മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ആസൂത്രിതമായ പദ്ധതിയാണെന്ന് ബോധ്യപ്പെട്ടതായി വിജിലന്‍ഡ് ഡയറക്ടര്‍ മനോജ് എബ്രഹാം. ഒരു ടീം തന്നെയുണ്ടെന്നാണ് സംശയിക്കുന്നത്. അപേക്ഷയില്‍ പറയുന്ന അസുഖം വേറെ, സര്‍ട്ടിഫിക്കറ്റ് വേറെ അസുഖത്തിന് എന്നാണ് പരിശോധനയില്‍ കാണുന്നത്. ഓര്‍ഗനൈസ്ഡ് മൂവ് ആയിട്ടാണ് ഇതെല്ലാം കാണിക്കുന്നതെന്നും മനോജ് എബ്രഹാം കൂട്ടിച്ചേര്‍ത്തു.
ഒരു ഏജന്റിന്റെ നമ്പര്‍ തന്നെ കുറേ അപേക്ഷകളില്‍ കണ്ടെത്തിയതായും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തെ അപേക്ഷകളാണ് വിജിലന്‍സ് പരിശോധിച്ചത്. ഇതില്‍ തന്നെ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. സഹായം ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെ സംശയം തോന്നിയിരുന്നു. തുടര്‍ന്ന് സിഎമ്മിന്റെ ഓഫീസ് വിജിലന്‍സിനെ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിന് സംശയം തോന്നിയ ഏതാനും അപേക്ഷകളില്‍ അവര്‍ തന്നെ വെരിഫൈ ചെയ്തപ്പോള്‍ തട്ടിപ്പ് അവര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് വിജിലന്‍സിലെ അലര്‍ട്ട് ചെയ്യുകയും, പരിശോധന വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നുവെന്ന് മനോജ് എബ്രഹാം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്.
കുറേ സ്ഥലങ്ങളില്‍ ക്രമക്കേട് കണ്ടെത്താനായി. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും. പരിശോധനയുടെ ഭാഗമായി ഫീല്‍ഡ് എന്‍ക്വയറി നടത്തും. അപേക്ഷകരുടെ വീടുകളിലും, വില്ലേജ് ഓഫീസുകളിലും അടക്കം പരിശോധന നടക്കും. ഇതുവഴി, ഇടനിലക്കാരും ഉദ്യോഗസ്ഥരും അടക്കം ആരുടെയൊക്കെ പങ്കുണ്ടെന്ന് വ്യക്തമാകും.