X

കെ.പി.സി.സി അധ്യക്ഷനെ കള്ളക്കേസില്‍ ജയിലിലടച്ച് സുഖമായി ഭരിക്കാമെന്നാണോ പിണറായി കരുതുന്നത്; മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കോഴക്കേസുകളില്‍ അകത്ത് പോകേണ്ടയാള്‍- വിഡി സതീശന്‍

കൊച്ചി: ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് മനഃപൂര്‍വമായി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കെ.പി.സി.സി അധ്യക്ഷനെതിരെയുള്ളത് കള്ളക്കേസാണ്. കെ.പി.സി.സി അധ്യക്ഷന് യാതൊരു പങ്കുമില്ലാത്ത കേസില്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരനെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.സുധാകരന്‍ പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പറയുന്നത്. പക്ഷെ അന്ന് അദ്ദേഹം പാര്‍ലമെന്റ് അംഗം പോലുമായിരുന്നില്ല. പത്ത് കോടി കൊടുക്കാന്‍ പോയവര്‍ എം.പി പോലും അല്ലാത്ത സുധാകരന്‍ പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇപ്പോള്‍ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. കഴിഞ്ഞ ദിവസം എനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്തു. ഞങ്ങളെല്ലാം പേടിച്ച് പോകുമെന്നാണോ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അകത്ത് പോകേണ്ടയാളാണ് മുഖ്യമന്ത്രി. അദ്ദഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൂറ് ദിവസം ജയിലില്‍ കിടുന്നു. ബി.ജെ.പിയുമായും സംഘപരിവാറുമായും ഒത്തുതീര്‍പ്പുണ്ടാക്കിയാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടത്. ലൈഫ് മിഷനില്‍ 20 കോടിയില്‍ നിന്നും കമ്മീഷനായി 46 ശതമാനമായ ഒന്‍പതേകാല്‍ കോടി രൂപ അടിച്ചുമാറ്റി. ലൈഫ് മിഷന്റെ ചെയര്‍മാനാണ് മുഖ്യമന്ത്രി. ലൈഫ് മിഷന്‍ കോഴയില്‍ പങ്ക് കിട്ടിയ മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ട ആളാണ്. എ.ഐ ക്യാമറയിലും കെ ഫോണിലും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുവിന് ബന്ധമുള്ള കമ്പനിയെക്കുറിച്ചാണ് ആരോപണങ്ങളുണ്ടായത്. എന്നിട്ടും നടപടിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. നൂറു കണക്കിന് കോടി രൂപയുടെ അഴിമതിയാണിത്. അതിലൊന്നും അന്വേഷണമില്ല. കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസിലും ഒരു കേസുമില്ല. പ്രതിപക്ഷമാണ് ലോകായുക്തയെ സമീപിച്ചത്. ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി എം.വി ഗോവിന്ദന്റെ ഭാര്യയ്ക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നിട്ടും കേസെടുത്തില്ല. തിരുവനന്തപുരത്ത് തിരിമറി നടത്തിയ എസ്.എഫ്.ഐ നേതാവ് വെറുതെ നടക്കുകയാണ്. കേസെടുത്തിട്ടും അറസ്റ്റ് ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ കേസിലും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലും അറസ്റ്റില്ല. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭരണകക്ഷി നേതാക്കള്‍ക്കും എതിരെ നിരവധി കേസുകളാണുള്ളത്. സി.പി.എം നേതാവിന്റെ ബന്ധുവാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീ കൊടുത്തത്. അന്വേഷണങ്ങളൊക്കെ എവിടെപ്പോയി? സ്വന്തക്കാരെ മുഴുവന്‍ സംരക്ഷിക്കുകയും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയുമാണ് ചെയ്യുന്നത്. അത് തന്നെയാണ് എം.വി ഗോവിന്ദന്‍ പറഞ്ഞതും. ശബരിമലയുടെ ചരിത്രം പറയുന്ന മോന്‍സന്റെ വ്യാജ ചെമ്പോലയെ കുറിച്ച് ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നത്? കെ സുധാകരനെതിരെ കേസെടുക്കുന്നവര്‍ ജനങ്ങളെ കബളിപ്പിച്ചതിന് ദേശാഭിമാനിക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

webdesk14: