മത പ്രബോധന രംഗത്തെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്, ലോകോത്തര മാതൃകകളും കാലിക മാറ്റങ്ങളും ഉള്‍പെടുത്തി സവിശേഷമായൊരു സംവിധാനം ആവിഷ്‌കരിക്കണമെന്ന വലിയ ആശയത്തില്‍ നിന്നാണ് ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയുടെ പിറവി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും നേതാക്കളില്‍ പ്രമുഖരായിരുന്ന സി.എച്ച് ഐദറൂസ് മുസ്ലിയാരുടെയും എം.എം ബശീര്‍ മുസ്ലിയാരുടെയും ഡോ. യു. ബാപ്പുട്ടി ഹാജിയുടെയും വിശ്വാസ ഭദ്രതയും നിശ്ചയ ദാര്‍ഢ്യവും ചേര്‍ന്ന് കര്‍മ നൈരന്തര്യത്തിന്റെ ഉല്‍പന്നമായി 1986-ല്‍ ദാറുല്‍ഹുദാ പ്രയാണമാരംഭിച്ചപ്പോള്‍ മത വിദ്യാഭ്യാസ പരിസരത്ത് നൂതനവും എന്നാല്‍ തീര്‍ത്തും അപരിചതവുമായൊരു വിദ്യാഭ്യാസ സംവിധാനത്തിനാണ് തുടക്കമായത്.
കേരളീയ മുസ്ലിം വൈജ്ഞാനിക നവോത്ഥാന വഴിയിലെ നിര്‍ണായക ഘടകമായിരുന്ന പള്ളിദര്‍സ് സംവിധാനം ശോഷിച്ചുവന്ന സന്ദര്‍ഭത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തില്‍ മാതൃകാദര്‍സ് എന്ന പുതിയൊരു ആശയത്തിനു തുടക്കമിട്ടു. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച മാതൃകാദര്‍സുകള്‍ക്ക് പക്ഷേ, വേണ്ടത്ര വിജയം കാണാനായില്ല. അങ്ങനെയാണ് വിശാലമായ സ്ഥലത്ത് സ്വതന്ത്രമായൊരു സ്ഥാപനം പണിത് അവിടെ ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കൈമാറ്റത്തിനും ഉല്‍പാദന-പുനരുല്‍പാദനത്തിനും വേണ്ടി മാതൃകാപരമായൊരു വിദ്യാപീഠം പണിയണമെന്നും ദേശ-ദേശാന്തരങ്ങള്‍ കടന്നുള്ള മതപ്രബോധനത്തിന് പണ്ഡിതരെ സജ്ജരാക്കണമെന്നുമുള്ള വിപ്ലവാത്മക ചിന്ത രൂപപ്പെട്ടത്. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്ര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ പ്രാര്‍ത്ഥനും പിന്തുണയും അവര്‍ പകര്‍ന്ന ആത്മധൈര്യവുമായിരുന്നു ദാറുല്‍ഹുദായുടെ പ്രാരംഭ ദശയിലെ ഊര്‍ജ്ജം. പൊതുസമൂഹത്തിന്റെയും വിശിഷ്യ പ്രവാസി സുഹൃത്തുക്കളുടെയും കരുതലും സഹായഹസ്തങ്ങളും കൂടിയുണ്ടായതോടെ തുടര്‍ന്നുള്ള സഞ്ചാരം ദ്രുതഗതിയിലായി.
കര്‍മരംഗത്ത് മൂന്നു വ്യാഴവട്ടം പിന്നിടുമ്പോള്‍, വിദ്യാഭ്യാസ മേഖലയില്‍ ദാറുല്‍ഹുദാ ആവിഷ്‌കരിച്ച സംവിധാനങ്ങളുടെ മാതൃകയാക്കി കേരളത്തിലെ ഉന്നത മത കലാലയങ്ങള്‍ സമന്വയ സംവിധാനം പ്രയോഗവത്കരിച്ചു എന്നത് സന്തോഷദായകമാണ്. ഇരുപത്തിമൂന്ന് വര്‍ഷക്കാലം അക്കാദമി എന്ന പേരില്‍ പ്രവര്‍ത്തിച്ച ദാറുല്‍ഹുദാ 2009-ലാണ് ഒരു ഇസ്ലാമിക സര്‍വകലാശാലയായി അപ്ഗ്രേഡ് ചെയ്തത്. ഒരു വര്‍ഷത്തിനകം തന്നെ ആഗോള ഇസ്ലാമിക സര്‍വകലാശാലകളുടെ പൊതുവേദിയായ ലീഗ് ഓഫ് ദ ഇസ്ലാമിക് യൂനിവേഴ്സിറ്റീസില്‍ അംഗത്വം ലഭിച്ചു. താമസിയാതെ, മൊറോക്കോയുടെ തലസ്ഥാനമായ റബാഥ് ആസ്ഥാനമായുള്ള ഫെഡറേഷന്‍ ഓഫ് ദ യൂനിവേഴ്സിറ്റീസ് ഓഫ് ദ ഇസ്ലാമിക് വേള്‍ഡിലും അംഗമായി. മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി, മൊറോക്കയിലെ അല്‍ഖറവിയ്യീന്‍ യൂനിവേഴ്‌സിറ്റി, ബ്രൂണെയിലെ സുല്‍ത്താന്‍ ശരീഫ് അലി ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി, നെതര്‍ലന്റ്‌സിലെ റോട്ടര്‍ഡാം ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങി ഒരു ഡസനിലധികം രാജ്യാന്തര സര്‍വകലാശാലകളുമായി അക്കാദമിക സഹകരണം നടത്തുന്നു. ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാല അടക്കമുള്ള രാജ്യാന്തര സര്‍വകലാശാലകളും അലിഗഡ് മുസ്്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ, മൗലാനാ ആസാദ് നാഷണല്‍ യൂനിവേഴ്‌സിറ്റി തുടങ്ങി ദേശീയ സര്‍വകലാശാലകളും ദാറുല്‍ഹുദായുടെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചിട്ടുണ്ട്.
എല്ലാ അര്‍ത്ഥത്തിലും ഒരു ഇസ്്‌ലാമിക സര്‍വകലാശാലയുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കണമെന്ന്് ദാറുല്‍ഹുദാ ലക്ഷീകരിക്കുന്നു. കേരളത്തിനകത്തും പുറത്തുമായി നിലവില്‍ 28 സഹസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൈജ്ഞാനിക നിര്‍മിതിയില്‍ ശ്രദ്ധേയമായ ഭാഗഭാഗിത്വം വഹിക്കേണ്ടതിനാല്‍ വിദ്യാഭ്യാസ പ്രക്രിയകളും സംവിധാനങ്ങളുമെല്ലാം സര്‍വകലാശാലാ രീതിയില്‍ തന്നെയാണ് സജ്ജീകരിച്ചിട്ടുള്ളത്. സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റസീഡ്, അഞ്ച് കുല്ലിയ്യ (ഫാക്കല്‍റ്റി)കളിലായി പിജി തലത്തില്‍ പത്ത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഡിഗ്രിയില്‍ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തലങ്ങളില്‍ എജ്യുക്കേഷണല്‍ ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സമഗ്ര ശാക്തീകരണത്തിനു പരിഹാരം വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണെന്ന തിരിച്ചറിവില്‍ നിന്നാണ് വിപുലമായൊരു നാഷണല്‍ പ്രൊജക്ടിനു ദാറുല്‍ഹുദാ രൂപം നല്‍കിയത്. ഇതിനായി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 1999-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ സ്ഥാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കാമ്പസുകള്‍ സ്ഥാപിക്കുന്നത് ആ മേഖലകളുടെ സമഗ്ര മുന്നേറ്റത്തിന് വഴിതെളിയുമെന്ന ബോധ്യത്തില്‍ നിന്നാണ് പശ്ചിമ ബംഗാളിലെ ഭീംപൂരിലും ആസാമിലെ ബൈശയിലും ആന്ധ്രയിലെ പുങ്കനൂരിലും ഉത്തര കര്‍ണാടകയിലെ ഹാംഗലിലും ഓഫ് കാമ്പസുകള്‍ സ്ഥാപിച്ചത്. മഹാരാഷ്ട്രയിലെ വഡോളിയിലെ അഞ്ചാമത് ഓഫ് കാമ്പസിന്റെ നിര്‍മാണം അതിദ്രുതം നടന്നുകൊണ്ടിരിക്കുന്നു. നീണ്ട പന്ത്രണ്ടു വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ കേരളത്തിനകത്തും പുറത്തുമുള്ള 176 പണ്ഡിതര്‍ക്കു ഹുദവി പട്ടം നല്‍കുന്ന ബിരുദദാന സമ്മേളനം ഇന്നും നാളെയും നടക്കുകയാണ്. പരിപാടിയുടെ വിജയത്തിനു സര്‍വരുടെയും പിന്തുണയും പ്രാര്‍ത്ഥനയുമുണ്ടായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
(ദാറുല്‍ ഹുദ വൈസ് ചാന്‍സിലറാണ് ലേഖകന്‍)