മഹിതമായ സര്‍വമത സാഹോദര്യവും സാര്‍വലൗകികമായൊരു സംസ്‌കാരികതയുമുള്ള നാടാണ് ഇന്ത്യയുടെ തെക്കേയറ്റത്തും പടിഞ്ഞാറന്‍ തീരത്തുമായി പരിലസിച്ചുകിടക്കുന്ന നമ്മുടെ കൊച്ചു കേരളം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പലവിധത്തിലുള്ള സാമുദായിക കലാപങ്ങളും കൂട്ടക്കൊലകളും അരങ്ങേറിയിട്ടും ഈ നാടിനെ രാജ്യത്തെ മാനവ സാഹോദര്യത്തിന്റെ പച്ചത്തുരുത്തായി പിടിച്ചുനിര്‍ത്തുന്നതിന് ഹേതുവായത് മഹാന്മാരായ ജന നേതാക്കളുടെയും മത പണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും നിഷ്‌കാമമായ പങ്കാളിത്തവും സജീവതയും കൊണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യാ മഹാരാജ്യത്തേക്ക് ഒരു പോര്‍ച്ചുഗീസ് ലോക സഞ്ചാരി എത്തുന്നതിന് എത്രയോ മുമ്പേതന്നെ ഇവിടേക്ക് അറബികളുടേതടക്കമുള്ള സാംസ്‌കാരികതയുടെ കുത്തൊഴുക്കുണ്ടായിട്ടുണ്ട്. സെന്റ് തോമസ് മുതല്‍ മാലിക്ബ്‌നു ദീനാര്‍ വരെ കേരളത്തിലെത്തിയപ്പോള്‍ പെരുമാള്‍ രാജാവ് തിരുനബിയുടെ നാട്ടിലേക്ക് പോയി. അറേബ്യന്‍ നവോത്ഥാന കാലത്തുതന്നെ കേരളത്തിന്റെ മലബാര്‍ പ്രദേശം ലോകത്ത് വിജ്ഞാനത്തിന്റെ കൈത്തിരി തെളിച്ചിരുന്നു. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി ഭട്ടതിരിപ്പാട്, കൊയിലാണ്ടിയിലെയും പാണക്കാട്ടെയും തങ്ങള്‍മാര്‍, മുസ്്‌ലിം നവോത്ഥാന നേതാക്കള്‍ തുടങ്ങിയ അസംഖ്യം ഉല്‍പതിഷ്ണുക്കള്‍ കേരളത്തെ ഇന്നത്തെ അവസ്ഥയിലേക്ക് പാകപ്പെടുത്തുന്നതില്‍ സവിശേഷമായി വിജയിച്ചിട്ടുണ്ട്.
നിര്‍ഭാഗ്യമെന്നുപറയട്ടെ, ഇന്ന് തെളിമയാര്‍ന്ന ഈ സൗഹാര്‍ദപ്പൊയ്കയിലേക്കും വിഷക്കിറ്റുകളുമായി ഇറങ്ങിയിരിക്കുകയാണ് ചില വര്‍ഗീയതല്‍പരര്‍. എണ്ണമറ്റ ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലുഴലുന്ന സാധാരണക്കാരന്റെ മനസ്സുകളെ ചഞ്ചലിതമാക്കി കുളംകലക്കി മീന്‍പിടിക്കാന്‍ മാത്രമല്ല, അവക്ക് വിഷംകൊടുത്ത് കൈ നനയാതെ കോരിയെടുക്കാനുള്ള ഹിഡണ്‍ അജണ്ടയുമായാണ് ചില രക്തരാക്ഷസന്മാരുടെ വരവ്. ഏപ്രില്‍ പന്ത്രണ്ടിന് നടക്കാനിരിക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്മേലാണ് ഇവരുടെ കഴുകന്‍ കണ്ണുകള്‍. ഈ ജില്ലയില്‍ തന്നെ ആറോളം ചെറുപ്പക്കാരെ മതത്തിന്റെ പേരില്‍ കുരുതികൊടുത്തവര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കാസര്‍കോട് ജില്ലയിലും ഇരുട്ടിന്റെ മറവില്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ പച്ചക്ക് കശാപ്പ് ചെയ്തു. മതാധ്യാപകനായിരുന്ന കുടക് മടിക്കേരി സ്വദേശി റിയാസാണ് പള്ളിക്കടുത്തുള്ള മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്. പശു മാതാവാണെന്നും അതിനെ കൊന്നുതിന്നുന്നത് മഹാപാതകമാണെന്നും വാദിക്കുന്നവര്‍ തങ്ങളെപോലെ തന്നെ മജ്ജയും മാംസവുമുള്ള ഒരു യുവാവിനെ കൊലപ്പെടുത്തിയത് അന്ധമായ മതവിരോധം കൊണ്ടുമാത്രമായിരുന്നു.
മലപ്പുറത്ത് മറ്റൊരു വിവാദത്തിന് കൂടി കഴിഞ്ഞ ദിവസം ഇക്കൂട്ടര്‍ തിരികൊളുത്തിയിരിക്കയാണ്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും തന്നെ വിജയിപ്പിച്ചാല്‍ ഗുണമേന്മയുള്ള ബീഫ് മലപ്പുറത്ത് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നുമാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ശ്രീപ്രകാശ് തട്ടിവിട്ടത്. ജില്ലയില്‍ നല്ലൊരു ശതമാനം പേര്‍ മുസ്്‌ലിംകളാണെന്നതു ശരിതന്നെ. എന്നാല്‍ അവര്‍ക്കെല്ലാം ബീഫാണ് പ്രിയം എന്ന രീതിയിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുടെ പകല്‍ പുലമ്പല്‍. ബി.ജെ.പി അടുത്തിടെ ഭരണമേറ്റെടുത്ത ഉത്തര്‍പ്രദേശില്‍ അനധികൃത അറവുശാലകളുടെ പേരിലായിരുന്നു അധികാരമേറ്റ് രണ്ടാംനാള്‍ മുതല്‍ പശ്ചിമ യു.പിയിലൊട്ടാകെ സംഘ്പരിവാരത്തിന്റെയും പൊലീസിന്റെയും കാടിളക്കം.
ബീഫ് കഴിക്കുന്നതിനെ കേരളത്തില്‍ ആരെങ്കിലും എതിര്‍ക്കുകയോ തടസ്സപ്പെടുത്തുകയോ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് രണ്ടര ലക്ഷം മെട്രിക് ടണ്‍ പ്രതിവര്‍ഷം ഭോജ്യമാംസമായി വില്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതൊന്നും കഴിക്കുന്നത് ഏതെങ്കിലുമൊരു സമുദായം മാത്രമല്ല. വയനാട്, ഇടുക്കി തുടങ്ങിയ മലയോര ജില്ലകളില്‍ നിന്നാണ് ഏറെ മാംസവും വില്‍പനക്കെത്തുന്നത്. പോത്ത്, കാള, ആട്, കോഴി എന്നിവയുടെ മാംസമാണ് കൂടുതലും വിറ്റുപോകുന്നതും. ഇതില്‍ പോത്തും കാളയുമെല്ലാം ബീഫ് എന്ന കണക്കിലാണ് പെടുന്നത്. എരുമപ്പാലും കേരളത്തില്‍ ക്ഷീര രംഗത്ത് സുപ്രധാന വരുമാന ഘടകമാണ്. ബീഫ് കഴിക്കുന്നവരില്‍ ബ്രാഹ്മണരൊഴികെ എല്ലാ വിഭാഗക്കാരും ഇവിടെയുണ്ട്. ഓണത്തിനും സംക്രമത്തിനും രണ്ടാം നാളുകളില്‍ മാംസ വിഭവങ്ങളാണ് കേരളീയര്‍ ഭക്ഷിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ പോലും പരസ്യമായി ബീഫ് കഴിക്കുന്നുമുണ്ട്. യോഗി സര്‍ക്കാരിന്റെ നടപടികള്‍ കേരളത്തിലെ മാംസ പ്രിയരായ അനുയായികള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടാകുമെന്ന ഭയത്തില്‍ നിന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ മേല്‍പ്രസ്താവനയെന്നാണ് അനുമാനിക്കേണ്ടത്.
മലപ്പുറത്ത് യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്‍ ഏതുവിധേനയും വിള്ളല്‍ വീഴ്ത്തി ഭൂരിപക്ഷം കുറക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെങ്കില്‍ അല്‍പമെങ്കിലും വോട്ട് കൂട്ടാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് ബി.ജെ.പി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സി.പി.എം നിയന്ത്രണത്തിലുള്ള പൊലീസിന്റെ ബി. ജെ.പിയോടുള്ള അയഞ്ഞ സമീപനത്തെയും കാണേണ്ടത്. കാസര്‍കോട് റിയാസ് മുസ്്‌ലിയാര്‍, മലപ്പുറം കൊടിഞ്ഞിയിലെ അനില്‍കുമാര്‍ എന്ന ഫൈസല്‍ തുടങ്ങിയവരുടെ കുടുംബങ്ങളോടും അവര്‍ പ്രവര്‍ത്തിച്ചുവന്ന സമൂഹത്തോടും വിശ്വസിച്ചുപോന്ന ആശയത്തോടുമൊക്കെ കടുത്ത വിരോധമാണ് സംഘ്പരിവാറുകാരെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെങ്കില്‍, തങ്ങളുടെ ഭരണത്തിന്‍കീഴില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന തോന്നലാണ് ഇവകളില്‍ പിണറായി സര്‍ക്കാരും ആഭ്യന്തരവകുപ്പും സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, കേരളത്തിലെ ഇടതു ഭരണ മുന്നണിയിലെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയൊന്നടങ്കം ഗോവയില്‍ ബി.ജെ.പിയുടെ ഭരണമുന്നണിയിലേക്ക് ചേക്കേറിയിരിക്കുകയുമാണ്. സംഘ്പരിവാറിന്റെ ആശയങ്ങള്‍ കൊണ്ടുനടക്കുന്ന ശിവസേനയുടെ പ്രഭൃതികളാണ് കൊച്ചിയില്‍ യുവാക്കളെ പരസ്യമായി അടിച്ചോടിച്ചത്. അവിടെയും പിണറായിയുടെ പൊലീസ് ഓച്ഛാനിച്ചുനിന്നു. ഏറ്റവുമൊടുവില്‍ ശിവസേനാ തലവന്‍ ചോദിക്കുന്നത്, മലപ്പുറത്ത് ബീഫ് നിരോധിക്കുമെന്ന് ബി.ജെ.പിക്ക് പറയാന്‍ കഴിയുമോ എന്നാണ്.
മത സൗഹാര്‍ദത്തിന്റെ ഈ കേരകേദാര ഭൂമിയെക്കൂടി ഏതുവിധേനയും മനുസ്മൃതിയുടെ കൈപ്പിടിയിലാക്കുകയെന്നതാണ് ഈ നിഷാദന്മാരുടെ ഉള്ളിലിരിപ്പെന്ന് ഇതിലൂടെയൊക്കെ വ്യക്തം. പക്ഷേ ഒന്നോര്‍ക്കുക. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബ് മുതല്‍ ഇ. അഹമ്മദ് വരെയുള്ള രണധീരരെ ജനായത്ത സഭയിലേക്ക് വാരിപ്പുണര്‍ന്നയച്ച സംസ്ഥാനത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറത്തെ പിന്നാക്കഭൂമി കേരളത്തിന്റെ നെടുച്ഛേദമാണ്. വെള്ളക്കാരെ കെട്ടുകെട്ടിക്കാന്‍ വീരമൃത്യുവരിച്ച ദുരന്തവാഗണിലെ രക്തം പുരണ്ടതാണ് ഈ ഹരിതഭൂമി.