പൊതു മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ ഭരണകക്ഷിയുടെ വക്താവ് പ്രവാചകന്‍ മുഹമ്മദ് നബി (സ)യെ കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകളെ തുടര്‍ന്ന് പോയ വാരം ലോകം ബഹളമയമായിരുന്നു. പ്രമുഖ പൊതുമാധ്യമങ്ങള്‍ ഒന്നും ഈ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചതേയില്ല. അത്രക്കും ഗുരുതരമായതിനാലാണത് പ്രസിദ്ധീകരിക്കാത്തത് എന്ന് ബി.ബി.സി പോലുള്ള മുന്‍നിര മാധ്യമങ്ങള്‍ തുറന്ന്പറഞ്ഞതില്‍ നിന്നും സംഗതി ഏറെ അപകടകരമായിരുന്നു എന്ന് ഗ്രഹിക്കാം. പ്രസ്താവന നടത്തിയിരിക്കുന്നത് ഭരണകക്ഷിയുടെ വക്താവാണ് എന്നത് മറ്റൊരു വിഷയം. ആ കക്ഷിയുടെ എല്ലാം പുറം ലോകത്തോട് പറയുന്ന ആളാണ് വക്താവ്. വക്താവ് പറയുന്നതിനെ ആരും വ്യക്തിപരമായി കാണില്ല. അതോടെ സംഗതിക്ക് കൂടുതല്‍ ഗൗരവം കൈവരുന്നു. ലോകത്ത് അധിവസിക്കുന്ന ആകെ മനുഷ്യരില്‍ ഇരുപത് ശതമാനത്തിലധികം പേരെ മാനഹാനിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നത് സത്യമാണ്. മാനഹാനി, മനോവേദന തുടങ്ങിയവയെല്ലാം അതനുഭവിക്കുന്നവരാണ് തീരുമാനിക്കുന്നത്. എന്തുകൊണ്ട് എന്ന് പുറത്തുള്ളവര്‍ ചോദിക്കുന്നതിലര്‍ഥമില്ല. ഏതായാലും അതിന്റെ പ്രതിഫലനമായിരുന്നു ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമെല്ലാം. മുസ്‌ലിം ലോകത്തിന്റെയും കൂട്ടായ്മകളുടെയും ലോക വേദികളുടെയും സര്‍വോപരി മനസുകളുടെയും മുമ്പില്‍ ഇത്രയും ശ്ലാഘനീയമായ പാരമ്പര്യമുള്ള രാജ്യം മാനംകെട്ടു എന്നത് മാത്രമാണ് വലിയ വീറോടെ ഇതു ചെയ്തവര്‍ നേടിയത്.
ഉന്നയിക്കപ്പെട്ടിരിരിക്കുന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും നേരെ തറക്കുന്നത് ഒരു മതവിഭാഗത്തിന്റെ വിശ്വാസത്തിലാണ്. വിശ്വാസം എന്നാല്‍ ഊഹം, സങ്കല്‍പ്പം, ധാരണ തുടങ്ങിയതൊക്കെയാണ്. അങ്ങനെ പറയുമ്പോള്‍ അതത്ര ചെറുതാണ് എന്നു ധരിക്കേണ്ട. തെറ്റാന്‍ സാധ്യതയില്ലാത്തവിധം ബാഹ്യമായ തെളിവുകള്‍ കൊണ്ട് ഉറപ്പിക്കുമ്പോള്‍ മാത്രമാണ് ഊഹവും ധാരണയുമെല്ലാം വിശ്വാസമായി വളരുന്നത്. ഈ തെളിവുകളാവട്ടെ, സ്വന്തം ജീവിതത്തില്‍ അനുഭവിച്ച് സ്വാംശീകരിക്കുന്നതോ മനസ്സ് തേടിപ്പിടിച്ച് സരളമായി സ്വീകരിക്കുന്നതോ ചിന്തയെ കീഴ്‌പെടുത്തുന്ന ദൃഷ്ടാന്തങ്ങള്‍ വഴി കയറിവരുന്നതോ ഒക്കെയായിരിക്കും. ഇവയാവട്ടെ ഒറ്റയടിക്ക് ഒരു നാള്‍ കയറി മനുഷ്യന്റെ മനസ്സില്‍ ഇരിപ്പുറപ്പിക്കുന്നതല്ല. അല്‍പാല്‍പ്പമായി കയറിവന്ന് വേരുറപ്പിക്കുന്നവയാണ്. അതിനാലാണ് ഉറച്ച വിശ്വാസത്തെ പിടിച്ചു മാറ്റാന്‍ പലപ്പോഴും കഴിയാതെ പോകുന്നതും അതിനുമുമ്പില്‍ പ്രകോപനങ്ങളും തോറ്റുപോകുന്നതും. ലോകത്തിന്നോളം ഉണ്ടായ യുദ്ധങ്ങളില്‍ നല്ലൊരു പങ്ക് വിശ്വാസത്തിന്റെ പേരിലാണ് എന്നത് ഇവിടെ കൂട്ടിവായിക്കാം. മറ്റൊരു മതത്തിനോ വിശ്വാസത്തിനോ അതിന്റെ അടിസ്ഥാനങ്ങള്‍ക്കോ എതിരെ സംസാരിക്കുന്നത് ആത്മാര്‍ഥമായും സത്യസന്ധമയുമായിരിക്കും.
പക്ഷേ, അതല്ല, അതിന്റെ ശരിതെറ്റ് നിശ്ചയിക്കുന്നത്. സംബോധിനില്‍ അതെന്തുണ്ടാക്കുന്നു എന്നതാണ്. അതുകൊണ്ടാണ് മനുഷ്യനെ എല്ലാ സാമൂഹ്യ മീമാംസയും പഠിപ്പിച്ച ഇസ്‌ലാം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്താന്‍ താല്‍പര്യപ്പെടുന്നത്. അല്ലാഹു പറയുന്നു: നല്ലതും ചീത്തയും തുല്യമാകില്ല; അത്യുത്തമമായതുകൊണ്ട് തിന്മ തടയുക. തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശാത്രവമുണ്ടോ അവന്‍ ആത്മമിത്രമായി തീരുന്നതാണ്. ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാകൂ; മഹാസൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല. (ഫുസ്സിലത്ത്: 36 39) ഇങ്ങോട്ട് തിന്മ ചെയ്യുന്നവരോട് നന്മ അനുവര്‍ത്തിച്ചാണ് പ്രതിക്രിയ ചെയ്യേണ്ടത്, പരുഷസമീപനം പുലര്‍ത്തുന്നവരോട് മൃദുലസമീപനവും സഹിഷ്ണുതയും കാഴ്ചവെക്കണം ഇസ്‌ലാമിന്റെ ശ്ലാഘനീയമായ ആ സംസ്‌കാരമാണ് വ്യക്തമാക്കുന്നത്. അങ്ങനെയാകുമ്പോള്‍ ബദ്ധവൈരികള്‍ പോലും മിത്രങ്ങളാകും.
ഈ സൂക്തം ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ചല്ല, അത് കേള്‍ക്കേണ്ടി വരുമ്പോള്‍ പ്രതികരിക്കുന്നതിന്റെ രീതിശാസ്ത്രത്തെ കുറിച്ചാണ്. ഉന്നയിക്കാനുണ്ടായ സാഹചര്യത്തേക്കാള്‍ സ്വാഭാവികമായും ചൂടേറിയതായിരിക്കും പ്രതിരോധിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ. അപ്പോള്‍ പോലും മാന്യത കൈവിടരുത് എന്നു പറയുമ്പോള്‍ സ്വഛന്ദമായ സാമൂഹ്യതയെ ഇസ്‌ലാം എത്ര കരുതലോടെ കാണുന്നു എന്നതില്‍നിന്ന് മനസ്സിലാക്കാം. ഇങ്ങനെ ഒരു നിലപാടിന്റെ ന്യായം മറ്റൊരിടത്ത് അല്ലാഹു സൂചിപ്പിക്കുന്നതിങ്ങനെയാണ്: അല്ലാഹുവിനെ വിട്ട് മുശ്‌രിക്കുകള്‍ ആരാധിക്കുന്ന ദൈവങ്ങളെ നിങ്ങള്‍ ശകാരിക്കരുത്. വിവരമില്ലാതെ, അതിക്രമമായി അവര്‍ അല്ലാഹുവിനെ ചീത്ത പറയാന്‍ അതു നിമിത്തമാകും (അന്‍ആം: 106). ഒരാള്‍ അപരന്റെ വിശ്വാസത്തെ അമാന്യമായി കടന്നാക്രമിച്ചാല്‍ അവനും അപ്രകാരം തിരിച്ചടിക്കും എന്നതാണ് കാരണം. മക്കയില്‍ വിഗ്രങ്ങളുടെ ഉപകാര ശ്യൂന്യതയും കഴിവുകേടും സംബന്ധിച്ച് നബിയും മുസ്‌ലിംകളും സംസാരിക്കുമായിരുന്നു. അത് അവയെ ചീത്ത പറയലാണ് എന്ന് ആരാധകര്‍ വ്യാഖ്യാനിച്ചു. അങ്ങനെ ഒരിക്കലവര്‍ അബൂഥാലിബിനെ നേരില്‍ കണ്ടു പരാതി ബോധിപ്പിച്ചു: ഒന്നുകില്‍, ഞങ്ങളുടെ ദൈവങ്ങളെ ചീത്ത പറയുന്നതില്‍ നിന്നു മുഹമ്മദിനെയും അനുയായികളെയും നിങ്ങള്‍ തടയണം; അല്ലെങ്കില്‍ അവന്റെ ദൈവത്തെ ഞങ്ങള്‍ ചീത്തവിളിക്കയും അധിക്ഷേപിക്കയും ചെയ്യും എന്ന്. അപ്പോഴാണ് ഈ സൂക്തം അവതരിച്ചത്. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.
മാന്യത, ഓരോരുത്തരെയും അവരുടെ വിശ്വാസത്തിനു വിടുന്നതാണ്. മറ്റൊരാളുടെ ശരീരത്തെയും രക്തത്തെയും സ്വത്തിനെയും അഭിമാനത്തെയും മാനിക്കുന്നതു പോലെ അവന്റെ ഉണ്‍മയുടെ ഭാഗമായ വിശ്വാസങ്ങളെയും മാനിക്കണം. അങ്ങനെ പറയുമ്പോള്‍ മതവും വിശ്വാസവുമെല്ലാം നിശ്ചലമായിപ്പോവുകയും താന്‍ തിരിച്ചറിഞ്ഞ സത്യങ്ങളെ മറ്റുള്ളവരിലേക്ക് പ്രബോധനം ചെയ്യുന്നതിനത് തടസ്സമാവുകയും ചെയ്യില്ലേ എന്ന ഒരു ക്രോസ് വിസ്താരം പ്രതീക്ഷിക്കുന്നത് തന്നെയാണ്. ഇവിടെ നാം പറഞ്ഞു വന്നതെല്ലാം മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കും വിധം ആക്രമിക്കുന്നതിനെ കുറിച്ചാണ്. ആരുടെ വിശ്വാസത്തെയും ഹനിക്കാതെ പ്രബോധനം ഇസ്‌ലാമില്‍ പ്രത്യേകിച്ചും സാധ്യമാണ്. നബി(സ)യും അനുയായികളും അത് പ്രകൃത്തിപഥത്തില്‍ കാണിച്ചു തന്നിട്ടുണ്ട്. അല്ലെങ്കിലും മതത്തിന്റെ കാര്യത്തില്‍ ഏത് ബലപ്രയോഗത്തെയും ഇസ്‌ലാം നിരാകരിക്കുന്നുണ്ടല്ലോ. നമ്മുടേതിനേക്കാള്‍ അതിശയകരമോ ആയുക്തികമോ ആയ വിശ്വാസങ്ങള്‍ക്കിടയിലാണല്ലോ വെറും കുറഞ്ഞ കാലത്തിനുള്ളില്‍ ഇസ്‌ലാം ആശയലോകം നട്ടതും വളര്‍ത്തിയെടുത്തതും. അവിടെ ആരെയെങ്കിലും വിശ്വാസപരമായി വേദനപ്പിച്ചിട്ടില്ല.
മുസ്‌ലിംകള്‍ ഈ മാന്യത പാലിക്കും. കാരണം മതപരമായ കാര്യങ്ങളില്‍ മതത്തോടുള്ള വിധേയത്വം അവരില്‍ ശക്തമാണ്. ഈ വിഷയത്തിലെ പ്രതികരണം പോലും അതു സൂചിപ്പിക്കുന്നുണ്ടല്ലോ. മറ്റുള്ളവരും പാലിച്ചേക്കാം. പക്ഷേ ഇപ്പോള്‍ പ്രവാചകന്റെ വ്യക്തിത്വത്തിനെതിരെ ഉണ്ടായ പ്രകോപനത്തിന്റെ മട്ടും മാതിരിയും നോക്കുമ്പോള്‍ അന്ധവും കഠിനവുമായ വിരോധമല്ലാതെ മറ്റൊന്നും അതിനു പിന്നിലില്ല എന്നത് വ്യക്തമാണ്. തുറന്ന പുസ്തകം പോലെ പ്രവാചകന്റെ ജീവിതം ഇത്രകാലം മുമ്പുള്ളതായിട്ടും അല്‍ഭുതകരമായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതില്‍ മൊത്തത്തില്‍ ഒരു വിഗഹ വീക്ഷണം നടത്താനുള്ള മനസ്സ് കാണിക്കുന്ന ആര്‍ക്കും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാം. നബി(സ)യുടെ ഭാര്യമാരുടെ പ്രായമാണെങ്കില്‍ അതും അങ്ങനെയാണ്. ഒരു ഭാര്യയുടെ പ്രായത്തിന്റെ കുറവ് എടുത്തു കാണിക്കുന്നവര്‍ മറ്റു വിവാഹങ്ങളുടെ പ്രായം പരിശോധിക്കുകയാണ് വേണ്ടത്. പ്രായക്കൂടുതലോ കുറവോ ഒട്ടും പരിഗണിക്കാത്തതായിരുന്നു ആ വിവാഹങ്ങള്‍. വിവാഹം നടക്കുമ്പോള്‍ ആദ്യ ഭാര്യയുടേത് നാല്‍പതും രണ്ടാമത്തെ ഭാര്യയുടേത് അറുപതിനു മുകളിലുമായിരുന്നു. അഞ്ചാമത്തെ വിവാഹം അന്ന് ശത്രുവായിരുന്ന അബൂ സുഫ്യാന്റെ മകളെയായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നബിയുടെ കല്യാണങ്ങളുടെ ലക്ഷ്യങ്ങള്‍ വെറും കാമമായിരുന്നില്ല എന്നാണ്.
ഒമ്പതാം വയസ്സില്‍ ഒപ്പം താമസിച്ചു തുടങ്ങിയതില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ക്ക് അതിനെ ആ കാലം നിരൂപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തോ എന്നോ അക്കാരണത്താല്‍ ആയിഷാ ബീവിക്ക് വല്ല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായോ എന്നോ ഒന്നും നോക്കാന്‍ ശ്രമിക്കാത്തത് വിഷയം ഗ്രഹിക്കലല്ല ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തലാണ് എന്ന് വിളിച്ചു പറയുന്നു. ഇപ്പോള്‍ ഈ കല്യാണപ്രായത്തിന്റെ കണക്കുകള്‍ പറയുന്നവര്‍ വെറും നൂറു കൊല്ലം മുമ്പ് മതം, രാഷ്ട്രം, സാമൂഹ്യസ്ഥാനം തുടങ്ങിയ ഭേതമേതുമില്ലാതെ ബാലവിവാഹങ്ങള്‍ നടത്തിയിരുന്നതിന്റെ കണക്കും കഥയും ബോധപൂര്‍വം വിഴുങ്ങുകയാണ്. ഇന്ത്യയില്‍ നടന്നിരുന്ന വിവാഹങ്ങളില്‍ 47 ശതമാനവും ബാലവിവാഹങ്ങളായിരുന്നു എന്ന യൂണിസെഫിന്റെ നിരീക്ഷണം പോലും കണ്ടില്ലെന്ന് നടിക്കുന്നത് അവരെ ബാധിച്ച മാനിയയുടെ തീവ്രത കാണിക്കുന്നു. ആ പട്ടിക നമ്മളും പറയുന്നില്ല. കാരണം അവരെയാരെങ്കിലും മാതൃകാപുരുഷന്‍മാരായി കാണുന്നവരെ അതു വേദനിപ്പിച്ചാലോ. അതിനാല്‍ ഓരോ വിശ്വാസികളെയും അവരുടെ വിശ്വാസത്തിന് വിട്ടു കൊടുക്കുന്നതാണ് ബുദ്ധിയും ശരിയും.