ഡിജിറ്റൽ യുഗത്തിൻ്റെ ലോകത്താണ് നാം എല്ലാവരും ജീവിക്കുന്നത്. അതിനാൽ തന്നെ അതിലെ നല്ലതും ചീത്തയും നമ്മൾ മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. അതിൽ പ്രധാനപ്പെട്ടതാണ് ഡിജിറ്റൽ അറസ്റ്റ്. നിരവധിപ്പേരാണ് ഇപ്പോൾ ദിനംപ്രതി ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങുന്നത്. ആവശ്യത്തിന് ബോധവൽക്കരണങ്ങൾ നൽകുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഡിജിറ്റൽ അറസ്റ്റിന് ഇരകളാകുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവമാണ് മുംബൈയിൽ നിന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബോറിവലി ഈസ്റ്റിൽ താമസിക്കുന്ന യുവതി ഫാർമക്യൂട്ടിക്കൽ കമ്പനിയിലാണ് ജോലി ചെയ്ത് വരുന്നത്. നവംബർ 19നാണ് ഡൽഹി പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് സംഘം യുവതിയെ ഫോണിൽ വിളിക്കുന്നത്. ജയിലിൽ കഴിയുന്ന ജെറ്റ് എയർവേഴ്‌സിന്റെ സ്ഥാപക ചെയർമാൻ നരേശ് ഗോയൽ പ്രതിയായ കള്ളപ്പണക്കേസിന്റെ അന്വേഷണത്തിന്റെയിടയിൽ യുവതിയുടെ പേരുമുണ്ടായിരുന്നെന്നാണ് പോലീസെന്ന പേരിലെത്തിയ തട്ടിപ്പികാർ യുവതിയെ വിശ്വസിപ്പിച്ചത്.
പിന്നാലെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ ചെയ്യുകയും യുവതി ഡിജിറ്റൽ അറസ്റ്റിന് വിധേയമാകുകയും ആണെന്ന് പറയുകയുമായിരുന്നു. ചോദ്യം ചെയ്യലിന് വേണ്ടി ഹോട്ടൽ മുറിയിലേക്ക് വരണമെന്നും തട്ടിപ്പുകാർ യുവതിയോട് ആവശ്യപ്പെട്ടു. യുവതിയോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി 1,78,000 രൂപ ആവശ്യപ്പെട്ടു. ശരീര പരിശോധനയ്ക്ക് വേണ്ടിയാണ് വീഡിയോ കോളിൽ യുവതിയോട് വസ്ത്രം അഴിച്ച് നിൽക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. ഭീഷണയിൽ വീണ യുവതി പണം തട്ടിപ്പുകാർക്ക് നൽകുകയും അവർ ആവശ്യപ്പെട്ടതെല്ലാം ചെയ്യുകയും ചെയ്തു.