തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വംബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കില്ല.
പകരം ശബരിമലയിലെ സാഹചര്യങ്ങളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയെ ഇതിനായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ദേവസ്വംബോര്‍ഡ് ആവശ്യപ്പെടും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ശബരിമലയില്‍ ഗുരുതര സ്ഥിതിവിശേഷമാണുള്ളത്. ശബരിമലയിലെ പ്രശ്‌നങ്ങളെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.