Connect with us

kerala

ഡോളര്‍ കടത്ത്; സ്പീക്കറുടെ സുഹൃത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍

Published

on

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് നാസ് അബ്ദുല്ലയെയും ലഫീര്‍ മുഹമ്മദിനെയും കസ്റ്റംസ് ചോദ്യംചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. നാസ് അബ്ദുല്ല സ്പീക്കര്‍ക്ക് സിം കാര്‍ഡ് നല്‍കിയിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു.

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍. സ്പീക്കര്‍ ഉപയോഗിക്കുന്ന ഒരു സിം കാര്‍ഡ് നാസിന്റെ പേരില്‍ എടുത്തതാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വര്‍ണം പിടിച്ചെടുത്ത നാള്‍ മുതല്‍ ഈ സിം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.

മസ്‌കത്തിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീര്‍ മുഹമ്മദിന്റെ മൊഴി എടുക്കുന്നത്. ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സ്വപ്ന കോളേജില്‍ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോളേജിന്റെ പാര്‍ട്ടണര്‍മാരില്‍ ഒരാളായ ലഫീര്‍ മുഹമ്മദിനെ ചോദ്യം ചെയ്യുന്നത്. നിയമസഭ സമ്മേളനത്തിന് ശേഷം സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം. അടുത്തയാഴ്ച തന്നെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കും.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനാണ് തിരുവനന്തപുരം വിമാനത്താവളം വഴി ഒരു ലക്ഷത്തി തൊണ്ണൂരായായിരം അമേരിക്കന്‍ ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച് ദുബൈലേക്ക് കടത്തിയത്. ഡോളര്‍ കടത്ത് എന്തിനു വേണ്ടിയായിരുന്നു എന്നും ആര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും സ്വപ്നയും സരിത്തും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കോടതി വഴി രഹസ്യമൊഴിയായും കസ്റ്റംസ് രേഖപ്പെടുത്തി.

 

kerala

കൊടകര കുഴല്‍പ്പണക്കേസ്: ഉറവിടം അന്വേഷിക്കേണ്ടത് ആദായ നികുതി വകുപ്പ്; വിശദീകരണവുമായി ഇ.ഡി

Published

on

കൊടകര കുഴല്‍പ്പണക്കേസില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കുഴല്‍പ്പണത്തിന്റെ ഉറവിടം അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പെന്ന് വിശദീകരിച്ച് ഇ.ഡി. അതേസമയം കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരായ തെളിവുകള്‍ പൊലീസ് നല്‍കിയിട്ടില്ലെന്നുമാണ് ഇഡിയുടെ വാദം.

കവര്‍ച്ച നടന്നതിന് ശേഷം ആരൊക്കെ പണം കൈപ്പറ്റി, എന്തിന് വേണ്ടി ഉപയോഗിച്ചു, കള്ളപ്പണമായി മാറ്റിയോ, സ്വത്തുക്കള്‍ വാങ്ങാന്‍ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. ഈ അന്വേഷണത്തിലാണ് പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എന്നാല്‍ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നത് ഇ ഡിയുടെ പരിധിയില്‍ വരുന്നതല്ലെന്നും ആദായ നികുതി വകുപ്പാണ് അന്വേഷിക്കേണ്ടതെന്നും ഇ ഡി വ്യക്തമാക്കി. കവര്‍ച്ച നടന്നതിന് ശേഷം പണം കള്ളപ്പണമായി വെളുപ്പിച്ചോ എന്നതാണ് തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും ഇ ഡി പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസില്‍ കഴിഞ്ഞദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന കുറ്റപത്രം കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇഡി സമര്‍പ്പിച്ചത്. പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്നതിന് തെളിവില്ലെന്നാണ് കുറ്റപത്രത്തിലെ വാദം.

പണവുമായി ബിജെപിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ലെന്നും ഒരു വ്യവസായ ആവശ്യത്തിനായി കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന പണമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് കണ്ടെത്തലുകളും അന്വേഷണ റിപ്പോര്‍ട്ടും പൂര്‍ണമായും തള്ളുന്ന കുറ്റപത്രത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും പറയുന്നു.

2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ്, കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയില്‍ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. ഈ കേസില്‍ സ്ത്രീകളടക്കം 22 പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.

അതിനു ശേഷമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവിനായി ബിജെപിക്ക് വേണ്ടിയാണ് ഈ പണമെത്തിയതെന്ന ആരോപണം ഉയര്‍ന്നത്. പിന്നാലെ, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇഡി കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇഡി പ്രാഥമികാന്വേഷണം പോലും നടത്തുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ധര്‍മരാജിന്റെ മൊഴിയാണ് നിര്‍ണായകമായി മാറിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ധര്‍മരാജ് തന്നെ ഉറവിടം സംബന്ധിച്ച മൊഴി നല്‍കിയിട്ടുണ്ട്. ബിസിനസിന് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് മൊഴില്‍ നിന്ന് വ്യക്തമാണെന്നും ഇ ഡി പറയുന്നു.

 

 

Continue Reading

kerala

‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍, കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’; പിന്തുണയുമായി വി.ഡി. സതീശന്‍

തന്റെ ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെ കുറിച്ച് സുഹൃത്ത് താരതമ്യം ചെയ്‌തെന്നും ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഇത്തരം പരിഹാസം നേരിടേണ്ടി വരുന്നുണ്ടെന്നും ശാരദ കുറിച്ചിരുന്നു.

Published

on

നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി വി.ഡി. സതീശന്‍.

തന്റെ ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെ കുറിച്ച് സുഹൃത്ത് താരതമ്യം ചെയ്‌തെന്നും ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഇത്തരം പരിഹാസം നേരിടേണ്ടി വരുന്നുണ്ടെന്നും ശാരദ കുറിച്ചിരുന്നു. ശാരദ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണെന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’ -എന്നായിരുന്നു സതീശന്റെ പോസ്റ്റ്. അതേസമയം ശാരദ മുരളീധരനു പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവരുന്നത്.

കഴിഞ്ഞദിവസം തന്നെ കാണാനെത്തിയ ഒരു സുഹൃത്താണ് ഇത്തരത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതെന്ന് ശാരദ പറഞ്ഞിരുന്നു.

ശാരദയുടെ ഫേസ്ബുക്ക് കുറിപ്പില്‍നിന്ന്;

”ഇന്ന് രാവിലെ (ബുധനാഴ്ച) ഞാന്‍ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് ഞാന്‍ അസ്വസ്ഥനായി ഡിലീറ്റ് ചെയ്തു. ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് ഞാന്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്.

എന്തിനാണ് ഞാന്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്. അതേ, എന്റെ മനസിന് മുറിവേറ്റു. കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു.

തീവ്രമായ നിരാശയോടെ നാണക്കേട് തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയില്‍ കറുത്ത നിറമുള്ള ഒരാള്‍ എന്നു മുദ്ര ചാര്‍ത്തപ്പെടുന്നതിനെപ്പറ്റിയാണിത് (വനിതായായിരിക്കുക എന്ന നിശബ്ദമായ ഉപവ്യാഖ്യാനത്തിനൊപ്പം). കറുപ്പെന്നാല്‍ കറുപ്പ് എന്ന മട്ടില്‍. നിറമെന്ന നിലയില്‍ മാത്രമല്ലിത്.

കറുപ്പ് വെറുമൊരു നിറം മാത്രമല്ല, നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്റെ ഹൃദയത്തെ… പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുള്ള, മനുഷ്യകുലത്തിന് അറിയാവുന്ന ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പ്. എല്ലാവര്‍ക്കും ചേരുന്ന നിറപ്പൊരുത്തം. ഓഫിസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ ഉടയാടയഴക്, കണ്‍മഷിയുടെ കാതല്‍, മഴയുടെ വാഗ്ദാനം, എന്നിങ്ങനെ

നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, വീണ്ടും ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് എന്നെ വെളുത്ത നിറമുള്ള കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. നല്ല നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വര്‍ഷമായി ജീവിക്കുന്നത്.

കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്ടയായതില്‍ ഉള്‍പ്പെടെ ഇത്തരം വിശേഷണത്തില്‍ ജീവിച്ചതില്‍ എനിക്ക് പ്രായശ്ചിത്വം ചെയ്യേണ്ടതുണ്ട്.

കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവര്‍ക്ക് ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അതിസുന്ദരമാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു. ആ കറുപ്പ് മനോഹരമാണ്, കറുപ്പ് അതിമനോഹരമാണ് ”

 

 

 

Continue Reading

kerala

‘പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ചു’;ബിജെപി നേതാവ് വി.വി രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ. 

Published

on

തിരുവനന്തപുരം ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെതിരെ പോസ്റ്റർ പ്രതിഷേധം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിൻ്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്.

രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ.

തിരുവനന്തപുരം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും പണം പറ്റിയ വി.വി. രാജേഷ്, ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം. രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യമുണ്ട്.

തെരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക, രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക, രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെ പരിഗണിക്കാനിരിക്കെയാണ് ഈ വാർത്ത പുറത്തെത്തുന്നത്.

Continue Reading

Trending