സുഫ്‌യാന്‍ അബ്ദുസ്സലാം
‘പ്രണയത്തിന്‌മേല്‍ ആരു വരച്ചു ലിംഗാതിര്‍ത്തികള്‍, ഈ ലോകം എല്ലാവരുടേതുമാണ്!’. ആണും ആണും, പെണ്ണും പെണ്ണും പരസ്പരം ചുംബിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എസ്.എഫ്.ഐ പെരിന്തല്‍മണ്ണ ഏരിയാസമ്മേളനത്തിന്റെ ഔദ്യോഗിക പോസ്റ്ററിലെ തീമാണ് ഇത്. മലപ്പുറം ജില്ലയില്‍ മുസ്‌ലിംലീഗിന്റെ സാംസ്‌കാരിക കുത്തക അവസാനിപ്പിക്കണമെന്ന തിരൂരില്‍ ചേര്‍ന്ന സി.പി.എം ജില്ലാസമ്മേളന പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐ ഉയര്‍ത്തുന്ന മുദ്രാവാക്യം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഏറ്റവും സുന്ദരമായ സാംസ്‌കാരിക ബോധവും കുടുംബ സംവിധാനവും വ്യക്തിബന്ധങ്ങളുമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെവിടെയും വ്യത്യസ്ത തരത്തിലുള്ള സാംസ്‌കാരിക അപചയങ്ങളും ലൈംഗിക വൈകൃതങ്ങളും പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ മുറുകെപ്പിടിക്കുന്ന മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക ഭദ്രത തകര്‍ക്കാന്‍ മറ്റൊരു പ്രത്യയശാസ്ത്രത്തിനും ഇന്നോളം സാധിച്ചിട്ടില്ല. മുസ്‌ലിംകളില്‍ മാത്രമല്ല, കേരളത്തിലെ വിവിധ മതവിഭാഗങ്ങളില്‍ ഉദയംചെയ്ത നവോത്ഥാന നായകരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സാംസ്‌കാരികാവബോധവും കേരളത്തിന്റെ കുടുംബ സംവിധാനങ്ങളിലും ലൈംഗിക കാഴ്ചപ്പാടുകളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവയില്‍ ഓരോന്നിന്റെയും ധര്‍മ്മത്തെകുറിച്ചും സ്രഷ്ടാവ് പ്രകൃതിയിലൂടെ നല്‍കിയ ബോധ്യവും പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും നല്‍കിയ അറിവും പൂര്‍ണമായും തിരസ്‌കരിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കൃത്യമായ സാംസ്‌കാരിക കാഴ്ചപ്പാടില്ല എന്ന വസ്തുത ഒന്നുകൂടി പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യനെ സൃഷ്ടിക്കുകയും അവനാവശ്യമായ ധാര്‍മിക നിയമങ്ങള്‍ നല്‍കുകയും ചെയ്ത സ്രഷ്ടാവിലുള്ള അചഞ്ചലമായ ദൈവവിശ്വാസമാണ് നന്മകളുടെ പിന്നിലുള്ള ചാലകശക്തി എന്നാണ് മുസ്‌ലിംലീഗിന്റെ കാഴ്ചപ്പാട്. ദൈവനിഷേധത്തെ അടിസ്ഥാനാശയമായി അവതരിപ്പിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പക്കല്‍ മനുഷ്യനില്‍ സാംസ്‌കാരികബോധം വളര്‍ത്താന്‍ ഉതകുന്ന യാതൊരു നിയമവും ഇല്ല എന്നതാണ് അവര്‍ അനുഭവിക്കുന്ന സാംസ്‌കാരിക പ്രതിസന്ധി. കമ്യൂണിസ്റ്റ് ആശയങ്ങളെയും നേതാക്കളെയും ലോകം തള്ളിക്കളഞ്ഞപ്പോള്‍ സമ്പൂര്‍ണ ലൈംഗിക അരാജകത്വത്തിലൂടെ യുവസമൂഹത്തെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് സി.പി. എമ്മും എസ്.എഫ്.ഐയും. ലെനിന്‍, സ്റ്റാലിന്‍, മാവോ, കാസ്‌ട്രോ തുടങ്ങിയ കമ്യൂണിസ്റ്റ് ബിംബങ്ങള്‍ക്ക് പുതുതലമുറയെ സ്വാധീനിക്കാന്‍ സാധിക്കാതെ വരികയും ഏറെക്കാലം യുവാക്കള്‍ നെഞ്ചിലേറ്റിയിരുന്ന ചെഗുവേരക്ക്‌പോലും വിപണിമൂല്യം കുറയുകയും ചെയ്തപ്പോള്‍ അശ്ലീലതയെയും ലൈംഗിക അരാജകത്വത്തെയും ഇറക്കുമതി ചെയ്യാനാണവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേവലം അടവുനയമായി കാണാന്‍ കഴിയില്ല. കമ്യൂണിസത്തിന്റെ നാരായ വേരുകളില്‍ അന്തര്‍ലീനമായിക്കിടക്കുന്ന പ്രത്യയശാസ്ത്ര മൂലകങ്ങളില്‍ നിന്നുള്ള മുളപൊട്ടല്‍ മാത്രമാണിത്. ക്യാംപസുകളിലൂടെ യുവസമൂഹങ്ങളിലേക്ക് പ്രസരിപ്പിച്ച് പുതുതലമുറയെ ചിന്താശേഷി ഇല്ലാത്തവരാക്കി സമ്പൂര്‍ണമായ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കാനുള്ള ശ്രമമാണത്. ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി ഇവര്‍ പരീക്ഷിച്ചുനോക്കിയിട്ടുള്ളതാണ്. പ്രകൃതിവിരുദ്ധ പുരുഷ പുരുഷ, സ്ത്രീ സ്ത്രീ ലൈംഗികതയെയാണ് പുതിയ പോസ്റ്ററില്‍ കാണുന്നതെങ്കില്‍ ഏതാനും മാസങ്ങള്‍ക്ക്മുമ്പില്‍ തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകളില്‍ സ്ത്രീ പുരുഷ അവിഹിത വേഴ്ചകളെ പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങളും ചിത്രങ്ങളുമായിരുന്നു അടക്കം ചെയ്തിരുന്നത്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചുണ്ടുകോര്‍ത്ത് ചുംബിക്കുന്ന ചിത്രമുള്ള പോസ്റ്ററില്‍ ‘ഒന്നു ചിന്തിക്കൂ. ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്നും ‘ഭൂഗോളം ലൈംഗിക വിമോചനം ആവശ്യപ്പെടുന്നു’ (The planet needs sexual liberation) എന്നുമൊക്കെയായിരുന്നു. ‘ദേശീയത തുലയട്ടെ, ഞങ്ങള്‍ ഭൂമിയില്‍ ജീവിക്കുന്നവര്‍’ എന്നെഴുതി മുള്ളുവേലികളുടെ വിലക്കുകള്‍ ലംഘിച്ച് പരസ്പരം ചുംബിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ചിത്രമായിരുന്നു മറ്റൊരു പോസ്റ്ററില്‍. 2016 ല്‍ എറണാകുളം മഹാരാജാസ് കോളജിന്റെ കവാടങ്ങളിലും ഇതുപോലുള്ള പോസ്റ്ററുകള്‍ എസ്.എഫ്.ഐ പ്രദര്‍ശിപ്പിച്ചിരുന്നു. അധാര്‍മ്മികതയുടെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും സന്ദേശം യുവസമൂഹങ്ങളില്‍ പ്രചരിപ്പിക്കുന്നതിനായി പ്രത്യക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നതിനിടയില്‍തന്നെ പരോക്ഷവും തന്ത്രപരവുമായ ഗൂഢപദ്ധതികളുമായി കമ്യൂണിസ്റ്റ് നാസ്തിക ബുദ്ധിജീവികള്‍ യുവസമൂഹത്തിന്റെ മസ്തിഷ്‌കങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് പലരും തിരിച്ചറിയാതെ പോകുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ ചര്‍ച്ചയാവുന്നത് ഇവിടെയാണ്. ‘ജെന്‍ഡര്‍ ന്യൂട്രല്‍’ എന്ന പേരില്‍ സ്‌കൂള്‍ യൂണിഫോമുകളെ പരിഷ്‌കരിക്കുന്നതിന്റെ പരീക്ഷണഘട്ടമാണ് ബാലുശേരി സ്‌കൂളില്‍ നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത് പെണ്‍കുട്ടികളില്‍ ‘പേന്റ്‌സ് ധരിക്കുന്നവര്‍ക്ക് അത് ധരിക്കാം, ചുരിദാര്‍ ധരിക്കുന്നവര്‍ക്ക് അത് ധരിക്കാം, മഫ്ത ധരിക്കുന്നവര്‍ക്ക് അത് ധരിക്കാം’ എന്നെല്ലാമാണ്. സ്‌കൂള്‍ അധികൃതര്‍ക്ക്‌പോലും ജെന്‍ഡര്‍ ന്യൂട്രല്‍ എന്താണെന്ന് മനസ്സിലായില്ലെന്നര്‍ത്ഥം. ജെന്‍ഡര്‍ ന്യൂട്രല്‍ എന്നതിന്റെ അര്‍ഥം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ അണിയാവുന്ന വസ്ത്രം എന്നാണ്. സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ യുക്തിക്കനുസരിച്ചുള്ള വസ്ത്രം ധരിക്കാം എന്ന വിശദീകരണം നല്‍കിയത് ഒന്നുകില്‍ പ്രതിഷേധത്തില്‍നിന്നും രക്ഷപ്പെടാന്‍; അല്ലെങ്കില്‍ അവര്‍ക്ക് ജെന്‍ഡര്‍ ന്യൂട്രലിന്റെ പിന്നിലുള്ള അജണ്ട അറിയില്ല എന്നതുകൊണ്ടാണ്. ജെന്‍ഡര്‍ ന്യൂട്രലിന്റെ പിന്നില്‍ ഒരു പ്രത്യേക രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ട് എന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലെങ്കിലും ലോകം അത് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജെന്‍ഡര്‍ ന്യൂട്രലിലൂടെ കമ്യൂണിസ്റ്റുകളുടെയും നാസ്തിക യുക്തിവാദ സൈദ്ധാന്തികരുടെയും രഹസ്യ അജണ്ടയാണ് പുറത്തേക്ക് വെളിപ്പെടുന്നത്. ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ തിരിച്ചറിയപ്പെടാതെയുള്ള വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാനോ അവരുടെ മസ്തിഷ്‌കങ്ങളിലേക്ക് ആണ്‍ പെണ്‍ വ്യത്യാസങ്ങളില്ലാത്ത വിധത്തിലുള്ള അസ്തിത്വത്തെ അടിച്ചുകയറ്റാനോ ഉള്ള ശ്രമങ്ങളാണ് ഇതിന് പിന്നില്‍. കേരളത്തിലെ നാസ്തികസമൂഹവും അവര്‍ക്ക് വെള്ളവും വളവും നല്‍കുന്ന കമ്യൂണിസ്റ്റുകളും നാളിതിരുവരെ പണിപ്പെട്ടിട്ടും നടപ്പില്‍ വരുത്താന്‍ സാധിക്കാത്ത കാര്യങ്ങളെ വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ അധികൃതരെയും മുന്നില്‍ നിര്‍ത്തി യൂണിഫോമിന്റെ മറവില്‍ നടപ്പാക്കാനുള്ള കുല്‍സിതമായ ശ്രമങ്ങളാണ് ഇതിന് പിന്നില്‍. കേവലം ലൈംഗികാവയവങ്ങളുടെ പേരില്‍ മാത്രം ലൈംഗിക സ്വത്വത്തെ തീരുമാനിക്കാന്‍ പറ്റില്ലെന്നും ഓരോ വ്യക്തിയും അവരവര്‍ക്ക് ഇഷ്ടമുള്ള ലൈംഗിക സ്വത്വത്തെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറയപ്പെടുന്ന ‘ജെന്‍ഡര്‍ തിയറി’യാണ് പുതിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ പിറകിലുള്ള പ്രത്യയശാസ്ത്രമെന്ന് പലരും തിരിച്ചറിയുന്നില്ല. ഒരു പെണ്ണിന് താന്‍ പെണ്ണാണെന്നോ ഒരു ആണിന് താന്‍ ഒരു ആണാണെന്നോ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള മാനസികാവസ്ഥയിലേക്ക് നയിക്കുക എന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയിലൂടെ അജണ്ട.
ജെന്‍ഡര്‍ തിയറിയുടെ ലക്ഷ്യം പ്രകൃതിപരമായും പാരമ്പരാഗതമായും മാനവരാശി സ്വീകരിച്ചു വന്ന ആണ്‍പെണ്‍ ലൈംഗികതക്ക് വിരുദ്ധമായി ആണ്‍ആണ്‍, പെണ്‍പെണ്‍ ലൈംഗികതകളെയും ഉഭയ ലൈംഗികതയെയും വിചിത്ര ലൈംഗികതയെയും പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇതാണ് ഇവര്‍ മുമ്പോട്ട്‌വെക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ പ്രത്യയശാസ്ത്രം മേല്‍ വിവരിച്ച ജെന്‍ഡര്‍ പൊളിറ്റിക്‌സ് ആണ്. ബാലുശേരി സ്‌കൂളില്‍ പരീക്ഷിച്ചത് ഈ പൊളിറ്റിക്‌സ് ആണ്. എന്നാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവും അതിനെതിരെ രംഗത്ത് വന്നപ്പോള്‍ കുട്ടികള്‍ക്ക് ഏത് തരത്തിലുള്ള വസ്ത്രവും ധരിക്കാമെന്ന നിലപാടിലേക്ക് അധികൃതര്‍ക്ക് മാറേണ്ടിവന്നു. പരീക്ഷണം പാളിയെങ്കിലും അവസരം ഒത്തുവന്നാല്‍ അത് നടപ്പാക്കാനുള്ള ശ്രമം തുടരുമെന്നുതന്നെയാണ് കരുതേണ്ടത്.
കേരളം നവോത്ഥാനപ്രക്രിയകളിലൂടെ രൂപം കൊടുത്ത വസ്ത്രസങ്കല്‍പങ്ങളെയും കുടുംബ ഭദ്രതയേയും വിവാഹ കാഴ്ചപ്പാടുകളെയും സ്ത്രീപുരുഷ ബന്ധങ്ങളിലെ പ്രകൃതിപരവും ദിവ്യബോധനപരവുമായ രീതികളെയും കുഴിച്ചുമൂടാനുള്ള മസ്തിഷ്‌ക പ്രക്ഷാളനമാണ് കമ്യൂണിസ്റ്റ്‌നാസ്തിക കൂട്ടുകെട്ട് സ്‌കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ പോലും മനം മടുത്ത് തുപ്പിക്കളഞ്ഞുകൊണ്ടിരിക്കുന്ന സ്വതന്ത്ര ലൈംഗികതയെയും പ്രകൃതി വിരുദ്ധ ലൈംഗികതയെയും കേരളത്തിന്റെ സാംസ്‌കാരിക മണ്ണില്‍ മുളപ്പിക്കാനുള്ള തന്ത്രപൂര്‍വമായ ശ്രമമാണ് ദൈവനിഷേധത്തില്‍ രൂപപ്പെട്ട കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പ്രഭൃതികള്‍ ലിബറല്‍ അള്‍ട്രാലിബറല്‍ ചിന്തകള്‍ പ്രചരിപ്പിച്ചുകൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും ബോധവത്കരണങ്ങളുടെയും ബലം കൊണ്ട് കമ്യൂണിസ്റ്റുകളും നാസ്തികരും ഉയര്‍ത്തിവിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കേരളത്തിലെ മതവിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്.