X

റെക്കോര്‍ഡ് വരുമാനം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായിട്ടും ശമ്പളം കിട്ടാതെ പാടുപ്പെട്ട് ജീവനക്കാര്‍

റെക്കോര്‍ഡ് വരുമാനം ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ കെ.എസ്.ആര്‍.ടി.സി. ഗതാഗതമന്ത്രി മാറിയിട്ടും ശമ്പളത്തിനായുള്ള കാത്തിരിപ്പില്‍ മാറ്റമില്ലാത്തതിനാല്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ശമ്പളം നല്‍കാനായി 50 കോടി അനുവദിക്കണമെന്ന ആവശ്യത്തില്‍ ധനവകുപ്പും തീരുമാനമെടുത്തിട്ടില്ല.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഏറ്റവും അധികം കഷ്ടപ്പെട്ട് പണിയെടുത്ത മാസങ്ങളിലൊന്നാണ് ശബരിമല സീസണ്‍ ഉള്‍പ്പെടുന്ന ഡിസംബര്‍ മാസം. അതിന്റെ ഫലം വരുമാനത്തില്‍ കാണാനുമുണ്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഡിസംബറിലുണ്ടായത്. 241 കോടി 10 ലക്ഷം രൂപ. ഇത്രയും വരുമാനമുണ്ടായതിനാല്‍ ഇത്തവണയെങ്കിലും ശമ്പളം കൃത്യമായി കിട്ടുമെന്ന് ജീവനക്കാര്‍ കരുതി. പക്ഷെ കോരന് കഞ്ഞി കുമ്പിളില്‍ തന്നെയെന്ന് പഴഞ്ചൊല്ല് പോലെ കെ.എസ്.ആര്‍.ടി.സിക്കാര്‍ക്ക് ഇത്തവണയും ജോലിയുടെ കൂലിക്കായി കാത്തിരിപ്പാണ് മിച്ചം.

റെക്കോര്‍ഡ് വരുമാനമൊക്കെയുണ്ടങ്കിലും ശമ്പളം കൊടുക്കണമെങ്കില്‍ ഇത്തവണയും ധനവകുപ്പില്‍ നിന്ന് പണം കിട്ടണമെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. ആദ്യ ഗഡു ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന 50 കോടി ധനവകുപ്പ് അനുവദിക്കാത്തതാണ് ശമ്പളം വൈകാനും കാരണം. തൊഴിലാളികളുടെ എതിര്‍പ്പ് അവഗണിച്ചാണ് മുന്‍മന്ത്രി ആന്റണി രാജുവിന്റെ കാലത്ത് 2 ഗഡുക്കളായി ശമ്പളം നല്‍കാന്‍ തീരുമാനിച്ചത്. മന്ത്രിയായി കെ.ബി.ഗണേഷ്‌കുമാറെത്തിയതോടെ ഇതിന് മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ശമ്പളം വൈകുമ്പോള്‍ മങ്ങലേല്‍ക്കുന്നത് ആ പ്രതീക്ഷക്ക് കൂടിയാണ്.

 

webdesk13: