Connect with us

kerala

ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത് ഡിവൈഎസ്പി; റെയ്ഡിന് എത്തിയ എസ്‌ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു

അടുത്തമാസം സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഡിവൈഎസ്പിയ്ക്ക് ഗുണ്ടയുടെ വിരുന്ന്

Published

on

കൊച്ചി: ഗുണ്ടാ സംഘങ്ങള അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗ്’ പുരോഗമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന്റെ ആതിഥ്യം സ്വീകരിച്ച് ഡിവൈഎസ്പിയും പൊലീസുകാരും. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് റെയ്‍ഡ് നടത്തിയപ്പോഴാണ് ‌ഡിവൈഎസ്പിയും പൊലീസുകാരുമാ‌ണ് എത്തിയതെന്ന് വ്യക്തമായത്.

പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. അടുത്തമാസം സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഡിവൈഎസ്പിയ്ക്ക് ഗുണ്ടയുടെ വിരുന്ന്. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തിയത്. എസ്ഐയെ വിരട്ടിയാണ് ഗുണ്ടയുടെ വീട്ടിൽ നിന്ന് ഡിവൈഎസ്പി രക്ഷപ്പെട്ടത്.

അങ്കമാലി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഇന്നലെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോൾ അങ്കമാലിയിൽ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി അങ്കമാലി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

kerala

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി ഈ വര്‍ഷം മുതല്‍

മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും.

Published

on

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ നടപ്പിലാക്കുന്ന മിനിമം മാര്‍ക്ക് രീതിയുടെ സമയക്രമവും രൂപരേഖയും തയ്യാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മൂല്യനിര്‍ണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരമിച്ച അധ്യാപകരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി. മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും. ഇവര്‍ക്ക് അവസാനവാരം വീണ്ടും പരീക്ഷ നടത്തും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പിലാക്കുകയാണ്. ആകെയുള്ള 50 മാര്‍ക്കില്‍ 40 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്. ഇതില്‍ 12 മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഏപ്രില്‍ 5 ന് മുന്‍പ് തയ്യാറാക്കും. അതിന് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗീകാരം നല്‍കുകയും 6, 7 തീയതികളില്‍ അധിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി യോഗം സംഘടിപ്പിക്കുകയും ചെയ്യും.

27, 28 തീയതികളില്‍ ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും. ഇതിന് മുന്നോടിയായി ഏപ്രില്‍ 8 മുതല്‍ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ഈ കുട്ടികള്‍ക്ക് വേണ്ടിയുള്ള അധിക പിന്തുണാ ക്ലാസ്സ് നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിശീലനം നല്‍കുന്നത്. ഇന്നലെ നടന്ന ക്യൂഐപി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തോട് യോജിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കാന്‍ കഴിയില്ല എന്ന് മന്ത്രിയെ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അധ്യാപകരെ ലഭിക്കുക ശ്രമകരമായിരിക്കും എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ബിആര്‍സി ട്രയിനര്‍മാരുടേയും സിആര്‍സി കോര്‍ഡിനേറ്റര്‍മാരെയും പരിപാടിയിലേക്ക് ഉള്‍പ്പെടുത്തും.

Continue Reading

kerala

നടന്നത് കവര്‍ച്ച നാടകം; കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം

നഷ്ടപ്പെട്ടത് കുഴല്‍ പണമാണെന്ന് സംശയമുണ്ട്.

Published

on

കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. നഷ്ടപ്പെട്ടത് കുഴല്‍ പണമാണെന്ന് സംശയമുണ്ട്. സംഭവത്തില്‍ പരാതിക്കാരനടക്കം രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണം മോഷ്ടിച്ചുവെന്നായിരുന്നു ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പരാതി. സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ പരാതി വ്യാജമാണെന്ന് പൊലീസിന് സംശയം ഉയര്‍ന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ പണമടങ്ങിയ ചാക്കുമായി പോകുന്ന ദൃശ്യമാണ് പുറത്ത് വന്നത്. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച പൊലീസിന്റെ ചോദ്യത്തിന് പരാതിക്കാരനായ റഹീസിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കവര്‍ച്ചയുടെ യഥാര്‍ഥ ചിത്രം പുറത്ത് വരികയൊള്ളൂവെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

വാഹനങ്ങളുടെ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ

കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം പ്രാവര്‍ത്തികമായിട്ടില്ല

Published

on

പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ. 2016- 2017 മെയ് മുതല്‍ 2024- 2025 വരെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയാണിത്. 2021- 2022 ല്‍ നികുതി 11.01 കോടി ആയി. എന്നാല്‍ 2022- 23ല്‍ അത് 21.22 കോടിയായി ഉയര്‍ന്നു. 2023- 24ല്‍ 22.40 കോടി പിരിച്ചു. 2024- 25ല്‍ 16.32 കോടിയായിരുന്നു വരുമാനം. എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ മറുപടി റിപ്പോര്‍ട്ടിലാണിത്. 10 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് 600 രൂപയാണ് ഹരിത നികുതിയായി ഈടാക്കുന്നത്.

10 വര്‍ഷം പഴക്കമുള്ള പൊതുഗതാഗത വാഹനങ്ങള്‍ക്ക് തുടര്‍ന്ന് വരുന്ന ഓരോ വര്‍ഷവും 300 രൂപ , 450 രൂപ, 600 രൂപ അടയ്‌ക്കേണ്ടതുണ്ട്. ഓട്ടോ ഒഴികെ പുതിയ ഡീസല്‍ ട്രോന്‍സ്‌പോര്‍ട്ട് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 1000 രൂപ ഹരിത നികുതി അടയ്ക്കണം. മീഡിയം, ഹെവി വണ്ടികള്‍ക്ക് യഥാക്രമം 1500 രൂപ, 2000 രൂപ നല്‍കണം. 2022 മുതലാണ് പുതിയ ഡീസല്‍ വണ്ടികള്‍ ഹരിത നികുതി ഏര്‍പ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം പ്രാവര്‍ത്തികമായിട്ടില്ല.

Continue Reading

Trending