കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണക്കമ്പനികളുടെ സഹായത്തോടെ പെട്രോള്‍, ഡീസല്‍, പാചകവാതം തുടങ്ങിയവയുടെ വിലയില്‍ ഗണ്യമായ വര്‍ധന വരുത്തി ജനങ്ങളെ പകല്‍കൊള്ളയടിക്കുന്നതില്‍ മല്‍സരിക്കുകയാണിപ്പോള്‍. ആരാണ് ഇതില്‍ മുന്നിലെന്നത് മാത്രമേ അറിയേണ്ടതുള്ളൂ. തിരഞ്ഞെടുപ്പുകാലത്ത് നാലര മാസമായി നിര്‍ത്തിവെച്ചിരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വര്‍ധനവ് ഇന്നലെ രണ്ടാഴ്ചക്കുള്ളില്‍ ഒന്‍പതു രൂപയുടെ അടുത്തെത്തിയിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 100 രൂപയായപ്പോള്‍ ജനം വലിയ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും ഇപ്പോള്‍ 120 ലേക്കെത്തുമ്പോള്‍ എന്തുചെയ്യണമെന്നുപോലുമറിയാതെ അവര്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി ജനരോഷത്തില്‍നിന്ന് തടിതപ്പുമ്പോള്‍ അന്താരാഷ്ട്ര വിലയും യുക്രെയിന്‍-റഷ്യ യുദ്ധവുമാണ് ന്യായീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഫലത്തില്‍ ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത് കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരും സാധാരണക്കാരുമാണ്. ആരാണ്, എന്തിനാണ് വിലകള്‍ ഇങ്ങനെ കൂട്ടുന്നതെന്നാലോചിക്കുമ്പോള്‍ അതിനുള്ള ഉത്തരം ലളിതവും സുതാര്യവുമാണ്. സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനം വര്‍ധിപ്പിക്കുകയാണ് ഒരുവഴിയിലൂടെ നടക്കുന്നതെങ്കില്‍ വിലയുടെ മറ്റൊരു വലിയ പങ്ക് ചെല്ലുന്നത് കുത്തക മുതലാളിമാരിലേക്കാണ്. സര്‍വനിത്യോപയോഗ വസ്തുക്കളുടെയും വിലയാണ് ഇതിലൂടെ വര്‍ധിച്ചിരിക്കുന്നത് എന്നതിനാല്‍ രാജ്യവും ജനങ്ങളും സമ്പദ്‌രംഗമാകെയുമാണ് ഈവിലക്കയറ്റത്തില്‍ തകര്‍ന്നുതരിപ്പണമായിക്കൊണ്ടിരിക്കുന്നത്. ശ്രീലങ്കയുടെ പാതയിലാണോ നാം സഞ്ചരിക്കുന്നതെന്ന ആശങ്കക്ക് അടിസ്ഥാനമുണ്ടുതാനും.
135 ദിവസത്തെ ഇടവേളക്കുശേഷം മാര്‍ച്ച് 22നാണ് കേന്ദ്ര സര്‍ക്കാരിന്റെ പരോക്ഷ പിന്തുണയോടെ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചുതുടങ്ങിയത്. അതിനുമുമ്പ് അഞ്ച് നിയമസഭാതിരഞ്ഞെടുപ്പുകള്‍ക്കുമുമ്പായിരുന്നു വിലവര്‍ധന. എന്തുകൊണ്ട് തിരഞ്ഞെടുപ്പുകാലത്ത് വില വര്‍ധിപ്പിച്ചില്ല എന്നതിന് മറുപടിയാണ് ആരാണ് വിലകള്‍ നിയന്ത്രിക്കുന്നതെന്നതിനുള്ള മറുപടി. അഞ്ചു നിയമസഭാതിരഞ്ഞെടുപ്പുകളില്‍ നാലിലും കേന്ദ്ര ഭരണകക്ഷിയാണ് അധികാരത്തിലെത്തിയിരിക്കുന്നത്. യു.പിയിലും മണിപ്പൂരിലും ഗോവയിലും ഉത്തരാഖണ്ഡിലും ബി. ജെ.പി തിരിച്ചുവന്നെങ്കില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്തുപോയി.
തിരഞ്ഞെടുപ്പുപ്രമാണിച്ച് മുമ്പും പെട്രോള്‍, ഡീസല്‍ വിലകള്‍ നിശ്ചലമായിനിന്നിട്ടുണ്ട്. എന്നിട്ടും ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വായ്ത്താരി. എന്നാല്‍ തിരഞ്ഞെടുപ്പു കാലത്ത് തന്നെയാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെയുയര്‍ന്നത്. അപ്പോഴൊന്നും വര്‍ധിക്കാത്ത വില മാര്‍ച്ച് 22ന് തിരഞ്ഞടുപ്പുഫലം വന്ന് ഏതാനും ദിവസത്തിന് ശേഷം എങ്ങനെ വര്‍ധിച്ചു? കേന്ദ്ര സര്‍ക്കാര്‍ പറയുന്നതുപോലെ എണ്ണക്കമ്പനികളല്ല, കേന്ദ്രസര്‍ക്കാര്‍തന്നെയാണ് വിലനിയന്ത്രക്കുന്നതെന്നതിനുള്ള തെളിവാണത്. കേരളത്തില്‍ പെട്രോള്‍ വില കൊച്ചിയിലും തിരുവനന്തപുരത്തും ഇന്നലെ 115 രൂപക്കടുത്താണെങ്കില്‍ ഡല്‍ഹിയിലും മുംബൈയിലും 105നും 110നും ഇടയിലാണ്. ഡീസല്‍ വില 100 രൂപക്ക് അടുത്തെത്തിയിരിക്കുന്നു. മുമ്പ് പെട്രോളിന് 100ല്‍ താഴെയും ഡിസലിന് 90ല്‍ താഴെയുമായിരുന്ന വിലയാണ് ഇത്തരത്തില്‍ കുതിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് 22 മുതല്‍ തുടര്‍ച്ചയായി വിലകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് പ്രത്യേകിച്ചെന്തെങ്കിലും പ്രതിഭാസം കൊണ്ടല്ല. യുക്രെയിന്‍ യുദ്ധമാണെങ്കില്‍ അത് തുടങ്ങിയത് ഫെബ്രുവരി അവസാനത്തിലാണ്. എന്നിട്ടും അതിനുശേഷം എന്തുകൊണ്ട് ഒരുമാസം വരെ വിലയുയര്‍ന്നില്ല? കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ജനത്തിന്റെ പ്രതിഷേധം തണുപ്പിക്കാനായി പുറപ്പെടുവിക്കുന്ന വാദങ്ങളെല്ലാം അദ്ദേഹത്തിന്റെ വിലയിടിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധമാണ് തിരഞ്ഞെടുപ്പല്ല, പെട്രോള്‍ വിലക്കയറ്റത്തിന് കാരണമെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. മുമ്പ് അന്താരാഷ്ട്ര വിലക്കനുസൃതമായി വില കയറ്റിയിട്ടില്ല എന്ന് ന്യായീകരിച്ച് സ്വയം വഷളായയാളാണ് ഈ മന്ത്രിയെന്നോര്‍ക്കുമ്പോള്‍ അദ്ദേഹം തന്റെ സര്‍ക്കാരിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നതില്‍ അതിശയമില്ല. തിങ്കളാഴ്ച 40 പൈസയാണ് പെട്രോളിന് വര്‍ധിപ്പിച്ചതെങ്കില്‍ മുമ്പുള്ള ദിവസങ്ങളില്‍ ഇരട്ടിയായിരുന്നു പ്രതിദിന വിലവര്‍ധന. ഒരുമിച്ച് വലിയതോതില്‍ വിലവര്‍ധിപ്പിക്കുന്നത് ജനത്തെ രോഷത്തിലേക്ക് തള്ളിവിടുമെന്നതായിരിക്കാം ഈ ഘട്ടംഘട്ടവര്‍ധനക്ക് കാരണം. ഇതൊരു തരത്തില്‍ ആളുകളെ കബളിപ്പിക്കലാണ്. ജനാധിപത്യത്തെ പരിഹസിക്കലാണ്.
ഹോട്ടലുകള്‍ക്ക് ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 300 രൂപയോളമാണ് വിലവര്‍ധിപ്പിച്ചത്. പാചകവാതകത്തിന് പുറമെ മണ്ണെണ്ണയുടെ വില ലിറ്ററിന് 80 രൂപയിലെത്തിച്ചതും വാണിജ്യ വ്യാപാര മേഖലയെ തകര്‍ത്തിരിക്കുന്നു. ഡീസല്‍ വിലയിലൂടെ ചരക്കുഗതാഗതച്ചെലവാണ് വര്‍ധിക്കുന്നതെന്ന് അറിയാത്തവരല്ല ഭരണാധികാരികള്‍. എന്നാല്‍ ഇതെല്ലാം കയ്യുംകെട്ടി ആസ്വദിക്കുകയാണ് സര്‍ക്കാര്‍ ചെലവില്‍ ഉണ്ടുറങ്ങുന്ന ഭരണാധികാരികള്‍ ചെയ്യുന്നത്. ജി.എസ്.ടിയില്‍ ഉള്‍പെടുത്തണമെന്ന ആവശ്യത്തെ സര്‍വരും എതിര്‍ക്കുന്നു. ഇവരെ സത്യത്തില്‍ ചെയ്യേണ്ടത് അയല്‍ രാജ്യങ്ങളിലെ പ്രതിപക്ഷത്തോടൊപ്പം അണിനിരന്നതുപോലെ ജനങ്ങള്‍ പ്രക്ഷോഭക്കൊടുങ്കാറ്റിലൂടെ മറിച്ചിടുകയാണ്. അതിന് കോണ്‍ഗ്രസ് മുന്‍കയ്യെടുത്തിരിക്കുന്ന പ്രക്ഷോഭത്തിന് സര്‍വവിധപിന്തുണയും നല്‍കുകയാണ് രാജ്യത്തെ സകല ബി.ജെ.പിയേതര പാര്‍ട്ടികളും ചെയ്യേണ്ടത്. ഇങ്ങനെ ജനത്തെ കൊള്ളയടിച്ച സര്‍ക്കാരുകള്‍ ഇന്ത്യാചരിത്രത്തില്‍ മോദിയുടേതല്ലാതെ മുമ്പുണ്ടായിട്ടില്ല. നികുതികുറച്ച് ജനങ്ങളെ സഹായിക്കേണ്ട കേരളത്തിലെ സര്‍ക്കാരിനും ഈ കൊള്ളയിലുത്തരവാദിത്തമുണ്ട്.