ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയത് ഈയ്യിടെ സ്വന്തമായി വളര്‍ത്തിയെടുത്ത ക്വട്ടേഷന്‍ സംഘത്തില്‍ നിന്നുണ്ടായ ഭീഷണി മൂലമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. കെ.എം.സി.സി. ഖത്തര്‍ ബൌദ്ധിക വിഭാഗമായ ‘ധിഷണ’ സംഘടിപ്പിച്ച കോണ്‍വൊക്കേഷന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് വഴി വിളിച്ചു പറഞ്ഞത് ഇതിനകം ചര്‍ച്ചയായതാണ്.എടയന്നൂര്‍ പാര്‍ട്ടി നേതാക്കളാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നും നമ്മള്‍ വായ തുറന്നാല്‍ പലര്‍ക്കും വെളിയില്‍ നടക്കാന്‍ പറ്റില്ലെന്നും പറഞ്ഞ ആകാശ് തങ്ങളെ കൊലപാതകം നടത്താന്‍ വിളിച്ചവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കിയിട്ടുണ്ടെന്നും ഉത്തരവ് നടപ്പിലാക്കിയ ഞങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നുമാണ് എഫ്.ബി പോസ്റ്റില്‍ പരാതിപെട്ടത്.പാര്‍ട്ടി അവഗണിച്ചപ്പോള്‍, നിലനില്‍പ്പിനായി സ്വര്‍ണ്ണ കള്ളക്കടത്തിലേക്ക് തിരിയേണ്ടി വന്നതായും ആകാശ് സമ്മതിക്കുന്നു.
പാര്‍ട്ടിയില്‍ നിന്ന് ആരും ഞങ്ങളെ തടയാനോ തിരുത്താനോ ശ്രമിച്ചിട്ടില്ല എന്നും ഇപ്പോള്‍, ക്ഷമ നഷ്ടപ്പെട്ടതിനാല്‍ ആളുകള്‍ക്ക് വസ്തുതകള്‍ അറിയുന്നതിനായി തുറന്ന് പറയുകയാണെന്നും ആകാശ് പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി വളര്‍ത്തിയെടുത്ത ഇത്തരം ക്വട്ടേഷന്‍ ആളുകളുടെ ഭീഷണിയാണ് മുഖ്യമന്ത്രി നേരിടുന്നത് എന്നും ഫിറോസ് വിശദീകരിച്ചു.
ജനങ്ങളുടെ മേല്‍ നികുതി അടിച്ചേല്‍പ്പിച്ചും പോലീസ് രാജ് നടപ്പിലാക്കിയും മുന്നോട്ട് പോവുന്ന പിണറായി ഭരണത്തിനെതിരെ സമരം ശക്തിപ്പെടുത്തും. അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും കേരളത്തിലെ യുവാക്കളുടെ സമരവീര്യം നശിപ്പിക്കാന്‍ കഴിയില്ല. ജനവിരുദ്ധ നിലപാടുകളില്‍ റിക്കാര്‍ഡിട്ട ഭരണമാണ് കേരളത്തിലേത് . കിറ്റില്‍ കുരുക്കി ജനങ്ങളെ കബളപ്പിച്ച് നേടിയ രണ്ടാം ഭരണത്തിന്റെ അഹങ്കാരത്തില്‍ സാധാരണക്കാരെ പിഴിയുകയാണ്. എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം കൊണ്ടാണ് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കും വരെ യൂത്ത് ലീഗിന്റെ സമരം തുടരുമെന്ന് ഫിറോസ് പ്രഖ്യാപിച്ചു.
ധിഷണ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ചേലാട്ട് അധ്യക്ഷത വഹിച്ചു. ധിഷണ പഠനകോഴ്‌സ് പൂര്‍ത്തിയാക്കിയ അമ്പത് പേര്‍ക്ക് ഫിറോസ് ഉപഹാരങ്ങള്‍ നല്‍കി. ഗ്രന്ഥകാരനും ധിഷണ ഫെസിലിറ്റേറ്ററുമായ ഷരീഫ് സാഗര്‍ സനദ് ദാന പ്രസംഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇജാസ് പുനത്തില്‍, അഡ്വ. എം.ജാഫര്‍ഖാന്‍, സിറാജുല്‍മുനീര്‍, ഫൈസല്‍ വാഫി അടിവാരം, കെ.കെ.മുഹമ്മദ് ആരിഫ്, എ.കെ.ബാസില്‍, എം.മൊയ്തീന്‍കുട്ടി എന്നിവര്‍ റാങ്ക് ജേതാക്കളായി.
കെ.എം.സി.സി. പ്രസിഡണ്ട് എസ്.എ.എം.ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ധിഷണ 2023 സുവനീര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എം.പി. ഷാഫിഹാജി ആദ്യപ്രതി ഏറ്റുവാങ്ങി. കണ്‍വീനര്‍ ജാഫര്‍ സാദിഖ് സുവനീര്‍ ഉള്ളടക്കം വിശദീകരിച്ചു. സെക്രട്ടറി റയീസ് വയനാട്, നിയാസ് ഹുദവി ആശംസകള്‍ നേര്‍ന്നു. ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.അബ്ദുസ്സമദ്, എം.പി.ഷാഫി ഹാജി, അബ്ദുല്‍ അസീസ് ഫൈസി, കെ.എസ്.മുഹമ്മദ്, മുസമ്മില്‍ വടകര, എം.മൊയ്തീന്‍കുട്ടി, സിറാജുല്‍ മുനീര്‍ തൃത്താല എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ കൈമാറി. ധിഷണ ഡയരക്ടര്‍ ഇ.എ.നാസര്‍ ധിഷണയുടെ നാള്‍വഴികള്‍ അവതരിപ്പിച്ചു. ഫൈസല്‍ വാഫി ഖിറാഅത്ത് നടത്തി.ജനറല്‍ കണ്‍വീനര്‍ എം.എ.നാസര്‍ കൈതക്കാട് സ്വാഗതവും കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.