കോഴിക്കോട്: ലോകവേദികളില്‍ ഇന്ത്യക്ക് സൗഹൃദത്തിന്റെ വിലാസം ചാര്‍ത്തി നല്‍കിയ വിശ്വനായകന്‍ ഇനി അമരസ്മരണ. മികച്ച പാര്‍ലമെന്റേറിയനായും ലോകം ഉറ്റുനോക്കിയ നയതന്ത്ര ശാലിയായും കഴിവുറ്റ ഭരണാധികാരിയായും അധഃസ്ഥിത, പിന്നാക്ക, ന്യൂനപക്ഷ ജനതക്ക് ദിശാബോധം പകര്‍ന്നുനല്‍കിയ രാഷ്ട്രീയ നായകനായും കാലം അടയാളപ്പെടുത്തിയ ഇ അഹമ്മദ് എന്ന ജനസേവകന്റെ ജീവിതം ഇനി ചരിത്രത്തിന്റെ ഏടുകളിലേക്ക്. നികത്താനാവാത്ത നഷ്ടങ്ങള്‍ സമ്മാനിച്ചാണ് ഹരിത രാഷ്ട്രീയത്തിന്റെ അമരക്കാരന്‍ കര്‍മ്മപഥത്തിന്റെ തിരശ്ശീലക്കു പിന്നിലേക്ക് വിടവാങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ 2.15ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലായിരുന്നു, മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം.പി(78)യുടെ അന്ത്യം. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ചൊവ്വാഴ്ച ഉച്ചക്ക് 12.15ന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ഇരിപ്പിടത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സഹ എം.പിമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍ ആസ്പത്രിയിലേക്ക് മാറ്റി.
ഉച്ചക്ക് രണ്ട് മണിയോടെ ട്രോമാ കെയര്‍ ഐ. സി.യുവിലേക്ക് മാറ്റിയ അഹമ്മദിന് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കി. വിവരമറിഞ്ഞ് ആസ്പത്രിയില്‍ എത്തിയ മക്കളേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളേയും അഹമ്മദിനെ കാണാന്‍ അനുവദിക്കാതിരുന്നത് ആസ്പത്രിയില്‍ പ്രതിഷേധത്തിനിടയാക്കി. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ ഇന്നലെ പുലര്‍ച്ചെയാണ് മക്കള്‍ക്ക് പിതാവിനെ കാണാന്‍ അവസരം ലഭിച്ചത്. നിമിഷങ്ങള്‍ക്കകം മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
എ.ഐ.ഐ.എം.എസിലേക്ക് മാറ്റിയ മൃതദേഹം എംബാം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കാലത്ത് എട്ട് മണിയോടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെത്തിച്ച് പൊതുദര്‍ശനത്തിനു വെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു,
അനന്ത്കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, വയലാര്‍ രവി, അഹമ്മദ് പട്ടേല്‍, ഗുലാംനബി ആസാദ്, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരും കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മകന്‍ റയീസ് അഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ വൈകീട്ട് ആറു മണിയോടെ കരിപ്പൂരിലെത്തിച്ച മൃതദേഹം ഹജ്ജ് ഹൗസില്‍ പൊതുദര്‍ശനത്തിനുവെച്ചു. ഉച്ചയോടെതന്നെ സൂചികുത്താന്‍ ഇടമില്ലാത്തവിധം ഹജ്ജ് ഹൗസും പരിസരവും ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. രാത്രിയോടെ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന മൃതദേഹം ലീഗ്ഹൗസില്‍ പൊതുദര്‍ശനത്തിനു വെച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ പതിനായിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്.
രാത്രി വൈകി കണ്ണൂരിലെ വസതിയായ താണയിലെ ‘സിതാര’യില്‍ എത്തിച്ച ഭൗതിക ശരീരം ഇന്ന് കാലത്ത് 8.30 മുതല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ അങ്കണത്തിലും തുടര്‍ന്ന് സിറ്റിയിലെദീനുല്‍ ഇസ്‌ലാം സഭാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പൊതുദര്‍ശനത്തിനു വെക്കും. 11 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സിറ്റി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി,ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഇ അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.