ്വാധീനം ചെലുത്തിയത്. ഖാഇദേമില്ലത്തിനെയും കെ.എം.സീതി സാഹിബിനെയും അനുസ്മരിക്കാത്ത പ്രസംഗം തന്നെ അത്യപൂര്‍വമായിരുന്നു. അതൊരിക്കലും ബോധപൂര്‍വമായിരുന്നില്ല. രണ്ടു കാലങ്ങളെ കണ്ണിചേര്‍ത്ത ഒരാള്‍ എന്നത് അഹമ്മദബിന് മാത്രം ലഭിച്ച മഹാസുകൃതമാണ്. മുസ്്‌ലിംലീഗില്‍ മറ്റൊരാള്‍ക്കുമില്ലാത്ത ഒട്ടേറെ സവിശേഷതകളും അതുകൊണ്ടുതന്നെ അദ്ദേഹത്തിനുണ്ട്. ഇനിയൊരാള്‍ക്കും ഇങ്ങനെയാകാനാവില്ല. ഇനി ഇങ്ങനെയൊരാള്‍ ഉണ്ടാവുകയുമില്ല.
ഖാഇദേമില്ലത്തിനൊപ്പം പ്രവര്‍ത്തനം തുടങ്ങി, കെ.എം സീതി സാഹിബിന്റെ അരുമ ശിഷ്യനായി, സി.എച്ചിന്റെ സഹപ്രവര്‍ത്തകനായി, ശിഹാബ് തങ്ങളുടെ ഉറ്റതോഴനായി, ഹൈദരലി തങ്ങളുടെ കാലത്തിലേക്കും ഒഴുകിപ്പടര്‍ന്ന ആ രാഷ്ട്രീയ സാന്നിധ്യം സമാനതകളില്ലാത്തതാണ്. പഴയ കാലത്തിന്റെ ആ ഓര്‍മ പെരുക്കങ്ങളില്‍ വീര്‍പ്പുമുട്ടിയ ഒരു നേരത്താണ് ഇ.അഹമ്മദ് ‘മലബാര്‍ പാലസി’-ലേക്ക് വിളിപ്പിച്ചത്. അന്നദ്ദേഹം പാര്‍ലമെന്റ് അംഗം മാത്രമാണെങ്കിലും ഇന്ത്യയാകെ സഞ്ചരിക്കുന്ന തിരക്കുപിടിച്ച കാലം. ‘ഞാനറിയുന്ന നേതാക്കളെക്കുറിച്ച് എനിക്ക് എഴുതണമെന്നുണ്ട്’. അദ്ദേഹം പറഞ്ഞു.
ഞാനന്ന് ചന്ദ്രിക വാരാന്തപ്പതിപ്പിന്റെ ചുമതലയിലാണ്. ‘സാര്‍ നോട്ട്‌സ് തന്നാല്‍ മതി, നമുക്കത് തുടങ്ങാം.’ വലിയ സന്തോഷത്തോടെ എന്നെ ചേര്‍ത്തുപിടിച്ച് അത് നമുക്ക് തുടങ്ങാമെന്ന് പറഞ്ഞു. പത്തിരുപത് ലക്കങ്ങളെങ്കിലും വേണ്ടിവരുമെന്ന് പറഞ്ഞ ആ ലേഖനപരമ്പര, എഴുപത്തഞ്ചാഴ്ചകള്‍ പിന്നിട്ടത് കുഴിച്ചാലും തീരാത്ത അക്ഷയഖനിയായ ഓര്‍മകളുടെ ആഴംകൊണ്ട് തന്നെയായിരുന്നു.
99ല്‍ പാര്‍ലമെന്റ് അംഗമായ ശേഷം ഒന്നര വര്‍ഷക്കാലം നീണ്ട ആ എഴുത്തനുഭവം പകരം വെക്കാനില്ലാത്തതായിരുന്നു. ചന്ദ്രികയില്‍ പത്രപ്രവര്‍ത്തകനായി പൊതുജീവിതം തുടങ്ങിയ അഹമ്മദ് എന്ന സര്‍ഗധനനായ എഴുത്തുകാരന് വേണ്ടി കേട്ടെഴുത്തുകാരനാവേണ്ടി വന്നില്ല. ആദ്യലക്കം മുതല്‍ അവസാന ലക്കം വരെയും ആ കയ്യെഴുത്തില്‍ തന്നെയാണ് ഞാനറിയുന്ന നേതാക്കള്‍ പിറന്നത്. എഡിറ്റ് ചെയ്ത് ഒഴിവാക്കാന്‍ പോലുമില്ലാത്ത ആ കുറിപ്പുകള്‍ക്ക് തലക്കെട്ടെഴുതുകയും ലേഖനം സംഘടിപ്പിക്കലും മാത്രമായിരുന്നു എന്റെ ജോലി. അതാവട്ടെ അത്യന്തം ശ്രമകരവുമായിരുന്നു. ആകാശത്തുവെച്ചാണ് എഴുത്തുകളേറെയും പിറന്നത്. യു.പി.എ. സര്‍ക്കാര്‍ നിലവില്‍ വരും മുമ്പായിരുന്നു ആ കാലം. വാജ്‌പേയി ആയിരുന്നു അന്ന് പ്രധാനമന്ത്രി.
വിദേശമന്ത്രിയായിരുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം ഒരുപാട് വിദേശയാത്രകള്‍ അന്ന് പതിവായിരുന്നു. പലപ്പോഴും വിമാനത്തിലെ ജീവനക്കാരും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായിരുന്നു ലേഖനത്തിന്റെ വാഹകരായിരുന്നത്. ഒരുപാട് തവണ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ലേഖനമെത്തിയത്. ഒരിക്കല്‍ അഹമ്മദ് വിളിച്ചുപറഞ്ഞു. ഈ ലക്കം ഞാന്‍ കൊടുത്തയക്കുന്നത് എയര്‍ ഇന്ത്യയുടെ പൈലറ്റിന്റെ കൈവശം തന്നെയാണ്. ഒരു ലക്കം പോലും മുടങ്ങാതെ ആ എഴുത്ത് പൂര്‍ത്തീകരിച്ചു എന്നത് ഇപ്പോള്‍ഓര്‍ക്കുമ്പോള്‍ ഒരു മഹാത്ഭുതമാണ്. എഡിറ്റ് ചെയ്യുന്നതിനിടയില്‍ ഒരു പേര് വിട്ടുപോയാല്‍ പിന്നെ ശക്തമായ ശകാരമായിരുന്നു. അദ്ദഹത്തിന്റെ ശകാരത്തേക്കാള്‍ സൗന്ദര്യമുള്ള മറ്റൊരു ഭാവവും കണ്ടിട്ടില്ല. (കണ്ണൂര്‍കാരുടെ ഭാഷയിലെ കലമ്പല്‍). ഒന്നര വര്‍ഷം നീണ്ട ആ എഴുത്തുകാലത്തിനിടയില്‍ ആത്മബന്ധവും വളര്‍ന്നു. മുസ്്‌ലിംലീഗിന്റെ പഴയകാല നേതാക്കളുമായി അദ്ദേഹത്തിനുണ്ടായിരുന്ന തീവ്രമായ ബന്ധം, അദ്ദേഹം ഒറ്റക്കിരിക്കുമ്പോള്‍ കഥകളായി പറഞ്ഞുതരും. ത്യാഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും ആ കാലം. ഒരു തലമുറ ചെയ്ത നിഷ്‌കാമ കര്‍മങ്ങള്‍, ഓരോ കഥകളിലും വിസ്മയങ്ങളായി ജനിക്കും. ചന്ദ്രികയുടെ പഴയകാലവും സി.എച്ചുമായുള്ള ആത്മബന്ധവുമെല്ലാം കഥകളായി പിറന്ന എത്ര രാത്രികള്‍. രാവേറെ ചെന്നാലും മലബാര്‍ പാലസില്‍ വിളക്കണയാതെ കഥ തുടര്‍ന്ന ആ കഥാകാരന്‍ ഇനിയില്ല. ഒരു ഷര്‍ട്ട് മാറ്റിയിടാന്‍ പോലുമില്ലാത്ത കാലം അന്നത്തെ നേതാക്കള്‍ക്കുണ്ടായിരുന്നു.
75 ലക്കങ്ങളിലായി എഴുതിയ ആത്മകഥാംശം നിറഞ്ഞ ആ ലേഖന പരമ്പര പുസ്തകമാക്കുകയായിരുന്നു അടുത്ത ദൗത്യം. പല പ്രസാധകരുടെയും പേരു നിര്‍ദേശിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഒരേയൊരു നിര്‍ബന്ധം മാത്രമായിരുന്നു. ചന്ദ്രികയുടെ പ്രസിദ്ധീകരണ വിഭാഗം പുനര്‍ജനിക്കണം. പണ്ട് മുസ്്ലിംലീഗിന്റെ നിരവധി പുസ്തകങ്ങള്‍ ചന്ദ്രിക പുറത്തിറക്കിയിരുന്നു. അത് പുനഃരാരംഭിക്കണം. എന്റെ പുസ്തകം തന്നെ ആദ്യത്തേതാവണം. അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സില്‍ ചന്ദ്രിക എന്ന വികാരം അത്രയേറെ ആത്മാര്‍ത്ഥവും സത്യസന്ധവുമായിരുന്നു.