Connect with us

kerala

എഡിഎം നവീൻ ബാബുവിന്റെ മരണം: കളക്ടറുടെ മൊഴി രേഖപ്പെടുത്തി

ഔദ്യോഗിക വസതിയിൽ രാത്രി എത്തിയാണ് പൊലീസ് മൊഴിയെടുത്തത്.

Published

on

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയിൽ രാത്രി എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ആണ് മൊഴിയെടുത്തത്.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥ എ. ഗീത ഐഎഎസ് കണ്ണൂരിലെത്തി അരുൺ.കെ. വിജയ‌ന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റവന്യൂ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. എഡിഎം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന.

ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലീസ് റിപ്പോർട്ടിലാണെന്നും ഇതിൽ പറയുന്നു. ലാൻഡ് റവന്യൂ ജോ.കമ്മിഷ്ണറുടെ റിപ്പോർട്ട് ഉടൻ റവന്യൂ വകുപ്പിന് കൈമാറും. അതേസമയം പി.പി ദിവ്യയുടെ മൊഴി എടുക്കാൻ ലാൻഡ് റവന്യൂ ജോ.കമ്മിഷ്ണർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിയാതെ

എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ചിരുന്നു. ഈ ചടങ്ങിലാണ് ദിവ്യ എഡിഎമ്മിനെതിരെ അധിക്ഷേപവും അഴിമതി ആരോപണവും ഉന്നയിച്ചത്. എന്നാൽ താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകൻ താനല്ലെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു.

അതേസമയം നവീൻ ബാബുവിനെതിരെ ദിവ്യ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കലക്ടർ അത് തടഞ്ഞില്ലെന്ന വിമർശനം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പരിപാടിയിൽ പങ്കെടുത്ത എഡിഎമ്മിന്റെ ഓഫീസ് ജീവനക്കാരും കലക്ടർക്കെതിരെയാണ് മൊഴി നൽകിയത്. ദിവ്യ നടത്താനിരുന്ന പരാമർശം സംബന്ധിച്ച് കലക്ടർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം പ്രതികരിക്കാതിരുന്നതെന്നും ഇവർ മൊഴി നൽകിയിരുന്നു.

kerala

മേയര്‍ക്കെതിരെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍

യദു തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ കൃത്യമായി അന്വേഷണം നടത്താത്തതിൽ പൊലീസിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

Published

on

മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡ്രൈവർ യദു സമർപ്പിച്ച ഹരജി പരിഗണിക്കവെ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു.

യദു തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ കൃത്യമായി അന്വേഷണം നടത്താത്തതിൽ പൊലീസിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

സുതാര്യമായ രീതിയിൽ അന്വേഷണം നടത്തണമെന്നും മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്ത് കൊണ്ടെന്നും കോടതിയുടെ വിമർശനം ഉണ്ടായിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമോ എന്നതിൽ തീരുമാനമുണ്ടാകാനും സാധ്യതയുണ്ട്.

Continue Reading

kerala

നവീന്‍ബാബു അവസാന സന്ദേശം അയച്ചത് പുലര്‍ച്ചെ 4.58 ന്; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകളാണ് ഇരുവര്‍ക്കും നവീന്‍ ബാബു അയച്ചത്.

Published

on

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ അവസാന സന്ദേശം കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകളാണ് ഇരുവര്‍ക്കും നവീന്‍ ബാബു അയച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.58നാണ് സന്ദേശമയച്ചത്.

എന്നാല്‍ നവീന്‍ ബാബുവിന്റെ മരണ വിവരം പുറത്ത് വന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കാണുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണസമയം ഏകദേശം 4.30നും 5.30നുമിടയിലാണെന്ന് സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണത്തിന് തൊട്ടുമുമ്പുള്ള സന്ദേശമായിരിക്കുമിതെന്നാണ് നിഗമനം.

അതേസമയം മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കിയില്ലെന്ന് വിമർശനമുണ്ട്. അതുകൊണ്ട് തന്നെ മരണസമയത്തെക്കുറിച്ച് സൂചനകള്‍ മാത്രമേയുള്ളു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കോടതി വഴി ലഭിക്കുമെന്നുള്ള വിവരമാണ് ലഭിച്ചതെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും നവീന്‍ ബാബുവിന്റെ ഫോണ്‍ ലൊക്കേഷനും പരിശോധിച്ചിരുന്നെങ്കിലും റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ചിട്ടില്ല.

നവീന്‍ ബാബു ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കണ്ടെത്തിയിട്ടുണ്ട്. ഫയല്‍ വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തി. കളക്ടറുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പി പി ദിവ്യ മൊഴി നല്‍കിയില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും.

 

Continue Reading

crime

ആലുവ സ്വദേശിയായ നടിയുടെ പരാതി; മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു

മുന്‍പും ലൈംഗികാതിക്രമത്തിന്റെ പേരില്‍ മുകേഷിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Published

on

അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷ് അറസ്റ്റില്‍. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പൊലീസ് എടുത്ത കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. 2011ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്.

2011ല്‍ വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. ഭാരതീയ ന്യായസംഹിതയുടെ 354, 294 ബി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. മുകേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ശേഷം മുകേഷ് ജാമ്യം നേടി പുറത്തിറങ്ങി.

മുന്‍പും ലൈംഗികാതിക്രമത്തിന്റെ പേരില്‍ മുകേഷിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ മുകേഷിന്റെ രാജിക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി മുകേഷിന്റെ രാജിക്ക് അധികം സമ്മര്‍ദം ചെലുത്താതിരിക്കുകാണ് ചെയ്തത്. എന്നാല്‍ മുകേഷ് രാജിവയ്ക്കണമെന്നായിരുന്നു സിപിഐയുടെ ആവശ്യം.

Continue Reading

Trending