ഡോ. രാംപുനിയാനി
ഹരിയാനയിലെ പെഹ്‌ലുഖാന്‍ ജയ്പൂരിലെ കന്നുകാലി ചന്തയിലെത്തിയത് ഒരു എരുമയെ വാങ്ങണമെന്ന ഉദ്ദേശത്തോടെയാണ്. അദ്ദേഹമൊരു ക്ഷീര കര്‍ഷകനായിരുന്നു. കൂടുതല്‍ പാല്‍ ലഭിക്കുന്ന നല്ല ഇനത്തില്‍പെട്ടൊരു പശുവിനെ ചന്തയില്‍ കണ്ടതോടെ അയാള്‍ അതില്‍ ആകൃഷ്ടനാകുകയും എരുമയെ വാങ്ങണമെന്ന തീരുമാനം മാറ്റി പശുവിനെ വാങ്ങുകയും ചെയ്തു. തിരിച്ച് അല്‍വാറിലെ വീട്ടിലേക്കു മടങ്ങവേ ‘ഗോ രക്ഷക്’ (പശു സംരക്ഷകര്‍) അവരെ തടയുകയും മനുഷ്യത്വരഹിതമായി മര്‍ദിക്കുകയും ചെയ്തു. അതിക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് പെഹ്‌ലുഖാന്‍ മരണത്തിനു കീഴടങ്ങി. ഈ ക്ഷീര കര്‍ഷകന്‍ അതിക്രൂരമായ മര്‍ദനത്തിനിരയാകുമ്പോള്‍ പൊലീസുകാരാരും സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍, ഇവര്‍ പശു കള്ളക്കടത്തുകാരാണെന്നും ഗോ രക്ഷക് പ്രവര്‍ത്തകര്‍ നിരീക്ഷിച്ചുവരവേ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് മര്‍ദനമേറ്റതെന്നുമാണ് പൊലീസ് വിശദീകരണം. ഈ കൊലപാതകം നടന്നത് പട്ടാപ്പകലാണെന്നു മാത്രമല്ല അക്രമികള്‍ ശക്തരുമായിരുന്നു. അതിക്രമത്തിന്റെ വീഡിയോ ചിത്രങ്ങള്‍ അവര്‍ മൊബൈലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരം കള്ളക്കടത്തുകാരെ പിടികൂടാന്‍ പശു സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ നിയമം കൈയിലെടുക്കാന്‍ പാടില്ലെന്നുമാണ് ഇതേക്കുറിച്ച് രാജസ്ഥാനിലെ ഒരു മന്ത്രി പ്രതികരിച്ചത്. ഇങ്ങനെയൊരു കൊലപാതകം തന്നെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് സംഭവത്തെ നിഷേധിച്ച ബി.ജെ.പിയിലെ മുഖ്താര്‍ അബ്ബാസ് നഖ്‌വി പാര്‍ട്ടിയുടെ പശു സംരക്ഷണ അജണ്ട പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. വളര്‍ത്താനായി പശുവിനെ പണം കൊടുത്തുവാങ്ങിയതാണെന്നു പെഹ്‌ലുഖാന്‍ വ്യക്തമാക്കുകയും ഹരിയാനയിലേക്ക് കൊണ്ടുപോകാനുള്ള രേഖകള്‍ അക്രമികളെ കാണിക്കുകയും ചെയ്തിരുന്നു.
പശുവിന്റെ പേരില്‍ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തുന്ന പരമ്പരയിലെ അവസാന സംഭവമാണിത്. നേരത്തെ യു.പിയിലെ ദാദ്രിയില്‍ ഇത്തരം സംഭവത്തിനു നാം സാക്ഷിയായിരുന്നു. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് അഖ്‌ലാഖിനെ ചില ബി.ജെ.പി നേതാക്കള്‍ക്കൊപ്പം പ്രദേശ വാസികള്‍ മര്‍ദിച്ചു കൊന്നിരുന്നു. വര്‍ഗീയവത്കരിക്കപ്പെട്ട നമ്മുടെ പൊലീസിന്റെ അവസ്ഥ വളരെ ആഘാതമേല്‍പിക്കുന്നതാണ്. ദാദ്രിയിലെ കൂട്ടക്കൊലകേസില്‍ അഖ്‌ലാഖിനെതിരെ പശുവിനെ കടത്തിക്കൊണ്ടുപോയി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ പെഹ്‌ലുഖാനെതിരെ പശുവിനെ അനധികൃത കള്ളക്കടത്തു നടത്തിയെന്ന കേസാണ് ചാര്‍ത്തിയത്. ഉനയില്‍ നിരവധി ദലിത് യുവാക്കളെ മനുഷ്യത്വരഹിതമായി അടിച്ചുപരിക്കേല്‍പ്പിച്ച സംഭവവും ഓര്‍ക്കേണ്ടതുണ്ട്.
മോദി സര്‍ക്കാര്‍ (ബി.ജെ.പി-ആര്‍.എസ്.എസ്) കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലാണ് ഇത്തരം സംഭവങ്ങളും ഗോരക്ഷാസംഘങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും ശക്തി വര്‍ധിച്ചത്. വി.എച്ച്.പിയില്‍ ആകൃഷ്ടരായി ഇപ്പോള്‍ ഇത്തരത്തില്‍ നിരവധി പശു സംരക്ഷണ ഗ്രൂപ്പുകള്‍ പൊന്തി വന്നിട്ടുണ്ട്. ഇത് അവരുടെ സര്‍ക്കാറാണെന്നും ഇവരെന്താണോ ചെയ്യുന്നത് അതൊക്കെ ഇവര്‍ക്ക് കരസ്ഥമാക്കാമെന്നുമാണ് ഇപ്പോഴവരുടെ തോന്നല്‍. എന്നാല്‍ എന്താണ് നിയമം അനുശാസിക്കുന്നത്? ഇന്ത്യന്‍ ഭരണഘടനയുടെ രാജ്യ നയത്തിന്റെ നിര്‍ദേശകതത്വങ്ങളിലാണ് (കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നയ രൂപീകരണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഏതെങ്കിലും കോടതി നിയമങ്ങളിലൂടെ നടപ്പാക്കാന്‍ കഴിയാത്തത്) ഗോവധ നിരോധനം ഉള്‍പെടുത്തിയിരിക്കുന്നത്. ഗോവധ നിര്‍ദേശകം ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 48 ലാണ് പറയുന്നത്. ഭരണഘടനയുടെ നിര്‍ദേശകതത്ത്വങ്ങളില്‍, കൃഷിയും മൃഗസംരക്ഷണവും സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാനങ്ങള്‍ കൃഷിയും മൃഗസംരക്ഷണവും ആധുനികവും ശാസ്ത്രീയവുമായ സമീപനത്തോടെ കൈകാര്യം ചെയ്യണമെന്നും ഇതിനായി എല്ലാ ശ്രമങ്ങളും നടത്തണമെന്നും വ്യക്തമാക്കുന്നുണ്ട്. ഒപ്പം വിവിധ കന്നുകാലിയിനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ മേന്മ വര്‍ധിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ എടുക്കണമെന്നും പശുക്കളുടെയും കന്നുകുട്ടികളുടെയും കശാപ്പ് നിരോധിക്കണമെന്നും അതുപോലെ പാല്‍ തരുന്നതും ഭാരം വഹിക്കുന്നതുമായ എല്ലാ വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും സംരക്ഷിക്കണമെന്നും അവയുടെ കശാപ്പുതടയണമെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. പാല്‍ ഉത്പാദിപ്പിക്കുന്ന പശുക്കളെ (മറ്റുള്ളവയെയല്ല) കൊല്ലരുതെന്ന് ഇതില്‍ സുദാര്യം വ്യക്തമാണ്. മതപരമായ വിഷയവുമായി ബന്ധപ്പെട്ടല്ല മറിച്ച് സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡത്തിലാണ് പശുക്കളെ കൊല്ലുന്നത് തടയണമെന്ന് ഭരണഘടന വ്യക്തമാക്കുന്നത്. ബി.ജെ.പി-ആര്‍.എസ്.എസ് സംഘം അധികാരത്തിലെത്തിയ ശേഷമുള്ള കാലഘട്ടത്തില്‍ ഈ നിയമം ഒരു സംസ്ഥാനത്തു നിന്നു മറ്റൊന്നിലേക്ക് എന്ന കണക്കില്‍ പ്രത്യേകിച്ചും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതള്‍ ശക്തമാക്കുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വിവിധ തലങ്ങളില്‍ ഭയപ്പെടുത്തലുകളും നിയമ വ്യാഖ്യാനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഏറെക്കാലത്തെ പരിശ്രമങ്ങള്‍ക്കുശേഷം നിര്‍മ്മിച്ചെടുത്ത ഈ നിയമം നിരവധി വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നിര്‍ദേശക തത്വങ്ങളിലാണ് ഭരണഘടനാ സ്ഥാപകര്‍ ചേര്‍ത്തത് എന്നത് ഇത് വ്യക്തമാക്കുന്നു. പശുവിനെ കശാപ്പു ചെയ്യുന്നതിന് എതിരായിരുന്നില്ല അവര്‍. എന്നാല്‍ പാല്‍ തരുന്ന പശുവിനെ വധിക്കുന്നത് വിലക്കിയത് മതപരമായ കാരണങ്ങള്‍ കൊണ്ടുമായിരുന്നില്ല. അതിന് തികച്ചും സാമ്പത്തിക കാരണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പശുവിനെ കശാപ്പു ചെയ്യുന്ന ആരെയും തൂക്കിക്കൊല്ലുമെന്ന് ഛത്തിസ്ഗഡിലെ രാമന്‍സിങ് പറയുന്നു. പശു കശാപ്പുകാര്‍ക്കുള്ള ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തണമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറയുന്നത്. ഗുജറാത്തിനെ സമ്പൂര്‍ണ പച്ചക്കറി സംസ്ഥാനമാക്കി പരിവര്‍ത്തനം ചെയ്യാന്‍ പ്രതിജ്ഞയെടുത്തതായും അദ്ദേഹം പറയുന്നു. യോഗി ആദിത്യനാഥ് പശുവിനെ കശാപ്പു ചെയ്യുന്നവര്‍ക്കെതിരെ മാത്രമല്ല സംസാരിച്ചത്, ആട്ടിറച്ചിയും കോഴിയിറച്ചിയും വില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നു വരെ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് തോക്ക് നല്‍കണമെന്ന് പറഞ്ഞ് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നപ്പോള്‍ തന്നെ യോഗി തന്റെ തനിനിറം വ്യക്തമാക്കിയതാണ്. യു.പിയിലെ യോഗിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ബി.ജെ.പി ഭരണത്തിലുള്ള ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ അറവുശാലകള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമെതിരെ വെടിപൊട്ടിച്ചിട്ടുണ്ട്. അതേസമയം, പശുവിനെ ബഹുമാനിക്കാന്‍ ഗുജറാത്തിലെ നിയമം മറ്റു സംസ്ഥാന സര്‍ക്കാറുകള്‍ അനുകരിക്കണമെന്ന് വി.എച്ച്.പി പറയുന്നു.
ബി.ജെ.പിയുടെ ബീഫ് കഥക്ക് മറ്റൊരു മറ കൂടിയുണ്ട്. താന്‍ വിജയിച്ചാല്‍ നല്ല ഗുണനിലവാരമുള്ള ബീഫ് ലഭ്യമാക്കുമെന്നാണ് മലപ്പുറത്ത് മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘ബീഫ് ഉപയോഗിക്കുന്നതിന് ബി.ജെ.പി എതിരൊന്നുമല്ല. ഒരു സംസ്ഥാനത്തും പാര്‍ട്ടി ബീഫ് നിരോധിച്ചിട്ടില്ല. ഗോവധം മാത്രമാണ് വിലക്കിയത്. ഓരോരുത്തരുടെയും താല്‍പര്യത്തിനനുസരിച്ച ഭക്ഷണം ഉപയോഗിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല’. കേരളത്തിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഫ് വിഷയം ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ആസ്സാം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭാഗികമായി വാഗ്ദാനം ചെയ്തത്.
പ്രത്യേകിച്ചും യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ശേഷം രണ്ട് പാളികളുള്ള ഉന്മാദമാണ് ഈ പ്രസ്ഥാനത്തിന് ബാധിച്ചത്. പശുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അക്രമം ശക്തമാക്കുകയെന്നതാണ് അതിലൊന്ന്. പച്ചക്കറിയിതര ഭക്ഷണങ്ങള്‍ക്കെതിരെ പൊതുവായി അധിക്ഷേപം നടത്തുകയും മാംസ്യ, കോഴി വ്യാപാരികളെ പീഡിപ്പിച്ച് പിന്തിരിപ്പിക്കുകയുമാണ് രണ്ടാമത്തേത്. ബംഗാളില്‍ മത്സ്യ ഉപയോഗം വരെ വിമര്‍ശിക്കപ്പെടുന്നു. സമ്പൂര്‍ണ പച്ചക്കറിയാഹാരമെന്ന പദ്ധതിയിലേക്ക് ഗുജറാത്ത് അത്യാവേശപൂര്‍വമാണ് നടന്നുനീങ്ങുന്നത്.
മതപരമായി ബന്ധപ്പെട്ട കാര്യമാണോ ഇത്? ഒരു വഴിയുമില്ല. പശു ബെല്‍ട്ടിലെ (ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്) ബി.ജെ.പിയുടെ ഭാഷ കേരളം, ഗോവ, കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭഷയില്‍ നിന്ന് വ്യത്യസ്തമാണ്. പ്രദേശത്തെ ജനങ്ങളുടെ ഭക്ഷ്യ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നാണ് മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ പറയുന്നത്. ഈ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ഭക്ഷ്യ സംസ്‌കാരങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് പശു സംരക്ഷകര്‍ കലി തുള്ളാത്തത്. ഇന്ത്യന്‍ സംസ്‌കാരത്തിനും ഭരണഘടനാ മാനദണ്ഡങ്ങള്‍ക്കും പൂര്‍ണമായും എതിരാണിത്. മുഴുവന്‍ സമുദായത്തിന്മേലും ബ്രാഹ്മണ ആദര്‍ശങ്ങള്‍ അടിച്ചേല്‍പ്പിക്കാനും പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതിനും വിവിധ രുചിഭേദങ്ങള്‍ ആസ്വദിക്കുന്ന മറ്റുള്ളവരെ വിരട്ടുന്നതിനുമുള്ള ആര്‍.എസ്.എസ്-ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണിത്. സാമ്പത്തിക രംഗം ഭീകരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നതാണ് ഇതിന്റെ ഉപോത്പന്നം. വിവിധ സ്ഥലങ്ങളില്‍ കന്നുകാലി ചന്തകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മാംസ്യ കയറ്റുമതി ഇടിയുകയും കര്‍ഷകരുടെയും ക്ഷീര കര്‍ഷകരുടെയും തീര്‍ച്ചപ്പെടുത്തിയ നാശത്തിലായിരിക്കും ഇതിന്റെ പരിസമാപ്തി.