ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകളുടെ ക്രമക്കേടാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. മത്സരം അരവിന്ദ് കെജ്‌രിവാളും നരേന്ദ്രമോദിയും തമ്മിലാണെന്ന പ്രതീതിയുള്ള തെരഞ്ഞെടുപ്പില്‍ വിജയം ആംആദ്മിക്ക് വെല്ലുവിളിയാണ്. എന്നാല്‍ 179സീറ്റുകളില്‍ ബി.ജെ.പി മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മോദി തരംഗമില്ലെന്നും ഇ.വി.എസ്(ഇലക്ട്രോണിക് വോട്ടിംങ് മെഷീന്‍)തരംഗമാണെന്നുമാണ് ആംആദ്മി ഉയര്‍ത്തുന്ന വാദം.
ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് ഡല്‍ഹിയില്‍ മോദിതരംഗമില്ലെന്നും ഇ.വി.എം തരംഗമാണെന്നും പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും മനീഷ് സിസോദിയയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ഗോപാല്‍ റായുടെ പരാമര്‍ശം. കൂടാതെ സര്‍ക്കാര്‍ ഉപദേശകനും ഇ.വി.എം മെഷീനുകളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യം അപകടകരമായ അവസ്ഥയിലാണെന്നും വോട്ടിംങ് മെഷീനുകളെ ക്രമക്കേടിലാക്കിയെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അശുതോഷ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മെഷീനുകളില്‍ ക്രമക്കേടുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ജനങ്ങള്‍ക്ക് സ്ലിപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴും ഈ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ആംആദ്മി പാര്‍ട്ടി.
തുടര്‍ച്ചയായി മൂന്നാംതവണയാണ് ഡല്‍ഹി കോര്‍പ്പറേഷനില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്. ആകെയുള്ളത് 270 സീറ്റുകളാണ്. ബി.ജെ.പി 179സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ആംആദ്മിക്ക് 42സീറ്റും കോണ്‍ഗ്രസ്സിന് 35സീറ്റും ലഭിച്ചിട്ടുണ്ട്. മറ്റുള്ളവക്ക് 14 സീറ്റും ലഭിച്ചു.
ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ വന്‍വിജയത്തിനുശേഷമാണ് വോട്ടിംങ് മെഷീനില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായത്. മായാവതിയായിരുന്നു ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. പിന്നീട് അരവിന്ദ് കെജ്‌രിവാളും മറ്റു പാര്‍ട്ടിക്കാരും ആരോപണം പിന്തുടരുകയായിരുന്നു.