Connect with us

Health

ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം- നജീബ് കാന്തപുരം എംഎല്‍എ

Published

on

ഒരു വശത്ത് വാനോളം പുകഴ്ത്തുക, മറു വശത്ത് കൈ നീട്ടി അടിക്കുക എന്നതാണ് കാലങ്ങളായി സമൂഹം നമ്മുടെ ഡോക്ടര്‍മാരോട് ചെയ്യുന്നത്. സംസ്ഥാനം ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരളാമോഡല്‍ ഹെല്‍ത്ത് കെയര്‍ വലിയൊരു സമൂഹം ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് ഡോക്ടര്‍മാരുടെ, ചോരയുടെ മുകളില്‍ പടുത്തുയര്‍ത്തിയതാണ്.

36 മണിക്കൂര്‍ തൊട്ട് 60 മണിക്കൂര്‍ വരെ നിര്‍ത്താതെ ജോലി ചെയ്യുന്ന റെസിഡന്റുമാരും, ജൂനിയര്‍ ഡോക്ടര്‍മാരും ഇല്ലാത്ത മെഡിക്കല്‍ കോളേജുകളുണ്ടോ?. പിജി വിദ്യാര്‍ത്ഥികള്‍ എത്ര മണിക്കൂറാണ് നിര്‍ത്താതെ, ഉറക്കമില്ലാത്തെ ജോലി ചെയ്യേണ്ടി വരുന്നത്? സര്‍ക്കാരിന് മാത്രം പരിഹരിക്കാന്‍ കഴിയുന്ന ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് പകരം നമ്മളില്‍ നിന്ന് തന്നെ പഠിച്ചു വളര്‍ന്നു വന്ന്, നമുക്കിടയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരെ കായികമായി നേരിടുന്നത് എന്തൊരു മര്യാദ കേടാണ്.

കൂടാതെ രോഗി-ഡോക്ടര്‍ അനുപാതവും, ജോലി സമയവും ഒന്നും ഡോക്ടര്‍മാരെ മനുഷ്യരായി പരിഗണിച്ചു കൊണ്ടുള്ളതല്ല. ഇതെല്ലാം പൊതുസമൂഹത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആസ്പത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെ നടക്കുന്ന കയ്യേറ്റം അതിരു വിടുമ്പോഴും സര്‍ക്കാരിന്റെ അനാസ്ഥ തുടരുകയാണ്.

ഈ സാഹചര്യത്തില്‍, ഡോക്ടര്‍മാര്‍ക്ക് തല്ല് കൊള്ളേണ്ടതുണ്ട് എന്നൊരു പരസ്യപ്രസ്താവനയുമായി ആക്രമണം പ്രോത്സാഹിപ്പിക്കുകയാണ് ഒരു ഭരണകക്ഷി എം.എല്‍.എ. ആരോഗ്യമന്ത്രിക്ക് അതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. കോവിഡ് സമയത്ത് ഇതേ ഡോക്ടര്‍മാരുടെ അദ്ധ്വാനത്തിന്റെ പ്രതിഫലം യാതൊരു മടിയും കൂടാതെ രാഷ്ട്രീയമായി കൈപ്പറ്റിയ ഒരു സര്‍ക്കാരാണ് ഇത്ര ഉദാസീനമായ ഒരു നയം സ്വീകരിക്കുന്നത്! ഡോക്ടര്‍മാരോടൊപ്പം നില്‍ക്കേണ്ട സമയമാണ്. കൂടെ, സൗകര്യങ്ങളും സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുമുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യം.

 

 

Health

വന്ധ്യതാ നിവാരണ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണം,എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്‍.ടി. ലെവല്‍ 1 ക്ലിനിക്കുകള്‍ക്കും 78 എ.ആര്‍.ടി. ലെവല്‍ 2 ക്ലിനിക്കുകള്‍ക്കും 20 സറോഗസി ക്ലിനിക്കുകള്‍ക്കും 24 എ.ആര്‍.ടി. ബാങ്കുകള്‍ക്കും രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എ.ആർ.ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്‍, എ.ആർ.ടി ബാങ്കുകള്‍ തുടങ്ങിയവ എ.ആർ.ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്.

അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 111 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്‍.ടി. ലെവല്‍ 1 ക്ലിനിക്കുകള്‍ക്കും 78 എ.ആര്‍.ടി. ലെവല്‍ 2 ക്ലിനിക്കുകള്‍ക്കും 20 സറോഗസി ക്ലിനിക്കുകള്‍ക്കും 24 എ.ആര്‍.ടി. ബാങ്കുകള്‍ക്കും രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങള്‍ തടയുന്നതിനും പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിയുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും പരാതികള്‍ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി.

പരിശോധന നടത്തി 4 തരത്തിലുള്ള ക്ലിനിക്കുകള്‍ക്കാണ് അംഗീകാരം നല്‍കി വരുന്നത്. സറോഗസി ക്ലിനിക്, എആര്‍ടി ലെവല്‍ 1 ക്ലിനിക്, എആര്‍ടി ലെവല്‍ 2 ക്ലിനിക്, എആര്‍ടി ബാങ്ക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോര്‍ഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമാണ്.

സ്റ്റേറ്റ് ബോര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നല്‍കുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ (https://dhs.kerala.gov.in/en/vigilance/) ലഭ്യമാണ്.

Continue Reading

Article

ഇന്ന് ലോക ഹൃദയ ദിനം

യുവാക്കളുടെ ആകസ്മിക മരണം, വില്ലൻ ഹൃദയാഘാതമോ?!

Published

on

ഇന്ത്യയിൽ റോഡ് അപകടത്തിനേക്കാൾ കൂടുതൽ മരണനിരക്ക് ഹൃദയാഘാതം മൂലമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യലോകം സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കികാണുന്ന വാർത്തകളാണ് യുവാക്കളിൽ പെട്ടന്നുണ്ടാവുന്ന ഹൃദയാഘാത മരണങ്ങളും മരണത്തെ അതിജീവിക്കുന്നതുമായ വാർത്തകൾ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി, ബോളിവുഡ് താരം സുസ്മിത സെൻ ഉൾപ്പെടെയുള്ള താരങ്ങൾ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടതും തമിഴ് സിനിമയിലെ പ്രമുഖ നടൻ ഡാനിയൽ ബാലാജി ഉൾപ്പെടെ ഈ ഓണത്തിന് നാട്ടിൽ വന്ന് തിരികെ സൗദി അറേബ്യയിൽ ജോലിക്ക് പ്രവേശിച്ച യുവ മലയാളി നഴ്സ് തൃശ്ശൂർ നെല്ലായിലെ 26കാരി ഡെൽമ ദിലീപ് ഉൾപ്പെടെയുള്ള യുവാക്കളുടെ ആകസ്മിക മരണം, വാഹനം ഓടിച്ച് പോവുമ്പോൾ ഡ്രൈവർമ്മാരുടെ മരണങ്ങൾ തുടങ്ങി നിരവധി കായിക,സിനിമ, മറ്റു യുവ പ്രൊഫഷണൽ മേഖലകളിലെ താരങ്ങളും യുവാക്കളുമാണ് സമീപ കാലത്ത് ജോലിസ്ഥലത്തോ, കളിക്കളത്തിലോ, വ്യായാമ വേളയിലോ, ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയോ മരണത്തെ അതിജീവിക്കുകയോ ചെയ്തിരിക്കുന്നത്. ഇതിൽ തെന്നെ ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാൽ റോഡപകടത്തിൽ മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൻ്റെ 10ഇരട്ടിയിലതികം പേരാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുന്നത്. 2022ൽ ശരാശരി നമ്മുടെ രാജ്യത്ത് വാഹന അപകടത്തിലൂടെ 1.6ലക്ഷം പേരാണ് മരണപ്പെട്ടത് .എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് 20ലക്ഷത്തിന് മുകളിലാണ് മരണ നിരക്ക്. കഴിഞ്ഞ വർഷങ്ങളിലെ യുവാക്കളുടെ മരണകാരണം തേടുമ്പോഴും ഹൃദയസംബന്ധമായ അസുഖങ്ങൾ തെന്നെയാണ് മുമ്പിൽ നിൽക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി കേട്ടുകൊണ്ടിരിക്കുമ്പോൾ നിരവധിയായ ആശങ്കകളും സംശയങ്ങളും ഈ വിഷയത്തെ അധികരിച്ച് ജനങ്ങളില്‍ വ്യാപകമായിട്ടുണ്ട്. ഈ മരണങ്ങളെയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത് ഒട്ടു മിക്കവരും ചെറുപ്പക്കാരാണ് എന്നതാണ്, രണ്ടാമതായി ഈ മരണങ്ങളെയെല്ലാം ഹൃദയാഘാതം എന്ന ഒറ്റപ്പേരില്‍ വിധിയെഴുതിയിരിക്കുന്നു എന്നതാണ്.

യഥാര്‍ത്ഥത്തില്‍ ഹൃദയാഘാതമാണോ ഈ മരണങ്ങള്‍ക്കുള്ള കാരണങ്ങള്‍?

വളരെ ഊര്‍ജ്ജസ്വലനായ വ്യക്തിയായിരുന്നു, കൊളസ്ട്രോള്‍ പോലെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നിട്ടും എങ്ങിനെ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു? ചെറുപ്പക്കാരിലുണ്ടാകുന്ന മരണങ്ങളില്‍ പൊതുവെ എല്ലാവരിലുമുള്ള സംശയമാണിത്. കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായ ജീവിതശൈലീ രോഗങ്ങള്‍ ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ച് പോകുന്നതിനുള്ള കാരണങ്ങള്‍ ഇത് മാത്രമല്ല. ഈ കാര്യങ്ങളെകുറിച്ച് വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ ഏതൊക്കെ രീതികളിലാണ് ഹൃദയം നിശ്ചലമാകുന്നത് എന്ന് കൂടി മനസ്സിലാക്കണം

പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് പോകുന്നതിന് പ്രധാനമായും ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റുമാണ് കാരണമാകുന്നത്. വ്യക്തമായ വേര്‍തിരിവുകളുള്ള രോഗാവസ്ഥകളാണ് ഇവ രണ്ടും. ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്‍ എന്ന നിലയിലുള്ള സമാനതകള്‍ക്കിടയിലും അസുഖത്തിന്റെ തീവ്രതയിലും, തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളിലുമെല്ലാം വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാഘാതത്തെയും ഹൃദയസ്തംഭനത്തെയും കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് യുവാക്കള്‍ക്ക് പൊതുവെയും പ്രവാസലോകത്തുള്ളവര്‍ക്ക് പ്രത്യേകിച്ചും ഗുണകരമാകും.

ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം)

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം) തന്നെയാണ്. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്തിച്ച് നല്‍കുന്ന കൊറോണറി ആര്‍ട്ടറികളില്‍ തടസ്സം സംഭവിക്കുകയും അതുവഴി ഹൃദയത്തിലേക്ക് രക്തം എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതുമാണ് ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ പുകവലി, വ്യായാമക്കുറവ് മുതലായവയെല്ലാം ഇതിന് വഴിയൊരുക്കും.

ഹൃദയാഘാതം സംഭവിച്ചവര്‍ എല്ലാവരും പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നില്ല. തടസ്സത്തിന്റെ അളവ് വര്‍ദ്ധിച്ച് നിശ്ചിത ശതമാനത്തിലും കൂടുതലാകുമ്പോള്‍ മാത്രമേ ലക്ഷണങ്ങള്‍ കാണപ്പെട്ട് തുടങ്ങുകയുള്ളൂ. കിതപ്പ്, നെഞ്ചിന്റെ മധ്യഭാഗത്തായി വേദന, ഭാരം അമര്‍ത്തുന്ന പോലെ തോന്നുക, കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന, വിയര്‍പ്പ് മുതലായ ലക്ഷണങ്ങള്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെടും സ്വാഭാവികമായും ചികിത്സ തേടുവാനും അസുഖമുക്തി നേടുവാനുമുള്ള സമയം നമുക്ക് ലഭിക്കും. എന്നാല്‍ അപൂര്‍വ്വമായി ചിലരില്‍ ലക്ഷണങ്ങള്‍ കാണപ്പെടാതെ ഹൃദയാഘാതം സംഭവിക്കാം. പ്രമേഹമുള്ളവരിലോ, അല്ലെങ്കില്‍ രക്തക്കുഴലുകളില്‍ പെട്ടെന്ന് പൂര്‍ണ്ണമായ തടസ്സം നേരിടുന്നവരിലോ ആണ് ഇത് സംഭവിക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ് (ഹൃദയ സ്തംഭനം)

ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പലപ്പോഴും നമ്മള്‍ ബോധവാന്മാരല്ല. ഹാര്‍ട്ട് അറ്റാക്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസ്സപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയം നിലച്ച് പോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. അതായത് ഹാര്‍ട്ട് അറ്റാക്കിനേക്കാള്‍ ഗുരുതരമായ രോഗമാണ് കാര്‍ഡിയാക് അറസ്റ്റ് എന്ന് പറയാം. ഹൃദയത്തിന്റെ സങ്കോചവികാസ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാക്കപ്പെടുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം, ജന്മലാലുള്ള ഹൃദ്രോഗങ്ങള്‍, ജനിതകപരമായ തകരാറുകള്‍ മുതലായവയാണ് കാര്‍ഡിയാക് അറസ്റ്റിന് കാരണമാകുന്നത്. ഹൃദയത്തിന്റെ താളം ക്രമീകരിക്കുന്നത് ഹൃദയത്തിലെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടാണ്. മേല്‍പറഞ്ഞ കാരണങ്ങള്‍ മൂലം ഈ സര്‍ക്യൂട്ട് നിലയ്ക്കുകയോ ഇതില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാവുകയും രോഗി മരണാസന്നനാവുകയും ചെയ്യും.കായിക മത്സരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ് മരിക്കുന്നതും മറ്റും ഇതിന് ഉദാഹരണമാണ്. ഹൃദയപേശികള്‍ക്ക് സ്വാഭാവികമായ ബലക്കുറവുണ്ടാവുകയും കായിക മത്സരങ്ങളിലും മറ്റും അമിതമായ പ്രവര്‍ത്തന ഭാരം ഹൃദയത്തിന് ലഭിക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യും. നിലവില്‍ ഹൃദയത്തിന് തകരാറുകള്‍ ഉള്ളത് അറിയാതെ പോകുന്നതാണ് കായികതാരങ്ങളെ ഇതുപോലെയുള്ള അവസ്ഥയിലേക്ക് നയിക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ് ആര്‍ക്കൊക്കെ സംഭവിക്കാം

നേരത്തെ ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. പുകവലി, രക്താതിസമ്മര്‍ദ്ദം, ഹൃദയസ്തംഭനത്തിന്റെയോ ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളുടെയോ കുടുംബപരമായ ചരിത്രമുള്ളവര്‍, ഹൃദയത്തിന് മറ്റ് തരത്തിലുള്ള തകരാറുകളുള്ളവര്‍, അമിത ഭാരമുള്ളവര്‍, പ്രമേഹമുള്ളവര്‍, ചില മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നവര്‍ മുതലായവര്‍ക്കും കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ളവര്‍ക്ക് കുറഞ്ഞ പ്രായമാണ് അതുകൊണ്ട് നിലവില്‍ ഭയപ്പെടാനൊന്നുമില്ല എന്ന നിലപാടെടുക്കുന്നത് തെറ്റാണ്. കൃത്യമായ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം.

നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഡോക്ടറെ സന്ദര്‍ശിക്കുകയും ജീവിതശൈലികളില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുകയും, നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്യുക നിര്‍ബന്ധമാണ്. ചില സന്ദര്‍ഭങ്ങളില്‍ ഭാവിയിലുണ്ടാകുവാനുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാനായി ചില പ്രൊസീജ്യറുകളോ ശസ്ത്രക്രിയകളോ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചേക്കാം. ഇവ നിര്‍ബന്ധമായും അനുസരിക്കുക.

പ്രവാസലോകത്തുള്ള യുവാക്കളെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് ഹൃദയം നിലച്ച് മരണത്തിന് കീഴടങ്ങുന്ന അവസ്ഥകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജീവിതസാഹചര്യങ്ങളിലെ പ്രത്യേകതകളും, അമിതമായ സമ്മര്‍ദ്ദവുമൊക്കെയായിരിക്കാം ഇതിന് കാരണം. ഇതില്‍ പ്രമേഹം പോലുള്ള രോഗാവസ്ഥകള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നവയാണ് എന്നാല്‍ പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ സാധിക്കുന്ന ഒരേ ഒരു കാര്യം പുകവലിയാണ്. ആത്മാര്‍ത്ഥമായ മനസ്സിരുത്തിയാല്‍ വിജയകരമായി അതിജീവിക്കാന്‍ സാധിക്കുന്ന പ്രലോഭനം കൂടിയാണ് പുകവലി. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിലേക്കുള്ള ആദ്യപടിയായി ഈ ദുശ്ശീലത്തെ പൂര്‍ണ്ണമായും ഒഴിവാക്കുക. അടുത്തതായി നാട്ടിലെത്തുമ്പോഴും, അല്ലെങ്കില്‍ അവിടെ വിദേശത്ത് നിന്ന് തന്നെയോ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വിശദമായ പരിശോധനകള്‍ നിര്‍വ്വഹിക്കേണ്ടത് അനിവാര്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നത് തന്നെയാണല്ലോ. ഓരോ പ്രവാസിയുടേയും ആരോഗ്യം അവനവന്റെ വ്യക്തിപരമായ കാര്യം മാത്രമല്ല, നാട്ടില്‍ കാത്തിരിക്കുന്ന കുടുംബത്തെയും അവരുടെ പ്രതീക്ഷകളെയും അവനവന്റെ സ്വപ്‌നങ്ങളെയും ഓരോ തവണയും ഓര്‍മ്മിക്കുക. ആരോഗ്യകരമായ ജീവിതം നിലനിര്‍ത്തുക.

ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍
കണ്‍സല്‍ട്ടന്റ് & ഇൻ്റെർവൻഷണൽ കാര്‍ഡിയോളജി വിഭാഗം മേധാവി
ആസ്റ്റര്‍ മിംസ് കോഴിക്കോട്

Continue Reading

Health

ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദം; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്

Published

on

ന്യൂഡൽഹി: എം പോക്സ് വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള മാർ​ഗനിർ​ദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജ്യത്ത് എം പോക്സിന്റെ ക്ലേഡ് 1 വകഭേ​ദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശം നൽകിയത്. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്.

കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്.

എം പോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Continue Reading

Trending