X

ദീപാവലി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം; അഞ്ചുവര്‍ഷത്തേക്കാള്‍ കുറവെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ മലിനീകരണ തോത് കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്കാള്‍ കുറഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. നഗരത്തിന്റെ പല ഭാഗങ്ങളിലും മലിനീകരണ തോത് 400ന് അടുത്തെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.
അപ്പുറത്ത് നില്‍ക്കുന്ന ആളെ പോലും കാണാനാകാത്ത തരത്തിലുള്ള പുക മഞ്ഞ് ആവരണത്തോടെയായിരുന്നു നേരം പുലര്‍ന്നത്. വെയില്‍ ഉദിച്ചതോടെ നിലമെച്ചപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ മലിനീകരണതോത് കുറവാണ്. മൊറാദാബാദ്, നോയിഡ അടക്കമുള്ള ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിമേഖലകളിലും ദ്വാരക അടക്കമുള്ള ഹരിയാനയുടെ അതിര്‍ത്തിമേഖലകളിലും അന്തരീക്ഷം അതീവ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹരിയാനയില്‍ വിളവെടുപ്പ് കഴിഞ്ഞ വയലുകള്‍ കത്തിക്കാന്‍ ആരംഭിച്ചതും മലിനീകരണ തോത് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നഗരവാസികള്‍ പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം വരുത്തിയതായും വളരെ കുറവ് വന്നതായും കെജ്‌രിവാള്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടയിലെ ദീപാവലിക്ക് ശേഷമുള്ള ഏറ്റവും മികച്ച വായു ഗുണനിലവാരമാണിത്. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ വലിയ തോതില്‍ പടക്കം പൊട്ടിച്ചതായി തോന്നുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ദേശീയ വായു ഗുണനിലവാര സൂചിക പ്രകാരം, രാവിലെ 11 ന് ആനന്ദ് വിഹാറില്‍ ഏറ്റവും മോശം എക്യുഐ 362 ആയിരുന്നു. കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും മോശം എക്യുഐ 642 ആയിരുന്നു. 2017 ല്‍ എക്യുഐ 367 ആയിരുന്നു. 2016 ല്‍ 426 ഉം 2015 ല്‍ 327 ഉമായിരുന്നു. കൊണാട്ട് പ്ലേസില്‍ സംഘടിപ്പിച്ച നാല് ദിവസത്തെ ലേസര്‍ ഷോക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.
ദീപാവലിയില്‍ പടക്കം പൊട്ടിക്കുന്നതില്‍ നിയനത്രണം വരുത്തിയത് ഹിന്ദു വിരുദ്ധമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചതായി കെജ്‌രിവാള്‍ പറഞ്ഞു. ബിജെപി ഡല്‍ഹിയിലെ ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

chandrika: