കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അണിയറയില്‍ ഇംപീച്ച് നടപടികള്‍ക്ക് നീക്കം തുടങ്ങി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് നടക്കുന്ന അന്വേഷണം ട്രംപ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് നേതാവ് ബ്രാഡ് ഷെര്‍മാന്‍ ഇംപീച്ച്‌മെന്റ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. എഫ്.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജെയിംസ് കോമിയെ പുറത്താക്കിയത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇംപീച്ച്‌മെന്റിലേക്കുള്ള നീണ്ട പാതയിലെ ആദ്യ ചുവടുവെപ്പാണ് റിപ്പോര്‍ട്ടെന്ന് ഷെര്‍മാന്‍ പറയുന്നു. ഹിലരി ക്ലിന്റണെ തറപറ്റിക്കുന്നതിന് റഷ്യയില്‍നിന്നുള്ള സഹായത്തിനുവേണ്ടി ആര്‍ത്തിയോടെയാണ് ട്രംപിന്റെ പ്രചാരണ വിഭാഗം കാത്തിരുന്നതെന്ന് മകന്‍ ട്രംപ് ജൂനിയറിന്റെ ഇമെയിലുകള്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ പരിധിയില്‍നിന്ന് ചിലതൊക്കെ മറച്ചുവെക്കാന്‍ ട്രംപ് ശ്രമിച്ചുവെന്നാണ് കോമിയുടെ പുറത്താക്കല്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇംപീച്ച്‌മെന്റിനെക്കുറിച്ച് പരസ്യമായി പറയാതെ ഡെമോക്രാറ്റിക് നേതാക്കള്‍ അകന്നുനില്‍ക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള യു.എസ് കോണ്‍ഗ്രസില്‍ അത്തരമൊരു നീക്കം പരാജയപ്പെടാനും സാധ്യത ഏറെയുണ്ട്. എന്നാല്‍ ട്രംപിന്റെ നടപടികളില്‍ റിപ്പബ്ലിക്കന്‍ നേതാക്കളില്‍ ഭൂരിഭാഗവും അതൃപ്തരാണ്. ഷെര്‍മാന്റേത് ഒരു പ്രതിഷേധ നീക്കമാണെങ്കിലും ഭാവിയില്‍ കൂടുതല്‍ പേര്‍ ആ വഴിക്ക് ചിന്തിച്ചു തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.