ഡോ. അനൂഫ് പി. പി
ഫൗണ്ടര്‍ ചെയര്‍മാന്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ്
ഡോ. അനൂഫ്‌സ് റുമകെയര്‍
കോഴിക്കോട്
ആയിരം മുഖങ്ങളുള്ള അസുഖം, ഈ ഭൂമുഖത്ത് മറ്റൊരസുഖത്തിനും ഇത്രയും രസകരമായ വിളിപ്പേരുണ്ടാകില്ല. രോഗത്തിന്റെ ലക്ഷണത്തിലും രോഗനിര്‍ണ്ണയ പരിശോധനകളിലുമെല്ലാമുള്ള വ്യത്യസ്തതകളെ മുന്‍നിര്‍ത്തിയാണ് ലൂപ്പസ് രോഗത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. രോഗബാധിതനായ ഓരോ വ്യക്തിക്കും പലവിധ ലക്ഷണങ്ങളും വ്യത്യസ്തങ്ങളായ പരിശോധനാഫലങ്ങളുമായിരിക്കും ലഭ്യമാവുക. ലക്ഷണങ്ങളെല്ലാം തന്നെ സ്വാഭാവികമായ വളരെ സാധാരണമായവയും അലര്‍ജി ഉള്‍പ്പെടെയുള്ള മറ്റ് പല രോഗങ്ങളുടേതുമായതിനാല്‍ എളുപ്പത്തില്‍ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കില്ല എന്നതാണ് ലൂപ്പസ് ചികിത്സ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
പുരുഷന്മമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ലൂപ്പസ് രോഗം കൂടുതലായി കണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. നിര്‍ണ്ണയിക്കപ്പെടുന്ന രോഗികളില്‍ 90 ശതമാനവും സ്ത്രീകളാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലിംഗപരമായ ഹോര്‍മോണുകളുടെ സാന്നിദ്ധ്യമായിരിക്കാം ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.
മറ്റൊരു പ്രധാനപ്പെട്ട ഘടകം രോഗം ബാധിക്കുന്നവരുടെ പ്രായമാണ്. 17 വയസ്സിനും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവരിലാണ് ലൂപ്പസ് കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളെ സംബന്ധിച്ച് വിവാഹിതരാകുന്ന പ്രായവും, കുട്ടികളുണ്ടാകുന്ന പ്രായവും ഈ പരിധിയില്‍ വരുന്നു. ലൂപ്പസ് ബാധിതരായവരില്‍ ഗര്‍ഭം അലസിപ്പോകുവാനുള്ള സാധ്യത കൂടുതലായതിനാല്‍ തന്നെ കൂടുതല്‍ ഗൗരവത്തോടെ ഈ സാഹചര്യത്തെ സമീപിക്കുകയും വേണം.
എന്താണ് ലൂപ്പസ് രോഗം?
ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി താളം തെറ്റുകയും, അത് ശരീരത്തിന് തന്നെ വിഘാതമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ലൂപ്പസ്. ഈ രോഗബാധിതരാകുമ്പോള്‍ ശരീരത്തിന് സ്വന്തം കോശങ്ങളെയും രോഗപ്രതിരോധശേഷിയേയും രോഗാണുക്കളേയും വേര്‍തിരിച്ചറിയാനുള്ള ശക്തി ക്ഷയിക്കപ്പെടുന്നു. ഇത് ഇവതമ്മിലുള്ള പരസ്പര പ്രതിപ്രവര്‍ത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പലവിധത്തിലുള്ള ശാരീരികമായ പ്രത്യാഘാതങ്ങളിക്ക്് നയിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങള്‍
വിടാതെ പിന്‍തുടരുന്ന തളര്‍ച്ച തന്നെയാണ് പ്രധാന ലക്ഷണം. വിട്ടുമാറാത്ത പനി, സന്ധിവേദന എന്നിവയും ലൂപ്പസിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കവിളിലും മുഖത്തിന്റെ മറ്റ് ഭാഗങ്ങളിലുമെല്ലാം കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ചുവന്ന പാടുകള്‍ പ്രത്യക്ഷത്തിലുള്ള ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സൂര്യപ്രകാശത്തിലാണ് ഇത് കൂടുതല്‍ വ്യക്തതയോടെ പ്രത്യക്ഷപ്പെടുക. മുടി കൊഴിച്ചില്‍ വായയിലും മൂക്കിലുമുള്ള വ്രണങ്ങള്‍, ശ്വാസതടസ്സം, വൃക്കകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, കാലിലേയും ശ്വാസകോശത്തിലേയും ധമനികളില്‍ രക്തം കട്ടപിടിക്കല്‍, സ്്ത്രീകളില്‍ തുടര്‍ച്ചയായി ഗര്‍ഭം അലസല്‍, അപസ്മാരം തുടങ്ങിയവ അനവധി ലക്ഷണങ്ങള്‍ ലൂപ്പസിന്റെ ഭാഗമായി കാണപ്പെടുന്നു.
അസുഖത്തെ തിരിച്ചറിയലും
ചികിത്സയും
മുകളില്‍ പറഞ്ഞിരിക്കുന്നവയെല്ലാം മറ്റ് പല രോഗങ്ങളുടേയും ലക്ഷണങ്ങളായതിനാല്‍ തുടക്കത്തില്‍ തന്നെ അസുഖത്തെ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. രോഗലക്ഷണങ്ങളെ മുന്‍നിര്‍ത്തി വിദഗ്ദ്ധനായ ഒരു റുമറ്റോളജിസ്റ്റിന് അസുഖം ഏറെക്കുറെ കൃത്യമായി തന്നെ നിര്‍ണ്ണയിക്കാന്‍ സാധിക്കും. രക്തപരിശോധനയിലൂടെയാണ് രോഗം ലൂപ്പസ് തന്നെയാണ് എന്ന് പ്രധാനമായും ഉറപ്പിക്കുന്നത്. വിവിധ ഘട്ടങ്ങളിലൂടെയാണ് രോഗം പുരോഗമിക്കുന്നത് അതുകൊണ്ട് തന്നെ ചികിത്സയും ആ ഘട്ടങ്ങളെ അവലോകനം ചെയ്ത ശേഷമാണ് തീരുമാനിക്കുക.
മുന്‍കാലങ്ങളില്‍ ലൂപ്പസിന് ഫലപ്രദമായ ചികിത്സയും കൂടുതല്‍ ഓപ്ഷനുകളും ലഭ്യമായിരുന്നില്ല എന്നതായിരുന്നു അവസ്ഥയെങ്കിലും രണ്ടര പതിറ്റാണ്ടിനിപ്പുറത്തേക്ക് ചികിത്സാ രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ രോഗം തിരിച്ചറിയാന്‍ സാധിച്ചാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കും. ചികിത്സയുടെ കാലദൈര്‍ഘ്യമാണ് മറ്റൊരു വെല്ലുവിളി. ദീര്‍ഘകാലം ചികിത്സ ആവശ്യമായതിനാല്‍ ചിലരെങ്കിലും പാതി വഴിയില്‍ ചികിത്സ ഉപേക്ഷിക്കാനും മറ്റ് മാര്‍ഗ്ഗങ്ങല്‍ലേക്ക് മാറുവാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗിയും രോഗിയുടെ ബന്ധുക്കളുമെല്ലാം ചികിത്സുയുടെ കാലദൈര്‍ഘ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം.
ലൂപ്പസ് ബാധിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭിണികളാകാമോ?
മുന്‍കാലങ്ങളില്‍ ഈ രോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇത്. രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല എന്നതും, തുടര്‍ച്ചയായി ഗര്‍ഭം അലസുവാനുള്ള സാധ്യതയുണ്ട് എന്നതും ലൂപ്പസ് ബാധിതരായവരുടെ വിവാഹം നടക്കാത്ത സാഹചര്യമുണ്ടാക്കിയിരുന്നു. എന്നാല്‍ പുതിയ കാലത്തുണ്ടായിരിക്കുന്ന വലിയ മാറ്റങ്ങളുടെ ഫലമായി വിജയകരമായി ഗര്‍ഭധാരണവും പ്രസവും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്.ഇതിന് ആദ്യം വേണ്ടത് മികച്ച ഒരു റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള ചികിത്സാ ക്രമീകരണമാണ്. പങ്കാളിയുടെയും വീട്ടുകാരുടേയും മാനസികമാ പിന്തുണയും അനിവാര്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പിന്‍തുടര്‍ന്ന് രോഗത്തെ കീഴടക്കുകയോ, വരുതിയിലാക്കുകയോ ചെയ്ത ശേഷം ഗര്‍ഭധാരണം വിജയകരമായി പൂര്‍ത്തീകരിക്കാവുന്നതാണ്.