Connect with us

kerala

ഭക്ഷ്യസാധനങ്ങള്‍ക്ക് ജി.എസ്.ടി ഈടാക്കില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ഉത്തരവിറക്കിയില്ല; വി.ഡി സതീശന്‍

കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

Published

on

കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്രത്തിന്റെയോ റെയില്‍വെയുടെയോ അനുമതിയോ ഡി.പി.ആറോ അലൈന്‍മെന്റോ ഇല്ലാതെ എന്തിനാണ് ഭൂമി ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജപ്പാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കി, ഏറ്റെടുക്കുന്ന ഭൂമി ഈട് നല്‍കി വന്‍തുക വായ്പ എടുക്കുന്നതിലൂടെയുള്ള അഴിമതി മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അനാവശ്യമായ ധൃതിയാണ് സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടിയത്. ഈ അനാവശ്യ ധൃതി അഴിമതി ലക്ഷമിട്ടുള്ളതാണെന്ന് വ്യക്തമായിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ പ്രകൃതി ദുരന്തം വിളിച്ച് വരുത്തിന്നതിനൊപ്പം കേരളത്തെ ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഒരു കാരണവശാലും സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യസാധനങ്ങള്‍ക്കുള്ള ജി.എസ്.ടി ഒഴിവാക്കണമെന്ന് ആദ്യമായി നിയമസഭയില്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. ജി.എസ്.ടി തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ജി.എസ്.ടി ഏര്‍പ്പെടുത്തില്ലെന്ന് ധനകാര്യമന്ത്രിയും നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്നുവരെ ജി.എസ്.ടി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയില്ല. ഇവര്‍ എന്താ ഭരിക്കാന്‍ മറന്നു പോയോ? ജി.എസ്.ടി ഈടാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ജി.എസ്.ടി ഈടാക്കുമെന്ന് അറിയാത്തവരാണോ ധനമന്ത്രിയും ധനവകുപ്പും? ഇത്രയും ദിവസം വാങ്ങിയ ജി.എസ്.ടിക്ക് ആര് ഉത്തരം പറയും. കേന്ദ്ര നോട്ടിഫിക്കേഷന്‍ പുറത്ത് വന്നതിന് ശേഷമാണ് മുഖ്യമന്ത്രി കത്തയച്ചത്. അതിന് എന്ത് പ്രസക്തിയാണുള്ളത്? തീരുമാനിച്ചിട്ടും നടപ്പാക്കാനുള്ള കാര്യക്ഷമതയില്ലാത്ത സര്‍ക്കാരാണിത്. നേരത്തെയും ഇതുപോലുള്ള സംഭവം ഉണ്ടായിട്ടുണ്ട്. മൂന്നു മാസത്തേക്ക് വാഹനനികുതി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഉത്തരവ് ഇറക്കിയില്ല. ഇതോടെ മോട്ടോര്‍വാഹന വകുപ്പ് നികുതി അടയ്ക്കാത്ത വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി. പിന്നെയും രണ്ട് മാസം കഴിഞ്ഞാണ് ഉത്തരവ് ഇറക്കിയത് അദ്ദേഹം ഓര്‍മിപ്പിച്ചു.

മാധ്യമം ദിനപത്രം യു.എ.ഇയില്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ കത്തയച്ചത് താന്‍ അറിഞ്ഞില്ലെന്നും മോശമായിപ്പോയെന്നുമാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ തള്ളിപ്പറയലുകള്‍ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട ജന്മമായി ജലീല്‍ മാറിയെന്നത് സങ്കടകരമാണ്. പ്രോട്ടോകോള്‍ ലംഘിച്ച് നടത്തിയ ഗൗരവതരമായ കാര്യം ജലീലിനോട് ചോദിക്കാന്‍ പോലും സൗകര്യം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ഭുതകരമാണ്. മുഖ്യമന്ത്രി തള്ളിപ്പറയാത്തത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ജലീല്‍ ലോകായുക്തയെ അധിക്ഷേപിച്ചതെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

എ.കെ.ജി സെന്റര്‍ ആക്രമണത്തിലെ പ്രതികള്‍ ആരാണെന്ന് പൊലീസിന് അറിയാം. പക്ഷം അവരുടെ കൈകള്‍ വരിഞ്ഞുകെട്ടിയിരിക്കുകയാണ്. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിട്ടാല്‍ ആരാണ് ചെയ്തതെന്ന് വ്യക്തമാകും. ഇപ്പോള്‍ ഡി.വൈ.എഫ്.ഐക്കാര്‍ സി.പി.എം ഓഫീസ് അടിച്ചു തകര്‍ത്തല്ലോ? എന്നിട്ട് എന്താണ് കേസെടുക്കാത്തത്? ഇതൊക്കെ പാര്‍ട്ടിയില്‍ തന്നെ ഒത്തുതീര്‍പ്പാക്കുകയാണോ? സിപി.എം സ്വന്തമായി കോടതിയും പൊലീസ് സ്റ്റേഷനും ആരംഭിച്ചിരിക്കുകയാണോ? എ.കെ.ജി സെന്റര്‍ ആക്രമിച്ചത് ആരാണെന്ന് നാട്ടിലെ ജനങ്ങള്‍ക്ക് മുഴുവന്‍ അറിയാം. എ.കെ.ജി സെന്റര്‍ ആക്രമിച്ചത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞ ഇ.പി ജയരാജനെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം. ജയരാജന്റെ പ്രസ്താവനയെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു അദ്ദേഹം പറഞ്ഞു.

ഓണക്കിറ്റ് കൊടുക്കുന്നത് ജനങ്ങള്‍ക്ക് സഹായകമാകും. അത് സര്‍ക്കാര്‍ നല്‍കുന്ന ഒദാര്യമൊന്നുമല്ല. നികുതിപ്പണം കൊണ്ടു തന്നെയാണ് കിറ്റ് കൊടുക്കുന്നത്. നേരത്തെ കിറ്റ് വിതരണം നടത്തിയതിനുള്ള പണം നല്‍കിയിട്ടില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പരാതിപ്പെട്ടിട്ടുണ്ട്. അവരുടെ കുടിശിക കൂടി കൊടുത്തു തീര്‍ത്താല്‍ കിറ്റ് വിതരണം കൂടുതല്‍ കാര്യക്ഷമമാകും.

കോണ്‍ഗ്രസ് ആള്‍ക്കൂട്ടമല്ല. അച്ചടക്കമുള്ള സംഘടനായാണ്. അതിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് സംസ്ഥാനത്ത് വളര്‍ച്ചയില്ലെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. ശക്തമായ പ്രതിപക്ഷമായി യു.ഡി.എഫ് മാറിയെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എങ്കിലും ബി.ജെ.പി മതവിഭഗങ്ങളെ തമ്മില്‍ അടിപ്പിക്കുന്നതിനെതിരെ ജാഗരൂഗരായി ഇരിക്കണമെന്നും വിലയിരുത്തിയിട്ടുണ്ട്. കൊടകര കള്ളപ്പണകേസും സ്വര്‍ണക്കടത്ത് കേസും ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കി. ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ലാവലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കപ്പെടുന്നതും സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താത്തതും.

പത്രപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശരിയായ നിലപാട് എടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. തുടക്കം മുതല്‍ക്കെ ശ്രീറാമിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഇതിനു പിന്നാലെയാണ് ജില്ലാ മജിസ്ട്രേറ്റിന്റെ കൂടി അധികാരമുള്ളൊരു പദവിയിലേക്ക് നിയമിക്കുന്നത്. ആ നിയമനത്തിലെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടിയത്. കേസ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് സര്‍ക്കാരിന് വേണ്ടപ്പെട്ട ആളായതു കൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് കളക്ടറായി നിയമിച്ചതും അതിനെ ന്യായീകരിക്കുന്നതും. പത്രപ്രവര്‍ത്തക യൂണിയന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ജനങ്ങളുടെ മനസ് തേങ്ങിയ ഒരു സംഭവമാണ് കെ.എം ബഷീറിന്റെ മരണം. അതൊന്നും കേരളം മറന്നിട്ടില്ല. കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ അനൗചിത്യമുണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ മെയ് 5ന് തുടങ്ങും

രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്.

Published

on

എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മെയ് 5ന് തുടങ്ങാൻ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ഉത്തരവായി. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്. ആദ്യഘട്ടത്തിൽ കൊലപാതകം നേരിട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ വിസ്തരിക്കും. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തിൽ വിചാരണ ചെയ്യും.

കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനെയും മുൻ എം.എൽ.എ ടി.വി രാജേഷിനെയും കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പി ജയരാജനും ടി.വി രാജേഷും എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹരജി നൽകിയെങ്കിലും കോടതി വിടുതൽ ഹർജി തള്ളുകയാണ് ചെയ്തത്.

കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി.വി രാജേഷിനുമെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിനെതിരെഅബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവാവുകയും ചെയ്തിരുന്നു.

അതിനെ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി സി.ബി.ഐ പി ജയരാജനും ടി.വി രാജേഷിനുമേതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 33 പ്രതികളാണുള്ളത്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് നടന്നു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഷുക്കൂറിന്റെ മാതാവ് ആത്തിക്കക്ക് വേണ്ടി അഡ്വ. മുഹമ്മദ് ഷാ കേസിൽ ഹാജരായി. കേസ് സി.ബി.ഐ സ്‌പെഷ്യൽ കോടതി ജഡ്ജി പി ശബരിനാഥൻ ആണ് പരിഗണിക്കുന്നത്.

Continue Reading

kerala

അജിത് കുമാറിന് തിരിച്ചടി; വിജിലന്‍സിന്‍റെ ക്ലീന്‍ ചിറ്റ് മടക്കി

ആരോപണങ്ങൾക്കിടയിലും അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.

Published

on

അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കേസുകളിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ യോഗേഷ് ഗുപ്ത. റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ ​അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം സ്​പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് എസ്.പിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. എന്നാൽ കൂടുതൽ അന്വേഷണം നടത്തി ഫയലുമായി വരാനായിരുന്നു വിജിലൻസ് ഡയറക്ടറുടെ നിർദേശം.

പി.വി അൻവർ  ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത്കുമാറിനെതിരെ അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. ആരോപണത്തിൽ കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. കവടിയാറിലെ ആഡംബരവീട് നിർമാണത്തിൽ ക്രമക്കേട് നടന്നതായും പി.വി. അൻവർ ആരോപിച്ചു.

അതേസമയം വീട് നിർമിക്കാനായി എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. മാത്രമല്ല സർക്കാറിനെ അറിയിച്ചാണ് വീട് നിർമിക്കുന്നതെന്നും റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടി.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചുവെന്നും പി.വി. അൻവർ അജിത്കുമാറിനെതിരെ ആരോപണമുയർത്തി. കരാർ ആയി എട്ടുവർഷത്തിന് ശേഷമാണ് ഫ്ലാറ്റ് വിറ്റതെന്നും സ്വാഭാവികമായുണ്ടാകുന്ന വിലവർധനവാണ് ഫ്ലാറ്റിന് ഉണ്ടായതെന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ.

മലപ്പുറം എസ്.പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ടെന്നായിരുന്നു അടുത്ത ആരോപണം. ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി. ആരോപണങ്ങൾക്കിടയിലും അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.

സ്ഥാനക്കയറ്റത്തിന് തടസ്സമാകുന്ന രീതിയിലുള്ള ഒരു അന്വേഷണവും എ.ഡി.ജി.പി അജിത്കുമാറിനെതിരേ നടക്കുന്നില്ല എന്നായിരുന്നു ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് അംഗീകരിച്ചായിരുന്നു സർക്കാറിന്റെ തീരുമാനം. നിലവിലെ പൊലീസ് മേധാവി ഷെയ്‌ഖ്‌ ദർവേശ് സാഹിബ് ജൂലൈ ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്കാവും ഡി.ജി.പി റാങ്കോടെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക.

Continue Reading

kerala

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഇ.പി ജയരാജനും മന്ത്രി വീണാ ജോര്‍ജിനും വിമര്‍ശനം

റോഡില്‍ സ്റ്റേജ് കെട്ടിയതും തുടര്‍ന്ന് ഉണ്ടായ വിവാദ പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കി.

Published

on

ഇ.പി ജയരാജനേയും ആരോഗ്യ മന്ത്രിയേയും വിമര്‍ശിച്ച് സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനം. ആലപ്പുഴയില്‍ വിഭാഗീയതകള്‍ വ്യക്തികേന്ദ്രികൃതമാണെന്നും വോട്ട് ചോര്‍ച്ച കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം.

പി.പി. ദിവ്യയുടെ നാവ് പിഴയില്‍ ദ്രുതഗതിയില്‍ നടപടിയെടുത്ത പാര്‍ട്ടി എന്തു കൊണ്ട് ബിജെപി നേതാവ് ജാവദേക്കര്‍ക്ക് ചായ സല്‍ക്കാരം നടത്തിയ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. റോഡില്‍ സ്റ്റേജ് കെട്ടിയതും തുടര്‍ന്ന് ഉണ്ടായ വിവാദ പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കി. എന്നാല്‍ അതിലും നടപടിയൊന്നും ഉണ്ടാകാത്തതിലും വിമര്‍ശനം ഉണ്ടായി.

പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് പ്രതിഛായ ഭയമാണെന്നും സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രതിസന്ധിയുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ ഇറങ്ങുന്നില്ലെന്നും പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. ആലപ്പുഴയിലെ നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉണ്ടായി, വോട്ടു ചോര്‍ച്ച തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ജില്ലയില്‍ സംഘടനാപരമായ ദൗര്‍ബല്യവും ജാഗ്രതക്കുറവും ഇതിന് കാരണമായി.

ജില്ലയില്‍ ചിലയിടങ്ങളില്‍ വ്യക്തി കേന്ദ്രീകൃതമായ വിഭാഗീയ തുരുത്തുകള്‍ ഇപ്പോഴും ഉണ്ട്.ആരോഗ്യ വകുപ്പിനെതിരെ പരാതികള്‍ പെരുകുമ്പോഴും പരിഹാരങ്ങള്‍ക്ക് ആരോഗ്യ മന്ത്രി കാര്യമായി ഇടപെടാത്തത് ജനങ്ങള്‍ക്ക് ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നുതായും വിമര്‍ശനം ഉയര്‍ന്നു. അതേസമയം മുഖ്യമന്ത്രിയെയും സജി ചെറിയാനെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ വാനോളം പുകഴ്ത്തി. മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വച്ചുള്ള നീക്കങ്ങളെ പ്രതിരോധിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു.

കുട്ടനാട്ടില്‍ ഇപ്പോഴും വികസനം പ്രതിസന്ധിയിലാണ് കുടിവെള്ളം പോലും ലഭ്യമല്ല മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്തത് 15 പേരാണ് പങ്കെടുത്തത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചര്‍ച്ചകള്‍ പുരോഗമിക്കും.

Continue Reading

Trending