Connect with us

india

പുതിയ പ്രചരണ പരിപാടികളുമായി കോണ്‍ഗ്രസ്; ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ‘ഹാത്ത് സെ ഹാത്ത് ജോഡോ’യുമായി കോണ്‍ഗ്രസ്.

Published

on

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ‘ഹാത്ത് സെ ഹാത്ത് ജോഡോ’യുമായി കോണ്‍ഗ്രസ്. ഭാരത് ജോഡോ മുന്നോട്ടുവെച്ച രാഷ്ട്രീയ സന്ദേശം ഓരോ വീടുകളിലേക്കും എത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ദേശീയതലത്തിലെ പ്രചാരണ പരിപാടികള്‍.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോയുടെ രാഷ്ട്രീയ വിപുലീകരണ പദ്ധതിയുടെ ഭാഗമായുള്ള പ്രചാരണം ജനുവരി 26ന് തുടക്കമാകും. രണ്ട് മാസത്തിനകം അഞ്ച് ലക്ഷം ഗ്രാമ പഞ്ചായത്തുകള്‍, ആറ് ലക്ഷം ഗ്രാമങ്ങള്‍, പത്ത് ലക്ഷം ബൂത്തുകള്‍ എന്നിവിടങ്ങളില്‍ പ്രചാരണമെത്തും. 2022 സെപ്റ്റംബറില്‍ ആരംഭിച്ച ഭാരത് ജോഡോയുടെ തുടര്‍ച്ചയായാണ് ഹാത്ത് സെ ഹാത്ത് ജോഡോ പ്രചാരണമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്നതാണ് ഭാരത് ജോഡോ യാത്ര. 3500 കിലോമീറ്ററാണ് യാത്ര പിന്നിടുന്നത്. നാനാത്വത്തില്‍ ഏകത്വം, സാഹോദര്യം എന്നിങ്ങനെ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യാത്ര. യാത്രയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വേണ്ടവിധം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പലകോണില്‍നിന്നുള്ള പ്രതികരണം. അതിനാല്‍ ഹാത്ത് സെ ഹാത്ത് ജോഡോ യാത്ര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജയറാം രമേഷ് പറഞ്ഞു. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. മൂന്ന് തലത്തിലായാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഓരോ സംസ്ഥാനങ്ങളുടെയും തലസ്ഥാനത്ത് സ്ത്രീകള്‍ നയിക്കുന്ന കാല്‍നട ജാഥകള്‍ ഉള്‍പ്പെടെ റാലികള്‍, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍, റാലികള്‍, വീടുകള്‍ കയറിയുള്ള പ്രചാരണം എന്നിങ്ങനെയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജയറാം രമേഷ് പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ പരാജയം, പൂര്‍ത്തീകരിക്കാത്ത വാഗ്ദാനങ്ങള്‍ എന്നിവ വിശദീകരിക്കുന്ന ഒരു രേഖയും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കാഴ്ചപ്പാട് വ്യക്തമാക്കി ഒരു തുറന്ന കത്തും രാഹുല്‍ ഗാന്ധി എഴുതിയിട്ടുണ്ട്. ഇത് ജനങ്ങളിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ചെയ്യും.

രണ്ട് മാസത്തിനുളളില്‍ 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലും ആറ് ലക്ഷം ഗ്രാമങ്ങളിലും 10 ലക്ഷം ബൂത്തുകളിലും പ്രചാരണം എത്തും. കോണ്‍ഗ്രസ് ഇത്രയും വലിയ പ്രചാരണം മുന്‍പ് നടത്തിയിട്ടില്ല. രാജ്യത്ത് ബഹുസ്വരത ഭീഷണി നേരിടുന്നതായുള്ള അവകാശവാദം ആവര്‍ത്തിച്ച ജയറാം രമേഷ്, ഹാത്ത് സെ ഹാത്ത് ജോഡോ ഐക്യത്തിന്റയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. ജനുവരി 30ന് ഭാരത് ജോഡോ യാത്ര അവസാനിക്കുന്ന ശ്രീനഗറിലേക്ക് ഇതുവരെ 23 രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചു. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി, ജനതാദള്‍, സിപിഐ, സിപിഎം, രാഷ്ട്രീയ ലോക്ദള്‍, ജനതാദള്‍ സെക്കുലര്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

india

അദാനി ഗ്രൂപ്പിനെതിരായ നടപടി; നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍

ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

Published

on

അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍. വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നടത്തിയെന്നും യു.എസ് നിക്ഷേപകരേയും ആഗോള ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചുവെന്നുമായിരുന്നു ഗ്രീന്‍ എനര്‍ജിക്കെതിരേയുള്ള കേസ്.

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി അമ്പത് ശതമാനത്തോളം നിക്ഷേപമുള്ളവരാണ് ടോട്ടല്‍ എനര്‍ജി.

Continue Reading

india

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Published

on

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 16ന് സംസ്ഥാനത്ത് അക്രമം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്‍, തൗബല്‍, ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, ഫെര്‍സാള്‍, ജിരിബാം എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉത്തരവില്‍ പറഞ്ഞു.

നവംബര്‍ 27ന് വൈകിട്ട് 5.15 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങളുടെ സസ്‌പെന്‍ഷന്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

നവംബര്‍ 16ന് ഏഴ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീടത് ജിരിബാം, ഫെര്‍സാള്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

Continue Reading

india

സ്‌കില്‍ യൂണിവേഴ്സിറ്റിക്ക് അദാനി നല്‍കിയ 100 കോടി സ്വീകരിക്കില്ല: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.

Published

on

യങ് ഇന്ത്യ സ്‌കില്‍ യൂണിവേഴ്സിറ്റിക്കായി ഗൗതം അദാനി നല്‍കിയ 100 കോടി രൂപ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അദാനി ഗ്രൂപ്പ് ഉള്‍പ്പെടെ മറ്റൊരു സംഘടനയില്‍ നിന്നും തെലങ്കാന സര്‍ക്കാര്‍ ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റേയോ സ്വന്തം പ്രതിച്ഛായയോ തകര്‍ക്കുന്ന അനാവശ്യ ചര്‍ച്ചകളിലും സാഹചര്യങ്ങളിലും ഇടപെടാന്‍ താനും കാമ്പിനറ്റ് മന്ത്രിമാരും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ പ്രതിനീധികരിച്ച് ഉദ്യോഗസ്ഥന്‍ ജയേഷ് രഞ്ജന്‍ അദാനിക്ക് കത്തെഴുതി അറിയിക്കുകയും ചെയ്തുവെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.

 

 

Continue Reading

Trending