X
    Categories: CultureMoreViews

ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ നാണംകെട്ട് രാജിവെച്ച് പോയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ബി.ജെ.പി നേതാക്കള്‍ നടത്താന്‍ ശ്രമിച്ച കുതിരക്കച്ചവടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ ചോദിച്ചു.

കര്‍ണാടകയില്‍ നടന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം പൊളിക്കാന്‍ എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് അഴിമതിക്കെതിരായ പോരാട്ടം സത്യസന്ധമാണെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത് പോലെ കേന്ദ്ര സര്‍ക്കാര്‍ ബി.ജെ.പി വിമുക്തമാകുന്നത് വരെ കോണ്‍ഗ്രസ് തങ്ങളുടെ സഖ്യകക്ഷികള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. പെട്രോള്‍, ഡീസല്‍ വില വര്‍ധനയിലൂടെ 10 ലക്ഷം കോടിയുടെ കൊള്ളയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ഈ പണമാണ് കര്‍ണാടകയില്‍ എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2014-ല്‍ ‘ഘര്‍ ഘര്‍ മോദി’ എന്നായിരുന്നു മുദ്രാവാക്യം എന്നാല്‍ 2019-ല്‍ അത് ‘ബൈ ബൈ മോദി’ എന്നായിരിക്കുമെന്നും ഷെര്‍ഗില്‍ പരിഹസിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: