തിരുവനന്തപുരം: പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന ഗ്രേഡ് എഎസ്‌ഐ അനില്‍ കുമാറിനെ സ്ഥലം മാറ്റിയതില്‍ വിശദീകരണം തേടി ഡിജിപി ടി.പി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി. സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്ന വിവരങ്ങള്‍ എവിടെ നിന്ന് ലഭിച്ചു എന്നതിലടക്കം വ്യക്തത തേടിയാണ് കത്ത് കൈമാറിയത്. സര്‍ക്കാര്‍ നടപടിയില്‍ ഡിജിപിക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് സൂചന.
ഉത്തരവില്ലാതെ പതിനഞ്ച് വര്‍ഷം എഎസ്‌ഐ അനില്‍ കുമാര്‍ ഡിജിപി സെന്‍കുമാറിനൊപ്പം ഡപ്യൂട്ടേഷനില്‍ തുടര്‍ന്നെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥലംമാറ്റിയതടക്കമുള്ള സര്‍ക്കാര്‍ ന്യായീകരണങ്ങളില്‍ വ്യക്തത തേടി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസിന് കത്തു നല്‍കിയിരിക്കുന്നത്.
2012 ല്‍ താന്‍ ഇന്റലിജന്‍സ് എഡിജിപി ആയിരിക്കെയാണ് അനില്‍ കുമാര്‍ ക്യാംപ് ഓഫീസില്‍ എത്തുന്നത്. അഞ്ച് വര്‍ഷമായി പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരുകയായിരുന്നു. പതിനഞ്ച് വര്‍ഷമായി ഒപ്പമുണ്ടായിരുന്നെന്ന വിവരം ആരു കൈമാറിയതാണെന്നും സെന്‍കുമാറിന്റെ കത്തില്‍ പരാമര്‍ശമുണ്ട്. ഇതില്‍ വ്യക്തത തേടിയ ശേഷമാവും സ്ഥലംമാറ്റ ഉത്തരവില്‍ അദ്ദേഹം തുടര്‍ നടപടി സ്വീകരിക്കുക.
തനിക്ക് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി സുരക്ഷാ അവലോകന കമ്മിറ്റി തന്നെ വിലയിരുത്തിയ സാഹചര്യത്തില്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തെ മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തിയാണ് പൊലീസ് മേധാവിക്കുള്ളതെന്ന് ഇതോടെ പുറത്തുവന്നിരിക്കുകയാണ്.