Connect with us

Video Stories

ജനാധിപത്യത്തിന്റെ വിധിയും വിധിയെഴുത്തിലെ ജനാധിപത്യവും

Published

on

ലുഖ്മാന്‍ മമ്പാട്
ജനാധിപത്യം സാധ്യതകളുടെ കലയാണെങ്കില്‍ മനുഷ്യ കുലത്തിന്റെ ബൗദ്ധിക വികാസത്തിന്റെ വിശ്വാസ പ്രഖ്യാപനവുമാണത്. നല്ലതിനെ വേര്‍തിരിച്ചറിയാന്‍ മനുഷ്യനുള്ള വകതിരിവിന്റെ ആധികാരികതയിലെ ആത്മവിശ്വാസം.
നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറിയത് 70 ശതമാനം സീറ്റുകളുടെ പിന്തുണയോടെയാണ്. എന്നാല്‍, 31 ശതമാനം വോട്ടര്‍മാരുടെ പിന്തുണയേ അവര്‍ക്കുള്ളു. വോട്ടിങ് നിരക്ക് കൂടി പരിഗണിച്ചാല്‍ ആകെ ജനസംഖ്യയില്‍ 20 ശതമാനം ജനങ്ങള്‍ മാത്രമാണ് നരേന്ദ്രമോദിയെ പിന്തുണച്ചത്. ആ നിരക്കില്‍ നിന്ന് വീണ്ടും ജനപിന്തുണ താഴോട്ടു കൂപ്പുകുത്തിയെന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇത് നന്നായി അറിയുന്ന ‘പേ-ടിഎമ്മുകള്‍’ തന്നെയാണ് മോദിയെ പൊലിപ്പിച്ചെടുത്ത് ഹോളി ആഘോഷിക്കുന്നത്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തവയെ സ്ഥാപിച്ചെടുക്കുകയാണവരുടെ തന്ത്രം. തോല്‍വിയെയും വിജയമാക്കുക, ധൂര്‍ത്തിനെയും ആദര്‍ശവത്കരിക്കുക, അക്രമത്തെയും മതമാക്കുക, നശീകരണത്തെയും വികസനമാക്കുക; മോദിക്ക് നായക വേഷവും രാഹുലിന് കോമഡി റോളും ചാര്‍ത്തി നല്‍കുക. അങ്ങനെ പകച്ചുപോകുമ്പോള്‍ മറുകുറിയില്ലാതെ കീഴടങ്ങിയെന്ന് വരുത്തുന്നതും അതേ തന്ത്രത്തിന്റെ ഭാഗമാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ പിന്തിരിപ്പന്‍ നയങ്ങള്‍ക്കും ജനം നല്‍കിയ അംഗീകാരമാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും മോദി പ്രഭാവം ആഞ്ഞുവീശുന്നുവെന്നും ആവര്‍ത്തിക്കുന്നതും പ്രചരിപ്പിക്കുന്നതും കോര്‍പറേറ്റുകളുടെ ചൂഷണത്തിന് ജനങ്ങളുടെ ചെലവില്‍ വരവ് വെക്കുന്നതിനാണ്.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ മൂന്ന് വാക്യത്തില്‍ ചുരുക്കിയാല്‍ ഇങ്ങനെ പറയാം. ഒന്ന്, അഞ്ചു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ നേട്ടം കൊയ്തു. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ഗോവയിലെ ബി.ജെ.പി മുഖ്യമന്ത്രിയും പരാജയപ്പെട്ടു. രണ്ട്്, ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് അവരുടെ മുന്നണി ഒരു പതിറ്റാണ്ട് ഭരിച്ച പഞ്ചാബ് നഷ്ടപ്പെട്ടു. മൂന്ന്, പഞ്ചാബില്‍ ഭരണം പിടിച്ച കോണ്‍ഗ്രസ് ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റകക്ഷിയായെങ്കിലും ഉത്തരാഖണ്ഡ് കൈവിടുകയും ഉത്തര്‍ പ്രദേശിലെ തിരിച്ചുവരവ് മോഹം പൊലിയുകയും ചെയ്തു. എന്നാല്‍, എല്ലാ മാധ്യമങ്ങളിലും മോദി താരമായി കത്തിനില്‍ക്കുകയും കേന്ദ്ര ഭരണത്തിന്റെ വിളവെടുപ്പായി കൊട്ടിഘോഷിക്കുകയും ചെയ്തു. ബി.ജെ.പി വിരുദ്ധ മാധ്യമങ്ങള്‍ പോലും ഈ തള്ളില്‍ പെട്ടപ്പോള്‍ പഞ്ചാബ് ഇന്ത്യയിലാണെന്ന് പറയാന്‍ പോലും ഭയപ്പെടുകയോ നാണിക്കുകയോ ചെയ്തു. രണ്ടര വര്‍ഷം കൊണ്ട് മോദിയുടെ പതനം ആരംഭിച്ചിരിക്കുന്നുവെന്നും എതിര്‍ ചേരിയുടെ ഐക്യമെന്ന ഒറ്റമൂലികൊണ്ട് നിഷ്പ്രയാസം മോദി-അമിത് ഗിമ്മിക്കുകളെ മറികടക്കാമെന്നുമാണ് ബീഹാറില്‍ തൊട്ട് സത്യം ചെയ്ത പാഠം.
നോട്ടു നിരോധനത്തെ വര്‍ഗീയ കാര്‍ഡിറക്കിയും പച്ചക്ക് മതവിദ്വേഷം സൃഷ്ടിച്ചിട്ടും മറച്ചുപിടിക്കുകയും എതിരാളികളുടെ ഛിദ്രതയില്‍ നിന്ന് നേട്ടം കൊയ്യുകയും ചെയ്താണ് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി ഭരണം പിടിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂരിലും ഗോവയിലും കേന്ദ്ര ഭരണത്തിന്റെയും രാജ്ഭവനുകളുടെയും പിന്തുണയില്‍ ‘ഇടക്കാലഭരണം’ സാധ്യമാവുകയും ചെയ്തു. അധികാരത്തിലുണ്ടായിരുന്ന പഞ്ചാബില്‍ ബി.ജെ.പി മുന്നണി തരിപ്പണമായപ്പോള്‍ സംപൂജ്യരാവാതെ അവരെ കാത്തത് ആംആത്മി രംഗപ്രവേശമാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധിയില്‍ കോണ്‍ഗ്രസിനേക്കാളേറെ 2014നെ അപേക്ഷിച്ച് പരിക്ക് പറ്റിയത് ബി.ജെ.പിക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012ല്‍ അവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മോദി ഗുജറാത്തിലെ മുഖ്യമന്ത്രി മാത്രമാണ്. കേന്ദ്രത്തില്‍ യു.പി.എ ഭരണവും. രണ്ടര വര്‍ഷം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മോദിയുടെ രംഗ പ്രവേശവും ദേശീയ പ്രചാരണവും. മണിപ്പൂരില്‍ 41.91 ശതമാനത്തില്‍ നിന്ന് 35.3 ശതമാനമായി (6.61%) വോട്ടു വിഹിതം കുറഞ്ഞതാണ് കോണ്‍ഗ്രസിന് ഉണ്ടായ തിരിച്ചടി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 42.63 ശതമാനം വോട്ടുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 39.7 ശതമാനം വോട്ടുകളാണ്. ഖബര്‍സ്ഥാനും റമസാനിലെ വൈദ്യുതിയും വിഷം ചീറ്റിയിട്ടും ‘മോദി-അമിത് മഹാവിസ്മയ’ത്തിന് മൂന്നു ശതമാനത്തോളം വോട്ടുകളുടെ ചോര്‍ച്ച. ഉത്തരാഖണ്ഡില്‍ 69ല്‍ 56 സീറ്റുകള്‍ നേടി അധികാരത്തിലേറിയെങ്കിലും 2014ലെ 55.93 ശതമാനത്തില്‍ നിന്ന് 46.5 ആയി ബി.ജെ.പിക്ക് വോട്ടു വിഹിതത്തില്‍ 9.43 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഭരണമുണ്ടായിരുന്ന ഗോവയില്‍ 54.12 ശതമാനത്തില്‍ നിന്ന് 32.5 ആയാണ് കുത്തനെ ഇടിഞ്ഞത്. 11.62 ശതമാനം ജനങ്ങള്‍ എഴുതിത്തള്ളിയിട്ടും രണ്ടാം കക്ഷി ഭരണം പിടിക്കുമ്പോള്‍ 54 ഇഞ്ച് നെഞ്ചളവിനെ വാഴ്ത്താതിരിക്കുന്നതെങ്ങിനെ. പഞ്ചാബില്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍, സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് 26.3 ശതമാനത്തില്‍ നിന്ന് 25.2 ശതമാനമായി ഒരു ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ബി.ജെ.പിക്ക് 8.77 ശതമാനത്തില്‍ നിന്ന് 5.4 ആയി. രണ്ടു വര്‍ഷം മുമ്പ് പിന്തുണച്ചവരില്‍ 40 ശതമാനം പേരും ഉട്താപഞ്ചാബിനെയും മോദിപ്രഭാവത്തെയും കയ്യൊഴിഞ്ഞെന്നര്‍ത്ഥം. പക്ഷെ, തിരിച്ചുവരവ് സാധ്യമല്ലാത്തവിധം രാഹുല്‍ എടുക്കാ നാണയമായെന്ന് പ്രചരിപ്പിക്കുന്നതില്‍ ഒരു മനസാക്ഷികുത്തുമില്ല.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന സ്വപ്നം ഉപേക്ഷിച്ചിട്ട് വര്‍ഷം എത്രയോ ആയി. 1977ലെ തിരിച്ചടിക്ക് ശേഷം ഉയില്‍ത്തെഴുനേറ്റ് 1980ല്‍ 309 സീറ്റുകളോടെ ഭരണം തിരിച്ചുപിടിച്ച കോണ്‍ഗ്രസ് 1985ല്‍ 269 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തിയെങ്കിലും പിന്നീട് വളര്‍ച്ച താഴോട്ടാണ്. പിന്നീട് കോണ്‍ഗ്രസിന് ഭരണം സ്വപ്‌നം മാത്രമായിരുന്നു. കേന്ദ്രത്തിലും യു.പിയിലും രാഷ്ട്രീയ ചേരിമാറ്റത്തിന്റെ വിസ്‌ഫോടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ വര്‍ഷാവര്‍ഷം തെരഞ്ഞെടുപ്പ് ഉത്സവങ്ങളായി. 1989ല്‍ മുലായം സിംഗിനെ മുഖ്യമന്ത്രിയാക്കി ജനതാദള്‍ അധികാരം പിടിച്ചു. 201 ദിവസം കൊണ്ട് വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 1991ല്‍ അയോധ്യ പ്രശ്‌നം കത്തിച്ച് 11-ാം അസംബ്ലി തെരഞ്ഞെടുപ്പില്‍ 221 സീറ്റുകളോടെ ബി.ജെ.പി വലിയ ഒറ്റകക്ഷിയായി, അധികാരത്തിലേറി. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ കല്യാണ്‍സിങിന്റെ മുഖ്യമന്ത്രി കസേര തെറിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട രാഷ്ട്രപതി ഭരണത്തിന് ശേഷം 1993ല്‍ 12-ാമത് അസംബ്ലി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 177 സീറ്റുകള്‍ നേടി ബി.ജെ.പി ശക്തി തെളിയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 28 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എസ്.പിയുടെ മുലായം മുഖ്യമന്ത്രിയായെങ്കിലും ഒന്നര വര്‍ഷത്തിനകം ബി.എസ്.പിയുടെ മായാവതിയുടേതായി ഊഴം. പക്ഷെ, 137-ാം നാള്‍ കസേര തെറിച്ച് രാഷ്ട്രപതി ഭരണമായി. 1996ല്‍ 13-ാം അസംബ്ലി തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതായതോടെ രാഷ്ട്രപതി ഭരണം ഒന്നര വര്‍ഷത്തോളം നീണ്ടു. ആറു മാസത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ബി.എസ്.പിയുടെ മായാവതി മുഖ്യമന്ത്രിയായി. പക്ഷെ, ഏഴു മാസം തികക്കുന്നതിന് മുമ്പ് ബി.ജെ.പി അധികാരം തട്ടിപ്പറിച്ചു. നാലു വര്‍ഷത്തിനകം മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബി.ജെ.പി പരീക്ഷിച്ചത്. 2002ല്‍ നടന്ന 14-ാം അസംബ്ലി തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. രണ്ടു മാസത്തോളം നീണ്ട രാഷ്ട്രപതിഭരണത്തിന് ശേഷം ബി.എസ്.പിയുടെ മായാവതി അധികാരമേറ്റു. ഒന്നേകാല്‍ വര്‍ഷമായപ്പോള്‍ എസ്.പിയുടെ മുലായം സിങ് യാദവും. 2007ല്‍ 15-ാം അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.എസ്.പി 206 സീറ്റുകള്‍ (30.43 ശതമാനം വോട്ട്) നേടി അധികാരത്തിലേറി. കോണ്‍ഗ്രസിന് 22ഉം ബി.ജെ.പിക്ക് 51ഉം സീറ്റുകള്‍ മാത്രം. 2012ല്‍ 25.95 ശതമാനം വോട്ടുകള്‍ നേടിയ ബി.എസ്.പി 80ലേക്ക് ചുരുങ്ങിയപ്പോള്‍ എസ്.പി 224 സീറ്റുകളോടെ (29.13 ശതമാനം വോട്ട്) അധികാരം പിടിച്ചു. ബി.ജെ.പിക്ക് 47ഉം കോണ്‍ഗ്രസിന് 28ഉം സീറ്റുകളാണ് നേടിയത്.
അഖിലേഷ് യാദവ് സ്ഥിരതയുടെ അഞ്ചു വര്‍ഷം കാഴ്ചവെച്ച് ജനങ്ങളെ സമീപിച്ചെങ്കിലും വോട്ടു കേന്ദ്രീകരണത്തിന്റെ സാങ്കേതികത്വം ബി.ജെ.പിയെ മൃഗീയമായി തുണച്ചു. 39.6 ശതമാനം വോട്ടു നേടിയാണ് 312ന്റെ വിജയം. 6.3 ശതമാനം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് ഏഴു സീറ്റുകളിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ബി.എസ്.പിക്കും എസ്.പിക്കും വോട്ടിങ് ശതമാനത്തിലെ ചോര്‍ച്ചയേക്കാള്‍ ഭീമമാണ് സീറ്റു നഷ്ടം. 2012ല്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും എസ്.പിക്കും ബി.എസ്.പിക്കും പുറമെ മറ്റു പാര്‍ട്ടികള്‍ നേടിയ വോട്ട് 18.3 ശതമാനം ആയിരുന്നത് ഇത്തവണ 10.1 ശതമാനമായി കുറഞ്ഞപ്പോള്‍ അതേ അനുപാതം ബി.ജെ.പിക്ക് കൂടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19.77 ശതമാനം വോട്ടു നേടിയ ബി.എസ്.പിക്ക് അന്ന് സീറ്റ് പൂജ്യം. ഇപ്പോള്‍ അത് 22.2 ശതമാനം ആക്കി ഉയര്‍ത്തിയപ്പോള്‍ സീറ്റ് 19 ഉം. കോണ്‍ഗ്രസ് സഖ്യമില്ലാതെ മത്സരിച്ചിരുന്നെങ്കില്‍ ബി.എസ്.പിയുടെ 19 ലും താഴെ അവര്‍ പോയേനെ. എന്നാല്‍, എസ്.പിയും ബി.എസ്.പിയും മുന്നണിയായി മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പിയെ രണ്ടക്കം കടക്കാതെ തളക്കാന്‍ കഴിയുമായിരുന്നു. മൂന്നു കോടിയിലേറെ മുസ്‌ലിംകളുള്ള യു.പിയില്‍ ഒരു മുസ്‌ലിം മന്ത്രി പോലും ഉണ്ടാവാത്ത വിധം കൂപ്പുകുത്തിയതും ഇതിന്റെ ബാക്കിപത്രമാണ്. മുസ്‌ലിം വോട്ടുകളുടെ കാണാകാഴ്ചയെ കുറിച്ച് നാളെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending