ന്യൂഡല്‍ഹി: നോട്ടുനിരോധനം നടപ്പാക്കിയ നവംബര്‍ എട്ട് രാജ്യത്തിനു ദുഃഖദിനമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ടുനിരോധനം ഒരുദുരന്തമാണെന്നും ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ പ്രധാനമന്ത്രി മോദി പരാജയമാണെന്നും രാഹുല്‍ ഗാന്ധിപറഞ്ഞു.
നോട്ടുനിരോധനത്തിന്റെ വര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്‍മാരുടെയും യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
നോട്ടുനിരോധനത്തില്‍ രാജ്യത്തെ പാവപ്പെട്ടവരും തൊഴിലാളി വര്‍ഗ്ഗവും കടന്നുപോയ വേദനകളും വികാരങ്ങളും മോദിക്ക് മനസ്സിലാവില്ല. നോട്ട് നിരോധനം ഒരുപരാജയമാണെന്ന് അംഗീകരിക്കാന്‍പോലും മോദി തയ്യാറല്ല. ധൃതിയില്‍ ജി.എസ്.ടി നടപ്പാക്കിയതോടെ നല്ലൊരു പദ്ധതിയുടെ ഗുണം രാജ്യത്തിലെ ജനങ്ങള്‍ക്ക് നഷ്ടമായി. നവംബര്‍ എട്ട് കരിദിനമായി ആചരിക്കാനുള്ള ഒരുക്കത്തിലാണെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് നിരോധനത്തിനു ശേഷമുണ്ടായ സാമ്പത്തിക മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടാന്‍ രാജ്യമെമ്പാടും വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട് രാഹുല്‍ പറഞ്ഞു.