കെ.പി ജലീൽ
“ചൂലെടുത്തവൻ ചൂലാൽ ! ”
രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ഉൾപ്പെടുന്ന ഡൽഹിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 12 വർഷത്തിനുശേഷം ആം ആദ്മി പാർട്ടി എന്ന ഭരണകക്ഷി ഏറെക്കുറെ നിലംപതിച്ചതിന്റെ കാരണം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അഴിമതിക്കെതിരെ വേറിട്ട പോരാട്ടം എന്ന് വാനോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ജനമനസ്സുകളെ കയ്യിലെടുത്ത അരവിന്ദ് കെജ്രിവാളിനും കൂട്ടർക്കും ഒരു പതിറ്റാണ്ടത്തെ അനസ്യൂതമായ മുന്നേറ്റത്തിന് ശേഷം ഇതാദ്യമായി അടിതെറ്റിയിരിക്കുന്നു.
ഡൽഹിയിൽ മൂന്നു തവണ തുടർച്ചയായി അധികാരം കയ്യാളാൻ സാധിച്ച ആം ആദ്മി പാർട്ടി ഇന്ത്യയിൽ വേറിട്ട ഒരു രാഷ്ട്രീയം മുന്നോട്ടുവച്ചു എന്നതാണ് അവരെ ഇന്ത്യയിലെ രാഷ്ട്രീയ നഭസ്സിലേക്ക് കൈപിടിച്ച് ആനയിച്ചത് .കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്യത്തിലുള്ള രണ്ടാം യുപിഎ സർക്കാരും ഡൽഹിയിൽ കോൺഗ്രസ് സർക്കാരും ഭരണം നടത്തിക്കൊണ്ടിരിക്കവെയാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ പൊതുരംഗത്തെ അഴിമതിക്കെതിരെ 2011 ൽ ഡൽഹിയിൽ വലിയ സമരകോലാഹലം നടന്നത്. സമൂഹമാധ്യമം ശക്തിപ്പെട്ടു വരുന്ന കാലം. പ്രതിപക്ഷത്തെ ബി.ജെ പി യുടെ ശക്തമായ പരോക്ഷ പിന്തുണ യോടെയായിരുന്നു അത്. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും റിട്ട. ഐ.പി എസ് ഉദ്യോഗസ്ഥ കിരൺ ബേദിയും ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവും അടക്കമുള്ള രാജ്യത്തെ അറിയപ്പെടുന്ന പ്രൊഫഷനലുകൾ മുന്നോട്ടുവച്ച രാഷ്ട്രീയം മലീമസമായ ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർച്ചയായും ഒരു വലിയ പ്രതീക്ഷക്ക് വക നൽകുന്നത് തന്നെയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന്റെ ഭരണകൂട ബലഹീനത മുതലെടുക്കുകയായിരുന്നു സത്യത്തിൽ അഴിമതിവിരുദ്ധ പ്രസ്ഥാനവും ആം ആദ്മി പാർട്ടിയും. ഡൽഹി കോമൺവെൽത്ത് അഴിമതിയുടെയും കോൺഗ്രസിനെതിരായ സിഖ് വിരുദ്ധതയുടെയും പശ്ചാത്തലത്തിൽ പൊതു പ്രവർത്തക അഴിമതിക്കെതിരായ ലോക്പാൽബില്ലിനു വേണ്ടിയായിരുന്നു അന്നത്തെ സമരം . പതുക്കെ അണ്ണാ ഹസാരെയും പ്രശാന്ത് ഭൂഷണും കിരൺ ബേദിയും പ്രസ്ഥാനത്തിൽ നിന്ന് അകന്നുപോയി. ബാക്കിയായത് എഞ്ചിനീയറായിരുന്ന അരവിന്ദ് കെജ്രിവാൾ മാത്രവും. 2012 നവംബർ 26 ന് ഈ പ്രസ്ഥാനം ആം ആദ്മി പാർട്ടി എന്ന പേരിൽ രൂപം മാറുകയായിരുന്നു.
രാജ്യ തലസ്ഥാനത്തെ ജനത മധ്യവർഗ്ഗം മുഖ്യമായും , വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മി പാർട്ടിയെ കണ്ടത് .ആം ആദ്മി എന്നാൽ സാധാരണക്കാരൻ എന്നാണ്. അഴിമതിക്കെതിരായ മുദ്രാവാക്യവും പാർട്ടിയുടെ പേരും ചിഹ്നവും കൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ ജനങ്ങളിൽ അതുയർത്തി . ഏതാണ്ട് ഒറ്റയാനെ പോലെയായിരുന്നു കെജ്രിവാളിൻ്റെ ഓരോ നീക്കവും. മുഖ്യമന്ത്രിയായ ശേഷം മനീഷ് സിസോദിയ എന്ന ഉപ മുഖ്യമന്ത്രിയെ മാത്രമാണ് ഏക സന്തതഹചാരിയായി ജനം കാണുന്നത്.
2013 ലെ നിയമസഭാ തെരഞെടുപ്പിൽ 70 ൽ 28 സീറ്റുകൾ ഒറ്റയ്ക്ക് നേടാൻ കഴിഞ്ഞതോടെയാണ് ആപ്പിൻ്റെ തലവര തെളിയുന്നത്. മൂന്നു തവണ തുടർച്ചയായി ഭരിച്ച കോൺഗ്രസ് വെറും 8 സീറ്റിലേക്ക് ഒതുങ്ങുകയും ന്യൂനപക്ഷ കെജ്രിവാൾ സർക്കാരിന്ന് അവർ പിന്തുണ നൽകുകയും ചെയ്തു. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി – 31 സീറ്റ്. ആപ്പ് നേടിയ 2015 ലെ 67 സീറ്റും 2020 ലെ 62 സീറ്റും ഡൽഹി ജനതയുടെ മനസ്സ് എന്താണെന്ന് തെളിയിക്കുന്നതായി.
കോൺഗ്രസിന്റെ ജനാധിപത്യ മതേതരത്വ സാമ്പത്തിക നയവും ബിജെപിയുടെ തീവ്ര വർഗീയ- ഉദാരവൽക്കരണ നയവും തമ്മിൽ ഭേദപ്പട്ട ഗാന്ധിയൻ രീതിയാണ് തങ്ങളുടേത് എന്നാണ് ആദ്യകാലത്ത്
ആപ് അവകാശപ്പെട്ടിരുന്നത് . തന്നെ ഒരാൾ ചെരിപ്പറിഞ്ഞപ്പോൾ വീണ്ടും എറിയൂ എന്നാണ് കെജ്രിവാൾ ആദ്യകാലത്ത് പറഞ്ഞത് .മാത്രമല്ല പ്രതിയുടെ വീട് സന്ദർശിക്കാൻ വരെ അദ്ദേഹം തയ്യാറായി . ഇത് പുതിയ രാഷ്ട്രീയ സമവാക്യം ഇന്ത്യയിൽ രൂപപ്പെടുന്നു എന്ന പ്രത്യാശയാണ് ഡൽഹി നിവാസികളിലും പ്രത്യേകിച്ചും ഇന്ത്യയിലെ പൊതു ജനങ്ങളിലും ഉണ്ടാക്കിയത്. എന്നാൽ അഴിമതി വിരുദ്ധത വെറും പുറംമോടി മാത്രമാണെന്ന് വ്യക്തമാക്കുന്നതും മതേതരത്വം വെറും വാചാടോപമാണെന്ന് തെളിയിക്കുന്നതും ആയിരുന്നു ആം ആദ്മി പാർട്ടിയുടെ പിന്നീടുള്ള പ്രവർത്തന പന്ഥാവ്. ബിജെപിയെ ആശയപരമായി നേരിടാൻ യാതൊന്നും ഇല്ലെന്ന് അവർ തെളിയിച്ചു. ബി.ജെ.പിയുടെ കേന്ദ്രസർക്കാരിൻറെ കൂറ്റൻ ബുൾഡോസറുകൾക്കിടയിൽ ഞെരിഞ്ഞമരുന്നത് മാത്രമായാണ് പിന്നീട് കണ്ടത് . ഇരു പാർട്ടികളും തമ്മിൽ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ കാര്യമായ വ്യത്യാസമൊന്നുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു 2021 ഡൽഹി കലാപകാലത്തെയും പൗരത്വ വിരുദ്ധ സമരകാലത്തെയും പാർട്ടിയുടെ നിലപാടുകൾ. പാർട്ടിയുടെ മുസ്ലിം എം.എൽ.എ ഡൽഹി കലാപകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കാര്യമായ ഒരു പ്രതികരണവും ആപ് നേതൃത്വത്തിൽ നിന്ന് ഉണ്ടായില്ല .
പൗരത്വ സമരകാലത്തും ജെ.എൻ. യുവിലെയും ജാമിയ മില്ലിയ്യയുടെയും വിദ്യാർത്ഥിസമര കാലത്തും കെജ്രിവാളിനെ ആരും കണ്ടില്ല ,കേട്ടില്ല. വഴിതടയൽ സമരം നടത്തുമ്പോൾ അതിനെതിരെ കേന്ദ്രസർക്കാരിൻറെ പോലീസിനോടൊപ്പം ആയിരുന്നു ആ പാർട്ടിയും മുഖ്യമന്ത്രിയും .ഡൽഹിയിലെ സർക്കാരിനെതിരായി നീങ്ങുന്ന മോദി സർക്കാരിനെതിരെ പ്രതികരിക്കാൻ പോലും ആവാതെ പാർട്ടി അണികൾ വിറങ്ങലിച്ചുനിന്നു . ന്യൂനപക്ഷങ്ങളെ വേട്ടയാടി ബുൾഡോസർ രാജ് അരങ്ങ് തകർക്കുമ്പോൾ സിപിഎം നേതാവ് വൃന്ദകാരാട്ട് അല്ലാതെ ആ സ്ഥാനത്ത് കെജ്രിവാളുടെയോ സിസോദിയയുടെ യോ ഒച്ച ആരും കേട്ടില്ല . ഗാന്ധിയൻ സാമ്പത്തികമോ സമരരീതിയോ ആം ആദ്മിയിൽ നിന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. എന്നിട്ടും പഞ്ചാബിൽ 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടിപതറിയപ്പോൾ ബിജെപിയെ അല്ല ആം ആദ്മി പാർട്ടിയെയാണ് സിഖ് ജനത സ്വീകരിച്ചത്. അവിടെ ഭഗവത് മന്നിൻറെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നു. എന്നാൽ അവിടെയും അഴിമതി വിരുദ്ധത വീൺവാക്ക് മാത്രമായി. കെജ്രിവാളിന്റെ നേതൃത്വത്തിൽ രാജ്യത്താകമാനം പാർട്ടി പിടിമുറുക്കും എന്ന് കരുതിയതും അസ്ഥാനത്തായി. മതേതര കക്ഷികളെ കൂടെ നിർത്തി ബിജെപിക്കെതിരെ പോരാടുന്നതിനു പകരം കറൻസിയിൽ ദൈവത്തിൻറെ ചിത്രം അച്ചടിക്കണമെന്നും ഹനുമാൻ ചാലിസ പോലെ വലിയ ഹിന്ദുത്വവാക്യങ്ങൾ ഉയർത്തിയുമാണ് ബിജെപിയെ നേരിടാൻ കെജരിവാൾ ശ്രദ്ധവെച്ചത്. ഇത് വലിയ അബദ്ധമായിരുന്നു എന്ന് ആർക്കും മനസ്സിലാവും .ഒറിജിനൽ തീവ്രവാദ പാർട്ടിയുള്ളപ്പോൾ എന്തിന് അതിന്റെ ഒരു ബി ടീം ? എന്ന് ഡൽഹിയിലെ ജനത ചിന്തിച്ചതിൽ അത്ഭുതമില്ല .
പ്രൊഫഷനുകൾ നിയന്ത്രിച്ച പാർട്ടി പല രംഗങ്ങളിലും പുരോഗതി നേടി കൊടുത്തപ്പോൾ ഡൽഹിയിലെ ജനത കണ്ട പ്രതീക്ഷ പതുക്കെപ്പതുക്കെ അസ്തമിക്കുന്നതാണ് പിന്നീട് കണ്ടത് .വിദ്യാഭ്യാസരംഗത്തും സാമൂഹ്യ രംഗത്തും ആരോഗ്യ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ആപ്പിന് ഡൽഹിയിൽ കഴിഞ്ഞു. പക്ഷേ പിന്നീട് കെജരിവാളും ജയിലിലായത്തോടെ അതെല്ലാം വെറും കുമിളകളായി. അഴിമതിക്കെതിരെ പോരാടിയവർ അഴിമതി നടത്തുന്നത് ആരോപണം മാത്രമാണെങ്കിലും അത് ജനങ്ങളിൽ സംശയം സൃഷ്ടിച്ചു. മദ്യ കമ്പനികളുമായി ചേർന്ന് കോടികൾ അഴിമതി നടത്തി എന്ന കേസിൽ പോലീസ് കേന്ദ്രഅന്വേഷണ ഏജൻസികളുടെ സഹായത്തോടെ ജയിലിട്ടു. ആദ്യം സിസ്വതിയും പിന്നീട് സത്യേന്ദ്ര ജയിലിനെയും കൂട്ടിയിട്ടു അപ്പോഴെല്ലാം പ്രതികരിക്കാനാവാതെ സാധാരണക്കാരുടെയും മധ്യവർക്കാരുടെയും വിറങ്ങലിച്ചു നിന്നു. 2002 തെരഞ്ഞെടുപ്പിൽ മുന്നിൽകണ്ട് അധികാരത്തിൽ മൂന്നാമതും തിരിച്ചെത്തുമെന്ന് പ്രതീക്ഷ അസ്ഥാനത്താക്കിയാണ് അഴിമതി ആരോപണങ്ങൾ തുടരെ നേരിട്ടത് . മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൂണ്ടിക്കാട്ടി ബിജെപി വൻ പ്രചാരണം നടത്തി 27 വർഷത്തിനു ശേഷമാണെങ്കിലും ബിജെപിക്ക് ശക്തമായി തിരിച്ചു വരാൻ കഴിഞ്ഞു കാരണം ചിട്ടയായ അവരുടെ പ്രവർത്തനമാണ് മാത്രമല്ല പതിവ് ഹിന്ദു തീവ്ര വർഗീയത ഉന്നയിക്കാൻ ഇത്തവണ അവർ ശ്രദ്ധിച്ചതുമില്ല
ബിജെപിക്കെതിരായ ഇന്ത്യ സഖ്യത്തിന്റെ അണിയറയിൽ നിന്നുകൊണ്ടുതന്നെ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണ് ആപ് ചെയ്തത്. 62 സീറ്റ് ഉണ്ട് എന്നതായിരുന്നു അവരുടെ അമിത പ്രതീക്ഷക്ക് കാരണം. കോൺഗ്രസ് ചുരുങ്ങിയ സീറ്റുകളിലെങ്കിലും മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതുപോലും ഇല്ലാതെ അഹങ്കാരത്തിന്റെ ഭാഷയിൽ ആയിരുന്നു അവർ. സ്വന്തം ശേഷിക്കുറവ് തിരിച്ചറിയാൻ പോലും അവർക്കായില്ല .ജാമ്യത്തിൽ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം മുഖ്യമന്ത്രി പദം രാജിവെച്ച് അതിഷിയെ ഏൽപിച്ചു. അത് നിലനിർത്തുമെന്ന് പറയാനുമായില്ല. ഏത് നിമിഷവും വീണ്ടും തുറങ്കലുകൾ തുറന്നേക്കാം .അതുപോലും മുൻകൂട്ടി കാണാതെയാണ് ആപ് വൃത്തികെട്ട കളി കളിച്ചത്. അതിഷി സ്വന്തം കസേരയ്ക്ക് തൊട്ടടുത്ത് കെജ്രിവാളിന് വേണ്ടി മുഖ്യമന്ത്രി കസേര ഒഴിച്ചിട്ടത് ഭീമാബദ്ധമായി. അവരെ ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ പോലും ഫലം വേറൊന്നായാ നേ ! കെജ്രിവാളിന്റെയും സിസോദിയയുടെയും തോൽവി വിളിച്ചുപറയുന്നത് അതാണ്. പഞ്ചാബിൽ ലഭിച്ച പിന്തുണ പോലെ ഹരിയാനയിലും ഗോവയിലും ഗുജറാത്തിലും എല്ലാം ഒറ്റയ്ക്ക് മത്സരിച്ചു വിജയിക്കാനാണ് ആം ആദ്മി ശ്രമിച്ചത്. ഇത് മതേതര ജനാധിപക്ഷികളുടെ മണ്ണ് ഒലിച്ചു പോകാനാണ് ഇടയാക്കിയത് . ഹരിയാനയിൽ ആപ് പിന്തുണ കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ ഭരണത്തിലെത്താൻ കഴിയുമായിരുന്നു. ഡൽഹിയിൽ കോൺഗ്രസിന് 15 സീറ്റുകളിൽ ബിജെപിയുടെ ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ ലഭിച്ചത് തന്നെ ആപിൻ്റെ ദീർഘവീക്ഷണം ഇല്ലായ്മ യുടെ ലക്ഷണങ്ങളാണ്. രാഷ്ട്രീയത്തിലും കലയിലും ഒന്നും ഒന്നും രണ്ടല്ലെങ്കിലും കോൺഗ്രസുമായി സഹകരിച്ചിരുന്നെങ്കിൽ ഇത്രയും കൂടുതൽ സീറ്റുകൾ ( 48 ) ബി.ജെ.പി ഇത്തവണ നേടില്ലായിരുന്നു.
ആദ്യഘട്ടത്തിൽ കോൺഗ്രസിൻ്റെ പിന്തുണയോടെ ഡൽഹി ഭരിച്ച പാർട്ടി പിന്നീട് അവരെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. ബി. ജെ. പി യേക്കാൾ കോൺഗ്രസ്സായിരുന്നു മുഖ്യശത്രു എന്ന തോന്നലാണ് പലപ്പോഴും ആപ് ഉയർത്തിവിട്ടത്. ബദൽ രാഷ്ട്രീയം എന്ന പ്രതീക്ഷയെയാണ് സത്യത്തിൽ ആപ് തച്ചു തകർത്തിരിക്കുന്നത്.
ബി.ജെ പി ക്കെതിരായ ജനമുന്നേറ്റത്തെയും. ഏതൊരു വ്യക്തിക്കും വേണ്ടത് അടിസ്ഥാനപരമായി വ്യക്തിത്വമാണ്. അഥവാ സ്വത്വബോധം . 13 വർഷത്തിന് ശേഷമാണെങ്കിലും പാർട്ടിയെയും കെരിവാളിനെയും ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി സ്വന്തം ഭാവി തീരുമാനിക്കേണ്ടത് കെജ്രിവാൾ മാത്രമാണ്. അതിന് അദ്ദേഹം തയ്യാറാകുമോ എന്നാണ് ഇന്ത്യയുടെ നവകാല രാഷ്ട്രീയം ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഇനിയെങ്കിലും ആരാണ് , മുഖ്യശത്രു , എന്താണ് കാര്യപരിപാടി എന്ന് തിരിച്ചറിയുകയും ആയത് പ്രഖ്യാപിക്കുകയുമാണ് കെജ്രിവാളിന് മുന്നിലെ ഒന്നാമത്തെ വിഷയം , രണ്ടാമത്തെ പാഠവും !