ദുബൈ: മിഡില്‍ ഈസ്റ്റ്-ആഫ്രിക്കന്‍-തെന്നേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണികേഷന്‍ ടെക്‌നോളജി (ഐസിടി) പ്രദര്‍ശനമായ ജൈടെക്‌സിന്റെ 36-ാമത് ടെക്‌നോളജി വീക് 2016ന് ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഉദ്ഘാടനം ചെയ്തു. സിലികണ്‍ വാലി, യൂറോപ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള 200ലധികം സാങ്കേതിക നിക്ഷേപകരും വിദഗ്ധരായ എക്‌സിക്യൂട്ടീവുകളും ജൈടെക്‌സില്‍ പങ്കെടുക്കുന്നുണ്ട്.
സോഫ്റ്റ്ബാങ്ക് ഗ്രൂപ് ഇന്റര്‍നാഷണല്‍, 500 സ്റ്റാര്‍ട് അപ്‌സ്, ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, ഗോള്‍ഡന്‍ ഗേറ്റ് വെഞ്ച്വേഴ്‌സ്, മിഡില്‍ ഈസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ രാജ്യാന്തര പ്രസക്ത കമ്പനികളുടെ സാന്നിധ്യം ഇത്തവണ ജൈടെക്‌സിനുണ്ട്. ആഗോള കൂറ്റന്‍ നിക്ഷേപക കമ്പനികളായ ഫേസ്ബുക്, ഡ്രോപ്‌ബോക്‌സ്, സ്‌പോട്ടിഫൈ തുടങ്ങിയവയുടെ സാന്നിധ്യവും എടുത്തു പറയേണ്ടതാണ്. പോപ് ഐകണ്‍ ലേഡി ഗാഗയെയും ജോണ്‍ ലെജന്‍ഡിനെയും ആഗോള തലത്തിലേക്കുയര്‍ത്തിയ മുന്‍ മീഡിയ മാനേജരും ഇപ്പോള്‍ സ്‌പോടിഫൈ ഗ്‌ളോബല്‍ ഹെഡുമായ ട്രോയ് കാര്‍ട്ടര്‍, സ്റ്റാര്‍ട് അപ് ഇന്‍ക്യുബേറ്റര്‍ സഹ സ്ഥാപകന്‍ ഇവാന്‍ ബര്‍ഫീല്‍ഡ്, വ്യവസായി ക്രിസ്റ്റഫര്‍ ഷ്രോഡര്‍ തുടങ്ങിയവര്‍ ‘ഔട് ടോക് കോണ്‍ഫറന്‍സി’ല്‍ സന്നിഹിതരാകുന്നുണ്ട്.
അഞ്ചു ദിന പരിപാടിയില്‍ 150 രാജ്യങ്ങളില്‍ നിന്നുള്ള 100,000ത്തിലധികം സന്ദര്‍ശകരെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 2016ലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഗോള സ്റ്റാര്‍ട്ട് അപ് പരിപാടിയായ ‘ജൈടെക്‌സ് ഗ്‌ളോബല്‍ സ്റ്റാര്‍ട്ട് അപ് മൂവ്‌മെന്റ്’ ഇത്തവണത്തെ സവിശേഷതയാണ്. ഈ വര്‍ഷം ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി ഒരുക്കിയിരിക്കുന്നത്. ലോകത്ത് മറ്റെവിടെയും ഇത്രയും ശ്രദ്ധേയമായ സ്റ്റാര്‍ട്ട് അപ് പ്രദര്‍ശനം മുന്‍പ് ഉണ്ടായിട്ടുണ്ടാവില്ല. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലുതും ഒരാഴ്ച നീളുന്നതുമായ ഈ പരിപാടിയില്‍ 410 പ്‌ളസ് സ്റ്റാര്‍ട്ട് അപ്പുകളും 1,200 ടെക്ഫൗണ്ടര്‍മാരും ഉണ്ടാകും.
ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളില്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട പ്രായോഗിക നീക്കങ്ങള്‍ ഊന്നിപ്പറയുന്നതാണ് പ്രദര്‍ശനം. മധ്യപൂര്‍വദേശത്തെയും മറ്റും സംരംഭകരില്‍ നിന്നുള്ള, ജീവിതം മാറ്റിമറിക്കുന്ന വിധത്തിലുള്ള ആശയങ്ങളിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ശൈലി ഏറെ സവിശേഷമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളില്‍ സ്ഥാപനങ്ങളെ വഴികാട്ടുന്ന ‘ജൈടെക്‌സ് വെര്‍ടികല്‍ ഡെയ്‌സ്’ സമ്മേളനം വ്യവസായ മേഖലയില്‍ നിന്നുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും. മാര്‍ക്കറ്റിംഗ്, ആരോഗ്യ പരിചരണം, ധനകാര്യം, ഇന്റലിജന്റ് സിറ്റീസ്, റീടെയില്‍, വിദ്യാഭ്യാസം, ഊര്‍ജം എന്നീ മേഖലകളില്‍ ഈ സമ്മേളനം ഊന്നലുള്ളതാണ്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍, ഏഷ്യന്‍ മേഖലകളിലെ വളര്‍ന്നു വരുന്ന വിപണികളില്‍ നിന്നുള്ള മുഖ്യ ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ രൂപാന്തരീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്നു. ഡിജിറ്റല്‍ ബിസിനസ് രംഗത്തെ അവരുടെ വിജയങ്ങളും പ്രതിപാദിക്കുന്നു.
ഡ്രോണുകള്‍, റോബോട്ടുകള്‍, ഓഗ്‌മെന്റഡ്-വെര്‍ച്വല്‍ റിയാലിറ്റി, 3ഡി പ്രിന്റിംഗ് എന്നിവ പ്രദര്‍ശനത്തിലുണ്ട്. റെക്കോര്‍ഡിട്ട, ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ 4ഡി അനുഭവവുമായി സാംസംങ് എത്തിയിരിക്കുന്നു. ബലൂണ്‍ കാമറയുമായി പനാസോണിക്കും ശ്രദ്ധ പിടിച്ചു പറ്റുന്നു. ആപ്പ് ഹാക്ക്, ഗൂഗ്ള്‍ സിഎസ്‌ഐ ലാബ്, ഹോട് സ്റ്റഫ് അവാര്‍ഡ്‌സ്, സ്റ്റുഡെന്റ് ലാബ് മല്‍സരം എന്നിവ സംബന്ധിച്ച പ്രത്യേക പരിപാടികളുമുണ്ട്.
ജൈടെക്‌സില്‍ കേരളത്തില്‍ നിന്ന് ജിടെക് (ഗ്രൂപ് ഓഫ് ടെക്‌നോളജി കമ്പനീസ്) പ്രാതിനിധ്യം വഹിക്കുന്നു. റാഷിദ് ഹാളിലെ മുഖ്യ ഏരിയയിലാണ് കേരള പവലിയനുള്ളത്.
ഈ വര്‍ഷത്തെ ഔദ്യോഗിക രാഷ്ട്ര പങ്കാളി സഊദി അറേബ്യയാണ്. ഈ മാസം 20നാണ് ജൈടെക്‌സ് ടെക്‌നോളജി വീക് 2016 സമാപിക്കുന്നത്. ‘യാഥാര്‍ത്ഥ്യങ്ങളെ പുന:പ്രതിഛായാത്കരിക്കുന്നു’ (റീഇമാജിനിംഗ് റിയാലിറ്റീസ്) എന്ന പ്രമേയത്തിലാണ് ഈ സാങ്കേതിക വാരം ഒരുക്കിയിട്ടുള്ളത്. 3ഡി പ്രിന്റഡ് കാറുകള്‍ മുതല്‍ വിആര്‍ റോളര്‍ കോസ്റ്ററുകള്‍ വരെയും, നവാഗത വിജയ സംരംഭങ്ങളും ഡ്രോണുകളുമടക്കമുള്ള സാങ്കേതികതാ വൈവിധ്യങ്ങളും നിറഞ്ഞതാണീ ജൈടെക്‌സ്.
ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലെ 14 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ഈ ലോകോത്തര പ്രദര്‍ശനവും അനുബന്ധ പരിപാടികളും ഒരുക്കിയിരിക്കുന്നത്. ലോകത്ത് ഇന്നു വരെയുള്ള ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ കാണാം. 64 പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നും 4,000 കമ്പനികളാണ് പ്രദര്‍ശകരായി എത്തിയിരിക്കുന്നത്. 230 ആഗോള ചിന്തകര്‍ 65 സമ്മേളന സെഷനുകളിലും 130 കോണ്‍ഫറന്‍സ് മണിക്കൂറുകളിലും സംബന്ധിക്കുന്നു.