Connect with us

Article

കാലാവസ്ഥാ സമ്മേളനത്തിലെ ആകുലതകള്‍

വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്‍മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

Published

on

ടി ഷാഹുല്‍ ഹമീദ്

മനുഷ്യര്‍ നേരിടുന്ന ജീവല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ലോക രാജ്യങ്ങളുടെ ഇരുപത്തിയേഴാമത് കാലാവസ്ഥാ ഒത്തുചേരല്‍ ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ നടക്കുകയാണ്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി കര്‍മ പരിപാടിയുടെ പതിമൂന്നാമത് ഉദ്വമന വിടവ് റിപ്പോര്‍ട്ട് (എമിഷന്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് 2022) ലോക രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് നിലവിലുള്ളതില്‍ നിന്നും 2.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. നിലവില്‍ ബഹിര്‍ഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 45% കുറച്ചാല്‍ മാത്രമേ ലോകം രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കില്‍ ഭൂമി വിയര്‍ത്ത് മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ അതിജീവനത്തിനായി നെട്ടോട്ടം ഓടേണ്ടി വരും.

വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്‍മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ലോകത്തിന്റെ ചൂട് 2010 മുതല്‍ 2019 വരെ ശരാശരി 1.1 ഡിഗ്രി സെല്‍ഷ്യസ് ആണ് വര്‍ദ്ധിച്ചതെങ്കില്‍ 2020 ല്‍ 141 വര്‍ഷത്തിനുശേഷം ചൂട് 1.28 ഡിഗ്രീ സെല്‍ഷ്യസ് ആയി വര്‍ദ്ധിച്ചു. ലോകത്തെ അനിയന്ത്രിതമായ താപവര്‍ദ്ധനവിന് കാരണമായ കാര്‍ബണ്‍ പുറന്തള്ളലിന്റെ 55% വും വികസിത രാജ്യങ്ങളായ ജി 20 രാജ്യങ്ങളാണ് പുറന്തള്ളുന്നത്. കാര്‍ബണ്‍ അടക്കമുള്ള ഹരിത ഗൃഹ വാതകങ്ങളുടെ പ്രതിശീര്‍ഷ ബഹിര്‍ഗമനത്തില്‍ ഒരു വ്യക്തി ലോകത്താകമാനം 6.3 ടണ്‍ ഹരിതഗൃഹവാതകങ്ങളാണ് വര്‍ഷത്തില്‍ പുറന്തള്ളുന്നത് എങ്കില്‍, അമേരിക്കയില്‍ അത് 14 ടണ്ണും റഷ്യയില്‍ 13 ടണ്ണും ചൈനയില്‍ 9.71, ബ്രസീലില്‍ 7.51 ടണ്ണും ആണ് പുറന്തള്ളുന്നത്.

ഈജിപ്തില്‍ എത്തുന്നതിന് മുമ്പ് 2021ല്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ക്കോ ഉച്ചകോടിയില്‍ 166 രാജ്യങ്ങള്‍ പുതിയ ചുവടുവെപ്പ് നടത്തി നിലവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 4.8 ഗിഗാ ടണ്ണിന്റെ കുറവ് ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ചിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹരിത ഗൃഹ വാതകങ്ങളായ കാര്‍ബണ്‍ഡയോക്‌സൈഡ്, മീഥെയിന്‍, നൈട്രസ് ഓക്‌സൈഡ്, ഹൈഡ്രോഫഌറോ കാര്‍ബണ്‍, പെര്‍ ഫഌറോ കെമിക്കല്‍സ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ ബഹിര്‍ഗമനം അപകടകരമായ രീതിയില്‍ തുടരുകയാണ്.

ഒരു വ്യക്തിയോ സ്ഥാപനമോ, ഒരു വസ്തുവോ, സംഘമോ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കണക്കാക്കി രേഖപ്പെടുത്തുന്നതിനാണ് കാര്‍ബണ്‍ പാദ മുദ്ര ഉപയോഗിക്കുന്നത്. രാജ്യങ്ങള്‍ ഇത് രേഖപ്പെടുത്തി വെക്കുവാനും ഇങ്ങനെ പുറം തള്ളുന്നതിന് ഒരു വില നിശ്ചയിക്കുകയും ചെയ്താല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. ഈ കാര്യത്തില്‍ ഈജിപ്തില്‍ നിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് ലോകം പ്രതീക്ഷിക്കുന്നു. വ്യവസായ യുഗം ആരംഭിച്ചതോടുകൂടി ലോകത്തിന്റെ ചൂട് ശരാശരി ഒരു ശതമാനം വര്‍ധിക്കാന്‍ തുടങ്ങി. ലോകത്ത് ആകമാനം ഹരിത ഗൃഹവാതകങ്ങളുടെ 35% പുറന്തള്ളുന്നത് ഊര്‍ജ്ജ മേഖലയില്‍ നിന്നാണ.് കൃഷി വന നശീകരണം കാട്ടുതീ എന്നിവയില്‍ നിന്നും 24 ശതമാനവും വ്യവസായത്തില്‍ നിന്നും 24 ശതമാനവും ഗതാഗത മേഖലയില്‍ നിന്ന് 14ശതമാനവും കെട്ടിട നിര്‍മാണ മേഖലയില്‍ നിന്ന് 6% വും കാര്‍ബണ്‍ പുറന്തള്ളുന്നു. 30% മാത്രം കാര്‍ബണ്‍ ഗ്രാമീണ മേഖലയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുമ്പോള്‍ നഗരപ്രദേശങ്ങളില്‍ നിന്നാണ് 70% കാര്‍ബണും പുറത്തേക്ക് തള്ളുന്നത്.

ലോകത്താകമാനം കാര്‍ബണ്‍ പുറന്തള്ളുന്നവരില്‍ നിന്നും തള്ളുന്നതിനനുസരിച്ച് വില ഈടാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരികയാണ്. കൂടാതെ കാര്‍ബണ്‍ വിസര്‍ജനം കൂടുതല്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ താഴെ മാത്രം കാര്‍ബണ്‍ വിസര്‍ജനം നടത്തുന്നതിന് അവകാശം വില കൊടുത്തു വാങ്ങാവുന്ന കാര്‍ബണ്‍ വിപണി ആരംഭിക്കുകയാണ്. കാര്‍ബണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതോടെ വ്യാപാര മേഖലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ അളവ് 1970 ല്‍ 325 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍ )ആയിരുന്നുവെങ്കില്‍ ഇന്ന് അത് 430 പി.പി.എം ആയി വര്‍ദ്ധിച്ചു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് കാര്‍ബണ്‍ ഏറ്റവും കൂടുതല്‍ പുറംതള്ളുന്നത് (31%) ചൈനയിലാണ്. അമേരിക്ക 14%യൂറോപ്യന്‍ യൂണിയനും ഇന്ത്യയും 7% പുറത്തേക്ക് വീടുന്നു. കല്‍ക്കരി ഇന്ധന ഉല്‍പാദനത്തില്‍ നിന്നും 190 രാജ്യങ്ങള്‍ പിന്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുടെങ്കിലും ഇതില്‍ 46 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടില്ല. കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ ലോകത്തിലെ കല്‍ക്കരി ഉല്‍പാദനത്തിന്റെ 15%മാത്രമാണ്. ഏറ്റവും വലിയ കല്‍ക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പിട്ടിട്ടില്ല. ലോകത്താകെ 92 രാജ്യങ്ങളിലായി 648 ചൈനീസ് കമ്പനികള്‍ കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

245 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് ഇവിടങ്ങളില്‍ നിന്നും ഒരു വര്‍ഷം പുറത്തേക്ക് വിടുന്നത്. സ്‌പെയിന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണിന് തുല്യമാണ് ഇത്. മനുഷ്യനാല്‍ പുറന്തള്ളുന്ന മീഥൈന്‍ വാതക ബഹിര്‍ഗമനം 30% കുറയ്ക്കുവാന്‍ ലോകത്തിലെ 122 രാജ്യങ്ങള്‍ പ്രതിജ്ഞ എടുത്തപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മീഥൈന്‍ പുറന്തള്ളുന്ന ആസ്‌ട്രേലിയ, ചൈന, ഇന്ത്യ, ഇറാന്‍, റഷ്യ എന്നി രാജ്യങ്ങള്‍ പ്രതിജ്ഞ എടുത്തിട്ടില്ല എന്നത് നിരാശാജനകമാണ്. ലോകത്ത് മീഥൈന്‍ വാതകത്തിന്റെബഹിര്‍ഗമനം ഓരോ വര്‍ഷവും 162 % ആണ് വര്‍ധിക്കുന്നത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിനേക്കാള്‍ അപകടകാരിയാണ് മീഥൈന്‍.

2070 ല്‍ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ ഗമനം പൂജ്യത്തില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2050ല്‍ അമേരിക്കയും 2060ല്‍ ചൈനയും കാര്‍ബണ്‍ ന്യൂട്രല്‍ ആകും എന്ന പ്രഖ്യാപനം ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കൂടാതെ ലോകത്ത് ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സഊദി അറേബ്യ 2060 ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. ഭൂമിയിലെ കാര്‍ബണിന്റെ വലിയഭാഗം മണ്ണിലാണ് സംഭരിക്കുന്നത് എന്നതിനാല്‍ ഭൂമിയില്‍ ഉണ്ടാകുന്ന അപകടകരമായ മനുഷ്യനിര്‍മിതികള്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വികരണത്തിനു കാരണമാകുന്നു. ചത്ത സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങളില്‍ നിന്നും ഭൂമിയുടെ പുറംതോടില്‍ സ്വാഭാവികമായ രൂപംകൊള്ളുന്ന ഹൈഡ്രോ കാര്‍ബണ്‍ അടങ്ങിയ ഒരു വസ്തുവാണ് ഫോസില്‍ ഇന്ധനങ്ങള്‍. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം എന്നിവയാണ് പ്രധാന ഫോസില്‍ ഇന്ധനങ്ങള്‍. മനുഷ്യപ്രവര്‍ത്തനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ 80% വും കത്തിച്ചു കളയുന്നതിലൂടെയാണ് പുറന്തള്ളുന്നത്. ഹരിത ഗൃഹവാതകങ്ങളില്‍ 65% കാര്‍ബണ്‍ഡയോക്‌സൈഡ് ആണെങ്കില്‍ 16% മീഥേയിനും 6% നൈട്രസ് ഓക്‌സൈഡ് 2% ഫഌറോ ഗ്യാസുകളും ആണ് അന്തരീക്ഷത്തിലേക്ക് എത്തുന്നത്.

ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ബണ്‍ കണക്കെടുപ്പാണ് നീതിയുക്തമാക്കുക അല്ലാതെ വികസിത രാജ്യങ്ങള്‍ മുന്നോട്ട് വെക്കുന്ന ദേശത്തിന്റെ അതിര്‍ത്തി കണക്കായുള്ള കണക്കെടുപ്പ് വലിയ ചര്‍ച്ചയാണ് ഉച്ച കോടിയില്‍ ഉണ്ടാകുക. കാര്‍ബണ്‍ കുറക്കുന്നതിന് നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ കാര്‍ബണ്‍ പിടിച്ചെടുക്കുന്ന ആഋഇഇട (ബയോ എനര്‍ജി വിത്ത് കാര്‍ബണ്‍ ക്യാപ്ചര്‍ ആന്‍ഡ് സ്‌റ്റോറേജ്) എന്ന മാര്‍ഗം ജൈവ വസ്തുക്കളില്‍ നിന്നും ജൈവോര്‍ജം വേര്‍തിരിച്ച് എടുക്കുകയും അതുവഴി അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണിനെ നീക്കം ചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ്. മറ്റൊരു പ്രക്രിയയാണ് ഉഅഇ (ഡയറകട് എയര്‍ ക്യാപ്ചര്‍ ). അന്തരിക്ഷത്തില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ പിടിച്ചെടുക്കുന്ന രീതി. ഇതില്‍ ഏതെങ്കിലും മാര്‍ഗം സ്വീകരിച്ച് ക്ലീന്‍ ഊര്‍ജ്ജം എന്ന ആശയം ലോകത്ത് ശക്തമാകേണ്ടതായിട്ടുണ്ട്.

ഭൂമിയിലെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഹരിത ഗൃഹവാതങ്ങള്‍ തടയുകയും ഭൂമിയിലെ താപനില വര്‍ധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്‍ ഭൗമോപരിതലത്തിനോട് ചേര്‍ന്നുള്ള വായു പാളികളുടെ ശരാശരി താപം വര്‍ദ്ധിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവും സ്വാഭാവിക പ്രകൃതിയിലേക്ക് വനം, മണ്ണ് ,സമുദ്രങ്ങള്‍ തുടങ്ങിയവയില്‍ ആകിരണം ചെയ്യപ്പെടുന്ന കാര്‍ബണിന്റെ അളവും തുല്യമാക്കുന്നതിനെയാണ് കാര്‍ബണ്‍ തുലിതാവസ്ഥ അഥവാ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന് പറയുന്നത്. വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കാര്‍ബണ്‍ കുറക്കുന്ന വികസന രീതി ലോകരാജ്യങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ വലിയ പദ്ധതികള്‍ കൊണ്ടുണ്ടാക്കുന്ന കാര്‍ബണ്‍ ബഹിര്‍ ഗമനത്തെ തടയാന്‍ സാധിക്കും. പ്രകൃതിയില്‍ ഓരോ നിമിഷവും വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ പുറന്തള്ളുന്നു. ആഗോളതാപനത്തിന്റെ അടിസ്ഥാന കാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഏറ്റവും വലിയ കാരണമായ ഹരിതഗൃഹ വാതകങ്ങള്‍ കുറക്കുന്നതിന് ആവശ്യമായിട്ടുള്ള നിര്‍മാണാത്മകമായ തീരുമാനങ്ങള്‍ ഈജിപ്തില്‍ നിന്നും വരുമെന്ന് ലോകത്തെ പ്രകൃതിസ്‌നേഹികള്‍ പ്രതീക്ഷിക്കുന്നു.

Article

അമര സ്മരണകളുടെ മഹാദിനം

ഭരണകൂട ഭീകരതയുടെ ഇരകളായി ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പൂത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്‌മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനംകൂടിയാണ് റമസാന്‍ പതിനേഴ്

Published

on

വല്ലാഞ്ചിറ മുഹമ്മദാലി

ഇന്ത്യാ ചരിത്രത്തില്‍ ഒരു ഭാഷക്ക് വേണ്ടി സമരം ചെയ്തു രക്തസാക്ഷിയാവേണ്ടി വരികയും, ഭരണകൂടം അവരുടെ തിരുമാനങ്ങളില്‍ നിന്നും പിന്‍വലിയേണ്ടി വരികയും ചെയ്ത ആദര്‍ശ സമര വീഥിയിയിലെ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട സമരമാണ് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കിയ ഭാഷാസമരം. ഭരണകൂട ഭീകരതയുടെ ഇരകളായി ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പൂത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്‌മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനംകൂടിയാണ് റമസാന്‍ പതിനേഴ്.

1980 ല്‍ സംസ്ഥാനത്തിന്റെ പൊതു വിദ്യഭ്യാസ മേഖലയില്‍ നിന്ന് അറബി ഭാഷയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരെ സര്‍ക്കാര്‍ കരിനിയമങ്ങള്‍ കൊണ്ടു വന്നു. ഭരണഘടനാ ദത്തമായ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ ഭാഷാ സ്‌നേഹികള്‍ പ്രക്ഷോഭ രംഗത്തിറങ്ങി. വ്യാപകമായി സംസ്ഥാനത്ത് കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്യപ്പെട്ടു. 1980 ജൂലൈ 30 (റമസാന്‍ 17ന്) മലപ്പുറത്ത് സമരത്തിലേര്‍പ്പെട്ട ജനക്കൂട്ടത്തിന് നെരെ പൊലിസ് നിറയൊഴിച്ചു. മൂന്ന് യുവാക്കള്‍ രക്തസാക്ഷികളായി, അവകാശ സംരക്ഷണ പോരാട്ടത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ലക്ഷം പേരുടെ രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിക്കപ്പെട്ടു.

സമരം മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു. സമരത്തില്‍ പങ്കെടുത്ത എന്നെ പോലെയുള്ള എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ജീവിത കാലം മുഴുവന്‍ ഹരിത പതാക നെഞ്ചിലേറ്റാനുള്ള ആവേശം പകര്‍ന്ന സമരമായിരുന്നു അന്ന് നടന്നത്. മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് എനിക്ക് ഈ സമരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായത്. മുസ്ലിം ലീഗ് സമുദായത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഇടതുപക്ഷം കൊണ്ടുവന്ന അജണ്ടയുടെ ഭാഗമായിരുന്നു കരി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. അജണ്ട തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് നേതൃത്വം സര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുത്തു. 45 വര്‍ഷം മുമ്പ് നടന്ന ഈ സമര കാലഘട്ടത്തില്‍ ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി പെട്ടെന്ന് സമരം നടത്തുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ദീര്‍ഘകാലത്തെ രാഷ്ട്രീയപ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഓരോ സമരങ്ങളും സംഘടിപ്പിച്ചിരുന്നത്.

മര്‍ഹും അഹമ്മദലി മദനിയുടെയും കുളത്തുര്‍ മുഹമ്മദ് മൗലവിയുടെയും നേത്യത്വത്തില്‍ കെ.എ.ടി.എഫ് ആയിരുന്നു സമരത്തിന് തുടക്കം കുറിച്ചത്. സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.എച്ച് പ്രഖ്യാപിച്ചു ‘അറബി അധ്യാപകരെ നിങ്ങള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങി പോകുക, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു’. സി.എച്ചിന്റെ ആഹ്വാനം കേട്ടുകൊണ്ടാണ് പി.കെ.കെ ബാവയുടെയും കെ.പി.എ മജിദിന്റെയും നേത്യ ത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ഉള്‍പ്പെടെയുള്ള എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും 1080 ജൂലൈ 30ന് മാര്‍ച്ച് പ്രഖ്യാപിച്ചത്. റമസാന്‍ 17ന് ബദര്‍ ദിനത്തില്‍ വ്രതം അനുഷ്ടിച്ചുകൊണ്ടാണ് പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി. രായിന്‍, പി.ഖാലിദ് മാസ്റ്റര്‍, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, സി.മുഹമ്മദ് മദനി എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റിലേക്ക് യുവാക്കള്‍ സമരത്തില്‍ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ആസൂത്രണം ചെയ്ത നായനാര്‍ സര്‍ക്കാര്‍ മലപ്പുറത്ത് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരുന്ന വാസുദേവന്‍ മേനോനെ ഇറക്കി സമരക്കാര്‍ക്കു നേരെ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിച്ചു. സമാധാനപരമായി നടന്ന സമരം വെടി വെപ്പില്‍ കലാശിച്ചപ്പോള്‍ മജീദിന്റെയും കുഞ്ഞിപ്പയുടെയും അബ്ദുറഹ്‌മാന്റെയും ജിവനുകളാണ് സമരത്തില്‍ സമര്‍പ്പിക്കേണ്ടി വന്നത്. നൂറ് കണക്കിന് ചെറുപ്പക്കാര്‍ വെടിയേറ്റ് ജീവച്ചവങ്ങളായി കഴിയേണ്ട സാഹചര്യമുണ്ടായി. നാലര പതിറ്റാണ്ടു പിന്നിടുമ്പോഴും ഇന്നും വെടിയുണ്ട ശരീരത്തില്‍ പേറി ജീവിക്കുന്നവരുണ്ട്.

മലപ്പുറത്ത് നടന്ന ഈ സമരത്തില്‍ സംഭവിച്ച പല കാര്യങ്ങളും പൊതുപ്രവര്‍ത്തകര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ളതായിരുന്നു. മുന്നറിയിപ്പ് നല്‍കാതെ ടിയര്‍ ഗ്യാസ് പൊട്ടിച്ചും വെടിവെച്ചും നടത്തിയ പൊലീസ് അതിക്രമം ഭീതിതമായ അന്തരീക്ഷം മലപ്പുറത്ത് ഉണ്ടാക്കി. മഞ്ചേരി ജില്ലാ ആശുപത്രിയില്‍ നൂറുകണക്കിന് ആളുകളെയാണ് വെടിവെപ്പില്‍ പരിക്കുമായി എത്തിച്ചത്. മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിക്കപ്പെ ട്ടതോടെ സമരത്തിന്റെ ഭാവം മാറി. സമരത്തില്‍ പങ്കെടുത്ത യുവാക്കളുടെ സമരവീര്യം എല്ലാവരിലും പ്രകടമായിരുന്നു. മൂന്ന് പേരുടെ രക്തസാക്ഷിത്വം മഞ്ചേരിയില്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല. പരിക്കേറ്റ് ഒരാള്‍ മഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി വീണ്ടും സമര രംഗത്തേക്ക് പോവുന്ന കാഴ്ചയും ഹൃദയഭേദകമായിരുന്നു. എല്ലാ പൊലീസുകാര്‍ക്കും സുഹൃത്തും വഴികാട്ടി യുമായിരുന്ന പാലായി അബൂബക്കര്‍ ആകുട്ടത്തിലുണ്ടായിരുന്നു. അന്നത്തെ എം.എ സ്.എഫ് നേതാവായിരുന്ന ഇബ്രാഹിം മുഹമ്മദിന്റെ അനൗണ്‍സ്‌മെന്റ് അരീക്കോട് പി.വി മുഹമ്മദിന്റെ മുദ്രാവാക്യം വിളികളും സമരത്തിന് ആവേശം പകര്‍ന്ന കാര്യങ്ങളായിരുന്നു. പി.വി മുഹമ്മദ് അന്ന് വിളിച്ചു കൊടുത്ത മുദ്രാവാക്യങ്ങള്‍ ഇന്നും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ‘അറബി നാട്ടില്‍ പണി വേണം, അറബി നാട്ടിലെ പണം വേണം, അറബി ഭാഷ പഠിക്കാന്‍ മാത്രം കേരളം നാട്ടില്‍ ഇടമില്ല.. മറുപടി പറയൂ സര്‍ക്കാറേ…

ഭാഷാസമരത്തില്‍ മഞ്ചേരിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഇടപെടലും പ്രത്യേകം പറയേണ്ടതുണ്ട്. ഇസ്ഹാക്ക് കുരിക്കള്‍, അഡ്വ.യു.എ ലത്തിഫ്, അഡ്വ.ഹസന്‍ മഹമൂദ് കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മഞ്ചേരിക്കാര്‍ സമരത്തില്‍ അണിനിരന്നത്. മഹ്‌മൂദ് കുരുക്കളുടെ നേതൃത്വത്തില്‍ മഞ്ചേരിയിലെ ലീഗ് പ്രവര്‍ത്തകര്‍ സമര സ്ഥലത്തുനിന്നും കാല്‍നടയായി മടങ്ങിയെത്തിയാണ് മഞ്ചേരിയിലെ ആശു പത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

മുസ്ലിം ലിഗിന്റെ സംഘടനാ രംഗത്ത് ഭാഷാ സമരം വരുത്തിയ ഐക്യവും ആവേശവും വിവരണാതീതമാണ്. അന്ന്‌വരെ മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പില്ലാതെ അനുഭാവികള്‍ മാത്രമായിരുന്ന പലരും സമരവേശത്താല്‍ പൂര്‍ണ ലീഗുകാരായി മാറി. സംഘടനക്ക് വേണ്ടി സമര്‍പ്പിത യൗവനങ്ങളായിരുന്നു ഓരോ യൂത്ത് ലീഗ്കാരന്റെയും ജീവിതം. ഭാഷാ സമരത്തെ തുടര്‍ന്ന് ആത്മാര്‍ഥതയും, പരസ്പര സ്‌നേഹവും, ആദരവുക ളും വര്‍ധിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എന്ന കേരളത്തിലെ രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തുന്നത് ഭാഷാ സമരത്തിന് വലിയ പങ്കുണ്ടായിരുന്നു. മുസ്ലിംലീഗിന്റെ പ്രവര്‍ത്തന ശൈലിയില്‍ തന്നെ ഏറെ മാറ്റത്തിനു തുടക്കം കുറിക്കുവാന്‍ ഭാഷാ സമരത്തിന് കഴിഞ്ഞു.

സമരത്തിന് ശേഷം നിയമസഭയെ കുലുക്കിയ സി.എച്ചിന്റെയും സിതി ഹാജിയുടെയും പ്രസംഗങ്ങള്‍ കാതുകളില്‍ തങ്ങിനില്‍ക്കുന്നു. ‘മലപ്പുറത്തുനിന്ന് കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം ഉയരുന്നു ‘ എന്ന് സി.എച്ചിന്റെ വാക്കുകളും ഭരണകൂടത്തെ വിറപ്പിക്കുന്ന ഹാജിയുടെ പ്രസംഗങ്ങളും ഓരോ മുസ്ലിം ലീഗുകാരെന്റെയും ആത്മാഭിമാനത്തെ ഉയര്‍ത്തുന്നവയായിരുന്നു.

Continue Reading

Article

അണിയറ നീക്കങ്ങളുടെ അലയൊലികള്‍

EDITORIAL

Published

on

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് സംസ്ഥാനം നീങ്ങാനിരിക്കെ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ അലയൊലികള്‍ വിവിധ തലങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രസ്താവനകളും പ്രസംഗങ്ങളും ഇരു നേതാക്കളും തരാതരം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉന്നത നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും മറുഭാഗത്തും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും ഡല്‍ഹിയില്‍ വെച്ച് നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് ഇന്നലെ രമേശ് ചെന്നിത്തല നിയമസഭയില്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി നല്‍കുന്നതിനുപകരം അടിയന്തരാവസ്ഥയിലും മറ്റും ചാരി പിണറായി വിജയന്‍ രക്ഷപ്പെടുകയായിരുന്നു. ‘കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ഇതിന് മുമ്പും കേന്ദ്രമന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കാണാറുണ്ട്. അതെല്ലാം ഔദ്യോഗിക നടപടിയാണ്.

ഞങ്ങള്‍ അതിനനെയല്ല വിമര്‍ശിച്ചത്. എന്ത് അനൗദ്യോഗിക സന്ദര്‍ശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധനകാര്യമന്ത്രിയോട് നടത്തിയതെന്ന് നമുക്കറിയണമെന്നും കേന്ദ്ര സര്‍ക്കാറിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ഒരക്ഷരം പറഞ്ഞിട്ടുണ്ടോയെന്നും ആര്‍.എസ്.എ സും ബി.ജെ.പിയും ഫാസിസ്റ്റല്ല എന്ന കാരാട്ടിന്റെ വാദം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ലൈനായി മാറിയെന്നും’ ചെന്നിത്തല ആരോപിച്ചപ്പോള്‍ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിച്ച് തടിയൂരുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ആശയപരമായി ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനെ ഫാസിസ്റ്റ് സര്‍ക്കാറെന്ന് വിളിക്കാന്‍ കഴിയില്ലെന്നാണ് മധുരയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തയാറാക്കിയ രാഷ്ട്രീയ രേഖയില്‍ പോളിറ്റ്ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരിക്കുന്നത്. കേരള സി.പി.എമ്മിന്റെ സ്വന്തമായി അറിയപ്പെടുന്ന പ്രകാശ് കാരാട്ടിന്റെ റിപ്പോര്‍ട്ട് പിണറായി വിജയന്റെ ആശീര്‍വാദത്തോട് കൂടിയുള്ളതായിരിക്കുമെന്നതില്‍ രണ്ടഭിപ്രായത്തിന് ഇടംപോലുമില്ല.

സംസ്ഥാനത്തെ അവഗണനയുടെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയും സാമ്പത്തികമായും രാഷ്ട്രീയമായും ഞെരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ ഒരുഘട്ടത്തില്‍പോലും തയാറായിട്ടില്ലാത്ത പിണറായി വിജയന്‍ തന്റെ നാവ്‌കൊണ്ട് മോദിക്കും കൂട്ടര്‍ക്കും അബദ്ധത്തില്‍ പോലും മുറിവേല്‍ക്കാതിരിക്കാനുള്ള ജാഗ്രതയും കൃത്യമായി പുലര്‍ത്തിപ്പോരുന്നുണ്ട്. കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാനത്ത് വെച്ച് വലിയ വായില്‍ സംസാരിക്കുന്ന അദ്ദേഹത്തോട്, രാഷ്ട്രീയ നെറികേടിനും ഭരണഘടനാ വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ ഡല്‍ഹിയിലെത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കാന്‍ പ്രതിപക്ഷം പലവുരു ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.

ഗത്യന്തരമില്ലാതെ പേരിനുമാത്രമായി നടത്തിയ പ്രതിഷേധത്തിലാകട്ടേ മോദി സര്‍ക്കാറിനെതിരെ കാര്യമായ വിമര്‍ശനങ്ങളുമൊന്നുമുയര്‍ത്താതെ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നതിന് പകരം യാചനാ സ്വരത്തിലായിരുന്നു പിണറായിയുടെ സംസാരമത്രയും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇതേ വേദിയില്‍വെച്ചുതന്നെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍ എയ്തുവിടുമ്പോഴായിരുന്നു കേരള മുഖ്യമന്ത്രിയുടെ ഈ തണുപ്പന്‍ പ്രതികരണമെന്നോര്‍ക്കണം.

മുസ്ലിം ന്യൂനപക്ഷങ്ങളെ ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഫാസിസ്റ്റ് ശക്തികളെ സന്തോഷിപ്പിക്കുന്ന ഏര്‍പ്പാടിലേക്ക് ഇപ്പോള്‍ സി.പി.എമ്മും അവരുടെ ദല്ലാളുകളും നീങ്ങിയിരിക്കുകയാണ്. സി.പി.എമ്മിന്റെ എല്ലാ വഴിവിട്ട നീക്കങ്ങള്‍ക്കും ഇടംവലം നോക്കാതെ തലവെച്ചുകൊടുക്കേണ്ട ഉത്തരവാദിത്തമുള്ള കെ.ടി ജലീല്‍ തന്നെയാണ് ഈ ദൗത്യത്തിനും തുടക്കം കുറിച്ചിരിക്കുന്നത്.

മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എം.ഡി.എം.എ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന നിരീക്ഷണമാണ് അദ്ദേഹത്തിന്റെതായി വന്നിരിക്കുന്നത്. സംസ്ഥാനത്തെ ലഹരി മാഫിയയുടെ കൈയ്യിലേക്ക് വലിച്ചെറിഞ്ഞുകൊടുത്ത സര്‍ക്കാര്‍ സമീപനത്തെ മറച്ചുവെക്കാന്‍ വേണ്ടിയുള്ള ജലീലിന്റെ ചെപ്പടി വിദ്യയാണ് ആരോപണത്തിന് പിന്നിലെങ്കിലും അതിന് ഒരു സമുദായത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുമ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ പി.സി ജോര്‍ജിനെപോലെയുള്ള വര്‍ഗീയതയുടെ തണലില്‍ ജീവിക്കുന്നവര്‍ അതേറ്റെടുക്കുകയാണ്.

ഒരു ഇടതു സഹയാത്രികന്റെറെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് സംഘ്പരിവാര്‍ സഹയാത്രികന് കുടപിടിച്ചു കൊടുക്കാന്‍ ഒരു തടസ്സവുമില്ലാത്ത ഈ സാഹചര്യം തന്നെയാണ് സി.ജെ.പിയുടെ പുതിയ പരീക്ഷണങ്ങളുടെ ഏറ്റവും മികച്ച തെളിവ്. അപകടകരമായ ഈ പ്രസ്താവനകളെ ചോട്ടാ നേതാക്കളും വ്യാപകമായി ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളെല്ലാം സുവ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

Continue Reading

Article

ഭാഷാ യുദ്ധത്തിന്റെ രാഷ്ട്രീയം

EDITORIAL

Published

on

ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ത്രിഭാഷാ നീക്കത്തില്‍ തമിഴ്നാടും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള പോരാട്ടം കടുക്കുമ്പോള്‍ തമിഴ് നാടിന്റെ ഭാഷായുദ്ധം വീണ്ടും ചര്‍ച്ചയാവുകയാണ്. ഡി.എം.കെ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കു കയാണെന്നും സംസ്‌കാര ശൂന്യ നടപടിയാണ് ഡി.എം.കെ പിന്തുടരുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ കേന്ദ്ര മന്ത്രി വാക്കുകള്‍ സൂക്ഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജാവാണെന്ന് കരുതി ധിക്കാരം പറയാതെ അച്ചടക്കം പാലിക്കണമെന്നുമായിരുന്നു സ്റ്റാലിന്റെ തിരിച്ചടി.

2020 ലെ ദേശീയ പാഠ്യക്രമം അഥവാ എന്‍.ഇ.പി നടപ്പാക്കിയില്ലെങ്കില്‍ തമിഴ്നാടിന് സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലുള്ള കേന്ദ്രഫണ്ട് ലഭിക്കുകയില്ല എന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് ഹിന്ദി തമിഴ് പോരിന് മൂര്‍ച്ച ഏറുന്നത്. എന്‍.ഇ.പി ഒക്കെ നടപ്പിലാക്കാം, പക്ഷേ ത്രിഭാഷ രീതി വേണ്ട ദ്വിഭാഷ തന്നെ മതി എന്നതായിരുന്നു തമിഴ്നാടിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ 10,000 കോടി രൂപ വാഗ്ദാനം ചെയ്താല്‍ കൂടിയും തമിഴ്നാട്ടില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള മോഹം മനസിലിരിക്കട്ടെ എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ്നാടിനെ 2,000 വര്‍ഷം പിന്നോട്ടടിക്കാന്‍ കാരണമാകുന്ന തെറ്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷ നയത്തിനെതിരെ തമിഴ്നാട് ഒന്നടങ്കം പ്രതിഷേധിക്കുന്നത്.

ബി.ജെ.പി ഒഴികെയുള്ള തമിഴ്നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരാണ്. പുതിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കിയ നടന്‍ വിജയ് കൂടി ഹിന്ദി വിഷയത്തില്‍ പ്രതിഷേധം അറിയിച്ചതോടെ തമിഴ്മണ്ണിന്റെ രോഷാഗ്നി കേന്ദ്രം വരെയും അലയടിക്കുന്നുണ്ട്. തമിഴ്നാട് ബി.ജെ.പിയിലെ തന്നെ പല നേതാക്കളും കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കാനും തുടങ്ങിയതായാണ് വിവരം.

തമിഴ്നാടിന്റെ ഹിന്ദി വിരുദ്ധ പോരാട്ടത്തിന് ഏതാണ്ട് ഒമ്പത് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. 2014ല്‍ ബി.ജെ.പി അധികാരത്തിത്തെിയതോടെയാണ് സംസ്ഥാനത്ത് ഹിന്ദി സാര്‍വത്രികമാക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ ആത്മാഭിമാനത്തിനേല്‍പ്പിക്കുന്ന മുറിവായാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ തമിഴ്നാട് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഹിന്ദിയുടെ കടന്നുകയറ്റം പല സംസ്ഥാനങ്ങളിലും അവരുടെ സ്വന്തം ഭാഷയെ ഇല്ലാതാക്കാന്‍ കാരണമായിട്ടുണ്ടെന്നും ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പ് ഒരുഭാഷ എന്നതാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ബഹുസ്വരതയുടെ കടക്കല്‍ കത്തിവെക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമായി ഇതിനെ അവര്‍ വിലയിരുത്തുന്നു. ഇതൊരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും തമിഴ് സര്‍ക്കാര്‍ കരു തുന്നു. തമിഴ്നാട്ടില്‍ ഇടംനേടാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് കേന്ദ്രത്തിന്റെ പുതിയ ശ്രമമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിനും ഡി.എം.കെയും വിശ്വസിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത് ഇതിന്റെ തെളിവായി അവര്‍ കാണുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാറിന്റെ വാദം.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മറവില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു രാഷ്ട്രീയ നീക്കമാണെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹിന്ദി സംസാരിക്കാത്തവരെ ഹിന്ദി സംസാരിക്കുന്നവരാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി ശ്രീ ഭാരതി പദ്ധതി പ്രകാരം, മൂന്ന് ഭാഷകള്‍ പഠിപ്പിക്ക ണമെന്ന് നിര്‍ബന്ധിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ പിന്നിലെന്നും ഭരണകക്ഷി ആരോപിക്കുന്നു. ഇതോടൊപ്പം തന്നെയാണ് ജനസംഖ്യാനുപാതികമായി ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും സര്‍ക്കാര്‍ കാണുന്നത്. അതു കൊണ്ടുതന്നെ ഫെഡറലിസത്തിനെതിരായ പോരാട്ടം കടുപ്പിക്കാനാണ് സ്റ്റാലിന്റെയും കൂട്ടരുടെയും തീരുമാനം. പുനര്‍നിര്‍ണയത്തില്‍ മണ്ഡലങ്ങള്‍ നഷ്ടമാകുന്ന മറ്റു സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്തി കേന്ദ്രത്തിനെതിരെ പടപ്പുറപ്പാടിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം കത്തയച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നീക്കം ഫെഡറലിസത്തിനെതിരായ ആക്രമണമാണെന്ന് കേരള, കര്‍ണാടക, ആന്ധ്ര, പശ്ചിമബംഗാള്‍, തെലങ്കാന, പഞ്ചാബ്, ഒഡീഷ മുഖ്യമന്ത്രി മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.

ജനസംഖ്യാനുപാതികമായി മണ്ഡല പുനര്‍നിര്‍ണയം നടന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ജനസംഖ്യാ നിയന്ത്രണം കര്‍ശനമായി നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങള്‍ക്കും വന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കേരളവും തമിഴ്‌നാടും കര്‍ണാടകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയിലെ പ്രാതിനിധ്യം കുത്തനെ കുറയും. അതേ സമയം ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള, ജനസംഖ്യാ നിയന്ത്രണ പദ്ധതികളോട് എല്ലാ കാലത്തും പുറംതിരിഞ്ഞു നിന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ തോതില്‍ നേട്ടമുണ്ടാവുകയും സീറ്റുകള്‍ വര്‍ധിക്കുകയും ചെയ്യും. ഇക്കാര്യവും തുറന്നുകാട്ടി ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട്.

Continue Reading

Trending