X

തദ്ദേശസ്വയംഭരണ വകുപ്പില്‍ അധികാരക്കലഹം; സര്‍വീസ് വിടുന്നത് 100 എഞ്ചിനീയര്‍മാര്‍

അനീഷ് ചാലിയാര്‍
പാലക്കാട്‌

പ്രതിസന്ധി മൂര്‍ഛിച്ചതോടെ വകുപ്പില്‍ നിന്നും എഞ്ചിനീയര്‍മാര്‍ കളം വിടുകയാണ്. അധികാരങ്ങളെല്ലാം പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കൈപ്പിടിയിലാക്കിയതോടെ നേരത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജോണ്‍സണ്‍ മൂന്ന് മാസം സര്‍വീസ് ബാക്കിയിരിക്കെ സ്ഥാനം ഒഴിഞ്ഞപോയിരുന്നു. അസി. എഞ്ചിനീയര്‍മാര്‍ മറ്റു വകുപ്പുകളിലേക്ക് ചേക്കാറാനും തുടങ്ങി. അടുത്ത കാലത്തായി നിയമനവും പരിശീലനവും നേടിയ 200 യുവ എഞ്ചിനീയര്‍മാരില്‍ 95 പേര്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലേക്ക് ചുവടുമാറി തുടങ്ങി. രണ്ട് മാസത്തിനിടെയാണ് ഇത്രയും പേര്‍ എന്‍.എല്‍.സിക്ക് (നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ്) അപേക്ഷ നല്‍കിയിട്ടുള്ളത്. ഇത് ലഭിച്ച പലരും സര്‍വീസ് വിട്ടു. 15 ഓളം അസി. എഞ്ചീയര്‍മാരാണ് ഗസറ്റഡ് തസ്തിക വിട്ട് ഇറിഗേഷന്‍ വകുപ്പില്‍ ഗ്രേഡ് 2 ഓവര്‍സിയര്‍മാരായി പോകുന്നത്. ഏകീകരണ നടപടികളുടെ ആരംഭം മുതല്‍ തന്നെ വകുപ്പില്‍ എഞ്ചിനീയര്‍മാരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 400 ഓളം എഞ്ചിനീയര്‍മാര്‍ മറ്റു വകുപ്പുകളിലേക്കും ഇലക്ട്രിസിറ്റി ബോര്‍ഡിലേക്കുമായി പോയിട്ടുണ്ട്. 300 ഓളം ഓവര്‍സിയര്‍മാരും തദ്ദേശ സ്വയംഭരണ വകുപ്പ് വിട്ടുപോയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ മാസം അവസാനം വരെയാണ് ചീഫ് എഞ്ചിനീയര്‍ കെ. ജോണ്‍സണ് സര്‍വീസുണ്ടായിരുന്നത്. സര്‍ക്കാര്‍ നടപടിയിലെ എതിര്‍പ്പ് മൂലമാണ് അദ്ദേഹം സ്വയം സ്ഥാനം ഒഴിഞ്ഞ് ലീവില്‍ പോയത്. ഇതോടെ സര്‍ക്കാര്‍ ഡി.പി.സി (ഡിപ്പാര്‍ട്ട്‌മെന്റ് പ്രമോഷന്‍ കമ്മിറ്റി) ലിസ്റ്റില്‍ നിന്നും മറ്റൊരു ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കുകയും ചെയ്തു.

27.10.2022ലാണ് പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്്, ഗ്രാമവികസന വകുപ്പ്, എഞ്ചിനീയറിങ്, ടൗണ്‍പ്ലാനിങ് ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് തദ്ദേശസ്വയംഭരണ വകുപ്പുണ്ടാക്കിയത്. ഏകീകരണ ശേഷം വകുപ്പിലുണ്ടായ പുതിയ അധികാര കേന്ദ്രങ്ങള്‍ സാങ്കേതിക വിഭാഗങ്ങളായ എഞ്ചിനീയറിങ്-പ്ലാനിങ് വിങുകളുടെ ചിറകരിയുന്നതരത്തിലായിരുന്നു. നേരത്തെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നിയമന- നിയന്ത്രണാധികാരി ചീഫ് എഞ്ചിനീയറും പ്ലാനിങ് വിഭാഗത്തിന്റേത് ചീഫ് ടൗണ്‍ പ്ലാനറുമായിരുന്നു. ഏകീകരണത്തോടെ ഈ അധികാരങ്ങളെല്ലാം പ്രിന്‍സിപ്പല്‍ ഡയറക്ടറിലേക്ക് കേന്ദ്രീകരിച്ചു. ഇതോടെ സാങ്കേതിക വിഭാഗത്തിന്റെ നിയന്ത്രണം ഈ മേഖലയില്‍ പരിജ്ഞാനമില്ലാത്ത ഉദ്യോസ്ഥനു കീഴിലായി. ചീഫ് എഞ്ചിനീയര്‍- ചീഫ് ടൗണ്‍പ്ലാനര്‍ തസ്തികകള്‍ സാങ്കേതിക പദവികള്‍ മാത്രമായി. ജില്ലാ തലത്തില്‍ പുതുതായി നിര്‍ണയിച്ച ജോയിന്റ് ഡയറക്ടര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിയതോടെ എക്‌സി. എഞ്ചീനയര്‍, ടൗണ്‍ പ്ലാനര്‍ തസ്തികകളുടെ സ്ഥിതിയും ഇതുതന്നെയായി.

ഇതിനെതിരെ എഞ്ചിനീയറിങ് വിഭാഗം പ്രിതഷേധമുയര്‍ത്തിയതോടെ അധികാരം താത്കാലികമായി ചീഫ് എഞ്ചിനീയര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ കത്തു നല്‍കിയിട്ടും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അതിനു പോലും തയ്യാറായില്ല. പ്രിന്‍സിപ്പല്‍ ഡയറക്ടറില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള നിയമന അധികാരം ചീഫ് എഞ്ചിനീയര്‍ക്ക് ഡെലിഗേറ്റ് ചെയ്യണമെന്ന് കാണിച്ച് കഴിഞ്ഞ ഏപ്രില്‍ 12 ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. നടപടി സ്വീകരിച്ച് ഈ വിവരം സര്‍ക്കാറിനെ അറിയിക്കണമെന്നും കത്തിലുണ്ടായിരുന്നു. നാളിതുവരെയായിട്ടും നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ തയ്യാറായിട്ടില്ല. ഇതാണ് പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്ന തരത്തിലേക്ക് മാറിയത്. ഇടത് സംഘടനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള എഞ്ചിനീയര്‍മാര്‍ പ്രതിഷേധം കനപ്പിക്കാനും നിസ്സഹകരണത്തിനും തയ്യാറെടുക്കുകയാണ്. ഇതോടെ തദ്ദേശസ്വയംഭരണ വകുപ്പിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. പ്രശ്‌നം ഇത്രത്തോളം ഗുരുതരമായിട്ടും സര്‍വാധികാരിയായി വാഴുന്ന പ്രിന്‍സിപ്പല്‍ ഡയറക്ടറെ നിയന്ത്രിക്കാനോ പ്രശ്‌നം പരിഹരിക്കാനോ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ട്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലും ഡയറക്ടറേറ്റിലും ഉള്ള മൂന്ന് പേരുടെ താത്പര്യങ്ങളാണ് ഏകീകരണത്തിന്റെ മറവില്‍ നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംസാരമുണ്ട്. ഇതുകൊണ്ടാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം അട്ടിമറിച്ച പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കെതിരെ സര്‍ക്കാര്‍ അനങ്ങാത്തതെന്നും ആക്ഷേപമുണ്ട്.

ചെലവ് ചുരുക്കലും നടപടിക്രമങ്ങളുടെ ലഘൂകരണവും ഉള്‍പ്പടെ വകുപ്പില്‍ സമഗ്രപരിഷ്‌കാരം കൊണ്ടുവരാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ കാലം മുതല്‍ ഏകീകരണം നടത്തുന്നതെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ദീര്‍ഘ വീക്ഷണമില്ലാതെ ഏകീകരണം നടപ്പിലാക്കുക വഴി അധിക തസ്തികകള്‍ സൃഷ്്ടിച്ച് സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പരസ്പര ധാരണയും ഐക്യവും ഇല്ലാതാക്കി അധികാര കലഹത്തിന് കളമൊരുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെ ദൂരവ്യാപന ഫലമാകട്ടെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും മുഴുവന്‍ പദ്ധതി പ്രവര്‍ത്തനങ്ങളും നിശ്ചലമാക്കുന്നതായിരിക്കും.

webdesk11: