X

മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് അധീര്‍രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് അധീര്‍രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.അധീര്‍രഞ്ജന്‍ ചൗധരിക്കെതിരെ പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചു. അധീര്‍രഞ്ജന്‍ ചൗധരി നിരന്തരം സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നും അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചെന്നും പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തില്‍ ആരോപിച്ചു.

ആദ്യമായാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. അധീര്‍രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശങ്ങള്‍ പ്രിവിലേജ് കമ്മിറ്റി പരിശോധിക്കും. പ്രിവിലേജ് കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയായിരിക്കും സസ്‌പെന്‍ഷന്‍.

മഹാഭാരതത്തിലെ ധൃതരാഷ്ട്രര്‍ അന്ധനായിരുന്നത് കൊണ്ടാണ് ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തിയത് അന്ന് ഹസ്തിനിപുരത്ത് ആണെങ്കില്‍, ഇന്ന് മണിപ്പൂരിലാണ് സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതെന്ന് അധീര്‍രഞ്ജന്‍ ചൗധരി വിമര്‍ശിച്ചിരുന്നു. രാജാവ് അന്ധനാണെന്നു അധീര്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഭരണ പക്ഷം ബഹളം തുടങ്ങി. പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അമിത് ഷാ അടക്കമുള്ള മന്ത്രിമാര്‍ രംഗത്ത് വന്നിരുന്നു.

സംഘര്‍ഷം നൂറു ദിവസം പിന്നിട്ടിട്ടും മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം അഴിച്ചുവിട്ടത്.സ്ത്രീകളെ നഗ്‌നരാക്കുകയും ബലാല്‍സംഗം ചെയ്യുന്നതും കാണുമ്പോള്‍ ബേട്ടി ബചാവോ ബേട്ടി പാടാവോ തുടങ്ങിയ പദ്ധതികള്‍ പി ആര്‍ വര്‍ക്ക് മാത്രമാണെന്ന് ജനം മനസിലാക്കുന്നതായി പ്രതിപക്ഷം ഇന്ന് സഭയില്‍ ആഞ്ഞടിച്ചിരുന്നു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും പ്രതിപക്ഷത്തെ പരിഹസിച്ചുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ സംസാരിച്ചത്.

webdesk13: