Connect with us

kerala

പിടിവിടാതെ മയക്കുമരുന്ന് മാഫിയ; കാപ്പയില്‍ തളക്കാന്‍ ഒരുങ്ങി പൊലീസ്

പരിശോധനക്കിടയിലും നാട് വാഴുന്ന മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയറുക്കാന്‍ കടുത്ത നടപടികളുമായി പൊലീസ് വരുന്നു.

Published

on

പരിശോധനക്കിടയിലും നാട് വാഴുന്ന മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയറുക്കാന്‍ കടുത്ത നടപടികളുമായി പൊലീസ് വരുന്നു. ലഹരിക്കടത്ത് കേസിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പചുമത്തിയേക്കും. നാടാകെ വ്യാപകമാകുന്ന മയക്കുമരുന്ന് മാഫിയകളെ തളക്കാന്‍ കണ്ണൂര്‍ പൊലീസാണ് കാപ്പ ചുമത്തല്‍ നടപടികളിലേക്ക് നീങ്ങുന്നത്. കണ്ണൂര്‍ മയക്കുമരുന്നിന്റെ ഹബ്ബായി മാറുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. എ.എസ്.പി വിജയ് ഭാസ്‌കര്‍ റെഡ്ഡിയാണ് ഈ കാര്യം അറിയിച്ചത്. കണ്ണൂര്‍ നഗരത്തില്‍ മാത്രമൊതുങ്ങാതെ ഉള്‍നാടുകളിലും ചെറുതും വലുതുമായ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്ണൂരില്‍ രണ്ട് കിലോ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായതിന് ശേഷം വന്‍കിട വ്യാപാരങ്ങള്‍ നടക്കുന്നതായി വിവരമില്ലെങ്കിലും മയക്കുമരുന്ന് മാഫിയ നാടാകെ വാഴുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായ കൊറ്റാളി സ്വദേശി സുഗീഷ്(27), കുണ്ടന്‍ചാലില്‍ ഇടച്ചേരി വീട്ടില്‍ജിതിന്‍ റാം(23) എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് വില്‍പനയെ കുറിച്ച് പൊലീസിന് വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചു കുണ്ടന്‍ചാല്‍ സ്വദേശി അക്ഷയ്, പെരളശേരി സ്വദേശി മിഥുന്‍ എന്നിവരെ കഴിഞ്ഞ ഏപ്രില്‍ 24ന് അക്രമിച്ച കേസിലെ നാലംഗസംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്തുന്നതിനിടെ ഇരുവരും നേരത്തെ എക്സൈസ് പിടിയിലായിരുന്നു. സുഗീഷിനെതിരെ കണ്ണൂര്‍ ടൗണ്‍, വളപട്ടണം സ്റ്റേഷനുകളിലും കേസുണ്ട്.

മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട നിരവധി സംഘങ്ങള്‍ കണ്ണൂര്‍ നഗരവും നാട്ടിന്‍പുറങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതേകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നീക്കമാരംഭിച്ചത്. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ കൊറ്റാളി കുണ്ടംചാലില്‍ ഇന്ന് ജനപ്രതിനിധികളെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ച് ബോധവല്‍ക്കരണവും നടത്തും.

ലഹരി എത്തുന്നത് നൈജീരിയ- ബെംഗളുരു വഴി

ബെംഗളുരുവില്‍ നിന്നാണ് സിന്തറ്റിക്ക് മയക്കുമരുന്നുള്‍പ്പെടെ കണ്ണൂരിലേക്ക് എത്തുന്നത്. ടൂറിസ്റ്റ് ബസുകളിലൂടെയും തീവണ്ടി മാര്‍ഗവും ന്യൂജെന്‍ മയക്കുമരുന്ന് ഉള്‍പ്പെടെ എത്തുന്നുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളിലൂടെയാണ് എംഡിഎം എയും ഹാഷിഷ് ഓയിലുമുള്‍പ്പെടെ വിപണനത്തിനായി എത്തുന്നത്. കൈമാറ്റം നടക്കുന്നത് പഠനത്തിനെന്ന വ്യാജേനെ ബെംഗളുരുവിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശികളിലൂടെയാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബെംഗളുരുവില്‍ നിന്ന് ഇവ എത്തിച്ചുനല്‍കാനും ഏജന്റുമാരുണ്ട്. രഹസ്യകേന്ദ്രങ്ങളിലാണ് ഇവരെ താമസിപ്പിക്കുന്നത്.

കണ്ണികളാകുന്നു കൗമാരവും

വിദ്യാര്‍ഥികളുള്‍പ്പെടെയാണ് ലഹരികടത്തില്‍ കണ്ണികളാകുന്നത്. സാധാരണ കുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്ക് സിന്തറ്റിക്ക് മയക്കുമരുന്ന് നല്‍കി അടിമകളാക്കിയ ശേഷം ഇടനിലക്കാരാക്കുകയാണ് വന്‍ലോബികള്‍. ഇത്തരം ലോബിയുടെ വലയിലായവര്‍ സൗജന്യമായി മരുന്ന് ലഭിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുമ്പോള്‍ കളംവാഴുന്നത് വിപണനത്തിന് നേതൃത്വം നല്‍കുന്നവരാണ്.
ഉന്നത മേഖലയിലുള്ളവരുള്‍പ്പെടെ കോളജ് വിദ്യാര്‍ഥിനികള്‍ വരെയുള്ളവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സി.പി.എം നടത്തിയത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചരണം- വി.ഡി. സതീശൻ

തിരഞ്ഞെടുപ്പ് കാലത്ത് എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവലതുപക്ഷ പിന്തിരിപ്പന്‍ പാര്‍ട്ടിയാണെന്നുമാണ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം സി.പി.എം പുരപ്പുറത്ത് കയറി വിളിച്ചു പറയുന്നത്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

Published

on

ദേശാഭിമാനിക്ക് നല്‍കാത്ത പരസ്യം മുസ് ലിം സംഘടനകളുടെ പത്രത്തിന് നല്‍കിയതിലൂടെ സി.പി.എം നടത്തിയത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിനെ പോലൊരു പാര്‍ട്ടിയെ കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നു. വടകരയില്‍ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാന്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയതു പോലെ പാലക്കാടും തെരഞ്ഞെടുപ്പിന്റെ തലേന്ന് മുസ് ലീം സംഘടകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അഡ്വട്ടോറിയല്‍ നല്‍കി വര്‍ഗീയ പ്രചരണത്തിനാണ് സി.പി.എം ശ്രമിച്ചിരിക്കുന്നത്.

സന്ദീപ് വാര്യര്‍ ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സി.പി.എം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലീം സംഘടനകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ കൊടുത്ത പരസ്യം സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലുമില്ല. എല്ലാ മതവിഭാഗങ്ങളും വായിക്കും എന്നതു കൊണ്ടാണ് സ്വന്തം പത്രത്തില്‍ കൊടുക്കാതിരുന്നത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ദീപിക പത്രത്തില്‍ ഒരു പരസ്യം നല്‍കി. മുസ്ലീം പത്രത്തില്‍ മറ്റൊരു പരസ്യവും കൊടുത്തു. എന്നാല്‍ അതിനേക്കാള്‍, വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സംഘ്പരിവാര്‍ പോലും സി.പി.എമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തും.

പാലക്കാട് മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഉറപ്പിച്ചിട്ടും ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനുള്ള ഹീനമായ തന്ത്രം നടപ്പാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എന്തുവന്നാലും യു.ഡി.എഫ് തോല്‍ക്കണമെന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് സര്‍ക്കാരിന് പത്ത് മിനിട്ടു കൊണ്ട് തീര്‍ക്കാന്‍ കഴിയുമായിരുന്ന മുനമ്പം വിഷയം പരിഹരിക്കാതെ ക്രൈസ്തവര്‍ക്കും മുസ് ലിംകള്‍ക്കും ഇടയില്‍ ഭിന്നതയുണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്താന്‍ സംഘ്പരിവാറിനും ബി.ജെ.പിക്കും അവസരമുണ്ടാക്കി കൊടുത്തത്. ബി.ജെ.പി -സി.പി.എം ബാന്ധവമാണ് പലക്കാട് തിരഞ്ഞെടുപ്പിന്റെ അവസാന ദിവസത്തെ ഹീനമായ വര്‍ഗീയ പ്രചരണത്തിലൂടെയും പുറത്തു വന്നിരിക്കുന്നത്.

ഒരാള്‍ ബി.ജെ.പിയുടെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ പിണറായി വിജയന് എന്താണ് കുഴപ്പം? കാലടി ഗോപിയുടെ ‘ഏഴു രാത്രികള്‍’ എന്ന നാടകത്തിലെ കഥാപാത്രമായ പാഷാണം വര്‍ക്കിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലേക്ക് പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. പാഷാണം വര്‍ക്കി ഹിന്ദുവിന്റെ വീട്ടില്‍ പോകുമ്പോള്‍ കൃഷ്ണന്റെയും ക്രിസ്ത്യാനിയുടെ വീട്ടില്‍ പോകുമ്പോള്‍ യേശുക്രിസ്തുവിന്റെയും പടം വെക്കു.

ആളുകളെ കബളിപ്പിക്കുന്ന പാഷാണം വര്‍ക്കിയുടെ നിലയിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തരംതാണിരിക്കുന്നത്. ഇതാണോ ഇടതുപക്ഷം? ഇവരാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി? ഇവരാണോ പുരോഗമന പാര്‍ട്ടി? ഇവര്‍ തീവ്രവലതുപക്ഷ പിന്തിരിപ്പന്‍മാരാണ്. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലെന്നും ഞങ്ങള്‍ പുരോഗമന പാര്‍ട്ടിയല്ലെന്നും, തിരഞ്ഞെടുപ്പ് കാലത്ത് എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവലതുപക്ഷ പിന്തിരിപ്പന്‍ പാര്‍ട്ടിയാണെന്നുമാണ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം സി.പി.എം പുരപ്പുറത്ത് കയറി വിളിച്ചു പറയുന്നത്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

സന്ദീപ് വാര്യര്‍ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രിസിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് ഇത്ര പ്രശ്‌നം? ആര്‍.എസ്.എസ് അക്രമി സംഘത്തിന് നേതൃത്വം നല്‍കിയെന്നു പറയുന്ന ഒ.കെ വാസുവിന്റെ കഴുത്തില്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടു വന്ന് മലബാര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനം നല്‍കിയ ആളാണ് പിണറായി വിജയന്‍. സന്ദീപ് വാര്യര്‍ ആരെയും കൊന്നിട്ടില്ല.

വ്യാജമായ കാര്യങ്ങള്‍ വരെ കുത്തിനിറച്ചുള്ള വര്‍ഗീയതയാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. അതിന് തിരിച്ചടി കിട്ടും. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ബി.ജെ.പിയും നാവും മുഖവും ആയിരുന്ന ആള്‍ അത് ഉപേക്ഷിച്ചപ്പോള്‍ ബി.ജെ.പിയുടെ വീട്ടില്‍ നിന്നും കേള്‍ക്കുന്നതിനേക്കാള്‍ വലിയ കരച്ചിലാണ് സി.പി.എമ്മിന്റെ വീട്ടില്‍ നിന്നും കേള്‍ക്കുന്നത്. ഒ.കെ വാസുവിന് മാലയിട്ട പിണറായി വരെ കരയുകയാണ്. ഇനിയും പലരും വരാനിരിക്കുന്നതേയുള്ളൂ.

പാലാക്കട് യു.ഡി.എഫ് സ്ഥാനാർഥി പതിനായിരം വോട്ടിന് ജയിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇവര്‍ വൃത്തികേടുകള്‍ കാണിക്കുന്നതു കൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പതിനയ്യായിരം കടന്നാലും അദ്ഭുതപ്പെടാനില്ല. ചേലക്കരയില്‍ മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ വിജയിക്കും. വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയിട്ടും സി.പി.എമ്മിന് നാണംകെട്ട തോല്‍വിയുണ്ടായി.

സി.പി.എമ്മിന്റെ കപട പ്രീണന തന്ത്രം ആരും വിശ്വസിച്ചില്ല. പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം, ഇത് കേരളമാണെന്ന് ഒരിക്കല്‍ കൂടി ജനം പിണറായി വിജയനെയും സി.പി.എമ്മിനെയും ഓര്‍മ്മപ്പെടുത്തിക്കൊടുക്കും. ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കോ ഏതെങ്കിലും സി.പി.എം നേതാവിനോ ഇല്ല. പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ ധൈര്യമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

Continue Reading

kerala

മകളെ രക്ഷിക്കാൻ പിണാറയി വിജയൻ സംഘിയാകുന്നു: കെ.എം ഷാജി

‘ആർഎസ്എസും ബിജെപിയും ആകാതെ സംഘിയാകാമെന്ന് തെളിയിച്ചു’

Published

on

മകളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണാറയി വിജയന്‍ സംഘിയാകുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. മുഖ്യമന്ത്രിക്ക് സംഘി എന്നതിനേക്കാള്‍ യോജിക്കുന്ന പദം വേറെയില്ല. നിര്‍ബന്ധിത സാഹചര്യത്തിലായിരിക്കാം അദ്ദേഹം അങ്ങനെയാകുന്നത്. പാര്‍ട്ടിയാണോ അണികളാണോ രാജ്യമാണോ അതോ മകളാണോ വലുതെന്ന ചോദ്യം അദ്ദേഹത്തിന് മുന്നില്‍ വന്നിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ സംഘിയായി മകളെ രക്ഷിക്കാമെന്ന് അദ്ദേഹം കരുതിക്കാണും.

പിണറായി വിജയന്‍ നിരന്തരം ഇസ്ലാമോഫോബിക് പരാമര്‍ശം നടത്തുകയാണ്. ആര്‍എസ്എസും ബിജെപിയും ആകാതെ സംഘിയാകാമെന്ന് തെളിയിച്ചു. ഉത്തരേന്ത്യന്‍ മാതൃകയില്‍ വിവാദങ്ങളെ ജാതീയമായി വേര്‍തിരിക്കാനാണ് ശ്രമമെന്നും കെ.എം ഷാജി വ്യക്തമാക്കി.

പിണറായി വിജയന്‍ എന്ന ആന കുത്തിയിട്ട് താന്‍ വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ഡം തട്ടിയിട്ട് വീഴുന്നത്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ സ്‌നഗ്ഗി ഇട്ടുനടക്കുന്ന എ.എ റഹീം എം.പി തന്നെ പഠിപ്പിക്കാന്‍ വരേണ്ട. രാഷ്ട്രീയം പറയുമ്പോള്‍ സാദിഖലി തങ്ങളുടെ മെക്കിട്ട് കയറുകയല്ല വേണ്ടത്. രാഷ്ട്രീയമായ മറുപടി പറഞ്ഞില്ലെങ്കില്‍ അതേ ഭാഷയില്‍ തിരിച്ചുകിട്ടുമെന്ന് മുഖ്യമന്ത്രിയും മനസ്സിലാക്കണം.

സമസ്തയുമായി തനിക്ക് ഒരു തര്‍ക്കവുമില്ല. വഖഫ് ഭൂമി പ്രശ്‌നം വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനാണ് വേണ്ടപ്പെട്ടവരെ കൊണ്ട് പത്രങ്ങളില്‍ ലേഖനം എഴുതിക്കുന്നത്. അതിന് മുസ്‌ലിം ലീഗ് നിന്നുകൊടുക്കില്ലെന്നും കെ.എം ഷാജി പറഞ്ഞു.

Continue Reading

kerala

പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയതെന്ന് കണ്ടെത്തൽ

പരസ്യം പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി ഡിസൈൻ ഉൾപ്പെടെ നൽകിയാണ് അനുമതി വാങ്ങേണ്ടത്.

Published

on

പി.സരിനു വേണ്ടി എൽ.ഡി.എഫ് സന്ദീപ് വാര്യരെ കരുവാക്കി പത്രങ്ങളിൽ പരസ്യം നൽകിയത് അനുമതി വാങ്ങാതെ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിയമപ്രകാരം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്രങ്ങളിലും ടെലിവിഷനുകളിലും നൽകുന്ന പരസ്യത്തിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. എന്നാൽ അനുമതി വാങ്ങാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെന്ന് പാലക്കാട് ജില്ലാ ഇൻഫർമേഷൻ വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകി.

പരസ്യം പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി ഡിസൈൻ ഉൾപ്പെടെ നൽകിയാണ് അനുമതി വാങ്ങേണ്ടത്. ജില്ലാ കലക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ, മുതിർന്ന മാധ്യമപ്രവർത്തകൻ,കേന്ദ്രസർക്കാർഉദ്യോഗസ്ഥർ എന്നിവരടങ്ങിയതാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി. ഈ കമ്മിറ്റിയുടെ അനുമതി പോലും വാങ്ങാതെയാണ് എൽ.ഡി.എഫ് പി. സരിനു വേണ്ടി സുപ്രഭാതം, സിറാജ് പത്രങ്ങളിൽ ഇന്ന് പരസ്യം നൽകിയത്. ഈ സാഹചര്യത്തിൽ വിശദീകരണം തേടി സ്ഥാനാർഥിയായ പി. സരിനും ചീഫ് ഇലക്ഷൻ ഏജൻസിനും കലക്ടർ നോട്ടീസയക്കും. പാലക്കാട് ജില്ലാ എഡിഷനിലെ പത്രങ്ങളിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരസ്യം നൽകി സ്ഥാനാർഥി വിജയിക്കുകയാണെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കാൻ എതിർപക്ഷത്തിന് അവകാശമുണ്ട്. സ്ഥാനാർഥിക്ക് അയോഗ്യത ഉൾപ്പെടെയുള്ള നടപടികളാകും പിന്നീടുണ്ടാവുക.

മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് പാർട്ടി പത്രം പോലും ഒഴിവാക്കി രണ്ട് പത്രങ്ങളിൽ മാത്രം പരസ്യം നൽകിയത് എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. നാളെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്.പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസമാണ് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചത്.

പാർട്ടി പത്രമായ ദേശാഭിമാനിയിൽ ഉൾപ്പെടെ ഇത്തരത്തിൽ ഒരു പ്രത്യേക സമു​ദായത്തെ ലക്ഷ്യമിട്ടുള്ള പരസ്യം നൽകിയിട്ടില്ല. 20 ശതമാനത്തോളം മുസ്‍ലിം വോട്ടുകളാണ് പാലക്കാട് നിയമസഭ മണ്ഡലത്തിലുള്ളത്.ബി.​ജെ.പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും വക്താവുമായ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസം എൽ.ഡി.എഫിന്റെ വോട്ടഭ്യര്‍ഥന. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം. ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയിൽ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് ഇതുള്ളത്.

Continue Reading

Trending