അമേരിക്കയെ ഞെട്ടിച്ച ഏറ്റവും പുതിയ വെടിവെപ്പാണ് ടെക്‌സസിലെ റോബ് പ്രൈമറി സ്‌കൂളില്‍ സംഭവിച്ചിരിക്കുന്നത്. 19 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 22 പേര്‍ കൊല്ലപ്പെട്ട ദുരന്ത വാര്‍ത്ത കേട്ട് ലോകം ഏറെയൊന്നും ഞെട്ടിയില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം തോക്കുകള്‍ തീരുമാനം പറയുന്ന രാജ്യമായി യു.എസ് മാറിക്കഴിഞ്ഞിട്ട് കാലങ്ങളായി. വിദ്യാലയങ്ങളില്‍ മാത്രമല്ല, കുടുംബ വഴക്കുകളിലും സല്‍ക്കാര വേളകളിലും തോക്കുകള്‍ അനേകം പേരുടെ ജീവനെടുത്തിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ സ്‌കൂള്‍ വളപ്പുകളില്‍ മാത്രം 900 വെടിവെപ്പുകളുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ വാഹനാപകടങ്ങളേക്കാള്‍ ചെറുപ്പക്കാരുടെ ജീവനുകള്‍ കവരുന്നത് വെടിവെപ്പുകളിലാണ്. 2020ല്‍ മാത്രം പതിനായിരത്തിലേറെ യുവാക്കള്‍ വെടിവെപ്പുകളില്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ സ്‌കൂളുകളില്‍ വെടിവെപ്പുകളെ അതിജീവിക്കാനുള്ള പരിശീലനങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നു കൂടി അറിയുന്നതോടെ ദുരന്തചിത്രം കൂടുതല്‍ വ്യക്തമാകും.
ലോകത്ത് കുഞ്ഞുങ്ങളേക്കാള്‍ തോക്കുകളെ സ്‌നേഹിക്കുന്ന ഒരു രാജ്യമുണ്ടെങ്കില്‍ അമേരിക്ക മാത്രമായിരിക്കും. വെടിയേറ്റ് കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുമ്പോഴും തീ തുപ്പുന്ന തോക്കുകള്‍ ഇന്നും യു.എസ് ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. രണ്ടായിരത്തിനുശേഷം അമേരിക്കന്‍ സ്‌കൂളുകളില്‍ നടന്ന പല വെടിവെപ്പുകളും ഏറെ ഞെട്ടലുളവാക്കുന്നവയായിരുന്നു. സ്‌കൂള്‍ അങ്കണങ്ങള്‍ ചോരക്കളകമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന മുറിവിളിക്ക് കാലപ്പഴക്കം ഏറെയുണ്ടെങ്കിലും അതിനുതകുന്ന നടപടികള്‍ ഇതുവരെയും ഫലം കണ്ടിട്ടില്ല. തോക്കുകള്‍ക്കുള്ള അനിയന്ത്രിത ലൈസന്‍സ് തന്നെയാണ് യു.എസില്‍ വെടിവെപ്പുകള്‍ കൂടാനുള്ള പ്രധാന കാരണം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തോക്ക് വാങ്ങാം, കൈവശംവെക്കാം. കോവിഡ് മഹാമാരിയില്‍ അമേരിക്ക വിറങ്ങലിച്ചുനിന്ന ദിനങ്ങളില്‍ പോലും തോക്കുകള്‍ വാരിക്കൂട്ടാനാണ് യു.എസ് ജനത ആവേശം കാണിച്ചത്. ലോക്ഡൗണില്‍ അടഞ്ഞുകിടന്ന നഗരങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനെത്തിയവര്‍ക്കുമുന്നില്‍ ആയുധപ്പുരകളും മലര്‍ക്കെ തുറന്നുകിടന്നിരുന്നു. യു.എസില്‍ അവശ്യവസ്തുവായി തോക്കും അംഗീകരിക്കപ്പെട്ടുവെന്ന് അര്‍ത്ഥം. കോവിഡ് വ്യാപനം തീവ്രതയില്‍ എത്തിയ ഘട്ടങ്ങളില്‍ ആയുധക്കടകള്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം യു.എസ് ഭരണകൂടം പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ തോക്കുകളും അവശ്യവസ്തുവിന്റെ പരിധിയില്‍ കൊണ്ടുവന്നു. അത്രമാത്രം ശക്തരാണ് അമേരിക്കയിലെ തോക്കുലോബി. ഉന്നതങ്ങളില്‍ പിടിപാടുണ്ടെന്ന് മാത്രമല്ല, ഭരണകൂടത്തെ നിയന്ത്രിക്കാന്‍ പോലും അവര്‍ കെല്‍പ്പുള്ളവരാണ്. കോവിഡ് കാലത്ത് ആയുധ വില്‍പ്പനയില്‍ 68 ശതമാനം വര്‍ധനവുണ്ടായി.
അമേരിക്കയില്‍ തോക്കുകളെ പിടിച്ചു കെട്ടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട ചരിത്രമാണുള്ളത്. നാഷണല്‍ റൈഫില്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള തോക്ക് ലോബികള്‍ നടത്തുന്ന കളികള്‍ ഏറെ ശക്തമാണ്. ഇരുപത് വര്‍ഷമായി തോക്കുകള്‍ക്ക് അനിയന്ത്രിത ലൈസന്‍സാണ് നല്‍കിവരുന്നത്. വെടിവെപ്പുകളില്‍ കൊല്ലപ്പെടുന്ന സ്‌കൂള്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെ ചില നിയന്ത്രണങ്ങള്‍ പരിഗണനയില്‍ വന്നെങ്കിലും പ്രായോഗിക തലത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അവയുടെ മുനയൊടിക്കുകയായിരുന്നു. 2013ല്‍ തോക്കുകള്‍ വാങ്ങാനെത്തുന്നവരുടെ പശ്ചാത്തലം പരിശോധിക്കാന്‍ നീക്കമുണ്ടായി. ഇതുസംബന്ധിച്ച നിയമം യു.എസ് കോണ്‍ഗ്രസ് പാസാക്കിയെങ്കിലും സെനറ്റില്‍ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം വാഷിങ്ടണ്‍ ഉള്‍പ്പെടെ 27 സംസ്ഥാനങ്ങള്‍ തോക്കുമായി ബന്ധപ്പെട്ട് 75 നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷേ, ടെക്‌സാസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ ദിശയിലാണ് സഞ്ചരിച്ചത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തോക്ക് ലോബിയെ സുഖിപ്പിക്കാന്‍ മത്സരിക്കുകയാണ്. അക്കാര്യത്തില്‍ അല്‍പം ഭേദം ഡെമോക്രാറ്റുകളാണ്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ തോക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപ് തോക്ക് ലോബിയുടെ സ്വന്തക്കാരനായിരുന്നു. ആയുധപ്പുരകള്‍ സാധാരണക്കാരന് തുറന്നുകൊടുക്കാന്‍ അദ്ദേഹം ആവേശം കാട്ടി. ട്രംപ് പരസ്യമായും ഡെമോക്രാറ്റുകള്‍ രഹസ്യമായും തോക്ക് ലോബിയെ താലോലിക്കാന്‍ നിര്‍ബന്ധിതരാണ്.
അമേരിക്കന്‍ സമൂഹം അകപ്പെട്ടിരിക്കുന്ന വലിയൊരു സാമൂഹിക ദുരന്തത്തിലേക്കു കൂടിയാണ് അത് വിരല്‍ചൂണ്ടുന്നത്. സുരക്ഷിത ബോധം അറുത്തുമാറ്റപ്പെടുകയും ആത്മരക്ഷക്കുവേണ്ടി ആയുധങ്ങള്‍ കൊണ്ടുനടക്കണമെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നതിന്റെ തിക്തഫലമാണ് ഇപ്പോള്‍ യു.എസ് അനുഭവിക്കുന്നത്. കൊടും ക്രിമിനലുകള്‍ക്കുപോലും അനായാസം തോക്കുകള്‍ കൈവശം വെക്കാന്‍ അവസരമൊരുക്കുന്ന സാഹചര്യം പക്ഷേ, വലിയൊരു പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. പൗരന്മാരുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആയുധക്കച്ചവടത്തിന് കൊഴുപ്പുകൂട്ടുന്ന ഭരണകൂടങ്ങള്‍ വിദ്യാലയങ്ങളില്‍നിന്ന് ഉയരുന്ന കൂട്ട നിലവിളികള്‍ കേള്‍ക്കുന്നില്ല. കുഞ്ഞുങ്ങള്‍ മരിച്ചു വീണാലും തോക്കുകളെ നെഞ്ചോടു ചേര്‍ക്കാന്‍ അമേരിക്ക കാണിക്കുന്ന ആവേശം ഇനിയെത്ര കാലമുണ്ടാകുമെന്ന് കാത്തിരുന്നു തന്നെ കാണണം; അതോടൊപ്പം ഇനിയെത്ര ജീവനുകള്‍ ബലി നല്‍കേണ്ടിവരുമെന്നും കണ്ടറിയണം.