Connect with us

kerala

സി.പി.എമ്മിന്റെ കാഫിര്‍ പ്രയോഗം ഫലിച്ചില്ല; കടത്തനാടന്‍ മണ്ണില്‍ ഷാഫി തന്നെ

വടകരയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നായിരുന്നു ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്.

Published

on

സി.പി.എം അക്ഷരാര്‍ത്ഥത്തില്‍ പതിനെട്ടടവും പ്രയോഗിച്ച കടത്തനാടിന്റെ കളരിത്തട്ടില്‍ ഒടുവില്‍ വിജയം ഷാഫി പറമ്പിലിനൊപ്പം. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫിയുടെ ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയാണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി ആര്‍ പ്രഫുല്‍കൃഷ്ണന്‍ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ വടകരയില്‍ സിപിഎമ്മിലെ പി ജയരാജനെതിരെ 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി എത്തിയ കെ മുരളീധരന്‍ വിജയിച്ചത്.

കഴിഞ്ഞ തവണത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ പരാജയം സിപിഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. പി ജയരാജന് ടി പി വധം, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പങ്കുണ്ടെന്ന യുഡിഎഫ് പ്രചാരണം ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍, ഇക്കുറി ശൈലജയെ രംഗത്തിറക്കി വടകര തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലായിരുന്നു പാര്‍ട്ടിക്ക്. സിപിഐഎമ്മിന്റെ ആ നീക്കവും പാളിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷവും സൈബര്‍ ഇടത്തിലെ വാദപ്രതിവാദങ്ങളില്‍ വടകര തിരഞ്ഞെടുപ്പ് ഗോഥയില്‍ സജീവ ചര്‍ച്ചയായിരന്നു. വടകരയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നായിരുന്നു ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്.

2019ല്‍ പി ജയരാജനെ നേരിടാന്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും കെ മുരളീധരന്‍ എത്തിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ കൂടുതല്‍ ആവേശത്തിരയിളക്കം യുഡിഎഫ് കേന്ദ്രങ്ങളില്‍ വിശേഷിച്ച് ലീഗ് കേന്ദ്രങ്ങളില്‍ ഉണ്ടാക്കാന്‍ ഷാഫിക്ക് സാധിച്ചിരുന്നു. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ സിറ്റിങ്ങ് എംപിയായ കെ മുരളീധരന്‍ തൃശ്ശൂരിലേക്ക് മാറിയപ്പോഴാണ് ഷാഫിക്ക് വടകരയില്‍ നറുക്ക് വീണത്. അക്രമ രാഷ്ട്രീയവും ടി പി രക്തസാക്ഷിത്വവും ഇക്കുറിയും പതിവുപോലെ യുഡിഎഫ് വടകരയുടെ തിരഞ്ഞെടുപ്പ് ഗോഥയില്‍ ചര്‍ച്ചയായിരുന്നു.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ കെ ശൈലജ നേടിയ ജനപ്രീതി മണ്ഡലത്തില്‍ തുണയ്ക്കുമെന്നതും സിപിഐഎം പരിഗണിച്ചിരുന്നു. കെ കെ ശൈലജയുടെ ജനപ്രീതി തന്നെയായിരുന്നു സിപിഎം പ്രചാരണത്തിന്റെ പ്രധാന കുന്തമുന. എന്നാല്‍ സഭയിലും പുറത്തും യുവത്വത്തിന്റെ ശബ്ദമാണ് ഷാഫി പറമ്പില്‍. സമരങ്ങളില്‍ സമരസപ്പെടാത്ത, യുവജനങ്ങളുടെ പ്രിയനേതാവുമായിരുന്നു. ഈ പ്രതിച്ഛായ കൃത്യമായി ഉപയോഗിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണ നീക്കം. ഇതു വിജയം കണ്ടു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

2004ലാണ് ഏറ്റവും ഒടുവില്‍ ഇടതുമുന്നണി വടകരയില്‍ വിജയം കുറിച്ചത്. 2009ല്‍ യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ 56,186 വോട്ടുകളുടെ ഭൂരിപക്ഷവുമായി ജയിച്ചു. 80.40 ശതമാനമായിരുന്നു 2009ലെ പോളിങ്ങ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 81.37 ശതമാനം വോട്ടുകള്‍ പിറന്നപ്പോള്‍ 3,306 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന് നേടാനായത്. അന്ന് എ എന്‍ ഷംസീറായിരുന്നു ഇടത് സ്ഥാനാര്‍ഥി.

82.67 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2019ല്‍ യുഡിഎഫിന്റെ കെ മുരളീധരന്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വടകരയില്‍ വിജയിച്ച് കയറിയത്. നിലവില്‍ പാലക്കാട് എംഎല്‍എയായ ഷാഫി പറമ്പില്‍ കോണ്‍ഗ്രസിന്റെ ശക്തനായ യുവജന നേതാക്കളിലൊരാളാണ്. 2011 മുതല്‍ പാലക്കാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 2020മുതല്‍ 2023 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. 2011, 2016 വര്‍ഷങ്ങളില്‍ രണ്ട് തവണയായി പാലക്കാട് നിയമസഭാംഗമായി.

2007ല്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2009ല്‍ സംസ്ഥാന പ്രസിഡന്റുമായി ചുമതലയേറ്റിരുന്നു. 2017-2018 കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂര്‍ വില്ലേജില്‍ ഷാനവാസ്, മൈമൂന ദമ്പതികളുടെ മകനായി 1983 ഫെബ്രുവരി 12നാണ് ജനനം. പട്ടാമ്പി ഗവ. കോളേജില്‍ നിന്ന് ബിരുദ പഠനവും പിന്നീട് എംബിഎ പഠനവും പൂര്‍ത്തിയാക്കി. അഷീല അലിയാണ് ഭാര്യ.

 

 

kerala

സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സര്‍വീസ് സംഘടനക്കെതിരെ വിമര്‍ശനവുമായി ഏരിയാ കമ്മിറ്റി അംഗം രംഗത്ത്

സര്‍വീസ് കാലയളവ് മുഴുവന്‍ സിപിഎം അനുകൂല സംഘടനയുടെ പ്രവര്‍ത്തകയായിരുന്നിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരു വര്‍ഷവും എട്ട് മാസവും മാത്രമാണ് പുഷ്പജക്ക് സെക്രട്ടേറിയറ്റിനുള്ളില്‍ ഇരിക്കാനായതെന്ന് മധു പറഞ്ഞു

Published

on

സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സര്‍വീസ് സംഘടനാ നേതാക്കള്‍ക്കെതിരെ രംഗത്തെത്തി നെടുമങ്ങാട് ഏരിയാ കമ്മിറ്റി അംഗവും നെടുമങ്ങാട് മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ ആര്‍. മധു. മധുവിന്റെ ഭാര്യയും ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന പുഷ്പജ ഏപ്രില്‍ 26നാണ് തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്ന് സീനിയര്‍ ഫിനാന്‍സ് ഓഫീസറായി വിരമിച്ചത്. സര്‍വീസ് കാലയളവ് മുഴുവന്‍ സിപിഎം അനുകൂല സംഘടനയുടെ പ്രവര്‍ത്തകയായിരുന്നിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരു വര്‍ഷവും എട്ട് മാസവും മാത്രമാണ് പുഷ്പജക്ക് സെക്രട്ടേറിയറ്റിനുള്ളില്‍ ഇരിക്കാനായതെന്ന് മധു പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ?

ഞാന്‍ നിലവില്‍ CPM നെടുമങ്ങാട് ഏര്യാ കമ്മിറ്റി അംഗമാണ്. ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ എന്റെ ഭാര്യ പുഷ്പജMG ഇരുപത്തി ആറര വര്‍ഷത്തെ സേവനത്തിന് ശേഷം തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നും സീനിയര്‍ ഫിനാന്‍സ് ആഫീസറായി ഇന്ന് (30/4/25 ) വിരമിക്കുന്നു.

ഞാന്‍ CPM കാരനായത് കൊണ്ട് തന്നെ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ ആണ് പുഷ്പജ കഴിഞ്ഞ 2 വര്‍ഷം മുന്‍പ് വരെ അംഗമായിരുന്നത്. ഇപ്പോള്‍ അംഗത്വം പുതിക്കിയില്ല. മറ്റ് സംഘടനയില്‍ ചേര്‍ന്നതുമില്ല. മറ്റ് പലരും സെക്രട്ടറിയറ്റില്‍ ചെയ്യുന്നത് പോലെ ഭരിക്കുന്നതാരെന്നതിനനുസരിച്ച് സംഘടന മാറാതിരുന്നതിന്റെ ദുര്യോഗം ഏറെ അനുഭവിച്ചാണ് ഇന്ന് പടിയിറങ്ങുന്നത്. 2 മാസം മുന്‍പ് വീണ്ടും KSEA മെമ്പര്‍ഷിപ്പ് എടുക്കുന്നതിന് ആവശ്യപ്പെട്ടിരുന്നു. അവര്‍ ചെയ്ത് കൊടുത്ത സേവനങ്ങള്‍ അക്കമിട്ട് നിരത്തി നിരസിച്ചുവെന്നാണ് പുഷ്പജ പറഞ്ഞത്. സര്‍വീസില്‍ നിന്നും വിരമിക്കുന്നവരുടെ പേര് ചേര്‍ത്ത് അടിക്കുന്ന സംഘടന നോട്ടീസില്‍ പേര് വയ്കരുതെന്നും പറഞ്ഞുവത്രെ. അതെന്തായാലും അവര്‍ പാലിച്ചു. പുഷ്പജ

സെക്രട്ടറിയറ്റ് സര്‍വീസില്‍ കയറിയ പ്രബേഷന്‍ പീര്യേഡിലാണ് 2002 ലെ ജീവനക്കാരുടെ അനിശ്ചിത കാലപണിമുടക്ക്. ഞാന്‍ CPM നഗരസഭ ചെയര്‍മാന്‍ ആയിരുന്ന കാലമായിരുന്നത് കൊണ്ട് തന്നെ പിരിച്ച് വിടല്‍ ഭീഷണി ഉണ്ടായിട്ടും 32 ദിവസവും പുഷ്പജ പണിമുടക്കി. തുടര്‍ന്ന് സര്‍വീസ് കാലത്തിനിടയില്‍ വന്ന KSEA പങ്കാളിയായ എല്ലാ പണിമുടക്ക് സമരങ്ങളിലും പങ്കെടുത്തു.. മറ്റ് പലരും ചെയ്യുന്ന പോലെ ബസ് ലഭിച്ചില്ലായെന്നും മറ്റും ഡിക്ലറേഷന്‍ നല്കി ഡൈസ് നോണില്‍ നിന്നും ഒഴിവായതുമില്ല. അവസാനത്തെ 2 സമ്മേളനങ്ങള്‍ ഒഴികെ കോട്ടയം ഡെപ്യൂട്ടേഷന്‍ കാലത്തൊഴികെയുള്ള എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തു. ഒരു പണിമുടക്കില്‍ ധനകാര്യ വകുപ്പില്‍ നിന്നും പണിമുടക്കിയ അണ്ടര്‍ സെക്രട്ടറിമാരുടെ പട്ടിക നോട്ടീസ് ബോര്‍ഡില്‍ ഇട്ടപ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഏക വനിത പുഷ്പജയായിരുന്നു.

KSEA ആവശ്യപ്പെട്ട ഫണ്ട് എപ്പോഴും വിമുഖത കൂടാതെ നല്കി. ഇത് ചില വര്‍ഷങ്ങളില്‍ 50,000 വരെയായിട്ടുണ്ട്. ഒരു ദേശാഭിമാനി വീട്ടില്‍ ഉള്ളപ്പോള്‍ തന്നെ അവര്‍ ആവശ്യപ്പെട്ട പ്രകാരം വീണ്ടും ദേശാഭിമാനി എടുത്തിട്ടുണ്ട്. ഞാനിതൊക്കെ സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങള്‍ ഒന്നും KSEA യ്ക് ബാധകമല്ലെന്നതിനാലാണ്.

എന്നാല്‍ UDF ഭരണകാലത്ത് അവര്‍ വേണ്ട വിധം ഇക്കാര്യം പരിഗണിച്ചിട്ടുണ്ട്. AO ആയപ്പോള്‍ കൂടെ പ്രമോഷനായവരില്‍ ധനകാര്യ വകുപ്പിന് പുറത്ത് പോകേണ്ടി വന്ന ഏക ആള്‍ പുഷ്പജയായിരുന്നു. തുടര്‍ന്ന് UDF ഭരണത്തില്‍ ഏറെക്കുറെ മുഴുവന്‍ കാലവും സെക്രട്ടറിയറ്റിന് പുറത്തായിരുന്നു. എന്തിന് UDF നിയന്ത്രണത്തിലുള്ള സെക്രട്ടറിയറ്റ് ഹൗസിംഗ് സൊസൈറ്റിയില്‍ പോലും അംഗത്വം നല്കിയില്ല.അതില്‍ പരാതിയില്ല. UDF സര്‍ക്കാര്‍ ആണല്ലോ!

എന്നാല്‍ 2016 ല്‍ LDF സര്‍ക്കാര്‍ വന്നിട്ടും സെകട്ടറിയറ്റിന് അകത്ത് പോസ്റ്റിംഗ് കിട്ടിയത് വീണ്ടും 4 വര്‍ഷം കഴിഞ്ഞിട്ടാണ്. അകത്ത് വേണമെന്ന് എങ്ങും ശുപാര്‍ശ നടത്തിയതുമില്ല. കഴിഞ്ഞ 9 വര്‍ഷത്തെ LDF ഭരണത്തില്‍ ഞാന്‍പാര്‍ട്ടി ഏര്യാ കമ്മിറ്റി അംഗമായിരുന്നിട്ട് കൂടി എന്റെ ഭാര്യയ്ക് സെക്രട്ടറിയറ്റിനകത്ത് ഇരിക്കുവാനായത് 2ല്‍ താഴെ വര്‍ഷം മാത്രമാണ്. സെക്രട്ടറിയറ്റിന് പുറത്ത് ഗവ:പ്രസ്സ്, ശിശുവികസന ഡയറക്ടറേറ്റ്, ലാന്റ് റവന്യൂ കമ്മീഷണറേറ്റ്, DPI, പഞ്ചായത്ത് ഡയറക്ടറേറ്റ്, രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഇങ്ങനെ കറങ്ങേണ്ടി വന്നു. അന്നൊന്നും പരാതി പറയാനേ പോയില്ല.

ഒടുവില്‍ പെന്‍ഷനാകാന്‍ 2 ല്‍ താഴെ വര്‍ഷമുള്ളപ്പോള്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ആയിരിക്കെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് (GO ( MS ) 52/2022/ GAD ) ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ ഉത്തരവായപ്പോള്‍ പുഷ്പജ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചട്ട ലംഘനം ചൂണ്ടി കാണിച്ച് പരാതി നല്കി. അത് തന്നെ നിയമാനുസൃത ഓഡിറ്റ് നടക്കാത്ത സ്ഥാപനത്തില്‍ ഡെപ്യൂട്ടേഷന്‍ പോയാല്‍ പെന്‍ഷന്‍ ലഭിക്കാന്‍ വൈകുമെന്ന ഭയത്തെ തുടര്‍ന്നാണ് വേണ്ടി വന്നത്. ഞാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ കണ്ടും പരാതി നല്കി. സെക്രട്ടറി തത്സമയം തന്നെ KSEA നേതാവ് സ: ഹണിയെ വിളിക്കുകയും അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരം ഞാനും പുഷ്പജയുമായി ഹണിയെ പോയി കാണുകയും ചെയ്തു. നേതാവ് പറഞ്ഞത് ശരിയാക്കാം എന്നാണ്.. ഫിനാന്‍സിലെ നേതാവ് ശശിയോട് പറയാമെന്നും പറഞ്ഞു.. ഈ ശശിക്ക് അറിയാത്ത ആളല്ല പുഷ്പജ. പുഷ്പജയുടെ കീഴില്‍ അസിസ്റ്റന്റ് ആയിരുന്നിട്ടുണ്ട്. അന്ന് CRപോലും മൂന്നാമതൊരാള്‍ മുഖേന കൊടുത്തുവിട്ട് ശശി പുഷ്ജയില്‍ നിന്നും ഒപ്പിട്ട് വാങ്ങിയിട്ടുമുണ്ട്. ശശിയുടെ ചെയ്തികള്‍ ധനകാര്യ വകുപ്പില്‍ ഉള്ളവര്‍ക്കറിയാം. ചാനല്‍ വാര്‍ത്ത വരെ പലവട്ടം വന്നു. അക്കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ ശശിയാണ് താരം.

ഡെപൂട്ടേഷന്‍ ഓര്‍ഡറാകുന്നതിന് മുന്‍പാണ് സ : ഹണിയെ കണ്ടത്. ഫലമുണ്ടായില്ല. ഡെപ്യൂട്ടേഷന്‍ ഓര്‍ഡര്‍ ഇറങ്ങി. പിന്നീട് നെടുമങ്ങാട്ടെ മരണപ്പെട്ടു പോയ ഒരു സഖാവിന്റെ സഹായത്താല്‍ CPM സംസ്ഥാന സെക്രട്ടറിയെ 2 തവണ കണ്ടു. LDF കണ്‍വീനര്‍ ആയിരുന്ന സ: EP ജയരാജനെ കണ്ടു. ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാനാണ് EP ഉപദേശിച്ചത്. പാര്‍ട്ടി ആയിരിക്കുമ്പോള്‍ സര്‍ക്കാറിനെതിരെ കോടതിയില്‍ പോകാന്‍ മടിച്ചിട്ടാണെന്ന് മറുപടിയും പറഞ്ഞു. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല.

ഗത്യന്തരമില്ലാതെ അന്നത്തെ നെടുമങ്ങാട് ഏര്യാ സെക്രട്ടറിയെ കൂട്ടി വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു. ഒരു മാസത്തിനകം ട്രാന്‍സ്ഫര്‍ ആകും തല്കാലം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ജോയിന്‍ ചെയ്യാനാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. ജോയിന്‍ ചെയ്യാതെ ലീവ് എടുക്കാനിരുന്ന പുഷ്പജ ഞാന്‍ ആവശ്യപ്പെട്ടപ്രകാരം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ജോയിന്‍ ചെയ്തു.DCS നെ പലവട്ടം കണ്ടു. സഖാവ് ഹണിയെ DCS പലവട്ടംവിളിച്ചിട്ടും ട്രാന്‍സ്ഫര്‍ മാത്രം ഉണ്ടായില്ല.

പിന്നീട് ഞാന്‍ ഇന്നത്തെ ACSനെ കൂട്ടി സ: AA .റഹിം MPയെ കണ്ടു. സഖാവ് നന്നായി തന്നെ ഇടപെട്ടു .ഒടുവില്‍ CMന്റെ പ്രൈവറ്റ് സെക്രട്ടറിയായ സ:കെ.കെ.രാഗേഷിന്റെ സഹായവും MP തേടി. പക്ഷെ ഫലം മാത്രമുണ്ടായില്ല. ‘ഒടുവില്‍ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ നിര്‍ബ്ബന്ധ പൂര്‍വ്വം പുഷ്പജ സെക്രട്ടറിയറ്റില്‍ ജോയിനിംഗ് റിപ്പോര്‍ട്ട് നല്കി. ഒഴിവുണ്ടായിട്ടും മൂന്നര മാസം പോസ്റ്റിംഗ് നല്കിയില്ല ഒടുവില്‍ സെക്രട്ടറിയറ്റില്‍ ഒഴിവുണ്ടായിരിക്കെ വീണ്ടും തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസറായി നിയമിച്ചു. നിയമനം നല്കാതെ വീട്ടില്‍ ഇരുത്തിയ മൂന്നര മാസം ക്രമീകരിക്കാത്തതിനാല്‍ 7 മാസം ശമ്പളം കിട്ടാതെയുമായി. ഒടുവില്‍ വല്ല വിധേനയും ശമ്പളം ലഭിച്ചു. അങ്ങനെ ഇന്ന് തദ്ദേശ വകുപ്പില്‍ നിന്നും അവിടുത്തെ സംഘടന സ്വരം നല്കിയ യാത്ര അയപ്പ് ഏറ്റുവാങ്ങി പടിയിറങ്ങി. ഞാന്‍ CPM കാരനായതിന്റെ പേരില്‍UDF ഭരണത്തില്‍ പുഷ്പജയെ സെക്രട്ടറിയറ്റില്‍ നിന്നും പരമാവധി അകറ്റിനിര്‍ത്തി. 9 വര്‍ഷ LDF ഭരണത്തിനിടയില്‍ 1 വര്‍ഷവും 11 മാസവും മാത്രമാണ് സെക്രട്ടറിയറ്റിനുള്ളില്‍ ഇരിക്കുവാനായത് .അത് സൂചിപ്പിച്ചുവെന്നേയുള്ളൂ പരാതിയില്ല. പെന്‍ഷനാകാന്‍ 1 വര്‍ഷവും 8 മാസവും മാത്രം ബാക്കിയുള്ളപ്പോള്‍ ഹണി – ശശിമാരുടെ പിടിവാശിയില്‍ ഡെപ്യൂട്ടേഷനില്‍ വിട്ടു. ഹണി – ശശിമാരുടെ മുന്നില്‍ ആര്‍ക്കും ഒന്നും ചെയ്യാനുമാകാതെ വന്നപ്പോള്‍ പുഷ്പജയുടെ ശമ്പളത്തിന്റെ തണലില്‍ CPM പ്രവര്‍ത്തനം നടത്തിയ എന്റെ അവസ്ഥ എത്രപേര്‍ക്ക് മനസ്സിലാകുമെന്നറിയില്ല. വീട്ടിലെ സൈ്വരത കെടുത്തി .കണ്ണീരിന് മുന്നില്‍ മറുപടി പറയാനാകാതെ വന്ന പാര്‍ട്ടിക്കാരനാണ് ഞാന്‍. പലപ്പോഴും അത് എന്റെ ഒച്ചയെടുക്കലിലും മിണ്ടാതിരിക്കലിലും വരെയെത്തി.

ഹണി / ശശിമാര്‍ അറിയേണ്ടത് ഞങ്ങളെ പോലുള്ളവര്‍ പണിയെടുത്തിട്ടാണ് നിങ്ങള്‍ ഭരണ ശീതളച്ഛായയില്‍ ആറാടുന്നത് എന്നതാണ്. നിങ്ങളുടെ ഈ പ്രവൃത്തി അനുഭവിച്ച പുഷ്പജയെപ്പോലുള്ളവര്‍ എങ്ങനെയാണ് CPMന് വോട്ട് ചെയ്യുക.. ഹണി – ശശിമാരെ നിലയ്ക് നിര്‍ത്തുവാന്‍ എന്നാണാവുക?ആര്‍ക്കാണാവുക?

Continue Reading

kerala

ഡല്‍ഹിയില്‍ കനത്ത മഴ; നാലു മരണം, നൂറോളം വിമാനങ്ങള്‍ വൈകിയേക്കും

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 40 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Published

on

ഡല്‍ഹിയില്‍ കനത്ത മഴയിയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നാലു പേര്‍ മരിച്ചു. പൊടിക്കാറ്റിന് പിന്നാലെയാണ് ശക്തമായ മഴയുണ്ടായത്. 100 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 40 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ ഡല്‍ഹിയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു മണിക്കൂറില്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും. വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളില്‍ മുഖ്യമന്ത്രി രേഖ ഗുപ്ത സന്ദര്‍ശിച്ചു.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കന്‍, വടക്കന്‍, ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ആളുകള്‍ വീടിനുള്ളില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. വടക്കന്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, തെക്കുപടിഞ്ഞാറന്‍ രാജസ്ഥാന്‍, ഒഡീഷ, ഛത്തീസ്ഗഢ്, തെക്കന്‍ ഗംഗാതീര പശ്ചിമ ബംഗാള്‍, വടക്കന്‍ തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭയം; വി.ഡി സതീശന്‍

ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

Published

on

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുടെ പഴയപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു വി.ഡിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍ സ്വാഗതം പറഞ്ഞു. അതേസമയം, ഉദ്ഘാടന ചടങ്ങിനിടെ ബി.ജെ.പി-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവിഭാഗത്തെയും നിശബ്ദമാക്കിയത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു സംഭവം.

Continue Reading

Trending