Connect with us

kerala

ജി സുരേഷ് കുമാറിന് എതിരായ വിമര്‍ശനം; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു

Published

on

കോഴിക്കോട്: സിനിമ മേഖലയിലെ തർക്കത്തിൽ അവസാനം പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്‍റും നടനുമായ മോഹൻലാൽ. നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

നിർമാതാവ് ജി. സുരേഷ് കുമാറിന്‍റെ പരാമർശത്തിനുള്ള മറുപടിയായ നിർമാതാവും നടനുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ എഫ്.ബി പോസ്റ്റ് പങ്കുവെച്ചാണ് നിർമാതാക്കളും താരങ്ങളും തമ്മിലുള്ള തർക്കത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കിയത്.

നിർമാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ‘അമ്മ’ മുൻ ഭാരവാഹി ജയൻ ചേർത്തലയും നടൻ വിനായകനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരും സംവിധായകൻ വിനയനും രംഗത്ത് വന്നിരുന്നു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയിട്ട് താരസംഘടനയെയും താരങ്ങളെയും നിർമാതാക്കൾ അധിക്ഷേപിക്കുകയാണെന്ന് ജയൻ ചേർത്തല കുറ്റപ്പെടുത്തി.

അഭിനേതാക്കൾ പണിക്കാരെ പോലെ ഒതുങ്ങി നിൽക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോയിയേഷൻ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിർമാതാക്കൾക്ക് വേണ്ട. തീയറ്ററിൽ ആൾ കയറണമെങ്കിൽ താരങ്ങൾ വേണം. താരങ്ങളുടെ കച്ചവട മൂല്യങ്ങൾ ഉപയോഗിക്കുമ്പോൾ അവർ അർഹിക്കുന്ന പണം നൽകണം.

മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത അഭിനേതാക്കൾ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയത് ‘അമ്മ’ ആണ്. അമ്മ’ കടമായി നൽകിയ ഒരു കോടി രൂപയിൽ 40 ലക്ഷം നിർമാതാക്കളുടെ സംഘടന മടക്കി തരാനുണ്ടെന്നും ജയൻ ചേർത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.

അഭിനേതാക്കൾ സിനിമ നിർമിക്കേണ്ടയെന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്നാണ് സുരേഷ് കുമാറിന് വിനായകൻ മറുപടി നൽകിയത്. താൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുമെന്നും വിനായകൻ വ്യക്തമാക്കി.

മലയാളത്തിലെ സിനിമ നിർമാതാക്കൾ കടുത്ത പ്രതിസന്ധി​യെ അഭിമുഖീകരിക്കുകയാണെന്നും ഏറ്റവും വലിയ പ്രശ്‌നം നടീനടന്‍മാരുടെ പ്രതിഫലമാണെന്നുമാണ് നിർമാതാവ് സുരേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. 200 സിനിമകൾ ഇറങ്ങിയതിൽ 24 എണ്ണം മാത്രമാണ് ഓടിയത്. 176 ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു. 650 – 700 കോടിക്കിടയിലാണ് സിനിമ രംഗത്ത് കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ക്ക് സംഭവിച്ച നഷ്ടം.

പല നിര്‍മാതാക്കളും നാടുവിട്ടു പോകേണ്ട ഗതികേടിലാണ്. ഒരു രീതിയിലും ഒരു നിര്‍മാതാവിന് സിനിമയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മലയാള സിനിമ. ആർടിസ്റ്റുകൾ എന്നാണ് പടം നിർമിക്കാൻ തുടങ്ങിയത്. കോവിഡിനു മുമ്പ് ദിലീപും മോഹൻലാലും മാത്രമാണ് ഇവിടെ സിനിമ നിർമിച്ചിരുന്നത്. ബാക്കിയുള്ളവരെല്ലാം കോവിഡിനു ശേഷം ഒ.ടി.ടി പ്രചാരത്തിൽ വന്നതോടെയാണ് പ്രൊഡക്‌ഷൻ തുടങ്ങിയത്. എല്ലാം എനിക്ക് പോരട്ടെയെന്ന വിചാരമാണ് ഇതിന് പിന്നിലെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.

സുരേഷ് കുമാറിന്‍റെ പരാമർശത്തോട് രൂക്ഷ ഭാഷയിലാണ് ആന്‍റണി പെരുമ്പാർ പ്രതികരിച്ചത്. നിർമാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നാണ് ആന്‍റണി പെരുമ്പാവൂർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്.

ആന്‍റണി പെരുമ്പാവൂരിന്‍റെ കുറിപ്പ്:

എനിക്ക് പറയാനുള്ളത്…? കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ ശ്രീ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി ചിലതു പറയണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമദ്ദേഹത്തിനുണ്ട്. എന്നാല്‍, ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുകയാണ്.

ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ ശ്രീ സുരേഷ്‌കുമാര്‍ പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ട്.കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തന്‍തലമുറയെപ്പറ്റി കടുത്തഭാഷയില്‍ വിമര്‍ശിച്ചാല്‍ അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവര്‍ നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും അതു കേട്ടപ്പോള്‍ എനിക്കു തോന്നി. എതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ അദ്ദേഹം പെട്ടുപോയതാണോ എന്നും സംശയം തോന്നി. നൂറു കോടി ക്‌ളബില്‍ കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചതും കേട്ടു. സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്‌ളബുകളില്‍ കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇന്‍ഡസ്ട്രകളില്‍ നിലവിലെ രീതിയനുസരിച്ച് എന്റെ അറിവില്‍ മൊത്തം കളക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കിക്കന്നെയാണ്. തീയറ്ററില്‍ നിന്നു മൊത്തം വരുന്ന കളക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളില്‍ നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി ചേരുന്നതാണത്. നിര്‍മ്മാതാവിനുള്ള അറ്റാദായത്തെ വച്ചിട്ടല്ല അങ്ങനെയുള്ള വിലയിരുത്തലും വിശേഷണങ്ങളും. അത് ബോളിവുഡ്ഡിലും തമിഴിലും തെലുങ്കിലുമെല്ലാം അങ്ങനെതന്നെയാണുതാനും. അതിനെ നിര്‍മ്മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമര്‍ശിക്കുന്നതിന്റെ പൊരുള്‍ ദുരൂഹമാണ്. പിന്നെ, അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയിലുള്ളവരില്‍പ്പെട്ടവര്‍ തന്നെയാണല്ലോ ഇങ്ങനെ നൂറുകോടി ക്‌ളബിലും 200 കോടി ക്‌ളബിലും ഇടം നേടിയ വിശേഷണങ്ങള്‍ പ്രചരിപ്പിക്കുന്നതും. മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ക്ക് ചുരുങ്ങിയ നാള്‍ കൊണ്ട് അത്രയ്ക്കു കളക്ഷന്‍ കിട്ടു, അവ മറ്റുനാടുകളിലെ അതിലും വലിയ സിനിമകള്‍ക്കൊപ്പമെത്തുകയും ചെയ്യുന്നതില്‍ സന്തോഷിക്കുകയും ആ സന്തോഷം പങ്കിടുകയും ചെയ്യുന്നതില്‍ അപാകതയില്ലെന്നാണ് എന്റെ അഭിപ്രായം. അതിനെയൊക്കെ ചോദ്യം ചെയ്തും അധിക്ഷേപിച്ചും അപരാധമെന്നോണം വ്യാഖ്യാനിച്ചും ശ്രീ സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ചേതോവികാരവും അവ്യക്തമാണ്.

സംഘടനയുടെ പ്രസിഡന്റായിരിക്കെ ശ്‌ളാഘനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ കഴിവുറ്റ ഒരാളാണ് ശ്രീ സുരേഷ്‌കുമാര്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, സുഹൃത്തും നിര്‍മ്മാതാവുമായ ശ്രീ ആന്റോ ജോസഫ് പ്രസിഡന്റായിരിക്കെ, ശ്രീ സുരേഷ്‌കുമാര്‍ ഇങ്ങനെ സഹജീവികള്‍ക്കെതിരേയും സ്വന്തം വ്യവസായത്തിനെതിരേയുമുള്ള ആരോപണങ്ങളുമായി മുന്നോട്ടുവന്നതെന്തുകൊണ്ട്, എങ്ങനെ എന്നു മനസിലാവുന്നില്ല. അവരൊന്നും ഇതേപ്പറ്റി യാതൊന്നും പറഞ്ഞതായി കേട്ടില്ല. ശ്രീ സുരേഷ്‌കുമാറിന്റേത് സംഘടനയുടെ ഭാഷ്യമാണെങ്കില്‍ ശ്രീ ആന്റോ ജോസഫിനെപ്പോലുള്ളവരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവരേണ്ടതായിരുന്നില്ലേ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ തെറ്റില്ല. സംഘടനയിലെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി പറയാന്‍ ഞാനളല്ല. പക്ഷേ ശ്രീ ആന്റോയെ പോലുള്ളവരുടെ മൗനത്തില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത് അവര്‍ക്കും ശ്രീ സുരേഷ്‌കുമാര്‍ പറഞ്ഞ കാര്യങ്ങളോടും രീതിയോടും അഭിപ്രായവ്യത്യാസമുണ്ടായിരിക്കുമെന്നാണ്. ഇതൊക്കെ സംഘടനയുടെ തീരുമാനങ്ങളാണെങ്കില്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ദീര്‍ഘകാല അംഗമായ ഞാനടക്കമുള്ളവര്‍ അത്തരം നിര്‍ണായകമായ തീരുമാനങ്ങളെപ്പറ്റി അറിയേണ്ടതാണ്. കാലാകാലങ്ങളില്‍ പിന്തുടരുന്ന സംഘടാനതല കീഴ് വഴക്കമതാണ്. അത്തരത്തില്‍ ചര്‍ച്ചചെയ്ത് ഭിന്നസ്വരങ്ങള്‍ കൂടി കണക്കിലെടുത്തും അഭിപ്രായസമന്വയമുണ്ടാക്കിയും മുന്നോട്ടു പോവുക എന്നതാണ് ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും കാതല്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത്. ഇവിടെ സിനിമ പോലൊരു വ്യവസായം ഇങ്ങനെ അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന മട്ടിലൊക്കെ പറഞ്ഞാല്‍ ആരാണ് പിന്തുണയ്‌ക്കെത്തുക? അതൊന്നുമോര്‍ക്കാതെ അദ്ദേഹം ഇവ്വിധം ആരോപണങ്ങളുയര്‍ത്താന്‍ തയാറായതെന്തുകൊണ്ട് എന്നാണറിയാത്തത്. ഞാനൊക്കെ ഏറെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നിര്‍മ്മാതാവാണ് ശ്രീ സുരേഷ്‌കുമാര്‍. അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരത്തില്‍ ബാലിശമായി പെരുമാറുമ്പോള്‍, അദ്ദേഹത്തിന് എന്തു പറ്റി എന്നാണ് മനസിലാക്കാനാവാത്തത്. ഭാവിയിലെങ്കിലും ഇത്തരം അനാവശ്യമായ ആരോപണങ്ങളുമായി മുന്നോട്ടുവരുമ്പോള്‍ അദ്ദേഹം ഒരുവട്ടം കൂടി ഒന്നാലോചിക്കണമെന്നു മാത്രമാണ് എനിക്കപേക്ഷിക്കാനുള്ളത്.

ഇത്രയും സംഘടനാപരമായിട്ടുള്ളത്. ഇനി വ്യക്തിപരമായ ചിലതു കൂടി. ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്‌ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

എംപുരാനെപ്പറ്റി പറയുകയാണെങ്കില്‍, വന്‍ മുടക്കുമതലില്‍ നിര്‍മ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്‍ക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്‌നം കണ്ടുകൊണ്ടാണ് ആശിര്‍വാദിന്റെ പരിശ്രമം എന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി അത്രമേല്‍ അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവര്‍ത്തകര്‍. ലാല്‍സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്.ലൈക പോലൊരു വന്‍ നിര്‍മ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്‌നം മുന്നോട്ടു കൊണ്ടുപോകുന്നത്. പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് ആര്‍ട്ടിസ്റ്റുകളും സാങ്കേതികവിദഗ്ധരുമടക്കമുള്ള ഒരു വലിയസംഘം അതിനു പിന്നില്‍ അഹോരാത്രം പണിയെടുക്കുന്നത്. നമ്മുടെ ഭാഷയില്‍ നിന്ന് ബഹുഭാഷാ വിജയം കൈയാളുന്ന വന്‍ ക്യാന്‍വാസിലുളെളാരു ചിത്രമാക്കി ഇതിനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടിയാണിതെല്ലാം. അത്തരം ഒരു സംരംഭത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അകമഴിഞ്ഞു പിന്തുണയ്‌ക്കേണ്ടതിനു പകരം, അതിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നു എന്നത് വളരെ നിരാശയും സങ്കടവും നല്‍കുന്ന കാര്യമാണ്. അതിന്റെ ചെലവെത്രയെന്ന് അറിഞ്ഞൂകൂടാത്ത ശ്രീ സുരേഷ് കുമാര്‍ സാറിന് ഇത്ര ആധികാരികമായി അതേപ്പറ്റിയൊക്കെ എങ്ങനെ പറയാനായി എന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസിലാവുന്നില്ല. നിര്‍മ്മാണപൂര്‍വ പ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തിലുള്ള ഒരു സിനിമയാണതെന്നു കൂടി ഓര്‍ക്കണം.

ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് ശ്രീ സുരേഷ് കുമാര്‍ സ്വന്തം ഭാഷാ സിനിമകളെപ്പറ്റി രൂക്ഷമായഭാഷയില്‍ അനഭിലഷണീയമായ ശൈലിയില്‍ വിമര്‍ശിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ലോകാസമ്പത്തികമാധ്യമങ്ങള്‍ വരെ ആഘോഷിച്ചതാണ് മലയാള സിനിമ നേടിയ വിജയത്തിന്റെ കണക്കുകള്‍. മികച്ച ഉള്ളടക്കത്തിന്റെ പേരില്‍ അന്യഭാഷാ സിനിമാക്കാരും പ്രേക്ഷകരും വരെ നമ്മുടെ സിനിമയെ ഉറ്റുനോക്കുകയും നമ്മുടെ തീയറ്ററുകളെല്ലാം പരീക്ഷാക്കാലത്തും വ്രതക്കാലത്തുമൊക്കെ നിറഞ്ഞുകവിഞ്ഞതും കഴിഞ്ഞവര്‍ഷം നാം നേരിലറിഞ്ഞതാണ്. ഉയര്‍ച്ചതാഴ്ചകളും വിജയപരാജയങ്ങളും സിനിമയുണ്ടായ കാലം മുതല്‍ സംഭവിക്കുന്നതാണ്. പുതുവര്‍ഷം പിറന്ന് ഒരു മാസമാവുന്നതിനു മുമ്പ് ആ മാസത്തെ വരവിനെ മാത്രം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് സിനിമാമേഖലയെ ഒട്ടാകെ വിമര്‍ശിക്കാന്‍ ഒരുമ്പെട്ടത് തീര്‍ച്ചയായും ആരോഗ്യകരമായ, പക്വമായ ഒരിടപെടലായി എനിക്കനുഭവപ്പെടുന്നില്ല, അതും അദ്ദേഹത്തേപ്പോലെ ലബ്ധപ്രതിഷ്ഠനായൊരു നിര്‍മ്മാതാവില്‍ നിന്ന്. സിനിമയില്‍ എല്ലാവര്‍ക്കും വിജയിക്കാനായിട്ടില്ല. പലര്‍ക്കും അതില്‍ നിന്ന് തിരിച്ചടികളുണ്ടായിട്ടുണ്ട്. അതൊക്കെ പരമാര്‍ത്ഥങ്ങളാണ്. അവ അവതരിപ്പിക്കപ്പെടേണ്ടതും അഭിസംബോധനചെയ്യപ്പെടേണ്ടതും തന്നെയാണെന്നതിലും തര്‍ക്കമില്ല. പക്ഷേ അപ്പോഴും ആ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കുറേക്കൂടി പക്വവും നിഷ്പക്ഷവുമായൊരു ശൈലി സ്വീകരിക്കണമായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇത് എന്റെ മാത്രം അഭിപ്രായമാണ്.

തീയറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്. അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കേണ്ടതുണ്ട് എന്നു മാത്രം പറയട്ടെ. സംഘടനയിലും പുറത്തും തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണ്. എന്നാല്‍ ആ തെറ്റുകള്‍ തിരുത്തിക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്തം സംഘടനാഭാരവാഹികള്‍ക്കുണ്ട് എന്നു ഞാന്‍ കരുതുന്നു.അത്തരത്തിലൊരു ശ്രമം ശ്രീ ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളില്‍ നിന്നുണ്ടാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവതി ജോലി ചെയ്യുന്ന ബാങ്കില്‍ എത്തിയാണ് ആക്രമണം നടത്തിയത്

തളിപ്പറമ്പ് പൂവ്വത്ത് ഇന്ന് വൈകിട്ടോടെയാണ് സംഭവം

Published

on

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എസ്ബിഐ പൂവ്വം ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന അലക്കോട് അരങ്ങം സ്വദേശി അനുപമയെ ബാങ്കില്‍ എത്തിയാണ് ഭര്‍ത്താവ് അനുരൂപ് ആക്രമിച്ചത്. തളിപ്പറമ്പ് പൂവ്വത്ത് ഇന്ന് വൈകിട്ടോടെയാണ് സംഭവം.

ബാങ്കില്‍ എത്തിയ അനുരൂപ് വാക്കു തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ച് അനുപമയെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ അനുപമയ്ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലപ്രയോഗത്തിനിടെ നാട്ടുകാര്‍ അനുരൂപിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

നിരാഹാര സമരമിരിക്കുന്ന ആശമാര്‍ക്ക് പിന്തുണ; ഐക്യദാര്‍ഢ്യമാര്‍ച്ചുമായി പ്രതിപക്ഷം

രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലേക്കാണ് പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎല്‍മാരും മാര്‍ച്ച് നടത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹാര സമരമിരിക്കുന്ന ആശമാര്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യമാര്‍ച്ച് നടത്തി പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎല്‍മാരും. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലേക്കാണ് ആശമാര്‍ക്ക് ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിപക്ഷം മാര്‍ച്ച് നടത്തിയത്. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ ആശമാരുടെ കൂടെയുണ്ടാകുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

‘സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ച ആശമാരെ പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് പിണറായി സര്‍ക്കാര്‍ നോക്കിക്കാണുന്നത്. തങ്ങള്‍ ഇന്ന് ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടേയുമൊക്കെ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ സമരത്തെ സര്‍ക്കാര്‍ പരിഹസിക്കുകയാണ്. അതുകൊണ്ടാണ് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് തങ്ങള്‍ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ ഇറങ്ങിയത്. ഇനിയും ചര്‍ച്ചകള്‍ നടക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ തരേണ്ടത് അവരും തരണം’- വിഡി സതീശന്‍ പറഞ്ഞു.

യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടത്തിന്റെ ഭാഗമാണ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനമെന്നും സതീശന്‍ വ്യക്തമാക്കി. നേരത്തെയും ആശാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും സമരപ്പന്തലില്‍ എത്തിയിരുന്നു.

Continue Reading

kerala

കെ.ഇ.ഇസ്മയിലിന് സസ്‌പെന്‍ഷന്‍; പി. രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി

. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.

Published

on

മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പി. രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി നടപടി.

്അതേസമയം സംഭവത്തില്‍ കെ ഇ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. കെ ഇ ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാനുള്ള തീരുമാനം.

മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇസ്മയില്‍ നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

പി രാജുവിന്റെ മരണത്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനായി വെക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അത്സമയം പി രാജുവിന്റെ കുടുംബത്തിന്റെ പരാതികളില്‍ കഴമ്പുണ്ടെന്ന് കാണിക്കുന്ന പ്രതികരണമായിരുന്നു കെ ഇ ഇസ്മയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

 

Continue Reading

Trending