യൂനുസ് അമ്പലക്കണ്ടി
പന്തീരങ്കാവ് മാവോവാദി കേസില്‍ അലന്‍ ഷുഐബിനും ത്വാഹാ ഫൈസലിനും ജാമ്യം ലഭിച്ചത് വികലനയങ്ങളുടെ സാധൂകരണത്തിന് വിയര്‍പ്പൊഴുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും തെല്ല് ഹുങ്കോടെ കേരളം ഭരിക്കുന്ന പിണറായി വിജയനും കനത്ത ആഘാതമാണേല്‍പ്പിച്ചത്. ദേശീയ തലത്തില്‍ കരിനിയമങ്ങള്‍ക്കെതിരെ മുഷ്ടിചുരുട്ടുന്നവര്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളെ തങ്ങള്‍ ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ തെളിവുകളൊന്നുമില്ലാതെ യു.എ.പി.എ ചുമത്തി ജയിലറയിലേക്ക് തള്ളിയതിനെ നിയമസഭക്കകത്തും പുറത്തും ന്യായീകരിക്കുകയായിരുന്നു മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗംകൂടിയായ ഭരണത്തലവന്‍. കോവിഡ് കാലത്ത് പോലും യു.എ.പി.എക്കെതിരെ സമരം നയിച്ചവര്‍ അലനേയും ത്വാഹയേയും സൗകര്യപൂര്‍വ്വം വിസ്മരിച്ചു. മുഖ്യമന്ത്രിയുടെ കണ്ണുരുട്ടലില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ എല്ലാ ‘സൈദ്ധാന്തികര്‍’ക്കും പത്തി മടക്കേണ്ടിവന്നപ്പോള്‍ ഇരട്ട നിലപാട് വിശദീകരിച്ചും ഇരട്ട മുഖം പ്രദര്‍ശിപ്പിച്ചും ചെറിയവര്‍ മുതല്‍ തലതൊട്ടപ്പന്മാര്‍ വരെ സ്വയം പരിഹാസ്യരുമായി.
കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളുടെ ജാമ്യം അതുകൊണ്ടു തന്നെയാണ് വലിയ ശ്രദ്ധ നേടുന്നതും. 2019 നവംബര്‍ ഒന്നിന് കോഴിക്കോട് പെരുമണ്ണ പാറമ്മല്‍ അങ്ങാടിക്കടുത്ത് വെച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്യുന്നത്. പുസ്തകങ്ങളും ബാനറും നോട്ടീസുകളും പിടിച്ചെടുത്ത പൊലീസ് യു.എ.പി.എ ചുമത്തി കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെങ്കിലും കൃത്യമായ തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കാനായില്ലായെന്ന വിലയിരുത്തലില്‍ കൂടിയാണ് ജാമ്യം ലഭിച്ചത്. കേസ് തീരുന്നത്‌വരെ നീണ്ട കാലം ജയിലിലിടുന്നത് അനിവാര്യമല്ലെന്ന നിരീക്ഷണത്തോടെയാണ് 64 പേജ് വരുന്ന ഉത്തരവിലൂടെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജ് ജാമ്യം നല്‍കുന്നത്.
പ്രതികള്‍ മാവോയിസ്റ്റ് കേഡര്‍മാരാണെന്ന് തെളിയിക്കാനോ അവരെ നിയന്ത്രിക്കുന്നത് നിരോധിത സംഘടനയാണെന്ന് സ്ഥാപിക്കാനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ജാമ്യ വിധിയില്‍ പറയുന്നുണ്ട്. യു.എ. പി.എ ചുമത്തിയതിനെ മഹാ അപരാധമായിക്കാണാത്ത മുഖ്യമന്ത്രി അന്തിമ വിധിക്കായികാത്തിരിക്കാനായിരുന്നു പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ കേസ് പൂര്‍ണ്ണമായും പരാജയപ്പെടാനാണ് സാധ്യതയെന്ന് നിയമ വിദഗ്ധര്‍ ജാമ്യ വിധി വിശകലനം ചെയ്ത് നിരീക്ഷിക്കുന്നുണ്ട്. ഇരുവരും പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും അവര്‍ പരിശുദ്ധന്മാരല്ലെന്നും ചായ കുടിക്കാന്‍ പോയ സമയത്തല്ല അവരെ പിടികൂടിയതെന്നും ധിക്കാരപൂര്‍വ്വം പത്രസമ്മേളനത്തില്‍ പ്രസ്താവനയിറക്കിയ മുഖ്യമന്ത്രിയുടെ അധികാരഗര്‍വ്വിനേറ്റ തിരിച്ചടികൂടിയാണ് അലന്റേയും ത്വാഹയുടേയും ജാമ്യവും കോടതിയുടെ വിധി പ്രസ്താവത്തിലെ ഉള്ളടക്കവും.
അലനും ത്വാഹക്കും വേണ്ടി തുടക്കത്തില്‍ സി.പി.എമ്മില്‍ നിന്നു തന്നെ ശബ്ദങ്ങളുയര്‍ന്നുവെങ്കിലും അത് ഇരട്ടത്താപ്പായിരുന്നുവെന്ന് പിന്നീട് ബോധ്യമായി. പ്രമേയം പാസ്സാക്കിയ സൗത്ത് ഏരിയാ സി.പി.എം കമ്മിറ്റിയും കൂടെയുണ്ടെന്ന് പറഞ്ഞ ജില്ലാകമ്മിറ്റിയും അവരുടെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചസി.പി. എം നേതാവായ ധനമന്ത്രി തോമസ് ഐസക്കും യുവജന വിഭാഗത്തിന്റെ അഖിലേന്ത്യാപ്രസിഡണ്ടുമൊക്കെ പിന്നീട് മലക്കം മറിഞ്ഞു. മുഖ്യമന്ത്രി ശബ്ദം കടുപ്പിച്ചതോടെ വിരുദ്ധാഭിപ്രായമുള്ളവര്‍ക്ക്‌പോലും ന്യായീകരണത്തിന്റെ പുതിയ തലത്തിലേക്ക് കടക്കേണ്ടിവന്നു. ഒരേ വിഷയത്തിലെ രണ്ടു നിലപാടിനെ ഒരു യുക്തിയിലും പൊതിഞ്ഞ് അവതരിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. വിശദീകരിക്കുംതോറും വഷളായവര്‍ പൊതുജനത്തിന്റെ സാമാന്യബോധത്തെ വെല്ലുവിളിക്കുകയായിരുന്നു. കൃത്യമായ കാരണമില്ലാതെ രണ്ടു ചെറുപ്പക്കാരെ യു. എ.പി.എ ചുമത്തി ഉള്ളിലടക്കുകയും എന്‍. ഐ.എക്ക് വരാന്‍ വഴിയൊരുക്കുകയും ചെയ്തവര്‍ ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും ന്യായീകരണത്തിന് വാചകക്കസര്‍ത്തുമായി വന്നപ്പോള്‍ ചോദ്യശരങ്ങള്‍ക്കുമുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ പതറുകയായിരുന്നു.
കോഴിക്കോട് ജില്ലാകമ്മിറ്റി ഒരു പടികൂടി കടന്ന് ഇസ്‌ലാമിക തീവ്രവാദവുമായി ഇതിനെ കൂട്ടിക്കെട്ടാനാണ് വെമ്പല്‍കൊണ്ടത്. അവരുടെ മുസ്‌ലിം പശ്ചാത്തലമുള്ള പേരുകള്‍ മാത്രമായിരുന്നു അതിനുനിദാനം. ഉത്തരവാദപ്പെട്ടവര്‍ പൊതുയോഗങ്ങളില്‍ ഈ നിലപാട് ആവര്‍ത്തിച്ചു. സി.പി.എം ജില്ലാകമ്മിറ്റിയുടെ ഇത്തരത്തിലുള്ള കടുത്ത വര്‍ഗീയ ധൂമങ്ങള്‍ പല ഘട്ടങ്ങളിലായി പുറത്ത്‌വന്നിട്ടുണ്ട്. ജില്ലയിലെ ഗെയില്‍ വിരുദ്ധ സമരത്തെപോലും തീവ്രമായി വര്‍ഗീയച്ചുവയോടെ വിലയിരുത്തിയവരാണ് കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിയുടെ അമരത്തുള്ളത്. അടവുകള്‍ പിഴക്കുമ്പോള്‍ സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കുന്ന ഗിമ്മിക്കുകള്‍ പയറ്റുന്നവരാണ് സി.പി.എമ്മും അവരുടെ മാധ്യമങ്ങളും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വിഷലിപ്തമായ കാമ്പയിനുകള്‍ മറക്കാനായിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കുന്ന ഈ വേളയിലും അരങ്ങിലൊരുങ്ങുന്നത് മലീമസ മനസ്സിന്റെ വൈകൃതങ്ങള്‍ തന്നെയാണെന്നതിന്റെ സൂചനകള്‍ പാര്‍ട്ടി പത്രം പുറത്തുവിട്ടുകഴിഞ്ഞു. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനും വിധേയത്വരാഷ്ട്രീയത്തിന് ബലംപകരാനും തരാതരം ചേരുവകള്‍ ചേര്‍ത്ത് സമയാസമയം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യക്ഷപ്പെടുകതന്നെ ചെയ്യുമെന്നര്‍ത്ഥം.
അലന്‍, ത്വാഹാ വിഷയത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ മുതലക്കണ്ണീര്‍ ഇരട്ട മുഖത്തിന്റെ പ്രകടമായ മറ്റൊരു രൂപമായേ കാണാന്‍ കഴിയൂ. പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്ത് തെറ്റുതിരുത്തിക്കുന്നതിനുപകരം പത്തു മാസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കിടന്നതിനുശേഷം അവരുടെ അപേക്ഷയില്‍ കോടതി നല്‍കിയ ജാമ്യത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ തൊലിക്കട്ടി പൊതുബോധത്തെ കൊഞ്ഞനംകുത്തുന്നതിനു സമാനമാണ്. ഇവരുടെ ജാമ്യത്തിനും മോചനത്തിനും ശബ്ദമുയര്‍ത്തിയവരേയും പ്രവര്‍ത്തിച്ചവരേയും കേരളീയ സമൂഹത്തിനു നന്നായറിയാം.
എന്‍. ഐ.എക്ക് പരവതാനി വിരിച്ച ഭരണകൂടം കാസര്‍കോട് പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിനെതിരെ വഴിമുടക്കികളായി നില്‍ക്കുന്ന വര്‍ത്തമാന പരിസരം വിസ്മരിക്കാവതല്ല. പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കി മറ്റൊരു കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ വരവ് മുടക്കുന്ന വിചിത്ര കാഴ്ച. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും അപ്പീലുമായി നരാധമന്മാര്‍ക്ക്‌വേണ്ടി സുപ്രീംകോടതിയില്‍ വരിനില്‍ക്കുകയാണ് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ നെടു നായകനും സര്‍ക്കാറും. വെഞ്ഞാറംമൂട്ടിലെ കൊലപാതകക്കേസ് സി.ബി. ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചാവശ്യപ്പെടുമ്പോഴും തങ്ങളുടെ ബാലിശമായ വാദങ്ങള്‍ നിരത്തി കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനേയും ഖണ്ഡിക്കുകയാണ്. തെറ്റു ചെയ്തവര്‍ നിര്‍ബന്ധമായും ശിക്ഷിക്കപ്പെടണം. കൊലപാതകക്കേസിലായാലും മവോ വാദിക്കേസിലായാലുമൊക്കെ അതാണു നീതി. അതേസമയം ഒരു നിരപരാധിയെപ്പോലും ശിക്ഷിക്കപ്പെടാതെ കരുതേണ്ട കടമയും ജാഗ്രതയും ഭരണകൂടവും സംവിധാനങ്ങളും പുലര്‍ത്തേണ്ടതുമുണ്ട്.