Connect with us

crime

മരുന്നു വാങ്ങാൻ പോലും പണമില്ല; കെഎസ്ആർടിസി മുൻ ജീവനക്കാരൻ ജീവനൊടുക്കി; പെൻഷൻ വൈകുന്നതിന്റെ വിഷമത്താലെന്നു ബന്ധുക്കൾ

Published

on

വിരമിച്ച കെഎസ്ആർടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് പെൻഷൻ വൈകുന്നതിന്റെ മനോവിഷമത്താലെന്നു ബന്ധുക്കൾ. പെരിന്തൽമണ്ണ പുത്തൂർവീട്ടിൽ രാമനെയാണ് (78) തിങ്കളാഴ്ച വീടിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ശാരീരികാസ്വാസ്ഥ്യം കാരണമുള്ള മനോവിഷമം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ഇത് തിരുത്തണമെന്നും പെൻഷൻ ലഭിക്കാത്തതിനാൽ മരുന്നു വാങ്ങാനാവാത്തതിന്റെ മനോവിഷമമെന്ന് ചേർക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

മരിക്കുന്നതിന് തലേന്നും പെൻഷൻ ലഭിക്കാത്തതിലുള്ള ആശങ്ക രാമൻ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. 20ന് രാവിലെ ഒൻപതോടെ മുൻ സഹപ്രവർത്തകനെ വിളിച്ച്, പെൻഷൻ എപ്പോൾ ലഭിക്കുമെന്ന് അന്വേഷിച്ചു. അടുത്തയാഴ്ചയേ ലഭിക്കാനിടയുള്ളൂ എന്ന് മറുപടി ലഭിച്ചതോടെ നിരാശനായി വീടിന്റെ ഉമ്മറത്ത് കിടക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ഒരു മണിക്കൂറിനു ശേഷമാണ് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

3 വർഷം മുൻപ് വാഹനാപകടത്തിൽ പരുക്കേറ്റ രാമന്റെ കാലിൽ സങ്കീർണമായ ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ വർഷം വീഴ്‌ചയിൽ തുടയെല്ല് പൊട്ടിയതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. ഊന്നുവടിയുടെ സഹായത്തോടെയാണു നടന്നിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. വലിയൊരു തുക ഓരോ ദിവസവും മരുന്നിന് ആവശ്യമായി വന്നിരുന്നു. മരിച്ചനിലയിൽ  കാണപ്പെടുന്നതിന് 12 ദിവസം മുൻപ് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമനെ ആൻജിയോപ്ലാസ്റ്റി നിർദേശിച്ച് ഒരാഴ്ചയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു. എന്നാൽ, പണമില്ലാത്തതിനാൽ ചെയ്യാനായില്ല. അതിന്റേതായ ബുദ്ധിമുട്ടുകളും രാമനുണ്ടായിരുന്നു.

3 സെന്റ് സ്ഥലത്തെ കൊച്ചു വീട്ടിൽ രാമനും ഭാര്യയും മാത്രമാണ് താമസം. മക്കൾ മാറിത്താമസിക്കുകയാണ്. പെൻഷൻ തുക കൊണ്ടാണ് മരുന്നുൾപ്പെടെ ചെലവുകളെല്ലാം നടത്തിയിരുന്നത്. ഏഴാം തീയതിക്കുള്ളിൽ ലഭിക്കേണ്ട പെൻഷൻ 20 ആയിട്ടും ലഭിക്കാതായതോടെ മരുന്നു വാങ്ങാൻ പണമില്ലാത്തതിന്റെ വിഷമത്തിലാണ് രാമൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ.

crime

ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചുള്ള ലഹരിക്കടത്ത്: രണ്ടു യുവാക്കള്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് എംഡിഎംഎയും രണ്ടു കിലോ കഞ്ചാവും ഒളിപ്പിച്ചിരുന്നത്.

Published

on

ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ വയനാട്ടില്‍ പിടിയില്‍. മലപ്പുറം സ്വദേശികളെയാണ് എക്സൈസ് സംഘം പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് എംഡിഎംഎയും രണ്ടു കിലോ കഞ്ചാവും ഒളിപ്പിച്ചിരുന്നത്.

എക്സൈസ് സംഘം സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ബാഗേജ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വന്ന എ വണ്‍ ടൂറിസ്റ്റ് ബസിന്റെ അടിയിലെ പ്രത്യേക അറയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വെച്ച കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ നിന്നും ജിപിഎസ് സംവിധാനവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

വിശദമായ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം സ്വദേശികളായ സ്വാലിഹ്, അബ്ദുള്‍ ഖാദര്‍ എന്നിവരെ എക്സൈസ് സംഘം വീടു വളഞ്ഞ് പിടികൂടിയത്. സ്വാലിഹ് മയക്കുമരുന്ന് കര്‍ണാടകയില്‍ നിന്നും മയക്കുമരുന്ന് അബ്ദുള്‍ ഖാദറിന്റെ പേരില്‍ മലപ്പുറത്തേക്ക് അയക്കുകയായിരുന്നു. മറ്റൊരു ബസില്‍ സ്വാലിഹ് ഇവിടെയെത്തി മയക്കുമരുന്ന് കൈപ്പറ്റാന്‍ കാത്തു നില്‍ക്കുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു.

Continue Reading

crime

ഹാപ്പി ന്യൂയര്‍ നേര്‍ന്നില്ല; യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി

ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്.

Published

on

മുള്ളൂർക്കരയിൽ പുതുവത്സരാശംസ നേരാത്തതിന് കാപ്പ കേസ് പ്രതി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹമാസകലെ 24 തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണു യുവാവിനെ കുത്തിയത്. കാപ്പ ചുമത്തപ്പെട്ടയാളാണ്. ന്യൂ ഇയർ ആശംസ പറയാത്തതാണ് ആക്രമണത്തിലേക്കു നയിച്ചത്. ബസ് സ്റ്റോപ്പിൽ ഒപ്പമുണ്ടായിരുന്നവരെ ആശംസിച്ച യുവാവ് പ്രതിക്ക് ആശംസ നേരാതിരുന്നതാണു പ്രകോപിപ്പിച്ചതെന്നാണു വിവരം.

Continue Reading

crime

ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്

ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

on

ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി മൈക്കില്‍ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങള്‍ ചൊല്ലിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്. ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മേഘാലയയിലെ ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ മാവ്‌ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയില്‍ കയറിയാണ് യുവാവ് ജയ് ശ്രീറാം അടക്കമുള്ള നാമങ്ങള്‍ ചൊല്ലിയത്. ആകാശിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലെ അള്‍ത്താരയില്‍ കയറിയ ആകാശ്, മൈക്കിന് മുന്‍പില്‍ ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് ഇടയ്ക്കിടെ ചൊല്ലുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ ഭക്തിഗാനങ്ങള്‍ വക്രീകരിച്ച് പാടുകയും ചെയ്യുന്നുണ്ട്.

ഷില്ലോങ്ങിലെ ഒരു ആക്ടിവിസ്റ്റ് ആണ് ആകാശിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇത് പ്രകാരം ആകാശിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ജയ് ശ്രീ റാം വിളിച്ചതിനാണോ തനിക്കെതിരെ കേസ് എടുത്തതെന്ന് ചോദിച്ച ആകാശ്, തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തന്റെ വിമര്‍ശകരാണെന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് ചെയ്തത്.

Continue Reading

Trending