ഏപ്രില്‍ ഏഴിന് നടന്ന പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നു. ഇംഗ്ലീഷിന് പകരമായി ഇന്ത്യയിലെ വ്യത്യസ്ത ഭാഷാസമൂഹങ്ങള്‍ പരസ്പര ഇടപെടലിനായി ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു പരാമര്‍ശം. ഹിന്ദി ഭാഷാ വാദമെന്ന കുപ്പിയിലടച്ച ഭൂതത്തെ തുറന്ന് വിടാനുള്ള തീരുമാനം പലവുരു ആലോചിച്ചെടുത്തതാവണം.
ഈയിടെ ഹരിദ്വാറില്‍ നടന്ന സന്യാസിമാരുടെ സമ്മേളനത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത് സ്വാമി വിവേകാനന്ദന്റെയും അരബിന്ദോയുടെയുമൊക്കെ സ്വപ്‌നം പ്രാവര്‍ത്തികമാകാന്‍ ഇനി പത്ത് പതിനഞ്ച് വര്‍ഷക്കാലം കാത്തിരുന്നാല്‍ മതിയെന്നാണ്. മാനവ സേവയാണ് മാധവസേവയെന്ന് പഠിപ്പിച്ച വിവേകാനന്ദ സ്വാമിയുടെ സ്വപ്‌നമാണോ ആര്‍.എസ്.എസിന്റെതന്ന് സംശയമാണ്. എങ്കിലും ഭരണഘടനാ വിരുദ്ധവും പ്രതിലോമകരവുമായ തങ്ങളുടെ പ്രധാന അജണ്ടയായ മതരാഷ്ട്രനിര്‍മാണം ത്വരിതപ്പെടുത്താന്‍ ആര്‍.എസ്.എസിനെ ബി.ജെ.പിയുടെ തിരഞ്ഞടുപ്പ് വിജയങ്ങള്‍ പ്രേരിപ്പിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല.
ഒരു ഭാഷ ഒരു ജനത
ഭാഷാവൈവിധ്യമാണ് രാജ്യത്തിന്റെ പല പ്രത്യേകതകളിലൊന്ന്. ആ വൈവിധ്യം ഇന്ത്യയെ കൂടുതല്‍ പ്രശോഭിപ്പിക്കുകയാണ്. ഒരേതരം പൂവുകള്‍ മാത്രമുള്ള പൂന്തോട്ടത്തേക്കാള്‍ വിവിധ വര്‍ണ പുഷ്പങ്ങളുള്ള പൂവാടി നമ്മുടെ മനം കവരുന്നത് പോലെ ഭാഷയും വ്യത്യസ്ത സംസ്‌കാരങ്ങളും വിശ്വാസങ്ങളുമൊക്കെയാണ് ഇന്ത്യയുടെ ഭംഗി കൂട്ടുന്നത്. ഈ മണ്ണിനെ സാംസ്‌കാരിക സമന്വയ ഭൂമിയാക്കുന്നതും അതാണ്. പക്ഷേ, ഹിന്ദു ദേശീയവാദികള്‍ക്ക് അങ്ങനെയല്ല. സംസാരിക്കുന്ന ഭാഷയും ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണവുമൊക്കെ ഭൂരിപക്ഷയുക്തിക്ക് ഹിതമായുള്ളതാവണമെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്. ആ ഭൂരിപക്ഷ യുക്തി തീരുമാനിക്കുന്നതോ സവര്‍ണ ബോധ്യങ്ങളും. പട്ടാളചിട്ടയില്‍ ഒരേ ക്രമത്തില്‍ ചലിക്കുന്ന ബൂട്ടുകളെ പോലെയാണ് സമൂഹത്തെ ഫാഷിസ്റ്റുകള്‍ വിഭാവന ചെയ്യാറുള്ളത്. മനുഷ്യരെ വസ്തുക്കളായി (Objects) കണക്കാക്കുന്ന ഫാഷിസ്റ്റ് വ്യവസ്ഥിതി എത്ര മ്ലേച്ഛകരമായിരുന്നുവെന്നത് ലോകം ജര്‍മനിയില്‍ കണ്ടതാണ്. കണ്ട് കണ്ണ് പൊത്തിയതാണ്. പക്ഷേ, അന്നത് ആവേശത്തോടെ നോക്കിനിന്ന ചിലര്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നത് മറ്റൊരു വസ്തുത.
ഇന്ത്യയിലെ നാല്‍പ്പത് ശതമാനം ജനങ്ങള്‍ സംസാരിക്കുന്നത് ഹിന്ദിയാെണന്നും അതിനാല്‍ ഹിന്ദിയാവണം ദേശീയ ഭാഷയെന്നുമാണ് തീവ്ര ഹിന്ദി ഭാഷാ വാദികള്‍ വാദിക്കുന്നത്. ഈ നാല്‍പത് ശതമാനവും ഹിന്ദി തന്നെയാണോ അതല്ല ഹിന്ദുസ്ഥാനിയുടെ വിവിധ സങ്കരയിനങ്ങളാണോ സംസാരഭാഷയായി ഉപയോഗിക്കുന്നത് എന്നതില്‍ ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടന്നത് മറ്റൊരു കാര്യം.
ആര്‍.എസ്.എസ് രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന അജണ്ടകളിലൊന്നായിരുന്നു ഹിന്ദി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് ഹിന്ദി ഭാഷാവാദം ഉയിര്‍കൊള്ളുന്നതെന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. ഭാഷക്ക് അതിലേറെ കാലത്തെ ചരിത്രമുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. പക്ഷേ, ഹിന്ദി ഭാഷാ പ്രസ്ഥാനം ശക്തമാവുന്നത് ആ കാലഘട്ടത്തിലാെണന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. കേശവ് മുകുള്‍ തന്റെ വിഖ്യാതമായ ഗീതപ്രസ് ആന്റ് മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ എന്ന കൃതിയില്‍ ഹിന്ദി ഭാഷാപ്രസ്ഥാനത്തി ന്റെ ഉദ്ഭവത്തെയും വളര്‍ച്ചയേയും സംക്ഷിപ്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
തുടക്ക ഘട്ടത്തില്‍ തന്നെ ഉറുദു ഭാഷക്കെതിരായ ഒരു നീക്കമായാണ് ഹിന്ദി ഭാഷാ പ്രസ്ഥാനം രൂപം കൊള്ളുന്നതെന്നും അദ്ദേഹം പറയുന്നു. ക്രിസ്റ്റഫ് ജാഫ്രലോയെ പോലുള്ള ചിന്തകര്‍ സംഘ്പരിവാരത്തിന്റെ അടിസ്ഥാന രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ത്തികാണിച്ചത് ഹിന്ദി ഹിന്ദുഹിന്ദുസ്ഥാന്‍ എന്നതാണ്. ഉറുദുവിനും ജനകീയ സംവേദന മാധ്യമമായ ഹിന്ദുസ്ഥാനി ഭാഷക്കും പകരം സംസ്‌കൃത പദങ്ങളടങ്ങിയ ദേവനാഗരി സ്‌ക്രിപ്റ്റിലുള്ള ഹിന്ദിയെ ദേശീയ ഭാഷയാക്കുക, ഗോവധം നിരോധിക്കുക, മതപരിവര്‍ത്തനം ഇല്ലാതാക്കുക എന്ന മൂന്ന് പ്രത്യയശാസ്ത്ര അജണ്ടകളാണ് ഇന്ത്യയിലെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ആധാരശില. ഈ അജണ്ടാ പൂര്‍ത്തീകരണത്തിനാണ് അമിത്ഷായുടെ പാര്‍ട്ടി ശ്രമിക്കുന്നത്.
ഹിന്ദി അടിച്ചേല്‍പ്പിക്കല്‍
ഉറുദു കലര്‍ന്ന ഹിന്ദുസ്ഥാനി ഭാഷക്കെതിരെയാണ് ഹിന്ദി ഭാഷാപ്രസ്ഥാനം ആദ്യമായി പടവെട്ടിയത്. ഭരണഘടനാനിര്‍മാണ സമിതിയില്‍ പോലും ഹിന്ദി ഹിന്ദുസ്ഥാനി സംവാദങ്ങള്‍ നടന്നിരുന്നു. ക്രമേണ ദേവനാഗരി സ്‌ക്രിപ്റ്റിന് അംഗീകാരം ലഭിക്കുകയും ഹിന്ദി ഉയര്‍ന്ന് വരികയും ചെയ്തു. ദേശീയ പ്രസ്ഥാനവും ഹിന്ദി ഭാഷക്ക് വലിയ പിന്തുണ നല്‍കുകയുണ്ടായി. മുസ്‌ലിം വിരുദ്ധ ദേശീയതയുടെ മറവില്‍ വളര്‍ന്ന ഹിന്ദി ഭാഷാവാദം മറ്റ് പ്രാദേശിക ഭാഷകള്‍ക്കുമേല്‍ (വിശിഷ്യാ ദ്രാവിഡ ഭാഷകള്‍ക്ക്‌മേല്‍) അധീശത്വം ആവകാശപ്പെടാന്‍ തുടങ്ങിയത് 1940 കളിലാണ്. എന്നാല്‍ ആര്യഭാഷാധിനിവേശത്തെ ഹിന്ദി ഭാഷാവാദികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് മദ്രാസ് പ്രവിശ്യയിലെ തമിഴ് ജനതയടക്കമുള്ളവര്‍ നേരിട്ടത്.
1937ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മദ്രാസില്‍ പ്രവിശ്യാ മന്ത്രിസഭ രൂപീകരിക്കുകയും സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കി രാജഗോപാലാചാരി മന്ത്രിസഭ നിയമം കൊണ്ടുവരികയും ചെയ്തു. ഇതിനെതിരെ 1938 ജൂണ്‍ മൂന്നിന് ചെന്നൈ സൈദാപേട്ടിലാണ് തമിഴ് ഭാഷാ നേതാവ് മരൈമലൈ അഡിഗലിന്റെ നേതൃത്യത്തില്‍ വന്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തന്തൈ പെരിയാര്‍ ഇവി രാമസ്വാമി, പട്ടുകൊട്ടൈ അഴഗിരിസ്വാമി, സി.എന്‍ അണ്ണാദുരൈ തുടങ്ങിയ ദ്രാവിഡ രാഷ്ട്രീയാചാര്യന്മാരാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം നയിച്ചത്. തമിഴ് ഭാഷാ പ്രക്ഷോഭത്തില്‍ അന്ന് രണ്ട് പേര്‍ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. തുടര്‍ന്ന് 1939ല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി.
ഭരണഘടനാനിര്‍മാണ സമിതിയിലും ഹിന്ദിഭാഷാ വാദികള്‍ ദേശീയ ഭാഷാ ആവശ്യം മുന്നോട്ട്‌വെക്കുകയുണ്ടായി. കെ.എം മുന്‍ഷി, ആര്‍.വി ധുലേക്കര്‍, സേത് ഗോവിന്ദ ദാസ് തുടങ്ങിയവരായിരുന്നു ഹിന്ദിക്കായി അതിതീവ്രതയോടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ശബ്ദിച്ചത്. ഹിന്ദുസ്ഥാനി സംസാരിക്കന്‍ അറിയാത്തവര്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നും അങ്ങനെയാരെങ്കിലും ഈ സഭയില്‍ ഇരിപ്പുണ്ടെങ്കില്‍ ഇറങ്ങിപോവണമെന്നുമാണ് 1946 ഡിസംബര്‍ 10ന് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ധുലേക്കര്‍ പറഞ്ഞത്. ഭാഷാന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കടുത്ത വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെത്. ഇത്തരം വാദങ്ങള്‍ക്കുള്ള മറുപടിയായി മദ്രാസില്‍ നിന്നുള്ള ടി.ടി കൃഷ്ണമാചാരി 1948 നവംബര്‍ 5ന് നടത്തിയ പ്രസംഗത്തില്‍ തിരിച്ചടിച്ചു. ഹിന്ദി സാമ്രാജത്വം (Hindi Imperialism) രാജ്യത്തെ വിഘടിപ്പിക്കുമെന്നും യു.പി മാത്രമുള്ള ഇന്ത്യയാണോ അതല്ല എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയാണോ വേണ്ടതെന്ന് ഹിന്ദിവാദികള്‍ക്ക് തീരുമാനിക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള ശക്തമായ താക്കീതായിരുന്നു അത്. മറ്റ് ഭാഷകള്‍പോലെ തന്നെ ഔദ്യോഗിക ഭാഷയായി ഹിന്ദിയേയും കണക്കാക്കിയാണ് ഭരണഘടന തയ്യാറാക്കപ്പെട്ടത്. എല്ലാവരും അംഗീകരിക്കുകയാണെങ്കില്‍ പിന്നീട് ഹിന്ദിയെ സംവേദന ഭാഷയാക്കാമെന്ന് അംഗീകരിക്കപ്പെട്ടു. മുന്‍ഷിഅയ്യങ്കാര്‍ ഫോര്‍മുലയെന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ എപ്പോഴൊക്കെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടായോ അന്നൊക്കെ കനത്ത പ്രതിഷേധമാണ് രാജ്യത്ത് അലയടിച്ചത്.
ജെ.എന്‍.യുവിലെ പ്രമുഖ ചരിത്രകാരനായിരുന്ന എം.എസ്.എസ് പാണ്ഡ്യനെ പറ്റി പറഞ്ഞു കേട്ട ഒരു സംഭവമുണ്ട്. കടുത്ത തമിഴ് ഭാഷാ സ്‌നേഹിയാണ് അദ്ദേഹമെന്ന് അറിയാവുന്ന സര്‍വകലാശാല ആധികൃതര്‍ ഇംഗ്ലീഷ് അറിയാമെങ്കിലും ഒരിക്കല്‍ പൂര്‍ണമായി ഹിന്ദിയില്‍ കത്ത് അദ്ദേഹത്തിന് നല്‍കി. ഉദ്ദേശം പിടികിട്ടിയ പാണ്ഡ്യന്‍ അതിന് ശുദ്ധ തമിഴില്‍ മറുപടി തിരിച്ചെഴുതിയത്രേ. അത് വായിക്കാനാവാതെ അധികൃതര്‍ കുഴങ്ങി. ഭാഷ പരസ്പരം ആശയം സംവേദനം ചെയ്യാനാണന്നും അധീശത്വം തെളിയിക്കാനെല്ലന്നും വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് എല്ലാ സ്‌കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടല്ലോ. തമിഴര്‍ക്ക് ലോകവുമായി സംസാരിക്കാന്‍ ഇംഗ്ലീഷും ഉത്തരേന്ത്യക്കാരോട് സംസാരിക്കാന്‍ ഹിന്ദിയും പഠിക്കണോ? ചെറിയ നായക്ക് ചെറിയ വാതിലും വലിയ നായക്ക് വലിയ വാതിലും ഉണ്ടാക്കുന്നതിന് പകരം ചെറിയ നായക്ക് ആ വലിയ വാതില്‍ ഉപയോഗിച്ചാല്‍ മതിയല്ലോ എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ രാഷ്ട്രീയ നേതാവുമായിരുന്ന സി.എന്‍ അണ്ണാദുരൈ അറുപതുകളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു ഭാഷയില്‍ സംവേദനം ചെയ്യാന്‍ ഒരു മാധ്യമം വേണ്ടെ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത്.