X

അന്‍വറിനെ കുടുക്കാന്‍ സിപിഎം; പിവിആര്‍ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ നീക്കം നടത്തി കൂടരഞ്ഞി പഞ്ചായത്ത്

കക്കാടംപൊയിലില്‍ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പിവിആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു. അനധികൃത തടയണ പൊളിച്ച് നീക്കാന്‍ റീ ടെന്‍ഡര്‍ വിളിക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള കൂടരഞ്ഞി പഞ്ചായത്തിലെ ഭരണസമിതി തീരുമാനിച്ചു. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാനാണ് ടെന്‍ഡര്‍ വിളിച്ചത്.

തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് എട്ട് മാസമായിട്ടും നടപടി എടുത്തിരുന്നില്ല. ഒരു മാസത്തിനകം തടയണ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്. പക്ഷെ പഞ്ചായത്ത് നടപടി വൈകിപ്പിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും തുടര്‍ച്ചയായി രംഗത്തുവന്നതിന് പിന്നാലെ അന്‍വറിനെതിരെ നടപടികള്‍ തുടരുകയാണ്. പി വി അന്‍വര്‍ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ജനങ്ങളോട് കൂടി ആലോചിച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു.

തടയണ പൊളിച്ചു നീക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരി 31നണ് ഹൈക്കോടതി ഉത്തരവിട്ടത്. മുന്‍ നദീതട സംരക്ഷണ സമിതി ചെയര്‍മാന്‍ ടി വി രാജന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഇതിന് നടപടിയുണ്ടായില്ല. ഇതിനിടെ മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.

 

webdesk17: