പൊതു ഖജനാവില്‍നിന്നും കോടികള്‍ കീശയിലാക്കാനുള്ള മാര്‍ഗമായാണ് ഓരോ പുതിയ പദ്ധതികളും പിണറായി സര്‍ക്കാര്‍ തുടങ്ങുന്നതെന്നു വേണം കരുതാന്‍. ദുരന്തങ്ങള്‍ പോലും അഴിമതിക്കുള്ള അവസരമാക്കിമാറ്റുകയായിരുന്നു ഇടതുസര്‍ക്കാറെന്ന് പ്രളയനാളില്‍ കേരളം കണ്ടതാണ്. സംസ്ഥാനത്തെ ജനങ്ങള്‍ മഹാമാരിയെ നേരിട്ടപ്പോള്‍ ആ ദുരിതത്തെ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് വിറ്റ് കാശാക്കാന്‍ ശ്രമിക്കുകയായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍. സ്പ്രിംഗ്‌ളര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഡാറ്റ കച്ചവടം പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്. ബ്രൂവെറിയും ഡിസ്റ്റിലറിയും അനുവദിക്കാന്‍ അതീവ രഹസ്യമായി എടുത്ത തീരുമാനം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ ഒന്നായിരുന്നു. ട്രാന്‍സ്‌കിറ്റ്, ആഭ്യന്തര വകുപ്പിലെ അഴിമതി, ഐ.ടി വകുപ്പിലെ അഴിമതി, പമ്പ മണല്‍കടത്ത്, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ അനുവദിച്ചത് തുടങ്ങി നിരവധി അഴിമതിക്കഥകളാണ് പുറത്തുവന്നിട്ടുള്ളത്. ഈ പട്ടികയില്‍ ഒന്നുകൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. എ.ഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ ഇതുവരെ സര്‍ക്കാറിനായിട്ടില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞത്. പദ്ധതി തയ്യാറാക്കിയത് മോട്ടോര്‍ വാഹനവകുപ്പല്ല, കെല്‍ട്രോണാണ് ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടതെന്നു പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. എന്നാല്‍ പദ്ധതിയില്‍ ഉപ കരാറുകള്‍ ഇല്ലെന്ന് ആദ്യം വാദിച്ച കെല്‍ട്രോണ്‍ പിന്നീട് ഉപകരാറുകള്‍ നല്‍കിയതില്‍ അസ്വഭാവികതയില്ലെന്നാണ് വ്യക്തമാക്കിയത്. പദ്ധതിയുടെ ചെലവ് ഇത്രയും ഉയര്‍ന്നത് എങ്ങനെയാണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. കെല്‍ട്രോണുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയില്‍ സ്ഥാപിച്ചത് 726 ക്യാമറകളാണ്. ഇത്രയും ക്യാമറകള്‍ സ്ഥാപിക്കുന്നതിനും മറ്റു സംവിധാനങ്ങള്‍ക്കുമായി ഉയര്‍ന്ന തുക ഈടാക്കുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്.
എ.ഐ ക്യാമറ വെക്കാനുള്ള ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ? എങ്കില്‍ എത്ര കമ്പനികള്‍ പങ്കെടുത്തു? എന്നതാണ് പ്രധാന ചോദ്യം. ഈ ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല എന്നതാണ് വാസ്തവം. പദ്ധതിയില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം എന്താണെന്നാതായിരുന്നു മറ്റൊരു സംശയം. നിര്‍മിതബുദ്ധി പ്രകാരം ആണ് ക്യാമറ പ്രവര്‍ത്തിക്കുന്നത് എന്നു ഗതാഗത വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് മുന്‍പു സ്ഥാപിച്ച അതേ ക്യാമറകളാണ് ഇപ്പോഴും സ്ഥാപിച്ചിരിക്കുന്നത്. എങ്കില്‍ എ.ഐ ക്യാമറ എന്ന പ്രചാരണം എന്തിനു വേണ്ടി? സര്‍ക്കാരിന്റെ പദ്ധതികളുടെ കരാര്‍ നേടിയെടുക്കുകയും ഇവ സ്വകാര്യ കമ്പനികള്‍ക്കു മറിച്ചുനല്‍കുകയും ചെയ്യുന്ന കെല്‍ട്രോണിനെ എന്തിനു കരാര്‍ ഏല്‍പിച്ചു? ഇത് സര്‍ക്കാരിന് അധികച്ചെലവല്ലേ സൃഷ്ടിക്കുക? തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.
232 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു ക്യാമറക്ക് 9.5 ലക്ഷം രൂപയാണെന്ന് പറയുന്നു. ഇതിന്റെ പത്തിലൊന്ന് വില പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ് ക്യാമറകളുപയോഗിക്കുമ്പോള്‍ എന്തിനാണ് കെല്‍ട്രോണ്‍ ഇതിന്റെ ഘടകങ്ങള്‍ മാത്രം വാങ്ങി അസംബിള്‍ ചെയ്തത്. 232 കോടി രൂപയുടെ പ്രോജക്ടില്‍ 70 കോടി രൂപ മാത്രമാണ് ഈ ക്യാമറകള്‍ക്കാകുന്നത്. പിന്നീടാണ് മെയിന്റനന്‍സ്, കണ്‍ട്രോള്‍ റൂം എന്നൊക്കെപ്പറഞ്ഞ് പണം വാങ്ങുന്നത്. ബ്രാന്‍ഡഡ് ക്യാമറകള്‍ വാങ്ങിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വാറന്റിയുണ്ടാകും, അതിന്റെ ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ടും ഉണ്ടാകും. ഇവിടെ ടാക്‌സടക്കം 66 കോടി രൂപ മെയിന്റനന്‍സിനാണ്. കരാര്‍ നേടിയ കമ്പനികള്‍ക്കൊന്നും പദ്ധതിയുമായി മുന്‍ പരിചയമില്ലെന്നും തട്ടിക്കൂട്ട് കമ്പനികളുമായി സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നുമുള്ള മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണവും അതീവ ഗൗരവമുള്ളതാണ്. എ.ഐ ക്യാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അത് വ്യക്തമായി സര്‍ക്കാര്‍ പറയാത്തിടത്തോളം കാലം വന്‍ അഴിമതിയായി മാത്രമേ ഇതിനെ കാണാനാകൂ.