Connect with us

india

ഈ പ്രസ്ഥാനം കേരളത്തില്‍ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. ദേശാഭിമാനി മുന്‍സഹപത്രാധിപര്‍ ജി.ശക്തിധരന്‍ വീണ്ടും

കര്‍ഷകസംഘം സംസ്ഥാന സമ്മേളനം കട്ടപ്പനയില്‍ ചേരാനിരിക്കുകയായിരുന്നു . സംഘാടകരുടെ കയ്യില്‍ കാല്‍ കാശില്ല. ഞങ്ങളുടെ ജീപ്പ് നേരെ പോയത് മണര്‍കാട് പാപ്പന്റെ പാലായിലെ ബാറില്‍. മുതലാളിയെക്കണ്ട് നേതാക്കള്‍ ആവശ്യം പറഞ്ഞു. അവിടെ ഉണ്ടായിരുന്ന തുക മതിയാകാത്തതുകൊണ്ട് തൊട്ടടുത്തുള്ള അവരുടെ തിയറ്ററിലേക്ക് ഒരാളെ അയച്ചു മാറ്റിനിവരെയുള്ള കളക്ഷന്‍ ശേഖരിച്ചു.എന്നിട്ടും ലക്ഷ്യം വെച്ച തുക തികഞ്ഞില്ല.അവസാനം ഫസ്റ്റ് ഷോ കഴിയും വരെ കാത്തിരുന്ന് അതും കൂടി ശേഖരിച്ചാണ് ഞങ്ങള്‍ മടങ്ങിയത്.

Published

on

ഈ പ്രസ്ഥാനം കേരളത്തില്‍ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. ദേശാഭിമാനി മുന്‍സഹപത്രാധിപര്‍ ജി.ശക്തിധരന്‍ വീണ്ടും.

 

ഫെയ്‌സ് ബുക് പോസ്റ്റ് ഇങ്ങനെ:

ദൈവമേ ഞാനാരാണ്?

കേരളത്തിലെ ഒരു ദേശീയ പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് രസീതോ രേഖയോ ഇല്ലാതെ കോടികള്‍ കീശയിലാക്കിയ സംഭവം ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ശരിയായോ എന്ന് ചിന്തിക്കുന്ന ലക്ഷക്കണക്കായ നിഷ്‌ക്കളങ്കരാ യ സഖാക്കള്‍ ഉണ്ടെന്നത് ശരിയാണ്. അവര്‍ എന്റെ പാര്‍ട്ടിക്കൂറിലും സംശയാലുക്കളായിരിക്കാം . അതൊന്നും എന്നെ നശിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്നും ഞാന്‍ കരുതുന്നില്ല. അതാണ് പാര്‍ട്ടി. എന്നെ അറിയുന്നവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കാത്തതായിരുന്നു ഇതെല്ലാം എന്നതാണ് അതിന്റെ സാരം. ഇതഃപര്യന്തം പാര്‍ട്ടിയെ നയിച്ചവരുടെ ത്യാഗങ്ങള്‍ , ജീവന്‍ ബലിയര്‍പ്പിച്ചവര്‍. വര്‍ഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടില്‍ കഴിഞ്ഞവര്‍ അവരുടെയെല്ലാം അര്‍പ്പണബോധത്തിനുമുന്നില്‍ ഈ അശുപോലുള്ള ഞാന്‍ ഒന്നുമല്ല. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാര്‍, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തില്‍ തുടര്‍ഭരണം എന്ന മിഥ്യയുടെ ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്.
ഒരു നിമിഷം പിന്നിലേക്ക് നോക്കൂ. ഭൂമുഖത്തെ 70 വര്‍ഷത്തെ തുടര്‍ഭരണം എന്നെന്നേക്കുമായി ഭൂമിയില്‍ നിന്ന് മാഞ്ഞുപോയപ്പോള്‍ ആകെ ശബ്ദം ഉണ്ടായത് ഒരു പൂച്ച ലെനിന്‍ഗ്രാഡിലൂടെ കടന്നുപോയത്ര നിശബ്ദമായിട്ടായിരുന്നു. എന്നാല്‍ അതിലും വലിയശബ്ദം ചിലപ്പോള്‍ മോസ്‌കോയിലെ പുരാവസ്തു ശേഖരങ്ങള്‍ ഗോര്‍ബച്ചേവ് ലോകത്തിന് മുന്നില്‍ തുറന്നുവെച്ചപ്പോള്‍ കേട്ടിട്ടുണ്ടാകും. ഞാനും പ്രതികരിക്കാതിരുന്നാല്‍ ഈ പ്രസ്ഥാനം കേരളത്തില്‍ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. പാര്‍ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രത്തില്‍ ലഭ്യമേയല്ല എന്നാണ്. തെരെഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ല . എന്നാല്‍ പാര്‍ട്ടി സെന്ററില്‍ ഏല്‍പ്പിച്ച 10 ലക്ഷം രൂപാ സംബന്ധിച്ച് ഒരു കുറിമാനം ഉണ്ട്. .പണം സൂക്ഷിക്കാന്‍ കൊടുത്തയാളല്ല ആ കുറിപ്പ് കൊടുത്തിരിക്കുന്നത് .അത് ഏറ്റുവാങ്ങിയ സ്റ്റാഫ് , ആ ചുമത ലയില്‍ നിന്ന് മാറ്റപ്പെട്ട സന്ദര്‍ഭത്തില്‍ ഈ തുക തിരിച്ചെടുക്കുകയും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും അതുക്കും മേലെയുള്ള ആളോട് സമ്മര്‍ദ്ദം ചെലുത്തിയ കുറിപ്പാണുള്ളത് .പാര്‍ട്ടി ആകെ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതും കൂടി അതിന് മുകളില്‍ കെട്ടിവെച്ചാല്‍ പാര്‍ട്ടി തകരുമെന്നും സ്‌നേഹബുദ്ധ്യാ ആ നേതാവ് പറഞ്ഞതായാണ് അനൗദ്യോഗിക വിവരം. എന്തായാലും ഈ 10 ലക്ഷം ആരുടെ കയ്യിലെത്തി എന്നതിന് വ്യക്തതയായി . എവിടെനിന്ന് സമാഹരിച്ചതാണ് തുക എന്നത് അതിന്മേലുള്ള കവറില്‍ നിന്ന് വ്യക്തം. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നുവന്ന ശതകോടീശ്വനായ ഒരു വ്യവസായിയുടേതാണെന്നു ഓര്‍ത്താല്‍ മതി. അത് പൊതിഞ്ഞിരുന്ന കവറിലുണ്ട് ആ പേര് . അതിലും വലിയ കോടികള്‍ എങ്ങിനെ ആവിയായിപ്പോയി എന്നതിലേ അവ്യക്തതയുള്ളൂ. കോടികള്‍ കയ്യിലെത്തുന്ന ചരിത്രം ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളെ ആയുള്ളൂ. അതിനുമുമ്പ് അചിന്ത്യമായിരുന്നു കോടികള്‍.
ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്ററില്‍ മടങ്ങിയെത്തിയപാടെ വി എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയല്‍റ്റിയായി പുസ്തക പബ്ലിഷറില്‍ നിന്ന് കിട്ടിയപ്പോള്‍ അതേപടി കത്തെഴുതി എകെജി സെന്ററില്‍ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്.അതൊക്കെയാണ് കമ്യുണിസ്റ്റ് കാരുടെ ജീവിതം. അതുകൊണ്ടാണ് വി എസ് ,വി എസ് ആയത് . വീട്ടില്‍ കോടീശ്വരനായ ഒരു അതിഥി വന്നാല്‍ സ്വന്തം കുടുംബത്തെ എവിടെ നിര്‍ത്തണമെന്ന് വി എസ്സിന് അറിയാമായിരുന്നു. വി എസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടില്‍ എത്തിച്ചിട്ടില്ല.
വ്യവസായികളില്‍ നിന്നോ മുതലാളിമാരില്‍ നിന്നോ പാര്‍ട്ടി പണം വാങ്ങില്ല എന്ന് ഞാന്‍ പറയുന്നില്ല. ഒരിക്കല്‍ കൗതകമുണര്‍ത്തുന്ന ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നെ ഇടുക്കിയില്‍ നിയോഗിച്ച സമയത്തായിരുന്നു അത് . ഞാന്‍ അതിനു മുമ്പ് പ്രകൃതി രമണീയമായ വാഗമണ്‍ കണ്ടിട്ടില്ലായിരുന്നു. അവിടം സന്ദര്‍ശിച്ചു വരാമെന്നു പറഞ്ഞു കട്ടപ്പനയില്‍ നിന്ന് ഇടുക്കിയിലെ അന്നത്തെ പാര്‍ട്ടി നേതാക്കളുടെ കൂടെ പാര്‍ട്ടിയുടെ ജീപ്പില്‍ പോയിരുന്നു.വഴിക്കുവെച്ചാണ് ദൗത്യം എന്താണെന്ന് മനസ്സിലായത് . കര്‍ഷകസംഘം സംസ്ഥാന സമ്മേളനം കട്ടപ്പനയില്‍ ചേരാനിരിക്കുകയായിരുന്നു . സംഘാടകരുടെ കയ്യില്‍ കാല്‍ കാശില്ല. ഞങ്ങളുടെ ജീപ്പ് നേരെ പോയത് മണര്‍കാട് പാപ്പന്റെ പാലായിലെ ബാറില്‍. മുതലാളിയെക്കണ്ട് നേതാക്കള്‍ ആവശ്യം പറഞ്ഞു. അവിടെ ഉണ്ടായിരുന്ന തുക മതിയാകാത്തതുകൊണ്ട് തൊട്ടടുത്തുള്ള അവരുടെ തിയറ്ററിലേക്ക് ഒരാളെ അയച്ചു മാറ്റിനിവരെയുള്ള കളക്ഷന്‍ ശേഖരിച്ചു.എന്നിട്ടും ലക്ഷ്യം വെച്ച തുക തികഞ്ഞില്ല.അവസാനം ഫസ്റ്റ് ഷോ കഴിയും വരെ കാത്തിരുന്ന് അതും കൂടി ശേഖരിച്ചാണ് ഞങ്ങള്‍ മടങ്ങിയത്. ഈ വ്യവസായി കോണ്‍ഗ്രസ്സ് പക്ഷത്തായിരുന്നു എങ്കിലും പാര്‍ട്ടിയോട് കൂറുള്ളതായിരുന്നു കുടുംബം.
പക്ഷെ ടി കെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ രാത്രിയില്‍ കല്ലേറും ചെറിയ ചെറിയ അക്രമങ്ങളും സംഘടിപ്പിച്ചത് ദേശീയ വാര്‍ത്തയായിരുന്നു .ഇതിന്റെ ഉറവിടം ഇവരുടെ ഉടമസ്ഥയിലുള്ള ചാരായ ഷാപ്പുകളില്‍ നിന്നാണെന്ന് നേരിട്ട് ആ മേഖലയില്‍ രാത്രി സാഹസികമായി സഞ്ചരിച്ചു കണ്ടെത്തിയ എനിക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. പോലീസ് ആ ഷാപ്പുകള്‍ റെയ്ഡ് നടത്തി ആ കേന്ദ്രങ്ങള്‍ തകര്‍ത്തു. വെള്ളിയാഴ്ച ഷാപ്പുകളിലെ വരുമാനം മുഴുവന്‍ ഇടുക്കി ജില്ലാസഹകരണ ബാങ്കില്‍ നിക്ഷേപിക്കുകയും തിങ്കളാഴ്ച ബാങ്കില്‍ നിന്ന് എടുത്തു ബിസിനസില്‍ മുടക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ടേണ്‍ ഓവര്‍ കുത്തനെ ഉയരുകയും ഓവര്‍ഡ്രാഫ്ട് എത്രവേണമെങ്കിലും ലഭിക്കുകയും ചെയ്യുമായിരുന്നു . ആ കള്ളക്കളിയും പൂട്ടിച്ചു.
ഈ അനധികൃത സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതിന്റെ പേരില്‍ മുതലെടുത്തത് ഇടുക്കിയിലെ അടിയന്തിരാവസ്ഥയിലെ കൊലകൊമ്പന്‍ ജോസ് കുറ്റിയാനി ആയിരുന്നു. ഏറെക്കാലം കുറ്റിയാനിയുടെ വിരല്‍ തുമ്പില്‍ ആയിരുന്നു തൊടുപുഴയും ഇടുക്കിയും മറ്റും. പക്ഷെ തവിട് പൊടിയാക്കിയയാണ് ഞാന്‍ ഇടുക്കിവിട്ടത്. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച കഠിനമായ ദൗത്യമായിരുന്നു അത്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ കാട്ടിയ സാഹസിക യത്‌നങ്ങള്‍ക്കെല്ലാം ജില്ലാബാങ്ക് ജനറല്‍ മാനേജര്‍ ശ്രീ സാഗറിന്റെയും ഇടുക്കിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന വി കെ ചന്ദ്രന്റെയും (പില്‍ക്കാലത്തു എന്റെ അളിയന്‍) ചങ്കുറപ്പുള്ള സഹായമുണ്ടായിരുന്നു. മരണത്തെ മുഖത്തോട് മുഖം കണ്ട ദിവസങ്ങള്‍! . ഇപ്പോള്‍ കുറ്റിയാനി വാര്‍ധക്യ സഹജമായ അസുഖം കാരണം അവശനായത് കൊണ്ട് കൂടുതല്‍ പറയുന്നില്ല. എങ്കിലും ഒരു കാര്യം പറയാതിരിക്കാനാകില്ല .ഒരിക്കല്‍ ദില്ലിയില്‍ കെ കരുണാകരന്റെ വസതിയില്‍ ചെന്ന് കയറുമ്പോള്‍ അവിടെ ഉണ്ടായിരുന്ന കുറ്റിയാനി എന്നെക്കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി . കെ കരുണാകരന്റെ പ്രിയങ്കരനായ സഹായി ശ്രീ എം കെ അരവിന്ദാക്ഷന്‍ മാത്രമേ അപ്പോള്‍ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ.എന്നെ കാലുഷ്യത്തോടെ തുറിച്ചു നോക്കിയ കുറ്റിയാനി ലീഡര്‍ക്ക് പരിചയപ്പെടുത്തിയത് ഇങ്ങിനെ : ലീഡറെ എന്നെ ഈ പരുവത്തിലാക്കിയത് ഇയാള്‍ ഒറ്റയാളാണ് എന്ന്? ഉരുളക്കുപ്പേരി പോലെ മറുപടി വന്നു ‘ കാര്യമായിപ്പോയി ‘ .എന്ന്. ജീവിതത്തില്‍ ലീഡര്‍ എന്ന മഹാമേരുവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പലപ്പോഴും തോന്നി യിട്ടുണ്ട് ലീഡര്‍ക്ക് സ്വന്തം ഞാനായിരുന്നോ കെ മുരളിധരന്‍ ആണോ എന്ന്?ഒരിക്കല്‍ ദില്ലിയിലെ വസതിയില്‍ വെച്ച് ഖേദത്തോടെ എന്റെ ഭാര്യയോടും മക്കളോടും ലീഡര്‍ പറഞ്ഞിട്ടുണ്ട്:’ സ്‌നേഹിച്ചുപോയി .അതാണ് എന്റെ കുഴപ്പം എന്ന്. ശരിയാണ് എനിക്ക് എന്റേതായ ലക്ഷ്മണ രേഖകള്‍ ഉണ്ടായിരുന്നു.അതിനപ്പുറം ലീഡര്‍ എന്നെ സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നുവെന്നത് ഞാന്‍ തിരിച്ചറിഞ്ഞില്ല. അതാണ് പറിച്ചുമാറ്റാനാകാത്ത വ്യഥയായത്. ഇന്നലെ സഖാവ് എം വി ഗോവിന്ദന്‍ ആരോപിക്കുന്നത് കേട്ടു ‘ഞാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കളുടെ ഒപ്പമാണെന്ന്’ . അവരെ ഏതൊക്കെയോ കേസില്‍ നിന്ന് രക്ഷിക്കാനാണ് എന്റെ ശ്രമം എന്ന്. എന്ത് ചെയ്യാന്‍, എന്റെ രക്തത്തിന്റെ രാഷ്ട്രീയ ഡി എന്‍ എ ആര്‍ക്കും മനസിലാകുന്നില്ല?

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബഹളം വെക്കേണ്ട, കഴുത്തിന് പിടിക്കും; വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

Published

on

പൊതുമധ്യത്തില്‍ വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

എം.പിയായിരുന്ന കാലത്ത് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞ് ചില വനിതകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതുവരെ നിങ്ങള്‍ എവിടെയായിരുന്നെന്നും എം.പിയായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഒരുദിവസം പോലും കാണാനായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വാര്‍ഡ് കൗണ്‍സിലര്‍ റോഡ് നിര്‍മിച്ചപ്പോഴാണ് നിങ്ങള്‍ ഇവിടെ വന്നതെന്നും പരിഹസിച്ചു.

അതേസമയം മമതാ ബാനര്‍ജിയുടെ അനുയായികളാണ് പ്രതിഷേധക്കാര്‍ എന്നുപറഞ്ഞ് പ്രതിഷേധത്തെ തള്ളിക്കളയുകയാണ് ദിലീപ് ചെയ്തത്.

താനാണ് തുക അനുവദിച്ചു തന്നതെന്നും ഇത് നിങ്ങളുടെ അച്ഛന്റെ പണമല്ലെന്നും ബിജെപി നേതാവ് തട്ടിക്കയറി. എന്നാല്‍ എന്തിനാണ് അച്ഛനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും നിങ്ങളൊരു എം.പിയായിരുന്നില്ലെ എന്നും പ്തിഷേധക്കാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ പതിനാല് തലമുറകളെ വരെ പറയുമെന്നാണ് ദിലീപ് ദേഷ്യത്തോടെ പറഞ്ഞത്. ഇതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പിന്നാലെ ഇതുപോലെ ബഹളം വെക്കരുതെന്നും കഴുത്തിന് പിടിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയതോടെ ഖരഗ്പൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തുകയായിരുന്നു.

 

Continue Reading

india

കുടുംബാസൂത്രണം നടപ്പാക്കിയ സംസ്ഥാനങ്ങളോട് അനീതി ; മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍യോഗം

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

Published

on

മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗം ചെന്നെയില്‍ തുടങ്ങി. യോഗത്തില്‍ 7 സംസ്ഥാനങ്ങളിലെ വിവിധ കക്ഷിനേതാക്കള്‍ പങ്കെടുക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് യോഗം വിളിച്ചു ചേര്‍ത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഇതു കൂടാതെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്‌ലിം ലീഗിലെ പി.എം.എസലാം തുടങ്ങിയവരും കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നു. ബിജെപി ഒഴികെയുള്ള 123 കക്ഷികള്‍ യോഗത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണത്തെ ബാധിക്കുമെന്നാണ് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. നിലവിലുള്ള സീറ്റുകള്‍ കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ അനുവദിക്കില്ലെന്നും തമിഴ് നാട് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെ ഡി കെ ശിവകുമാര്‍ അഭിനന്ദിച്ചു.

മാര്‍ച്ച് 5 ന് ചെന്നൈയില്‍ ഇതേ വിഷയത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് ചെന്നൈയിലെ ഐടിസി ചോളയില്‍ യോഗം ചേരുന്നത്. അതിര്‍ത്തി നിര്‍ണ്ണയം ബാധിക്കുന്ന സംസ്ഥാനങ്ങള്‍ക്കായുള്ള ആദ്യ സംയുക്ത ആക്ഷന്‍ കമ്മിറ്റി (ജെഎസി)യാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫെയര്‍ ഡീലിമിറ്റേഷന്‍ ഉറപ്പാക്കി ഫെഡറല്‍ ഘടന സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ച ദിവസമായി ഇന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് സ്റ്റാലിന്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കുറിച്ചു. ചെന്നൈ കോര്‍പ്പറേഷന്‍ കെട്ടിടത്തിന് പുറത്ത് ‘ഫെയര്‍ ഡീലിമിറ്റേഷന്‍’ എന്ന വലിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ അതിര്‍ത്തി നിര്‍ണ്ണയം ബാധിക്കും. അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങള്‍ അതിനെ എതിര്‍ക്കുന്നത്.

ചെന്നൈയിലെ നാമക്കല്‍ കവിഗ്‌നര്‍ ഹാളില്‍ ഈ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. 123 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ അതിര്‍ത്തി നിര്‍ണ്ണയത്തിനെതിരായ തമിഴ്നാടിന്റെ നിലപാടിന് പിന്തുണ അറിയിച്ചു. എന്നാല്‍ ബിജെപി യോഗം ബഹിഷ്‌കരിച്ചു.

Continue Reading

india

‘എക്കാലത്തെയും ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ’; യോഗി സർക്കാരിനെതിരെ ബിജെപി എംഎൽഎ രംഗത്ത്

ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാരെന്നാണ് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ഉയർത്തുന്ന വിമർശനം.

Published

on

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ
വിമർശനവുമായി ബിജെപി എംഎൽഎ. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാരെന്നാണ് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ഉയർത്തുന്ന വിമർശനം. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ ആരോപിച്ചു.

ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എംഎൽഎയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ ആരോപണവുമായി രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ ഗുർജാർ പൊലീസാണ് തന്റെ വസ്ത്രം കീറിയതെന്നും ആരോപിച്ചു.

ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തലച്ചോറ് കെട്ടിയിട്ടിരിക്കുകയാണ്. യുപി ചീഫ് സെക്രട്ടറി ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ്. ഉദ്യോഗസ്ഥൻമാർ അയോധ്യയിലെ ഭൂമി കൊള്ളയടിക്കുകയാണ്. സംസ്ഥാനത്ത് ഗോവധം വലിയ തോതിൽ നടക്കുന്നുണ്ടെന്നും ആളുകൾ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയാണെന്നും ഗുർജാർ ആരോപിച്ചു.

ലോണിയിൽ അനുമതിയില്ലാതെ നടത്തിയ കലശയാത്ര പൊലീസ് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസും ഗുർജാറിന്റെ അനുയായികളും ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ ഗുർജാറിന്റെ അനുയായികൾ പൊലീസിനും യുപി സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. അതേസമയം അനുമതിയില്ലാതെയാണ് യാത്ര സംഘടിപ്പിച്ചത് എന്ന ആരോപണം ഗുർജാർ നിഷേധിച്ചു.

യാത്രക്ക് അനുമതി തേടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകിയിരുന്നു. കലശയാത്ര എല്ലാ വർഷവും നടത്തിവരാറുള്ളതാണ്. ഇത്തവണ മാത്രമാണ് അനുമതിയില്ലെന്ന് ആരോപിച്ച് പോലീസ് തടഞ്ഞതെന്നും ഗുർജാർ പറഞ്ഞു.

Continue Reading

Trending