X

കസ്റ്റംസിന്റെ നിര്‍ണായക നീക്കം; ശിവശങ്കറിനെയും സ്വപ്‌നയെയും രണ്ടിടങ്ങളിലിരുത്തി ഒരേ സമയം ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്. സ്വപ്‌നയെയും ശിവശങ്കറിനെയും ഒരേ സമയം രണ്ടിടങ്ങളില്‍ ഇരുത്തി ചോദ്യം ചെയ്യുന്നു. സ്വപ്‌ന സുരേഷിനെ കാക്കനാട്ടെ ജയിലിലും എം ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ പത്തു മണിയോടെ ശിവശങ്കറിനോട് കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ തുടരുന്നതിനായി എത്താന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ പത്തിനു തന്നെ സ്വപ്നയെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കാക്കനാട്ടെ ജില്ലാ ജയിലിലുമെത്തി. സ്വപ്നയെ കൂടാതെ സരിതിനെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ഇന്നലെ പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈത്തപ്പഴം സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍. 11 മണിക്കൂര്‍ ചോദ്യം ചെയ്ത അദ്ദേഹത്തെ രാത്രി പത്തിനാണ് വിട്ടയച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെയും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

സ്വര്‍ണക്കടത്തു പ്രതികളായ സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. സ്വപ്‌നയുമായുള്ള പണമിടപാട് സംബന്ധിച്ച വാട്‌സപ്പ് ചാറ്റിങ് ഉള്‍പെടെ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും മാറി മാറി ഇരുത്തി ചോദ്യം ചെയ്യുന്നത് നിര്‍ണായകമായ നീക്കമാണെന്ന് സൂചനയുണ്ട്.

web desk 1: