Connect with us

kerala

മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചര്‍ച്ചചെയ്യാനല്ല പ്രതിപക്ഷം നിയമസഭയില്‍ വരുന്നത്; രാഹുല്‍ ഗാന്ധിയെ ഭീഷണിപ്പെടുത്തിയ മോദിയുടെ പാതയിലാണ് പിണറായിയും

ഷാഫി പറമ്പിലിനെതിരെ പറഞ്ഞത് അനുചിതമായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞതിനെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ വിട്ടുകൊടുത്തുള്ള കീഴടങ്ങലിനും കള്ളക്കേസ് അംഗീകരിക്കാനും കഴിയാത്തത് കൊണ്ടാണ് സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാട് പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിച്ചത്.

Published

on

പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് പോലും തയാറല്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ നിയമസഭാ നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത് എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളില്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം എടുക്കാമെന്നാണ് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നത്. ഇന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയെങ്കിലും അവ്യക്തത നിലനില്‍ക്കുകയാണ്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട റൂള്‍ 50 കഴിഞ്ഞ കാലഘട്ടങ്ങളില്‍ എങ്ങനെയായിരുന്നോ അതുപോലെ നിലനിര്‍ത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പഴയതു പോലെ അടിയന്തര പ്രമേയം അനുവദിക്കില്ലെന്ന നിലപാടാണ് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. കീഴ് വഴക്കങ്ങളും ചട്ടങ്ങളും അനുസരിച്ച് പഴയത് പോലെ അടിയന്തര പ്രമേയം പുനസ്ഥാപിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഒരു കാരണവും ഇല്ലാതെ കൃത്യമായ റൂള്‍ പോലും ഉദ്ധരിക്കാതെ പ്രധാനപ്പെട്ട നാല് അടിയന്തര പ്രമേയ നോട്ടീസുകളാണ് തള്ളിക്കളഞ്ഞത്. ഒരു പ്രകോപനവുമില്ലാതെ വാച്ച് ആന്‍ഡ് വാര്‍ഡും ഭരണകക്ഷി എം.എല്‍.എമാരും ഉണ്ടാക്കിയ പ്രശ്നത്തിന്റെ പേരില്‍ വാദി പ്രതിയാക്കപ്പെട്ട സാഹചര്യവും നിലനില്‍ക്കുകയാണ്. രണ്ട് വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ കിട്ടുന്ന ജാമ്യമില്ലാത്ത കള്ളക്കേസെടുത്തു. പ്രതി ചേര്‍ക്കേണ്ടവര്‍ക്കെതിരെ ജാമ്യം കിട്ടുന്ന നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതൊക്കെ ആരെ പേടിപ്പിക്കാനാണ്? സഭാ ടി.വിയില്‍ പ്രതിപക്ഷ പ്രതിഷേധം കൂടി കാണിക്കുമെന്ന സ്പീക്കറുടെ റൂളിങിനെ സ്വാഗതം ചെയ്യുന്നു. ഷാഫി പറമ്പിലിനെതിരെ പറഞ്ഞത് അനുചിതമായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞതിനെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ വിട്ടുകൊടുത്തുള്ള കീഴടങ്ങലിനും കള്ളക്കേസ് അംഗീകരിക്കാനും കഴിയാത്തത് കൊണ്ടാണ് സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാട് പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിച്ചത്.

ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ത്രീസുരക്ഷ ചര്‍ച്ച ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടീസായി നല്‍കിയത്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജറി കഴിഞ്ഞ് അര്‍ധബോധാവസ്ഥയില്‍ കിടക്കുന്ന സ്ത്രീയെ ജീവനക്കാരന്‍ അപമാനിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. വഞ്ചിയൂരില്‍ അമ്മ ആക്രമിക്കപ്പെട്ട വിവരം മകള്‍ അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല. പിണറായിയുടെ മൂക്കിന് താഴെയുള്ള പൊലീസ് സ്റ്റേഷനിലാണ് ഇത് നടന്നത്. ലോ കോളജില്‍ പ്രിന്‍സിപ്പലിനെയും 16 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 21 അധ്യാപകരെയും പത്ത് മണിക്കൂറോളം മുറിയില്‍ ഇരുട്ടത്ത് പൂട്ടിയിട്ട എസ്.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ എന്ത് കേസാണെടുത്തത്? വാദികളായ എം.എല്‍.എമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത പൊലീസ് അധ്യാപികയുടെ കൈപിടിച്ച് തിരിക്കുകയും അധ്യാപകരെ പൂട്ടിയിടുകയും ചെയ്ത ക്രിമിനലുകള്‍ക്കെതിരെ നിസാരമായ കേസ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തികേടും നടക്കുമെന്ന അവസ്ഥയാണ്. സ്ത്രീസുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ് ഈ മൂന്ന് സംഭവങ്ങളും. പക്ഷെ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് സൗകര്യമില്ല. മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചര്‍ച്ച ചെയ്യാനല്ല ഞങ്ങള്‍ നിയമസഭയില്‍ വരുന്നത്. ആ രീതിയുമായി യോജിച്ച് പോകാനാകില്ല. പൊലീസിനെ വിട്ട് രാഹുല്‍ ഗാന്ധിയെ ഭീഷണിപ്പെടുത്തിയ നരേന്ദ്ര മോദിയുടെ അതേ പാതയിലൂടെയാണ് പിണറായി വിജയനും പോകുന്നത്. അതുകൊണ്ടാണ് കള്ളക്കേസടുത്ത് എം.എല്‍.എമാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

കാര്യോപദേശക സമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന് സ്പീക്കറുടെ ഓഫീസില്‍ നിന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ അറിയിക്കുക മാത്രമാണുണ്ടായത്. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാതെ കാര്യോപദേശക സമതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. സ്പീക്കറുടെ റൂളിങിന് വിരുദ്ധമായ നിലപാടാണ് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. സര്‍ക്കാരിന് അപ്രിയമായ വിഷയങ്ങള്‍ അടിയന്തര പ്രമേയമായി തരില്ലെന്നത് അംഗീകരിക്കാനാകില്ല. സ്പീക്കറോ മുഖ്യമന്ത്രിയോ അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രശ്നം തീര്‍ക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല. ഏഴ് പേര്‍ക്കെതിരെ കള്ളക്കേസ് എടുത്ത സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാനാകില്ല. എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമാണോ? കണ്‍മുന്നില്‍ നടന്ന സംഭവത്തിലാണ് കലാപത്തിന് കള്ളക്കേസെടുത്തത്. അങ്ങനെയാണെങ്കില്‍ നാട്ടിലെ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും? അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവരെ പത്ത് മണിക്കൂര്‍ പൂട്ടിയിട്ടിട്ട് ജാമ്യമുള്ള കേസെടുക്കുന്ന നീതിനിര്‍വഹണമാണ് കേരളത്തില്‍ നടക്കുന്നത്.

ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ അഭിനയിച്ച് വീഴുകയായിരുന്നു. അയാളുടെ ദേഹത്ത് ഒരാള്‍ പോലും കൈവച്ചിട്ടില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനോട് എം.എല്‍.എമാര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ദേശാഭിമാനിയില്‍ എഴുതിവച്ചില്ലേ? എന്ത് വൃത്തികേടും കൈരളി ടി.വിയിലും ദേശാഭിമാനിയിലും എഴുതി വയ്ക്കും.

മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വിധേയമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് സ്പീക്കര്‍ റൂളിങില്‍ പറഞ്ഞെങ്കിലും സര്‍വകക്ഷി യോഗത്തില്‍ അടിയന്തര പ്രമേയ വിഷയം പരിശോധിച്ച് വേണമെങ്കില്‍ അനുവദിക്കുമെന്ന് പറഞ്ഞത് സ്പീക്കറല്ല മുഖ്യമന്ത്രിയാണ്. വര്‍ഷങ്ങളായി തുടരുന്ന രീതി തന്നെ അടിയന്തര പ്രമേയ നോട്ടീസില്‍ തുടരുമെന്ന് അറിയിച്ചാല്‍ പ്രശ്നം അവസാനിക്കും. എന്നാല്‍ ഭരണ, പ്രതിപക്ഷ പ്രതിനിധികളുടെ യോഗം വിളിക്കാന്‍ പോലും സ്പീക്കര്‍ ഇതുവരെ തയാറായിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വരും മണിക്കൂറില്‍ വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും മണിക്കൂറിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നു പ്രവചനം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരുന്ന മൂന്ന് മണിക്കൂർ നേരത്തേയ്ക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട്. ചെവ്വാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

സംഘപരിവാര്‍ കൊലപ്പെടുത്തിയ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് നേതാക്കള്‍

Published

on

മംഗലാപുരത്തെ സംഘ പരിവാർ ക്രിമിനലുകൾ തല്ലിക്കൊന്ന വയനാട് പുൽപള്ളിയിലെ അഷ്റഫിന്റെ വസതി മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദർശിച്ചു. അഷ്റഫിന്റെ പിതാവ് കുഞ്ഞീതു, മാതാവ് റൂഖിയ്യ, സഹോദരൻ ഹമീദ് എന്നിവരുമായി സംസാരിച്ച നേതാക്കൾ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുംവരെയുള്ള നിയമപോരാട്ടത്തിന് കുടുംബത്തിനൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകി. മാനസിക അസ്വസ്തത നേരിടുന്ന അഷ്റഫിനെ വർഗീയത തലക്ക് പിടിച്ചവർ സംഘം ചേർന്ന് ആക്രമിക്കുകയും കൊല്ലപ്പെട്ടപ്പോൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായി കള്ളം പ്രചരിപ്പിക്കുകയും ചെയ്തതാണ്. സാക്ഷി മൊഴികളും പോലീസ് റിപ്പോർട്ടും സംഘി ഭീകരരുടേത് കള്ളപ്രചാരണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സത്യ സന്ധമായ അന്വേഷണത്തിലൂടെ ഇരുപതോളം പ്രതികളെ അറസ്റ്റ് ചെയ്ത കർണാടക സർക്കാർ അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതും പ്രശംസനീയമാണെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, യൂത്ത് ലീഗ് ദേശീയ നേതാക്കളായ അഡ്വ ഫൈസൽ ബാബു, ടിപി അഷ്റഫലി, സികെ ശാക്കിർ, മുഫീദ തസ്നി, സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, വയനാട് ജില്ല പ്രസിഡന്റ് എംപി നവാസ്, സെക്രട്ടറി സി.എച്ച് ഫസൽ എന്നിവരാണ് യൂത്ത് ലീഗ് നേതൃസംഘതിലുണ്ടായിരുന്നത്. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.പി അയൂബ്, മണ്ഡലം ലീഗ് പ്രസിഡന്റ് എം എ അസൈനാർ, പുൽപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ദിലീപ് കുമാർ, ഷബീർ അഹമ്മദ്, സമദ് കണ്ണിയൻ, സി.കെ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കർ മക്തൂമി, ബീരാൻ പുൽപള്ളി, റിയാസ് കല്ലുവയൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുമ ബിനീഷ്, സജിൻലാൽ തുടങ്ങിയവരും യൂത്ത് ലീഗ് ദേശീയ നേതാക്കൾക്കൊപ്പം അഷ്റഫിന്റെ വസതിയിലെത്തിയിരുന്നു.

Continue Reading

kerala

കൈക്കൂലി കേസ്; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ എ സ്വപ്നയെ സസ്‌പെൻഡ് ചെയ്തു

Published

on

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സസ്‌പെൻഡ് ചെയ്തു. കൊച്ചി മേയറാണ് സ്വപ്നയെ സസ്‌പെൻഡ് ചെയ്‌ത്‌ കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നിലവിൽ സ്വപ്ന 14 ദിവസത്തേക്ക് റിമാൻഡിലാണ്. ഇന്നലെ തൃശൂരിലുള്ള വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ജി അനിലിന് മുന്നിൽ ഇവരെ ഹാജരാക്കിയിരുന്നു.

ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് വിജിലൻസ് അന്വേഷിക്കും. വൈറ്റിലയിലെ കോർപ്പറേഷൻ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് രേഖകൾ പിടിച്ചെടുത്തിരുന്നു. മുൻപ് നൽകിയ ബിൽഡിംഗ് പെർമിറ്റുകളുടെ രേഖകളിലും വിജിലൻസ് പരിശോധന നടത്തും.

വൈറ്റിലയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസിലെ എൻജിനീയറിങ് ആൻഡ് ടൗൺ പ്ലാനിങ് വിഭാഗത്തിൽ വിജിലൻസ് സി ഐ ഫിറോസിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

ബുധനാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന നാടകീയമായി വിജിലൻസിന്റെ പിടിയിലായത്. തൃശ്ശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന.

Continue Reading

Trending