X

ഒരല്‍പ്പം പോലും ലജ്ജ തോന്നുന്നില്ലേ സാറേ? കെ.വി തോമസിനോട് വി.ടി. ബല്‍റാം

പാലക്കാട്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ.വി തോമസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഡല്‍ഹിയില്‍ കേരള സര്‍ക്കാറിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോട് കൂടി നിയമനം ലഭിച്ചതിനെ പരിഹസിച്ചാണ് വിടി ബല്‍റാം രംഗത്തെത്തിയത്. ‘ഒരല്‍പ്പം പോലും ലജ്ജ തോന്നുന്നില്ലേ സാറേ?’ എന്നാണ് തോമസിന്റെ നിയമന വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ബല്‍റാമിന്റെ ചോദ്യം. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം.

ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പുവേളയില്‍ നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. വിലക്ക് മറികടന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും കെ.വി തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കിയത്. പിന്നാലെ സി.പി.എമ്മുമായി ചേരുകയായിരുന്നു.

പ്രത്യേക പ്രതിനിധി പദവി ചോദിച്ച് വാങ്ങിയതല്ലെന്നാണ് പ്രഫ. കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘പ്രധാനമന്ത്രി അടക്കമുള്ളവരുമായുള്ള ബന്ധം സംസ്ഥാനത്തിന്റെ വികസനത്തിനായി ഉപയോഗിക്കും. ഇടത് മുന്നണിക്കൊപ്പമാണ് നില്‍ക്കുന്നത്. ഇടത് കാഴ്ചപ്പാടുള്ള ആളാണ് താന്‍. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. ഡല്‍ഹിയില്‍ പോകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാറുണ്ട്’ കെ.വി തോമസ് പറഞ്ഞു.

webdesk13: